Wednesday, February 17, 2021

ഉലമാക്കളെക്കൊണ്ട് എന്തു പ്രയോജനം?

 ഞങ്ങള്‍ മുസ്ലിംകളല്ല, വിശുദ്ധ ഖുര്‍ആന്‍റെ വക്താക്കളുമല്ല എന്ന് മുസ്ലിംകള്‍ ലോകത്താട് വിളിച്ചുപറയട്ടെ. ലോകം ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. ഖുര്‍ആന്‍ വായിച്ചുചിന്തിച്ചേക്കാം". മുസ്ലിം പരിഷ്കരണ വാദിയും പാന്‍ ഇസ്ലാമിന്‍റെ വക്താവുമായ അല്ലാമാ മുഹമ്മദ് ജമാലുദ്ദീന്‍അഫ്ഗാനിയുടെ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്.

അഹ്മദിയ്യാ വിരുദ്ധ കലാപത്തെപ്പറ്റി അന്വേഷിച്ച വിശ്വപ്രശസ്തമായ മുനീര്‍കമ്മീഷനുമുമ്പാകെ തെളിവ് നല്‍കാന്‍ വന്ന ഉലമാക്കന്മാരോട് 'മുസ്ലിം' എന്നതിന്‍റെ നിര്‍വ്വചനം എന്താണെന്ന് ചോദിക്കപ്പെടുകയുണ്ടായി. അന്വേഷണക്കമ്മീഷന്‍റെ ചോദ്യത്തിന് പലതരത്തിലുള്ള നിര്‍വ്വച നങ്ങളാണ് അവര്‍ നല്‍കിയത്. അഹ്മദി മുസ്ലിംകളെ കൂട്ടക്കശാപ്പ് ചെയ്യാന്‍ നേതൃത്വം നല്‍കിയ മുസ്ലിം പണ്ഡിതന്മാരുടെ വൈവിധ്യവും വൈരുദ്ധ്യവും നിറഞ്ഞ ഉത്തരം അന്വേഷണക്കമ്മീഷന് ആശ്ചര്യം ഉളവാക്കി. നിങ്ങളില്‍ രണ്ടുപേര്‍ക്ക് പോലും ഐക്യമുള്ള ഒരു വിശദീകരണമോ നിര്‍വ്വചനമോ നല്‍കാന്‍ കഴിയാതിരിെക്ക ഏതൊരു ഇസ്ലാമിലേക്കാണ് ലോകത്തെ നിങ്ങള്‍ ക്ഷണിക്കുന്നത് എന്ന ചോദ്യത്തിന്, മൗനം വിദ്വാന് മാത്രമല്ല വിഡ്ഢികള്‍ക്കും ഭൂഷണമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ പാക്കിസ്താനില്‍ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ മുസ്ലം പണ്ഡിത സഭകളോട് ചോദിച്ചാലും പ്രതിജനഭിന്നമായ ഒരു ഉത്തരമായിരിക്കും മുസ്ലിം എന്ന ശബ്ദത്തിന് ലഭിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മുസ്ലിം മതകക്ഷികളുടെ നേതാക്കന്മാര്‍ക്കെല്ലാം അപരകക്ഷി കളെല്ലാം കാഫിറുകളാണ്. പരസ്പരം കുഫ്റ് ഫത്വ തീണ്ടാത്ത ഒരു മുസ്ലിം കക്ഷിയുമില്ല. അവരെ മൊത്തത്തിലെടുക്കുകയാണെങ്കില്‍ അവരെല്ലാം കാഫിറാക്കപ്പെട്ടവര്‍ തന്നെ. ഇങ്ങനെ കാഫിറുകളായ കക്ഷികളെക്കൊണ്ടും കാഫിറാക്കുന്ന കക്ഷികളെക്കൊണ്ടും മുസ്ലിം സമുദായത്തിനെന്ത് പ്രയോജനം?

വിശ്വമാനവികതയും ജീവകാരുണ്യവും ജനാധിപത്യ ചൈതന്യവും ഉള്‍ക്കൊള്ളുന്ന ഒരു തത്വസംഹിത പ്രദാനം ചെയ്ത ഇസ്ലാംമതത്തെ കക്ഷിപ്പോരുകളുടെ അസഹിഷ്ണുതയുടെ അക്കല്‍ദാമയാക്കി അധഃപതിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം മുസ്ലിംപണ്ഡിതന്മാര്‍ക്കുണ്ട്. ഒരേ അഖീദ തന്നെയുള്ള കക്ഷി രണ്ടായി പിളര്‍ന്ന് തമ്മില്‍തല്ലുന്ന കാഴ്ചയാണ് ഇപ്പോള്‍ നമ്മുടെ കണ്‍മുമ്പില്‍ കാണുന്നത്. സുന്നികള്‍ക്ക്പിറകെ മുജാഹിദും പിളര്‍ന്നു പരസ്പരം ശക്തി പ്രകടനങ്ങള്‍ നടത്തുന്നതില്‍ സകല ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയാണ്. അവരുടെ ദീനീ പ്രവര്‍ത്തനത്തിന്‍റെ ആകത്തുക ഇത്തരം വര്‍ത്തനങ്ങളായിക്കഴിഞ്ഞിരിക്കുന്നു.

 സൂകര പ്രസവം പോലെ കക്ഷിപ്പെരുപ്പത്തെപ്പറ്റിയും അവരുടെ കുത്തിത്തിരിപ്പുകളെപ്പറ്റിയും നാം പ്രാമാണികമായ ഒരു പരിശോധനക്കൊരുങ്ങുമ്പോള്‍ ദൃഷ്ടി ആദ്യം ചെന്നു തറക്കുക ഒരു ഹദീസിലാണ്. ഹദീസിന് കാലം ഇത്ര സത്യസന്ധമായ ആവിഷ്കാരം നല്‍കിയത് കാണുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. ഹദീസ് ഇപ്രകാരമാണ്:

 "ഒരു ജോടി ചെരിപ്പ് അന്യോന്യം സാദൃശ്യമുള്ളവയായിരിക്കുന്ന പ്രകാരം ഇസ്രായീല്‍കാരില്‍ സംഭവിച്ചതുപോലെയെല്ലാം തീര്‍ച്ചയായും എന്‍റെ ഉമ്മത്തിലും സംഭവിക്കും. ഇങ്ങേയറ്റം അവരില്‍ വല്ലവരും തന്‍റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എന്‍റെ ഉമ്മത്തിലും അപ്രകാരം ചെയ്യുന്നവനുണ്ടായ്വരും. ഈസ്രായീല്‍കാര്‍ എഴുപത്തിരണ്ടുകക്ഷികളായി പിരിഞ്ഞു. എന്‍റെ ജനമാകട്ടെ എഴുപത്തി മൂന്നു കക്ഷികളായി പിരിയു. അവരില്‍ ഒരുകൂട്ടരൊഴികെ മറ്റെല്ലാവരും നരകത്തിലായിരിക്കും. അവര്‍ (സഹാ ാക്കള്‍) ചോദിച്ചു: അല്ലയോ ദൈവദൂതരേ! കക്ഷി ഏതാണ്? തിരുമേനി പറഞ്ഞു: ഞാനും എന്‍റെ സഹാിമാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍ തന്നെ" (മിശ്കാത്ത്).

പണ്ടത്തെ യഹൂദികള്‍ പരസ്പരം വിഘടിച്ച് ഭിന്നിച്ചതുപോലെ മുസ്ലിം സമുദായം ആയിതീരുകയും ഒരു കക്ഷിയൊഴികെ മറ്റെല്ലാ കക്ഷികളും നരകത്തില്‍ പതിക്കുമെന്നുമാണ് ഹദീസ് വ്യക്തമാക്കുന്നത്. റസൂല്‍ തിരുമേനിയുടെ വചനത്തെ അന്വര്‍ത്ഥമാക്കിെക്കാണ്ട് ഭൂമിയില്‍ തന്നെ കക്ഷികള്‍ നരകം സൃഷ്ടിക്കുകയാണ്. ഈ അനുഭവയാഥാര്‍ത്ഥ്യങ്ങള്‍ ഒരു നിഷ്പക്ഷാന്വേഷകനെ ഇരുത്തിചിന്തിപ്പിക്കേണ്ടതല്ലേ?

 

മുസ്ലിം കക്ഷികളുടെ ഉലമാക്കന്മാരെപ്പറ്റി റസൂല്‍ തിരുമേനി പറഞ്ഞത് ഇപ്രകാരമാണ്:

 

"തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്നു ഇസ്ലാമിന്‍റെ നാമവും ഖുര്‍ആന്‍റെ ലിപിയും മാത്രം ശേഷിക്കും. അവരുടെ പള്ളികള്‍ ജനപ്പെരുപ്പമുള്ളവയായിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകാശത്തിന്‍കീഴില്‍ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്ന് പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും". (മിശ്കാത്ത്)

 

നീ വായിക്കുക, മനനം ചെയ്തു പഠിക്കുക എന്ന വിശുദ്ധഖുര്‍ആന്‍റെ പ്രഥമവും പ്രധാനവുമായ ദൈവിക അരുളപ്പാട് നല്‍കപ്പെട്ട മനുഷ്യന്‍ അറിവുകളുടെ ആവാസവ്യവസ്ഥയില്‍ വളര്‍ന്ന് വരേണ്ട ധൈഷണിക സത്വമാണ്. അവന്‍റെ കണ്ണും കാതും വിശാലമായ പ്രപഞ്ചത്തിലേക്ക് തുറന്നുവെക്കണമെന്ന് ലോകത്തോട് ആദ്യമായി പഠിപ്പിച്ച ഒരു ഗ്രന്ഥത്തിന്‍റെ വാഹകര്‍! നിറപ്പകിട്ടാര്‍ന്ന കാലഘട്ടം ചരിത്രഗ്ര ന്ഥങ്ങളില്‍ മിന്നിത്തിളങ്ങുന്ന പ്രകാശഗോപുരങ്ങളായി. വായിക്കുന്നവര്‍ക്ക് കാണാം. മുസ്ലിം സമുദായത്തെപ്പറ്റിയുള്ള ഖുര്‍ആന്‍റെ വിഭാവനയും ഇന്നത്തെ ശൈഥില്യം ബാധിച്ച മുസ്ലിം സമുദായങ്ങളും തമ്മില്‍ എത്രമാത്രം അന്തരമുണ്ട്!

 

വിജ്ഞാനത്തിന്‍റെയും ശാസ്ത്രത്തിന്‍റയും രംഗങ്ങളില്‍ മുസ്ലിംകള്‍ നല്‍കിയ സംഭാവന നിരുപമമാണ്. അവര്‍ ആധുനിക ശാസ്ത്രത്തിന്ന് അടിത്തറയിട്ടവരാണെന്ന വസ്തുത ഒരു വിവാദ വിഷയമേയല്ല. യവനശാസ്ത്രത്തെ പരിപോഷിപ്പിക്കുക മാത്രമല്ല, മൗലികമായ ശാസ്ത്ര ഗവേഷണത്തിലൂടെ അവര്‍ ശാസ്ത്രലോകത്തിന്‍റെ വിജ്ഞാനദീപം കൈയിലേന്തി കാലഘട്ടങ്ങള്‍ താണ്ടുകയുണ്ടായി. മുസ്ലിംകളുടെ സുവര്‍ണകാലഘട്ടത്തെപ്പറ്റി ജോര്‍ജ് സൈദാന്‍ എന്ന ക്രിസ്ത്യന്‍ ചരിത്രകാരന്‍ തന്നെ അടിവരയിട്ട് പറയുന്നു. (താരീക്ക് ആദാബ്ല്ലുഗത്ത്) മുസ്ലിം സമുദായെത്ത ഇന്നത്തെ ഉലമാക്കന്മാര്‍ വളര്‍ത്തിയത് ശാസ്ത്രവിരുദ്ധരായാണ്. കോടിക്കണക്കിന് മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യങ്ങള്‍ വൈജ്ഞാനികമായി ഒരുശ്മശാനം പോലെ ശൂന്യമാണ്. പാശ്ചാത്യ ക്രൈസ്തവ നാഗരികതവികസിപ്പിച്ച ശാസ്ത്രം ഇരുകൈയും നീട്ടി യാചകരെപ്പോലെ അവര്‍ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ആ ശാസ്ത്രീയ പാരമ്പര്യത്തില്‍ നിന്നു മുസ്ലിംപണ്ഡിത വര്‍ഗ്ഗം കണ്ണിയറ്റുപോയിരിക്കുന്നു. ആധുനിക കാലഘട്ടത്തിലെത്തിയപ്പോഴേ ക്കും മുസ്ലിം സമുദായത്തിന് മതനേതൃത്വം ഒരു ശാപവും ഭാരവുമായി മാറി. ലോകജനതയ്ക്ക് ഐശ്വര്യപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമായ ഒരു സംസ്ക്കാരം പകര്‍ന്നു കൊടുത്തവര്‍ ഛിന്നഭിന്നമായി. സമുദായത്തിന്‍റെ ഊര്‍ജ്ജം മുഴുവന്‍ വറ്റിവരണ്ടു. മുസ്ലിംലോകം ഇന്ന് പതിതരുടെയും ചൂഷിതരാക്കപ്പെട്ടവരുടെയും ഭൂമിയാണ്.

 

ഖുര്‍ആന്‍ എഴുതിയ ഗ്രന്ഥം തൊട്ടുകൂടെന്നും അതിന്ന് അര്‍ത്ഥം നല്‍കരുതെന്നും പറഞ്ഞ് പഠിപ്പിച്ചവര്‍ തന്നെ ഇന്നിപ്പോള്‍ ഖുര്‍ആന്‍ പരിഭാഷ വിറ്റു കാശുണ്ടാക്കുന്നു. മതത്തിന്‍റെ പേരില്‍ അധമസാഹിത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വിശുദ്ധഖുര്‍ആന് ബുദ്ധിക്കും യുക്തിക്കും നിഴല്‍ബന്ധംപോലും ഇല്ലാത്ത ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചരിപ്പിക്കുന്ന ഇക്കൂട്ടര്‍ അനുഗൃഹീതമായ തിരിച്ചടി നല്‍കി അച്ചടി വിദ്യയെ വ്യഭിചരിക്കുകയല്ലേ ചെയ്യുന്നത്?

 

വിപ്ലവകരമായ മാറ്റങ്ങളുമായി കടന്നുവന്ന യുഗസംക്രമണത്തിന്‍റെ ഈ ദശാസന്ധിയില്‍ ആധുനിക വേലിയേറ്റത്തിന്നെതിരെ മുസ്ലിംകളുടെ സാമൂഹികവും ആത്മീയവും ധാര്‍മ്മികവുമായ പ്രതിരോധനിര എത്രശോഷിച്ചതാണ്.

 

ഇങ്ങനെ നോക്കുമ്പോള്‍ സര്‍ഗാത്മകമായ യാതൊരു സംഭാവനയും ചെയ്യാത്ത നാശവും ശൈഥില്യവും മാത്രം സമ്മാനിച്ച മുസ്ലിം ഉലമാക്കന്മാര്‍ തിരുനബി () പറഞ്ഞത്പോലെ ആകാശത്തിന്‍കീഴിലെ ഏറ്റവും നികൃഷ്ട ജീവികളായി തീര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റാകുമോ? അതുകൊണ്ട് നാം ചോദിക്കുകയാണ്, നാശകാരികളായ ഉലമാക്കന്മാരെക്കൊണ്ട് സമുദായത്തിന് എന്ത് പ്രയോജനം?

 

മുസ്ലിം എന്ന വാക്കിന്‍റെ നിര്‍വ്വചനം എന്ത്? ദൈവവചനമായ വിശുദ്ധ ഗ്രന്ഥത്തില്‍ തിരുത്തലുംകള്‍ (മന്‍സൂഖ്) ഉണ്ടോ? 'ഇതില്‍ ഹുഖ്മുഇല്ലാലില്ല', ഭൂമിയില്‍ ഭരണം അല്ലാഹുവിന്‍റെ മാത്രം എന്ന് ആദ്യമായി മുദ്രാവാക്യം മുഴക്കിയവര്‍ ആര്? മുസ്ലിമിന്‍റെ നിര്‍വ്വചനം എന്ത്? കാഫിറ് ആരൊക്കെയാണ്? ശിര്‍ക്ക് ചെയ്യുന്നവര്‍ ആരെല്ലാം? ഖവാരിജ് ആര്? ഇവയെല്ലാം പുനരാലോചനചെയ്ത് തീരുമാനമെടുക്കാം. അതിന്ശേഷം ഞങ്ങള്‍ മുസ്ലിംകള്‍ തന്നെയെന്നു പറയാം. ഇപ്പോള്‍ ഞങ്ങള്‍ മുസ്ലിംകളല്ല, ഖുര്‍ആന്‍ പഠിച്ചിട്ടില്ലഎന്ന് ഉറക്കെ പറയട്ടെ.

മൗലവി അബ്ദുര്‍റഹീം, പടന്ന

 

No comments: