Wednesday, February 17, 2021

അല്‍ജമാഅത്തും മുസ്‌ലിംകളും

 ഇസ്‌ലാം ഉന്നതമായ സാമൂഹിക വീക്ഷണമുള്‍ക്കൊള്ളുന്ന ജീവിതദ ര്‍ശനമാണ്. അതിന്‍റെ സാമൂഹിക സംഘാടനം മനുഷ്യ പ്രകൃതിക്കനുയോജ്യവും മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വളര്‍ച്ച വാഗ്ദാനം ചെയ്യുന്നതുമാണ്. സാര്‍വ്വദേശിയതയാണ് അതിന്‍റെ മുഖമുദ്ര. ആഗോളതലത്തില്‍ സാര്‍വ്വജനീനമായി പരന്നുകിടക്കുന്ന മുസ്ലിംകള്‍ സംഘടനാബോധത്തോടെ ഒത്തൊരുമിച്ച് സംഘടിച്ചു പ്രവര്‍ത്തിക്കേണ്ടതും, ജീവിക്കേണ്ടതുമായ അനിവാര്യതയിലേക്കാണ് ഇസ്‌ലാം ഊന്നുന്നത്. സംഘടിത ജീവിതമെന്നത് ഇസ്‌ലാമിന്‍റെ സനാതനമായ വീക്ഷണമാണെങ്കിലും, സംഘടിക്കുകയെന്ന സാമൂഹ്യബോധം മനുഷ്യമനസ്സുകളില്‍ അന്തര്‍ലീനമാണ്. ഇത് മനുഷ്യന്‍റെ പ്രകൃതമാണ്. ഈ ത്വര പൗരാണിക കാലം മുതലെ മനുഷ്യനില്‍ തുടിച്ചുനില്‍ക്കുന്ന വികാരമാണ്. ഈസവിശേഷത മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. "മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. നിങ്ങള്‍ അന്യോന്യം പരിചയപ്പെടുന്നതിനുവേണ്ടി...." (വി.ഖു. 49:714) പരസ്പരം ഭിന്നിച്ചും അകന്നും പോരടിച്ചും കഴിയുന്നതിനുവേണ്ടിയല്ല. ഒരു സമുദായമായി, ഒരു സമൂഹമായി സംഘടിച്ചുജീവിക്കുകയെന്ന കാഴ്പ്പാടിലാണ് മാനവകുലത്തെ പ്രപഞ്ചനാഥന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യന് സാധ്യമല്ല. അവന്‍റെ ജീവിതം സുന്ദരവും സുരഭിലവും മനോഹരവും ഐശ്വര്യപൂര്‍ണ്ണവുമായി പരിലസിക്കണമെങ്കില്‍ പരസ്പരം സഹകരണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയുമാണ് ആര്‍ജിക്കാന്‍ കഴിയുക. മാനവലോകം പുരോഗതിയുടേയും വികാസത്തിന്‍റേയും സരണിയിലൂടെ കടന്നുപോയത് ഈ ഐക്യപ്പെടലിന്‍റെ ശീതളച്ഛായയിലൂടെയാണ്.

ഇസ്‌ലാം സംഘടനയുടെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുമ്പോള്‍, വ്യത്യസ്ത ടൈറ്റിലുകളില്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി സംഘടിക്കുകയെന്ന കാഴ്ചപ്പാടിലല്ല, സമസ്ത മുസ്ലിംകളും സര്‍വ്വദേശീയ അടിസ്ഥാനത്തില്‍ ഒരു നേതാവിന്‍റെ നേതൃത്വത്തില്‍ സംഘടിച്ചു പ്രവര്‍ത്തിക്കുകയെന്ന ചിന്താധാരയാണ് അത് മുസ്ലിം മനസ്സുകളിലേക്ക് കടത്തിവിടുന്നത്. നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായം വിസ്മരിച്ചുപോയ ഇസ്‌ലാമിന്‍റെ കാതലായ ചിന്താധാരയാണിത്. ഇസ്‌ലാമിന്‍റെ ജീവനാഡിയായ ഈ സംഘടനാജീവിതവും സാമൂഹ്യക്രമവും വര്‍ത്തമാനകാലത്തെ മുസ്ലിംകളില്‍ നിന്നും അന്യാധീനപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിന്‍റെ പേരില്‍ രൂപീകരിക്കപ്പെട്ട ഒരുപിടി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍തന്നെ ഇത്തരം സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. മുസ്ലിംകള്‍ സംഘടിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് അവര്‍ തികച്ചും ബോധവാന്മാരാണെങ്കിലും, എങ്ങനെ, എവിടെ, ഏതു രീതിയില്‍ സംഘടിക്കണമെന്ന ഇസ്‌ലാമിക പരിജ്ഞാനം തീരെ ഇല്ലെന്ന് പറയാം. എവിടേയും എങ്ങനെയും, ഏതു അടിസ്ഥാനത്തിലും സംഘടിച്ചാല്‍ അത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക സംഘടനയെന്നു വിശേഷിപ്പിക്കുന്ന അല്‍ജമാഅത്താകുമെന്ന മിഥ്യാധാരണയാണ് അവര്‍ക്കുള്ളത്. ഈ മിഥ്യാധാരണ സാരമായ പിശകും അബദ്ധജഢിലവുമായ വിശ്വാസവുമാണ്.

ഇസ്‌ലാം സംഘടനക്ക് അതീവ പ്രാധാന്യവും മഹത്വവുമാണ്നല്‍കിയിട്ടുള്ളത്. ഈ സംഘടനാബോധം ഇസ്‌ലാമിന്‍റെ ആരാധനാ കര്‍മ്മങ്ങളില്‍ പോലും ദൃശ്യമാണ്. ഇസ്‌ലാമില്‍ നമസ്ക്കാരം അതിശ്രേഷ്ഠമായ ഒരു ആരാധനയാണ്. ഈ ആരാധന ഓരോ മനുഷ്യന്‍റേയും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണ്. അത് അല്ലാഹുവിലേക്കുള്ള മനുഷ്യന്‍റെ മിഅ്റാജാണെന്നാണ് നബി(സ) അരുള്‍ ചെയ്തത്. ഇത് കേവലം വ്യക്തിപരമായ കാര്യമായിട്ട് പോലും ഒറ്റയ്ക്ക് എവിടെയും എങ്ങനെയും ഒഴിഞ്ഞ മൂലയിലിരുന്ന് തനിച്ച് നമസ്ക്കരിക്കണമെന്നല്ല ഇസ്‌ലാം ആവശ്യപ്പെടുന്നത്. നിര്‍ബന്ധ നമസ്ക്കാരം ജമാഅത്തായി - സംഘടിതമായി അനുഷ്ഠിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. തനിച്ച് നമസ്ക്കരിക്കുന്നതിനപേക്ഷിച്ച് ഇരുപത്തിയേഴിരട്ടി പുണ്യമുണ്ട് ജമാഅത്തായിട്ടുള്ള നിമസ്ക്കാരത്തിനെന്ന് പ്രവാചകന്‍റെ അരുളപ്പാട് സംഘടനാ സമ്പ്രദായത്തിന്‍റെ പ്രാധാന്യത്തിന് അടിവരഇടുകയാണ് ചെയ്യുന്നത്.

ജമാഅത്തായ നിമസ്ക്കാരമെന്ന് വിവക്ഷിക്കുമ്പോള്‍ അതിന് വ്യക്തമായ രൂപവും രീതിയും സമ്പ്രദായവും ഉണ്ട്. ഓരോരുത്തര്‍ക്കും തോന്നുന്നതനുസരിച്ച് നിര്‍വ്വഹിച്ചാല്‍ അത് ജമാഅത്തായിട്ടുള്ള നമസ്കാരം ആകുകയില്ല. ജമാഅത്തായി നമസ്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂട്ടത്തില്‍ യോഗ്യനായ ഒരാളെ ഇമാമായി തെരഞ്ഞെടുക്കണം. ആ ഇമാമിന്‍റെ നേതൃത്വത്തില്‍ എല്ലാവരും കഅബയ്ക്ക് നേരെ മുഖം തിരിച്ച് തോളോട് തോളുരുമ്മി അണിയണിയായി നില്‍ക്കണം. ഇമാമിനോട് പരിപൂര്‍ണ്ണമായി അനുസരണം പുലര്‍ത്തികൊണ്ട് അദ്ദേഹത്തിന്‍റെ ചലനങ്ങള്‍ക്കൊത്ത് പിന്തുടരണം. ഇമാം തക്ബീര്‍ചൊല്ലി കൈ കെട്ടുമ്പോള്‍, കൈകെട്ടണം. കുനിയുമ്പോള്‍ കുനിയണം. സുജൂദ് ചെയ്യുമ്പോള്‍ സുജൂദ് ചെയ്യണം. ഇരിക്കുമ്പോള്‍ ഇരിക്കണം. സലാം ചൊല്ലി നമസ്ക്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ എല്ലാവരും ഇമാമിനെ അനുഗമിക്കേണ്ടത് നിര്‍ബന്ധമാണ്. നമസ്ക്കാരത്തിനിടയില്‍ ഇമാമിനു മറവിയോ, പിശകോ സംഭവിച്ചാല്‍ സുബ്ഹാനല്ലാഹ് എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പിശകിനെക്കുറിച്ച് ബോധവാനാക്കുകയോ, ഓര്‍മ്മപ്പെടുത്തുകയോ ചെ യ്യാം. എന്നാല്‍ ഇമാം ആ തെറ്റ്തിരുത്താതെയും, മറവി മനസ്സിലാക്കാതേയും നമസ്ക്കാരം തുടരുകയാണെങ്കില്‍, ഇമാമിനെ നിര്‍ബന്ധിച്ച് തിരുത്തിപ്പിക്കാനോ, ഇമാമിനെ ഉപേക്ഷിച്ച് തനിച്ച് നിസ്ക്കരിക്കാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ജമാഅത്തായിട്ടുള്ള നിമസ്ക്കാരത്തിന്‍റെ രൂപവും ഭാവവുമെല്ലാം ഒരു ഇസ്‌ലാമിക അല്‍ജമാഅത്ത് വ്യവസ്ഥയുടെ സിംബലായി (Symbol) തുലനം ചെയ്യാന്‍ കഴിയും.

നമസ്ക്കാരത്തില്‍ മാത്രമല്ല ഇസ്‌ലാമിന്‍റെ മറ്റ് ഇബാദത്തുകളായ സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നീ ആരാധനകര്‍മ്മങ്ങളിലും, സംഘടിത സമ്പ്രദായവും സാമൂഹികബോധവും ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഇസ്‌ലാം അതിനെ ക്രമീകരിച്ചിരിക്കുന്നതെന്ന് കാണാം. ആരാധനകര്‍മ്മങ്ങളില്‍ മാത്രമല്ല മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന സര്‍വ്വജീവിത വ്യവഹാരങ്ങളിലും സംഘടിതജീവിതത്തിന്‍റെ നിറവും മണവും സ്വാംശീകരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് അത് ശക്തമായി ഉല്‍ബോധിപ്പിക്കുന്നുണ്ട്. "മൂന്നു പേര്‍ യാത്ര പുറപ്പെട്ടാല്‍ അവരില്‍ ഒരാളെ നേതാവായി തിരഞ്ഞടുക്കണം" (അബൂദാവൂദ്). ആ നേതാവിന്‍റെ നേതൃത്വത്തിലായിരിക്കണം ബാക്കിയുള്ളവര്‍ യാത്രചെയ്യേണ്ടത്. ഒരു യാത്രയില്‍ പോലും മുസ്ലിംകള്‍ അസംഘടിതാവസ്ഥയിലാകരുതെന്ന് പ്രവാകന്‍(സ) ജാഗ്രതപ്പെടുത്തുന്നു. ഒന്നിലധികം മുസ്ലിംകള്‍ ചെയ്യുന്ന ഏത്കാര്യവും പ്രവൃത്തിയും ഒരു നേതാവിന്‍റെ കീഴില്‍ സംഘടിച്ചുചെയ്യണമെന്ന് ഇസ്‌ലാം നിര്‍ബന്ധിക്കുമ്പോള്‍, സംഘടിത ജീവിതത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും ഇസ്‌ലാം എത്രമാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

മുസ്ലിംകളുടെ മതപരവും ലൗകികവുമായ സര്‍വ്വ സാമൂഹികബന്ധങ്ങളും ആരാധനാകര്‍മ്മങ്ങളും ഒരു നേതാവിന്‍റെ നേതൃത്വത്തില്‍ സംഘടിതമായി ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്‌ലാം ആയിരം നാവുകളോട് കൂടിയാണ് സംസാരിക്കുന്നത്.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടമുറയനുസരിച്ച് സൂക്ഷിക്കുക. പൂര്‍ണ്ണമായും അനുസരണം പുലര്‍ത്തുന്നവരായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. നിങ്ങളെല്ലാവരും ഒത്തുചേര്‍ന്നു അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്...." (3-103-104) ഈ ഖുര്‍ആനിക വചനത്തിന്‍റെ ഗൗരവത്തെ ഉണര്‍ത്തികൊണ്ട് പ്രവാചകന്‍(സ) അരുളി. "സംഘടനയെ മുറുകെ പിടിക്കുക. ഭിന്നിപ്പ് സൂക്ഷിക്കുക" (തിര്‍മിദി). ഇസ്‌ലാമിക ജീവിതത്തിന്‍റെ അഭിവാജ്യഘടകമാണ് സംഘടനയും അതിന്‍റെ നേതൃത്വവും അതിനോടുള്ള അനുസരണവുമെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഹദ്‌റത്ത് ഉമര്‍(റ) മൊഴിയുന്നു: "സംഘടനയില്ലാതെ ഇസ്‌ലാമില്ല. നേതൃത്വമില്ലാതെ സംഘടനയില്ല. അനുസരണമില്ലാതെ നേതൃത്വവുമില്ല." നബി(സ)യുടെ വിയോഗാനന്തരം മുസ്ലിം ഉമ്മത്ത് സ്വീകരിേക്കണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളായി അഞ്ച് കാര്യങ്ങള്‍ നബി(സ) തന്‍റെ ഉമ്മത്തിനോട് കല്പിച്ചുകൊണ്ട് പറഞ്ഞു: "ഞാന്‍ അഞ്ച് കാര്യങ്ങള്‍ കല്പിക്കുന്നു. (1) സംഘടിക്കുക (2) (നേതൃത്വത്തിന്‍റെ) ആജ്ഞകള്‍ ശ്രദ്ധിക്കുക (3) (നേതൃത്വത്തെ) അനുസരിക്കുക (4) പലായനം ചെയ്യുക (5) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുക. ഈ അഞ്ച് കാര്യങ്ങള്‍ നബി(സ)യുടെ വേര്‍പാടിനുശേഷമുള്ള മുസ്ലിം ഉമ്മത്തിന് നബി(സ) നല്‍കിയ മാഗ്നാകാര്‍ട്ടയാണ്. ഇതിന്‍റെ ഈ അഞ്ച് കല്പനകളുടെ അടിസ്ഥാനത്തില്‍ നബി(സ)യുടെ നിര്യാണത്തിനുശേഷം (മുസ്ലിം ഉമ്മത്ത്) സഹാബാക്കള്‍ സംഘടിച്ചുനിന്ന് നബി(സ)യുടെ പ്രതിനിധിയായി ഒരു ഖലീഫയെ തിരഞ്ഞെടുത്തുകൊണ്ട് "അല്‍ ജമാഅത്ത്" സ്ഥാ പിക്കുകയുണ്ടായി. നബി(സ)യുടെ പുണ്യ ഭൗതികശരീരം കബറടക്കം ചെയ്യുന്നതിനു മുമ്പ് സഹാാക്കള്‍ ആദ്യമായി (ഒന്നാമതായി) ചെയ്തത് ഒരു നേതാവിനെ തിരഞ്ഞെടുക്കുകയെന്ന കര്‍ത്തവ്യമാണ്. ഈ കാര്യത്തില്‍ സഹാബാക്കള്‍ക്കിടയില്‍ യാതൊരു ഭിന്നാഭിപ്രായവും ഉണ്ടായിരുന്നില്ല. ഖലീഫയെ ബൈഅത്ത് ചെയ്യാതെ ഒരാള്‍ക്കും മുസ്‌ലിമായി ജീവിക്കാന്‍ സാദ്ധ്യമല്ലെന്നും അത് അനഭിലഷണീയമാണെന്നും സഹാബാക്കള്‍ സംശയലേശമന്യേ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ ഒരു ഖലീഫ ദിവംഗതനാകുമ്പോള്‍ പുതിയൊരു ഖലീഫയെ തിരഞ്ഞെടുത്തുകൊണ്ട് ബൈഅത്ത് ചെയ്യുകയും അല്‍ജമാഅത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നത്.

അല്‍ജമാഅത്തുമായി ബന്ധപ്പെടാതെ അകന്നുനില്‍ക്കുന്നതും അതില്‍ നിന്നു വിച്ഛേദിച്ചുകൊണ്ട് പുറത്തുപോകുന്നതും ഈമാനിനു വിരുദ്ധമാണെന്ന നബിതിരുമേനി(സ)യുടെ താക്കീത്‌സ്വരം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഒരുവന്‍ അല്‍ജമാഅത്തില്‍ നിന്ന് "ഒരു ചാണ്‍ പുറത്തുപോയാല്‍ ഇസ്‌ലാമിന്‍റെ ബന്ധം തന്‍റെ കഴുത്തില്‍ നിന്നും അയാള്‍ ഉരിഞ്ഞുകഴി ഞ്ഞു" എന്നും "ഒരുവന്‍ (നേതൃത്വത്തോടുള്ള) അനുസരണത്തില്‍ നിന്ന് പുറത്ത് പോകുകയും അല്‍ജമാഅത്തുമായി വേര്‍പെടുകയും ചെയ്തുകൊണ്ട് മരിക്കുന്നപക്ഷം അവന്‍ അനിസ്‌ലാമികമായമരണമാണ് വരിച്ചത്." വീണ്ടും പ്രവാചകന്‍ (സ) അതിന്‍റെ ഗൗരവം ശക്തിയേറിയ ഭാഷയിലൂടെ മനസ്സിലാക്കിത്തരുന്നു." വല്ലവനും തന്‍റെ നേതാവില്‍ നിന്നും തനിക്ക് അനിഷ്ടമായി എന്തെങ്കിലും കാണുന്നതായാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. എന്തെന്നാല്‍ ജമാഅത്തില്‍ നിന്ന് ഒരു ചാണ്‍ പോലും അകന്നുനില്‍ക്കുന്ന ഏവരും അവിശ്വാസിയുടെ മരണം വരിക്കുന്നാണ് (ബുഖാരി). തിരുനബി(സ)യുടെ ഈ വചനങ്ങള്‍ പഠിപ്പിക്കുന്നത്, ഒരു ഇമാമിന്‍റെ കീഴില്‍ അനുസരണേത്താടുകൂടെ ജീവിക്കേണ്ടത് വളരെ നിര്‍ബന്ധമാണെന്നും അങ്ങനെയുള്ള ഒരു സംഘമാണ് യഥാര്‍ത്ഥത്തില്‍ അല്‍ജമാഅത്ത് എന്ന് വിളിക്കപ്പെടുന്നതെന്നുമാണ്. ഇസ്‌ലാമിന്‍റെ പേരില്‍ ഒരുപാടു സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ കാലഘട്ടത്തില്‍ അല്‍ ജമാഅത്തിന്‍റെ രൂപവും, ഭാവവും, സ്വഭാവവുമുള്ള സംഘടന ഏതാണെന്ന് അന്വേഷിക്കുന്നതില്‍ ഏറെ പ്രസക്തിയുണ്ട്. ഈ സംഘടനകളും പ്രസ്ഥാനങ്ങളും അല്‍ജമാഅത്തിന്‍റെ നിറം പകര്‍ന്നതാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും വസ്തവം മറ്റൊന്നാണ്.

ഇസ്‌ലാം ദുരന്തങ്ങളും ദുരിതങ്ങളും കൊണ്ടും, അധഃപതനവും മൂല്യച്യുതിയും കൊണ്ടും എരിപൊരികൊള്ളുന്ന ഇരുണ്ട കാലത്തെക്കുറിച്ച് നബി തിരുമേനി(സ) മുസ്ലിം സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ ഇരുണ്ട കാലഘട്ടത്തില്‍ "എന്‍റെ ജനത (മുസ്‌ലി ഉമ്മത്ത്) എഴുപത്തി മൂന്നു കക്ഷികളായി ഭിന്നിക്കും അവരില്‍ ഒരു കക്ഷി ഒഴികെ. മറ്റെല്ലാ കക്ഷികളും നരകത്തില്‍ പതിക്കും." എന്നു പറഞ്ഞു. ഇത് ശ്രവിച്ചപ്പോള്‍ സഹാബാക്കള്‍ ചോദിച്ചു"അല്ലാഹുവിന്‍റെ റസൂലേ ആരാണ് ആ കക്ഷി?" ഞാനും എന്‍റെ സഹാബാക്കളും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍' എന്ന് പ്രവാചകന്‍ പ്രതിവചിച്ചു. (മിശ്ക്കാത്ത്) ഈ ഹദീസ് പ്രകാരം മുസ്ലിം ഉമ്മത്ത് അല്‍ജമാഅത്തിന്‍റെ ചൈതന്യം നഷ്ടപ്പെട്ട് പല ഗ്രുപ്പുകളായി 73 കക്ഷികളായി ഭിന്നിച്ചു. ചിന്നിച്ചിതറിയപ്പോള്‍ അല്‍ജമാഅത്തിന്‍റെ ചൈതന്യം സ്ഫുരിക്കുന്ന കക്ഷി എഴുപത്തിമൂന്നില്‍ ഏതാണെന്ന് സത്യവിശ്വാസികള്‍ക്കിടയില്‍ സംശയം ഉണ്ടാകുക സ്വാഭാവികമാണ്. ഈ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് പ്രവാചകന്‍ (സ) അല്‍ജമാഅത്തിന് ഉണ്ടാകേണ്ട ഒരു ലക്ഷണം സ്പഷ്ടമായി വ്യക്തമാക്കുന്നു. ആ കക്ഷി "ഞാനും എന്‍റെ സഹാബിമാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവരത്രെ", "ഞാന്‍ ആദ്യത്തിലും മസീഹ് അവസാനത്തിലുമുള്ള ഒരു സമുദായം നശിക്കുന്നതെങ്ങനെ? (ഇ്നുമാജ) എന്ന് ചോദിച്ചുകൊണ്ട്, തന്‍റെ സുവര്‍ണ്ണകാലഘട്ടം പോലെ അവസാനകാലഘട്ടത്തില്‍ ഇസ്‌ലാമിന്‍റെ തിളക്കമാര്‍ന്ന ശോഭ പരത്തുന്ന അല്‍ജമാഅത്തിനെ ആ കക്ഷി മസീഹും മസീഹിന്‍റെ ശിഷ്യഗണങ്ങളുമാണെന്ന് പ്രവാചകന്‍ സുവാര്‍ത്ത നല്‍കുന്നു.

നബി(സ)യുടെ നിയോഗത്തെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് "അക്ഷരജ്ഞാനമില്ലാത്ത അറബികളില്‍ അവരില്‍ നിന്നുള്ള ഒരു ദൂതനെ എഴുന്നേല്പിച്ചിട്ടുള്ളത് അവനത്രെ." എന്നും പിന്നീട് വീണ്ടും "അവരോട് ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള മറ്റൊരു ജനതയിലും" (വി.ഖു. 62-3) നബി(സ)യുടെ നിയോഗം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ആ ജനത ആരാണെന്ന് നബി(സ)യോട് സഹാബാക്കള്‍ ചോദിച്ചപ്പോള്‍ നബി(സ) സല്‍മാനുല്‍ ഫാരിസി എന്ന സഹാബിയുടെ തോളത്ത് പിടിച്ചുകൊണ്ട്, ആ ജനത ആരാണെന്ന് ഇങ്ങനെ വ്യാഖ്യാനിക്കുകയുണ്ടായി. "സത്യവിശ്വാസം 'സുരയ്യാ നക്ഷത്രത്തിലേക്കുയര്‍ന്നു പോകുന്ന കാലത്ത് ഇവരില്‍ നിന്നുള്ള ആള്‍ അതിനെ വീണ്ടം കൊണ്ടുവരും" എന്ന്. ഈ ഹദീസിനോടൊപ്പം "ഞാനും എന്‍റെ സഹാബിമാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍" എന്ന ഹദീസും ചേര്‍ത്ത് വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്, സത്യവിശ്വാസം മുസ്ലിംകളില്‍ നിന്ന് അകന്നുപോകുകയും മുസ്ലിംകള്‍ ഭിന്നിച്ച് ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന അവസാനകാലത്ത് അതിന്‍റെ പുനരുദ്ധാരണാര്‍ത്ഥം ഫാരിസിവംശജനായ ഒരു മഹാത്മാവ് നിയോഗിക്കപ്പെടും. ആ മഹാത്മാവിന്‍റെ ആവിര്‍ഭാവം നബി(സ)യുടെ പുനരാഗമനത്തിനും അദ്ദേഹത്തിന്‍റെ സഹാബിമാര്‍, നബി(സ) സഹാബിമാര്‍ക്ക് സദൃശ്യമായിരിക്കുമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇമാം മഹ്ദി മസീഹ് ഹദ്‌റത്ത് അഹ്‌മദ് (അ)നാല്‍ സ്ഥാപിതമായ അഹ്‌മദിയ്യാ ജമാഅത്താണ് 'അല്‍ജമാഅത്ത്' എന്ന മേലങ്കി അണഞ്ഞിരിക്കുന്നതെന്ന് വ്യക്തം.

അല്‍ജമാഅത്തിന്‍റെ വര്‍ണ്ണപ്പൊലിമയുള്ള ആ കക്ഷി ഏതാണെന്ന് വി. ഖുര്‍ആനിലെ സൂറത്ത് നൂറിലെ 56-ാം ആയത്ത് സുവ്യക്തമാകുന്നു. "നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയതുപോലെ തീര്‍ച്ചയായും അവരേയും ഭൂമിയില്‍ ഖലീഫമാരാക്കുകയും" (വി.ഖു. 24-56) ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ ഖുര്‍ആനിക വചനം മനസ്സിലാക്കിതരുന്നത്, സത്യവിശ്വാസികളും സല്‍ക്കര്‍മ്മകാരികളുമായ യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് അല്ലാഹു ഖലീഫ എന്ന അനുഗ്രഹം കനിഞ്ഞു നല്‍കുന്നതാണെന്നാണ്. അതുകൊണ്ട് ഏത് സംഘത്തിലാണ് ഖിലാഫത്ത് നിലവിലുള്ളത് ആ സംഘത്തിന്‍റെ സവിശേഷത സത്യവിശ്വാസവും സല്‍കര്‍മ്മവുമുള്ള യഥാര്‍ത്ഥ മുസ്ലിംകളാണു അതിലുള്ളത് എന്നാണ്. കാരണം, ഖിലാഫത്ത് അത്തരം ഗുണഗണങ്ങള്‍ സമ്മേളിച്ച സമൂഹത്തില്‍ വരദാനമായി അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. ഖിലാഫത്ത് നബി(സ)യുടെ പ്രാതിനിധ്യം വഹിക്കുന്ന സ്ഥാനമാണ്. അങ്ങനെയുള്ള ഖിലാഫത്ത് മുസ്ലിംകളില്‍ എഴുപത്തിമൂന്ന് കക്ഷികളില്‍ ഏതു കക്ഷിയിലാണ് നിലനില്‍ക്കുന്നത് ആ കക്ഷിയാണ് യഥാര്‍ത്ഥ അല്‍ജമാഅത്ത് എന്ന് മനസ്സിലാക്കാം. അഹ്‌മദികളല്ലാത്ത ലോകത്തെ മറ്റ് ഒരു മുസ്‌ലിം കക്ഷിയിലും ഖിലാഫത്ത് സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ആ കക്ഷികള്‍ തങ്ങള്‍ക്ക് ഖലീഫയുണ്ടെന്ന അവകാശവാദം പോലും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ആ കക്ഷികള്‍ അല്‍ജമാഅത്തെന്ന പദവിക്ക് അര്‍ ഹരാകുക? ഖിലാഫത്തെന്ന അല്ലാഹുവിന്‍റെ അനുഗ്രഹം മഹ്ദി മസീഹ് ആയി അവതരിച്ച അഹ്‌മദിനാല്‍ സ്ഥാപിച്ച ജമാഅത്തില്‍ മാത്രമേയുള്ളുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം, സത്യവിശ്വാസികളിലും സല്‍കര്‍മ്മികളുമായവര്‍ക്ക് അല്ലാഹു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ഖിലാഫത്തിന്‍റെ പ്രഭാവലയത്തില്‍ പ്രവര്‍ത്തിക്കുന്ന അഹ്‌മദിയ്യാ ജമാഅത്താണ് യഥാര്‍ത്ഥ അല്‍ജമാഅത്ത് എന്നതിന് വ്യക്തമായ തെളിവാണ്.

അല്‍ ജമാഅത്തിന്‍റെ മറ്റൊരു സവിശേഷത ഖലീഫയോടുള്ള ബൈഅത്ത് എന്ന അനുസര പ്രതിജ്ഞ ചെയ്തുകൊണ്ട് കൂറു പ്രഖ്യാപിക്കലാണ്. "ഓ നബീ, താങ്കള്‍ അല്ലാഹുവിനോട് മറ്റൊന്നിനേയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയില്ലെന്നും മനഃപൂര്‍വ്വം നുണ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയില്ലെന്നും നല്ല ഒരു കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നുമുള്ള നിബന്ധനയോടെ സത്യവിശ്വാസികള്‍ നീയുമായി ബൈഅത്ത് ചെയ്യാന്‍ നിന്‍റെയടുക്കല്‍ വന്നാല്‍ നീ അവരുടെ അനുസരണപ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. (വി.ഖു. 60:13) ഈ ഖുര്‍ആന്‍റെ നിര്‍ദ്ദേശമനുസരിച്ച് നബി(സ) സഹാികളില്‍ നിന്ന് ബൈഅത്ത് വാങ്ങിയിരുന്നു. പിന്നീട് നബി(സ) വഫാത്തിനുശേഷം തിരെഞ്ഞടുക്കപ്പെട്ട ഓരോ ഖലീഫമാര്‍ക്കും ബൈഅത്ത് എന്ന അനുസരണപ്രതിജ്ഞ ചെയ്തുകൊണ്ട് മുസ്‌ലീംകള്‍ ഖലീഫയോട് അനുസരണം പുലര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് ബൈഅത്ത് എന്നഅനുസരണപ്രതിജ്ഞ അഹ്‌മദിയ്യാ ജമാഅത്തിലൊഴികെ മറ്റൊരു മുസ്‌ലിം കക്ഷികളിലും കാണപ്പെടുന്നില്ല. നബി(സ)യുടേയും ഖലീഫമാരുടേയും മാതൃകയായ ബൈഅത്ത്

എന്ന അനുസരണപ്രതിജ്ഞ 'അല്‍ജമാഅത്തി'ന്‍റെ സവിശേഷതകളില്‍ ഒന്നാണ്. ഇത് പരിപൂര്‍ണ്ണമായി അനുകരിക്കുന്നത് അഹ്‌മദികള്‍ മാത്രമാണ്. ഖുര്‍ആന്‍റെ ഈ നിര്‍ദ്ദേശത്തെ നടപ്പിലാക്കാന്‍ കഴിയാത്തഈ കക്ഷികള്‍ക്ക് എങ്ങനെ 'അല്‍ജമാഅത്തിന്‍റെ' മുഖാവരണമണിയാന്‍ കഴിയും? നബി(സ)യും അദ്ദേഹത്തിന്‍റെ ഖലീഫമാരും 'അല്‍ജമാഅത്ത്' എന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും കാണിച്ചുതന്നത് ഏത് രൂപഭാവങ്ങളോട് കൂടിയാണോ അതേ തരത്തില്‍ തന്നെ യാതൊരു വ്യത്യാസമില്ലാതെ ഈ ലോകത്ത് വീണ്ടും പുനരാവിഷ്ക്കരിക്കപ്പെട്ടത് അഹ്‌മദിയ്യാ ജമാഅത്തിലൂടെയാണ്. അതുകൊണ്ട് യഥാര്‍ത്ഥ അല്‍ജമാഅത്ത് അഹ്‌മദിയ്യാ ജമാഅത്തല്ലാതെ മറ്റൊരു മുസ്‌ലിം കക്ഷിയുമില്ല.

No comments: