Thursday, June 19, 2014

മനുഷ്യന്‍ കളിമണ്ണില്‍ നിന്നോ?

ഒരു സുപ്രഭാതത്തില്‍ ദൈവം കളിമണ്ണു കുഴച്ച് ഒരു നിമിഷനേരം കൊണ്ട് സൃഷ്ടിച്ചതാണ് മനുഷ്യനെ എന്ന വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല. മറിച്ച്, മനുഷ്യന്‍റെ ഉല്പ്പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചും സ്പഷ്ടമായ സൂചനകള്‍ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്.

മനുഷ്യസൃഷ്ടിപ്പ് പല ഘട്ടങ്ങളിലായി  ദീര്‍ഘകാലം സംഭവിച്ച വികാസത്തിന്‍റെ ഫലമാണ്; പൊടുന്നനെ സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം ശരിയല്ല. എന്നാല്‍, മനുഷ്യന്‍ മറ്റോരുതരം സൃഷ്ടിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മറ്റേതെങ്കിലും വസ്തുവില്‍ നിന്നോ പരിണമിച്ചുണ്ടായതല്ല. വാനരന്മാരില്‍നിന്നാണ് മനുഷ്യന്‍ പരിണമിച്ചുണ്ടായതെന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തം ശരിയല്ല. മനുഷ്യന്‍ പരിണമിച്ചത് അവന്‍റേതായ ഒരു സത്തയില്‍ നിന്ന് തന്നെയാണ്.

Monday, January 30, 2012

ജൂതകൂട്ടക്കൊല: സത്യവും മിഥ്യയും

മുഹമ്മദു നബി(സ) തിരുമേനിയെ മനുഷ്യകുലത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യനായും പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷഠനായും മുസ്‌ലിംകള്‍ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. മുഹമ്മദുനബി(സ)യുടെ അത്യുന്നതമായ ആത്മീയ പദവിയെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നതു നോക്കുക:

"നിശ്ചയമായും നീ അതി ശ്രേഷ്ഠമായ സ്വഭാവ സിദ്ധികളോടു കൂടിയവനത്രേ" (68:5).

"നിശ്ചയമായും നീ ചൊവ്വായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനാകുന്നു"(72:68). 

"അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിനക്ക് ഉത്തമ മാതൃകയുണ്ട്" (33:21).

മുഹമ്മുദു നബി(സ)യുടെ ശ്രേഷ്ഠ സ്വഭാവ ഗുണങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികളില്‍ സ്വാധീനം ചെലുത്തിയത്. ബലപ്രയോഗത്തിലൂടെയാണ് ഇസ്‌ലാം മതം പ്രചരിച്ചത് എന്ന വാദം തീര്‍ത്തും യുക്തിവിരുദ്ധമാണ്. ബലപ്രയോഗത്തിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുകയില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിത്വമായി മൈക്കല്‍ എച്ച് ഹാര്‍ട്ട് (Michael H. Hart) മുഹമ്മുദു നബി(സ)യെ തിരഞ്ഞടുത്തതും സ്വാഭാവികം മാത്രം.

സര്‍‌വ്വ ലോകങ്ങള്‍ക്കും കാരുണ്യമായി അവതരിച്ച പ്രവാചകന്‍ എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്‍ തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പത്രീഭൂതനായിട്ടുള്ളത് എന്നതാണ് വിചിത്രമായിരിക്കുന്നത്. അതിനു കാരണം, അദ്ദേഹത്തിന്‍റെ ജീവിതം മറ്റേതൊരു നേതാവിന്‍റെ ജീവചരിത്രത്തെക്കാളും സൂക്ഷമമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതാണ്. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ നിന്ന് പശ്ചാത്തലം മറച്ചു വെച്ചുകൊണ്ട് അടര്‍ത്തിയെടുക്കുന്ന ചില സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍ പുറപ്പെടുവിക്കാറുള്ളത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സംഭവമാണ് 'ബനൂഖുറൈള' എന്ന ജൂത ഗോത്രത്തെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം. ഈ സംഭവത്തിന്‍റെ പശ്ചാത്തലം പരിശോധിക്കുന്ന ആര്‍ക്കും ഇത് തികച്ചും ന്യാമമായ ഒരു പ്രതിക്രിയ മാത്രമാണെന്ന് കാണാവുന്നതാണ്.

അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് (റ) എഴുതിയ ബൃഹത്തായ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ ചേര്‍ത്ത നബി ചരിത്രത്തില്‍ 'ബനൂഖുറൈള' സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇത് വായിക്കുന്ന ആര്‍ക്കും ഇതില്‍ അക്ഷേപാര്‍ഹമായി ഒന്നും ഇല്ല വ്യക്തമാകും എന്ന് തന്നയാണ് ഞാന്‍ കരുതുന്നത്. പ്രസ്തുത ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചയ്യുക.

പ്രസ്തുത നബിചരിത്രം മുഴുവന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍

Sunday, April 17, 2011

ഇബ്‌ലീസ് കേറിയ സ്വര്‍ഗ്ഗം!


സ്വര്‍ഗ്ഗത്തിലും ഇബ്‌ലീസ് വരുമോ? എന്ന ചോദ്യവുമായി ഒരു പോസ്റ്റും അതിന് "അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന രീതിയിലുള്ള ബ്ലോഗറുടെ മറുപടിയും കണ്ടപ്പോള്‍ ഈ വിഷയത്തില്‍ ഞാന്‍ ഞാന്‍ ഇട്ട ഒരു പഴയ പോസ്റ്റിലേക്ക് വായനക്കരുടെ ശ്രദ്ധ ക്ഷണിക്കണം എന്നു തോന്നി. ആ പോസ്റ്റ് ഇവിടെ വീണ്ടും പുനപ്പോസ്റ്റുന്നു.


ആദം അദ്യത്തെ മനുഷ്യനോ?

യക്ഷിക്കഥകളെ അതിശയിപ്പിക്കുന്നത്ര യുക്തി ഭംഗങ്ങളും ഭാവനാ വൈചിത്ര്യങ്ങളും നിറഞ്ഞതാണ് ആദമിന്‍റെ സൃഷ്ടികഥ. ബുദ്ധിയെയും യുക്തിയെയും മയക്കിക്കിടത്തിയല്ലാതെ ഈ കഥകള്‍ വിശ്വസിക്കാന്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. മാത്രമല്ല മനുഷ്യന്‍റെ സൃഷ്ടികഥ നരവംശ ശാസ്ത്രത്തിനും താല്പ്പര്യമുള്ള വിഷയമാണ്. മനുഷ്യസൃഷ്ടിപരിണാമങ്ങളെക്കുറിച്ച് അവര്‍ മുന്നോട്ട് വയ്ക്കുന്ന അനിഷേധ്യമായ തെളിവുകളെ നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. ബൈബിള്‍ കഥകളുടെ വികൃതാനുകരണങ്ങളായി മുസ്ലിംകള്‍ വിശ്വസിക്കുന്ന ആദമിന്‍റെ സൃഷ്ടികഥ യുക്തിജ്ഞാനത്തിനു വളരെയേറെ പ്രാധാന്യം നല്‍കിയ ഖുര്‍‌ആന്‍റെ അന്തഃസത്തയ്ക്കും അവകാശ വാദങ്ങള്‍ക്കും നിരക്കാത്തതാണ്. പരക്കെ നിലവിലുള്ള ഈ കഥ വിശ്വസിക്കുകയാണെങ്കില്‍ അനേകം സമസ്യകള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. കഥ ഇപ്രകാരമാണ്:
'ആദം നബിയും ഹവ്വയും സ്വര്‍ഗ്ഗത്തില്‍ സുഖ സമ്പൂര്‍ണ്ണമായ ജീവിതം നയിച്ചു പോന്നു. അല്ലാഹു ആദം അബിയോട് ഒരു സവിശേഷ മരത്തെ സമീപിക്കരുതെന്നും അതിലെ പഴം തിന്നരുതെന്നും ആജ്ഞാപിച്ചു. ഒരു ദിവസം പിശാചിന്‍റെ ദുര്‍ബൊധനത്തില്‍ അവര്‍ അകപ്പെടുകയും പ്രസ്തുത മരത്തെ സമീപിക്കുകയും അതിലെ നിരോധിത കനി ഹവ്വയുടെ പ്രേരണയാല്‍ ആദം ഹവ്വയുമായി പങ്കിട്ടു ഭക്ഷിക്കുകയും ചെയ്തു. ഈ ആജ്ഞാ ലംഘനം ദൈവത്തില്‍ കോപം ജനിപ്പിക്കുകയും അദേഹത്തെയും ഭാര്യയെയും സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് പുറത്താക്കുകയും ചെയ്തു. തെറ്റ് മനസ്സിലാക്കിയ ആദം പശ്ചാത്തപിക്കുകയും ദൈവം അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയും ചെയ്തു.
'ആദമിനെ ദൈവം പ്രവാചകനായാണ് നിയ്യൊഗിച്ചത്. അങ്ങനെ ആദം പ്രഥമ മനുഷ്യനും പ്രഥമ പ്രവാചക്നുമായി. അദ്ദേഹത്തെ പ്രവാചകനായി നിയോഗിച്ച ശേഷം അല്ലാഹു മലക്കുകളോട് ആദമിനു'സുജൂദ്' (സാഷ്ടാംഗം പ്രണമിക്കാന്‍) ചെയ്യാന്‍ ആജ്ഞാപിക്കുകയും മലക്കുകളെല്ലാം സുജൂദു ചെയ്യുകയും ഇബ്‌ലീസ് സുജൂദ് ചെയ്യാതിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇബ്‌ലീസ് സുജൂദ് ചെയ്തില്ല എന്നു അല്ലാഹു ഇബ്‌ലീസിനോട് ചോദിച്ചപ്പോള്‍, താന്‍ ആദമിനേക്കാള്‍ എന്തു കൊണ്ടും യോഗ്യനും വലിയ ആളും ആണെന്നും ആദമിനെ മണ്ണുകൊണ്ടും തന്നെ അഗ്നികൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഇബ്‌ലീസ് വാദിക്കുകയുണ്ടായി. ഈ അനുസരണക്കേട് കാരണം ഇബ്‌ലീസിനെ അല്ലാഹു ശപിക്കുകയും ഭൂമിയിലേക്ക് പുറംതള്ളുകയും ചെയ്തു. ഇബ്‌ലീസ് അല്ലാഹുവിനോട് ഒരു വരം ചോദിച്ചു. ഇവിടുന്നങ്ങോട്ട് അന്ത്യനാള്‍ വരെ ജനങ്ങളെ സല്പന്ഥാവില്‍ നിന്ന് തടഞ്ഞു നിര്‍ത്താനുള്ള അനുവാദം ചോദിച്ചു. തന്‍റെ സദ്‌വൃത്തരായ ഭക്തര്‍ക്ക് ഇത് ബാധകമല്ല എന്ന ഉപാധിയില്‍ അല്ലാഹു ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ ഇബ്‌ലീസിന്‍റെ പ്രവര്‍ത്തനം തുടര്‍ന്ന് ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു.' ഈ കഥ കേള്‍ക്കുമ്പോള്‍ ഒരുപാട് ചൊദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തല ഉയര്‍ത്തുന്നു.
വിശുദ്ധ ഖുര്‍‌ആന്‍റെ പാഠമനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ആരും തന്നെ പുറത്ത് പോകയില്ല. ആഗ്രഹ സാഫല്യത്തിന്‍റെ ഗേഹമായ സ്വര്‍ഗ്ഗത്തില്‍ എല്ലാ പഴങ്ങളും ഭക്ഷണ പനീയങ്ങളും അനുവദനീയമാണ്. സ്വര്‍ഗ്ഗത്തില്‍ പിശാചിനു പ്രവേശനം ഇല്ല. ആദമിനെ ഒരു പ്രവാചകനായാണ് നിയോഗിച്ചതെങ്കില്‍ അവിടെ വേറെയും മനുഷ്യര്‍ വസിക്കുന്നുണ്ടാകണം. പഠിതാക്കല്‍ ഉണ്ടെങ്കിലല്ലേ അദ്ധ്യാപകന്‍റെ ആവശ്യമുള്ളൂ.
ദൈവേതരര്‍ക്ക് സുജൂദ് ചെയ്യല്‍ (സാഷ്ടാംഗം പ്രണമിക്കല്‍) 'ശിര്‍ക്ക്' (ദൈവത്തില്‍ പങ്കുകാരെ സങ്കല്പ്പിക്കല്‍) ആണ്. ശിര്‍ക്ക് ദൈവം പൊറുത്തുകൊടുക്കാത്ത പാപവുമാണ്. ലോകത്തില്‍ ആഗതരായ ലക്ഷക്കണക്കിനു പ്രവാചകന്മാര്‍ ശിര്‍ക്കിനെതിരെ പടപൊരുതി ഏകദൈവാരാധനയെ സംസ്ഥാപിക്കാന്‍ വന്നവരാണ്. ഇത്രയും കടുത്ത പാപം ചെയ്യാന്‍ അതു നിരാകരിച്ച അല്ലാഹു തന്നെ നിര്‍ബന്ധിക്കുന്നു എന്നുവരുന്നത് ദൈവദൂഷണമല്ലേഅപ്പോള്‍ ഇബ്‌ലീസ് ചെയ്തത് ശരിയാണെന്ന് സമ്മതിച്ചു കൊടുക്കണ്ടേആദ്യത്തെ തൗഹീദ് വാദി അപ്പോള്‍ ഇബ്‌ലീസ് ആണോ?
അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇബ്‌ലീസ് ജിന്നില്പെട്ട ആളാണെന്നാണ് ഖുര്‍‌ആനില്‍ നിന്നു മനസ്സിലാകുന്നത്. മലക്കുകളോടാണ് ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു കല്പ്പിക്കുന്നത്. പിന്നെ എന്തിനു ജിന്നില്‍ പെട്ട ഇബ്‌ലീസ് സുജൂദു ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്തുഎന്തുകൊണ്ട് ഈ ന്യായം ഇബ്‌ലീസ് അല്ലാഹുവിനോട് പറഞ്ഞില്ല?
ഒരു ഖലീഫയെ ഭൂമിയില്‍ നിയോഗിക്കുന്ന കാര്യം അല്ലാഹു മലക്കുകളോട് ഉണര്‍ത്തിയപ്പോള്‍ രക്തം ചിന്തുന്ന ഇവരെ എന്തിനു സൃഷ്ടിക്കുന്നു എന്ന് മലക്കുകള്‍ ചോദിച്ചതായി ഖുര്‍‌ആനില്‍ കാണാം. ഇത് മലക്കുകളുടെ ഗുണത്തിന് അതീതമായി തോന്നുന്നു. അല്ലാഹുവിന്‍റെ ഏതൊരാജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് മലക്കുകളുടെ ഗുണമായി പറയുന്നത്. അവര്‍ക്ക് സ്വന്തമായി ഒരറിവും ഇല്ലഅല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ. ഇവിടെ മലക്കുകള്‍ ഭാവി കാര്യത്തെക്കുറിച്ചാണ് സംശയം ഉന്നയിക്കുന്നത്. ഇത് അവരുടെ കഴിവിന്നതീതമാണ്.
ഈ പ്രഹേളികകള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എന്‍റെ ഒരു ക്രിസ്തീയ സഹോദരന്‍ പറഞ്ഞതുപോലെമതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെവിശ്വസിക്കേണ്ടീവരും. ഈ വിശ്വാസങ്ങള്‍ കാരണം മതം യുക്തിഹീനമായ വിശ്വാസങ്ങളെ അടിച്ചേല്പ്പിക്കുന്നു എന്നു വരും.
ഈ വൃത്താന്തങ്ങള്‍ വിവരിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ഈ പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കും. നമ്മുടെ വിശുദ്ധ ഖുര്‍‌ആന്‍ വ്യാഖ്യാതാക്കളെയധികവും ബൈബില്‍ കഥകള്‍ സ്വാധീനിച്ചതായി കാണാം. ആ കഥകള്‍ക്കനുസരിച്ച് ഖുര്‍‌ആന്‍ വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്തത്ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുമ്പോലെ.
വിശുദ്ധ ഖുര്‍‌ആനില്‍ ആദം നബിയെക്കുറിച്ചു പരാമര്‍ശിക്കുന്ന സൂക്തം ആരംഭികുന്നത് രണ്ടാമത്തെ അദ്ധ്യായമായ 'അല്‍-ബഖറയില്‍ ആണ്.31 മുതല്‍ 40 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്:
"ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫ) നിശ്ചയിക്കാന്‍ പോകുകയാണെന്ന് നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരിക്കുക. അവര്‍ പറഞ്ഞു: 'അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിശ്ചയിക്കുകയാണോഞങ്ങളാകട്ടെ നിന്‍റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുന്നതോടൊപ്പം നിന്നെ സ്തുതിക്കുകയും നിന്‍റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നുഅല്ലാഹു പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു'
"അല്ലാഹു ആദമിന് (എല്ലാ വസ്തുക്കളുടെയും) നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അനന്തരം അവന്‍ ആ നാമങ്ങള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നവയെ മലക്കുകളുടെ മുമ്പില്‍ വെച്ചു കാട്ടി. എന്നിട്ടവന്‍ പറഞ്ഞു: 'നിങ്ങള്‍ സത്യം പറയുന്നവരാനെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്തെന്ന് എന്നോട് പറയുക.'
"അവര്‍ പറഞ്ഞു: 'നീ പരിശുദ്ധനാണ് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്ക് യാതിരറിവുമില്ല. നിശ്ചയമായും സര്‍‌വ്വജ്ഞനും യുക്തിജ്ഞനും നീതന്നെയാകുന്നു.'
"അപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആദമേ നീ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞു കൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: 'നിശ്ചയമായും ആകാശങ്ങളിലേയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങള്‍ എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും ഞാന്‍ അറീയുന്നുവെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?'
"നിങ്ങള്‍ ആദമിനു സുജൂദ് ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. പക്ഷേ ഇബ്‌ലീസ് സുജൂദു ചെയ്തില്ല. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവന്‍ നിഷേധികളില്‍ പെട്ടവനായിരുന്നു.
"നാം പറഞ്ഞു: 'ആദമേനീയും നിന്‍റെ ഇണയും ഈ 'ജന്നത്തില്‍'വസിക്കുകയും അവിടെ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. (സമീപിച്ചാല്‍) നിങ്ങ്ള്‍ അധര്‍മ്മികളായി ഭവിക്കും. പിന്നീട് പിശാച് അതുമുഖേന അവര്‍ രണ്ടുപേരെയും വ്യതിചലിപ്പിച്ചു. അങ്ങനെ അവര്‍ ഇരുവരേയും അവര്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അവന്‍ (പിശാച്) പുറംതള്ളി. നാം പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും.
"പിന്നെ ആദം തന്‍റെ നാഥനില്‍ നിന്നു ചില പ്രാര്‍ഥനാ വചനങ്ങള്‍ പഠിച്ചു (അപ്രകാരം പ്രാര്‍ഥിച്ചു) അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ നേരെ കാരുണ്യത്തോടെ തിരിഞ്ഞു. തീര്‍ച്ചയായും അവന്‍ സര്‍‌വ്വഥാ കാരുണ്യത്തോടെ തിരിയുന്നവനും അതീവ ദയാലുവുമാകുന്നു.
"(അപ്പോള്‍) നാം പറഞ്ഞു: 'നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറഞ്ഞിപ്പോകൂ. (ഓര്‍ക്കുക) പിന്നീട് എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കല്‍ എന്നില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം വരികയാണെങ്കില്‍, ആര്‍ എന്‍റെ മാര്‍ഗ്ഗദര്‍ശനത്തെ പിന്‍പറ്റുന്നുവോ അവര്‍ക്ക് ഭാവിയെക്കുറിച്ച് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ (കഴിഞ്ഞതിനെപ്പറ്റി) വ്യസനിക്കുകയുമില്ല.
"എന്നാല്‍ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരാരോ അവര്‍ നരകാവകാശികളാകുന്നു. അവരവിടെ ചിരകാലം വസിക്കുന്നവരായിരിക്കും."
ഇവിടെ അല്ലാഹു ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്ന രംഗമാണ് പ്രസ്താവനാ വിഷയം. പ്രവാചകന്മാരെയും ഖലീഫ എന്നു പറയാറുണ്ട്. പ്രവാചകന്‍ ഭൂമിയിലെ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി) ആണ്. അപ്പോള്‍ ഒരു ജനതയ്ക്ക് ആദ്യമായി ഒരു പ്രവാചകനെ നിയോഗിക്കുന്നത് അവര്‍ക്ക് ഒരു ന്യായപ്രമാണം നല്‍കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ആണ്.
ബൈബിളിന്‍റെ കണക്ക് പ്രകാരം ആദം ഭൂമിയില്‍ വന്നിട്ട് ആറായിരം വര്‍ഷം കഴിഞ്ഞ് ഏഴായിരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ കോടാനുകോടി വര്‍ഷങ്ങല്‍ക്കുമുമ്പേ വസിച്ചിരുന്നുവെന്ന ശാസ്ത്രീയ തെളിവുകളുടെ മുമ്പില്‍ ഇത് വിലപ്പോവില്ല. ആറായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് വന്ന ആദം ആദ്യ അനുഷ്യനാണെന്ന വിശ്വാസം നമ്മുടെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസനീയമാണ്. ഈ ഭൂമി എത്രയോ അനേകം ഘട്ടങ്ങളും അനേകം നാഗരികതയും അതിജീവിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ പറഞ്ഞ ഈ ആദം അതിലെ അവസാനത്തെ ആദമാണ്. ഇതുപോലെ എത്രയോ ആദമുമാര്‍ ഇതിനു മുമ്പും കഴിഞ്ഞു കടന്നിട്ടുണ്ട്. ഈ ഒരു കാഴ്ച്ചപ്പാട് മുസ്ലിം സൂഫി വര്യന്മാരിലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്.
സൂഫിവര്യന്മാരില്‍ അഗ്രഗണ്യനായ മൊഹ്‌യുദ്ദീന്‍ ഇബ്നു അറബി പറയുന്നു: "ഞാന്‍ കഅബ ചുറ്റുന്നതായ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഒരു മനുഷ്യന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പൂര്‍‌വ്വികരില്‍ പെട്ട ആളാണെന്ന് പറഞ്ഞു. താങ്കള്‍ മരിച്ചിട്ട് എത്ര നാളായെന്ന് ചോദിച്ചപ്പോള്‍ നാല്പ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്ത്ഇത് നമ്മുടെ ആദമില്‍നിന്ന് വളരെ അധികം ദൂരെ ആണല്ലോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ഏത് ആദമിനെക്കുറിച്ചാണ് പറയുന്നത്താങ്കളുടെ അടുത്തുള്ള ആദമോ അല്ല മറ്റു വല്ല ആദമോ?' അപ്പോള്‍ എനിക്ക് നബിതിരുമേനി (സ) യുടെ ഒരു ഹദീസ് ഇതു സംബന്ധമായി ഓര്‍മ്മവന്നു. അല്ലാഹു ഒരു ലക്ഷം ആദമിനെ ഇവിടെ നിയോഗിച്ചുണ്ട് എന്ന ഹദീസ്. അപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: ഈ മനുഷ്യന്‍ മുമ്പു വന്ന ഏതെങ്കിലും ആദമിന്‍റെ പരമ്പരയായിരിക്കും" (ഫുത്തുഹാത്ത്)Wednesday, March 9, 2011

മുതലാളിത്ത വ്യവസ്ഥയുടെ തിന്‍മകള്‍


“അല്ല, എന്നാല്‍ നിങ്ങള്‍ അനാഥരെ ആദരിക്കുന്നില്ല. അഗതി കള്‍ക്ക്‌ ആഹാരം നല്‍കാന്‍ പരസ്പരം പ്രേരിപ്പിക്കു ന്നുമില്ല. പൈതൃകമായി ലഭിക്കുന്ന സ്വത്തൊക്കെയും നിങ്ങള്‍ തിന്നു മുടിക്കുന്നു. നിങ്ങള്‍ ധനത്തെ അമിതമായി സ്നേഹിക്കുന്നു. വേണ്ടാ! ഭൂമി മുഴുവനും ഇടിച്ചു നിരപ്പാക്കപ്പെടും (വിശുദ്ധ ഖുര്‍‌ആന്‍ 89:18-22)

ഈ വചനങ്ങളില്‍ മുതലാളിത്ത വ്യവസ്ഥയുടെ നാല്‌ തിന്‍മളെപ്പറ്റി സൂചിപ്പിക്കുന്നു.

(1) ആശ്രയമില്ലാത്തവരുടെ ജീവിതത്തെ നിസ്സാരമായി കണക്കാക്കുന്നു
(2) പാവങ്ങളുടെ ആഹാരകാര്യവും ജീവിതക്ഷേമവും അവഗണിക്കുന്നു
(3) പൈതൃക സ്വത്തുക്കള്‍ അമിതോപയോഗം കൊണ്ട്‌ ധൂര്‍ത്തടിക്കുന്നു
(4) സമ്പത്ത്‌ കുന്നുകൂട്ടാനുള്ള അറ്റമില്ലാത്ത ദുര

ആധുനിക മുതലാളിത്ത സമ്പദ്ക്രമത്തിന്‍റെ ദോഷങ്ങളായി സാമ്പത്തിക വിദഗ്ധര്‍ പറയുന്ന വിമര്‍ശനങ്ങള്‍തന്നെ 14 നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ വിശുദ്ധ ഖുര്‍ആന്‍ മേല്‍ വചനങ്ങളിലൂടെ വരച്ചുകാട്ടുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളുടെ മൂലധന നിക്ഷേപമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍, ദരിദ്രരാജ്യങ്ങള്‍ക്ക്‌ നല്‍കുന്ന വായ്പകളിലെ കാണാചരടുകളും കരാറുകളും അവരുടെ ആഗോളവത്കരണവും ദരിദ്രരാജ്യങ്ങളെ കൂടുതല്‍ ദരിദ്രമാക്കുകയാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പലിശ കൊടുത്ത്‌ വായ്പകള്‍ വാങ്ങുമ്പോള്‍ ദരിദ്രരാജ്യങ്ങളുടെമേല്‍ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ കെട്ടിവെക്കുന്ന ഉപാധികള്‍ വണ്‍മെന്‍റുകളെ ദരിദ്ര ജനവിഭാഗങ്ങളോടുള്ള സാമൂഹിക ബാദ്ധ്യതകളില്‍ നിന്ന് അകറ്റിക്കളയുന്നു. ആതുരശുശ്രൂഷ, സാര്‍വ്വത്രിക വിദ്യാഭ്യാസം, ദാരിദ്ര്യനിര്‍മ്മാര്‍ജനം മുതലായ സാമൂഹിക ക്ഷേമപദ്ധതികളില്‍നിന്നു പിന്‍വാങ്ങാന്‍ അവര്‍ ദരിദ്രരാജ്യങ്ങളെ നിര്‍ബന്ധിക്കുന്നു. ചെലവാക്കി മുടിക്കാനും, അഴിമതി നടത്താനും, വായ്പ വാങ്ങാനും വേണ്ടി ആര്‍ത്തിപൂണ്ടു കാത്തിരിക്കുന്ന ദരിദ്രരാജ്യങ്ങളിലെ ഭരണാധികാരികള്‍ അവര്‍ പറയുന്ന വ്യവസ്ഥകളിലെല്ലാം ഒപ്പുവെക്കാനും തയ്യാറാണ്‌. പാവങ്ങളോടും ദരിദ്രരോടുമുള്ള മുതലാളിത്ത രാജ്യങ്ങളുടെ സമീപനം ഇത്തരം നയങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നു.

വരാനിരിക്കുന്ന തലമുറക്കും ഭൂമിയിലെതന്നെ മിണ്ടാപ്രാണികള്‍ക്കും അവകാശപ്പെട്ട പൊതു പൈതൃകമാണ്‌ ഭൂവിഭവങ്ങളെന്ന്‌ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. അതില്‍ തന്നെ പെട്രോള്‍, മറ്റു ഖനിജങ്ങള്‍ മുതലായ മിക്ക വിഭവങ്ങളും ക്ഷയോന്‍മുഖവുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“ഭൂമിയെ അവന്‍ സൃഷ്ടിജാലങ്ങള്‍ക്കെല്ലാം വേണ്ടി സ്ഥാപിച്ചു” (55:11)

എന്നാല്‍, മുതലാളിത്തമാകട്ടെ സമൂഹം, മനുഷ്യരാശി, മറ്റു ജീവജാലങ്ങള്‍, പരിസ്ഥിതി മുതലായവയെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും ആകുലപ്പെടാറില്ല. വിഭവ ചൂഷണത്തിലൂടെ ഭൂമിയെ ഞെക്കിപ്പിഴിഞ്ഞ്‌ സ്വന്തം ആര്‍ത്തി ശമിപ്പിക്കുക എന്നത്‌ മാത്രമാണ്‌ അവരുടെ ലക്ഷ്യം. കൂടാതെ പെട്രോള്‍, കല്‍ക്കരി മുതലായ കാര്‍ബണ്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമടങ്ങുന്ന മുതലാളിത്തലോകം വരുത്തിവെക്കുന്ന പാരിസ്ഥിതിക ദുരന്തമാണ്‌ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമെന്ന്‌ ശാസ്ത്രസമൂഹം വിലയിരുത്തുന്നു.

അതുപോലെ, സമ്പത്ത്‌ കുന്നുകൂട്ടാനും ഭൂവിഭവങ്ങള്‍ ചൂഷണം ചെയ്യാനുമുള്ള ദുരാവേശവും അതിനായുള്ള കഴുത്തറുപ്പന്‍ മത്സരവും മുതലാളിത്തത്തിന്‍റെ സവിശേഷതയാണ്‌. അത്‌ കോളനിവത്ക്കരണത്തിലേക്കും, അധിനിവേശങ്ങളിലേക്കും യുദ്ധങ്ങളിലേക്കും, മഹായുദ്ധങ്ങളിലേക്കും നയിക്കും. വിശുദ്ധ ഖുര്‍ആന്‍ താഴെഎഴുതിയ വചനങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല എന്ന്‌ നാമോര്‍ക്കണം:

“(ഭൌതിക വിഭവങ്ങളുടെ) വര്‍ദ്ധനവിന്‌ വേണ്ടിയുള്ള പരസ്പര മാത്സര്യം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു; നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും‌വരേക്കും. നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ്‌ കൊള്ളും; അങ്ങനെയല്ല, നിങ്ങള്‍ ദൃഢമായി അറിയുന്നപക്ഷം. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. (102 : 2-7)

Thursday, March 3, 2011

ശരീഅത്ത് നിയമം എങ്ങനെ നടപ്പാക്കും?

ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക


നാംഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ ഒരു മതത്തിന്‍റെ നിയമങ്ങള്‍ ഒരു രാജ്യത്തെ നിയമമാക്കുവാന്‍ സാധ്യമാണോ എന്നുള്ളതിനെക്കുറിച്ചാണ്‌. അത്‌ തികച്ചും അസാദ്ധ്യമാണെന്നേ പറയുവാനുള്ളൂ. നാം ഇപ്പോള്‍തന്നെ മതത്തില്‍ നിന്ന് എത്രയോ അകലത്താണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും കാപട്യമാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. അപ്പോള്‍ എങ്ങനെയാണ്‌ സത്യസന്ധത തഴച്ചുവളരുക? അത്തരം സമൂഹത്തില്‍ ദൈവ വചനങ്ങള്‍ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാമോ? ചിലര്‍ ചോദിക്കാറുണ്ട്‌, പൌരാണിക നിയമങ്ങള്‍ ആധുനിക കാലത്ത്‌ നടപ്പിലാക്കുക അസാധ്യമല്ലേ എന്ന്. ഇതിനുള്ള ഉത്തരം, മതം ആദ്യമായി സ്ഥിരതയുള്ളതും സാര്‍വ്വദേശീയവും സര്‍വ്വകാലികവുമായിരിക്കണം. പ്രസ്തുത മതത്തിന്‍റെ തത്ത്വങ്ങള്‍ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേരോടിയിരിക്കേണ്ടതും അത്യാവശ്യമാണ്‌. മനുഷ്യ മനസ്സ്‌ മാറ്റത്തിന്‌ വിധേയമല്ല. അതുതന്നെയാണ്‌ വിശുദ്ധ ഖുര്‍ആനും അവകാശപ്പെടുന്ന ‘ദീനുല്‍ ഫിത്‌ര്‍'. ഇതിന്‍റെ അര്‍ത്ഥം, ഒരു വിശ്വാസമോ നിയമമോ മനുഷ്യപ്രകൃതി അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നാണ്‌. അല്ലാഹുവിന്‍റെ ആജ്ഞയും അതിന്‍റെ നിര്‍വ്വഹണവും അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയില്‍ ലീനമായിക്കിടക്കുന്നുവെന്നതിനാല്‍ നിയമം അതിനനുസൃതമായിരിക്കണം. ഈ സത്യം ഇസ്‌ലാമിന്‍റെ മാത്രം കുത്തകയായി വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്നില്ല. ഇത്‌ എല്ലാ മതങ്ങ ള്‍ക്കും അവകാശപ്പെട്ടതാണ്‌. എല്ലാ മതങ്ങളുടെയും ആരംഭത്തിലും അതിന്‍റെ വളര്‍ച്ചയിലും ഈ അടിസ്ഥാനപരമായ തത്വം തന്നെയായിരുന്നു ലോകത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ഈഅടിസ്ഥാനതത്വം തികച്ചും മനുഷ്യ പ്രകൃതിയ്ക്ക്‌ യോജിച്ചതുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച്‌ പറയുന്നത്‌ ‘ദീനുല്‍ഖയ്യിമ’ എന്നാണ്‌.

ഓരോ മതത്തിലും അടിസ്ഥാനപരായി 3 തത്ത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഒന്നാമതായി, ദൈവവുമായുള്ള തങ്ങളുടെ ബന്ധം നന്നാക്കിത്തീര്‍ത്ത് വിശ്വസ്തതയോടും വിനയത്തോടും അവന്‌ കീഴ്പ്പെടുക. രണ്ടാമതായി, അവനെ ആരാധിക്കുക. വിശുദ്ധ ഖുര്‍ആന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കേവലം ചുണ്ടുകളില്‍ ഉരുവിടുന്ന ആരാധനയല്ല ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ ദൈവത്തിന്‍റെ വിശുദ്ധ ഗുണങ്ങള്‍ സ്വന്തം ജീവിതത്തില്‍ സന്നിവേശിപ്പിക്കേണ്ടതാണ്‌. മൂന്നാമ തായി, മനുഷ്യസമൂഹത്തെ സേവിക്കുകയും തങ്ങള്‍ക്ക്‌ നല്‍കപ്പെട്ടതില്‍ നിന്ന് അവശരായ ജനങ്ങള്‍ക്ക്‌ നിര്‍ലോഭമായി ചെലവഴിക്കുകയും ചെയ്യേണ്ടതാണ്. ഈ മൂന്ന്‌ അടിസ്ഥാന തത്ത്വങ്ങള്‍ എല്ലാ മതങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. 

നിര്‍ഭാഗ്യവശാല്‍ കാലത്തിന്‍റെ കുത്തൊഴുക്കാലും മതാദ്ധ്യാപനങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ സംഭവിച്ചതിനാലും അത്‌ ശുദ്ധീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഒരു പുതിയ വിശ്വസത്തിന്‍റെ ആവശ്യമില്ല. ഇത്‌ തന്നെയാണ്‌ ഓരോ പ്രവാചകന്‍റേയും ആഗമനകാലത്ത്‌ സംഭവിച്ച്‌ കൊണ്ടിരുന്നത്‌. അതുകൊണ്ട്‌ ഇസ്‌ലാമിക നിയമമോ മറ്റ്‌ നിയമമോ ഒരു രാജ്യത്തിന്‍റെ മേലോ ഒരു സമൂഹത്തിന്‍റെമേലോ അടിച്ചേല്‍പ്പിക്കുകയെന്നത്‌ ശരിയായിരിക്കുകയയില്ല. കാരണം, അത്‌ മതത്തിന്‍റെ ആത്മാവിന്‌തന്നെ എതിരായിട്ടുള്ളതാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ 'ലാ ഇക്‌റാഹ ഫിദ്ദീന്‍' -മതകാര്യത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല– എന്നാണ്. ഇത്‌ വിശുദ്ധഖുര്‍ആന്‍റെ വ്യക്തമായ പ്രഖ്യാപനമാണ്‌. ഇത്‌ സാര്‍വ്വദേശീയമായ ഒരു പ്രസ്താവനയാണ്‌. ഇത്‌ മാറ്റത്തിന്‌ വിധേയമല്ല. മതത്തിലോ മതകാര്യങ്ങളിലോ ഒരു തരത്തിലുള്ള നിര്‍ബന്ധവും പാടില്ലന്നതാണ്‌ വിശുദ്ധ ഖുര്‍ആന്‍റെ അദ്ധ്യാപനം.

ഇസ്‌ലാമിന്‍റെ ആധികാരികമായ എല്ലാ സിദ്ധാന്തങ്ങളും നബിതിരുമേനി (സ) ജീവിതത്തില്‍ പ്രയോഗവത്ക്കരിച്ചതാണ്‌. തിരുമേനി ഇസ്‌ലാമിന്‍റെ ജീവിക്കുന്ന മാതൃകയായിരുന്നു. ഒരിക്കല്‍ നബി തിരുമേനിയുടെ ജീവിതത്തെക്കുറിച്ച്‌ തിരുമേനിയുടെ പത്നി ആയിശ(റ)യോട്‌ ചോദിച്ചപ്പോള്‍ രുമേനിയുടെ ജീവിതം വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ആയതിനാല്‍ ഇസ്‌ലാമിന്‍റെ ആധികാരികത നിലകൊള്ളുന്നത്‌ നബിതിരുമേനി(സ)യുടെ ജീവിതത്തിലാണ്‌. ആ മാതൃകയേ നമുക്ക്‌ സ്വീകാര്യമായിരിക്കയുള്ളു. അങ്ങനെയുള്ള ഒരു മഹാപ്രവാചകനെ അഭിമുഖീകരിച്ച്‌ അല്ലാഹു പറയുകയാണ്‌, ‘താങ്കള്‍ വെറും ഒരു ഉപദേശകന്‍മാത്രമാണ്‌. അതില്‍ കൂടുതല്‍ഒന്നുമല്ല. അവരുടെ മേല്‍ താങ്കള്‍ക്ക്‌ ഒരു അധികാരവുമില്ല. താങ്കള്‍ഒരു പോലീസ്‌ സുപ്രണ്ടുമല്ല.’ ഇവിടെ പ്രയുക്തമായ 'മുദക്കിര്‍' എന്നതിന്‍റെ ശരിയായ അര്‍ത്ഥം പോലീസ്‌ സൂപ്രണ്ട്‌ എന്നാണ്‌. ഇത്രമാത്രം വ്യക്തമായ അദ്ധ്യാപനങ്ങള്‍ ഇസ്‌ലാമില്‍ നല്‍കിയിട്ടും മുസ്‌ലിംകള്‍ എന്തിനാണ് അവരുടെ മതനിയമം അധികാരത്തിന്‍റെ പിന്‍ബലം കൊണ്ട്‌ മാത്രം പ്രസക്തമാവുന്ന ഭരണനിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്‌? രാജ്യത്തിലെ ഭരണഘടനമാക്കാതെ തന്നെ അവര്‍ക്ക്‌ സ്വന്തം ജീവിതത്തില്‍ അത്‌ പ്രയോഗവത്ക്കരിച്ച്‌ കാണിക്കാമല്ലോ.

ആധുനിക രാഷ്ട്രീയ ചിന്തകന്‍മാര്‍ സ്വീകരിച്ച ഒരു സിദ്ധാന്തം, മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നാണ്‌. അതേപ്രകാരം രാഷ്ട്രീയവും രാഷ്ട്രീയക്കാരും മതത്തിലും കൈകടത്തരുത്‌. രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്‌ട്രീയവും ഇപെടരുതെന്ന്‌ പറയുന്നതിന്‍റെ അര്‍ത്ഥം മതവിശ്വാസികളുടെ സന്യാസ ജീവിതമല്ല. അതുപോലെ, രാഷ്ട്രീയക്കാരുടെ കേവല മതനിരാസവുമല്ല. മറിച്ച്‌, സഹകരണാത്മകമായ ബന്ധമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ഓരോ മതസമൂഹങ്ങള്‍ക്കും അവരവരുടെ മതനിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുവാന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കുമ്പോള്‍ ഭരണഘടനയില്‍ അവ ഉള്‍പ്പെടുത്തേണ്ട ഒരാവശ്യവും നിലനില്‍ക്കുന്നില്ല.

പാകിസ്താനില്‍ ശരീഅത്ത്‌ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലം വിവരിക്കട്ടെ. ജനറല്‍ സിയാവുല്‍ ഹഖിന്‍റെ പട്ടാള ഭരണകാലത്ത്‌ മുസ്‌ലിം ശരീഅത്ത്‌ കോടതികള്‍ സ്ഥാപിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കുറ്റവാളികളെ ശരീഅത്ത്‌ കോടതികളില്‍ കൂടിയോ അതല്ലെങ്കില്‍ രാജ്യത്ത്‌ സ്ഥാപിതമായ മറ്റ്‌ കോടതി മുഖാന്തരമോ വിചാരണയ്ക്ക്‌ വിധേയമാക്കാനുള്ള സ്വാതന്ത്യ്രം പോലീസിനാണ്‌ നല്‍കിയിട്ടുണ്ടായിരുന്നത്‌. ഇതിന്‍റെ അനന്തരഫലം എന്തായിരുന്നുവെന്ന്‌ നോക്കുന്നത്‌ കൌതുകകരമായിരിക്കും. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും കുറ്റവാളികളെ ഭീഷണിപ്പെടുത്തി, സാധാരണ നല്‍കിയിരുന്ന കൈക്കൂലിയുടെ ഇരട്ടി നല്‍കിയില്ലെങ്കില്‍ അവരുടെ കേസുകള്‍ ശരീഅത്ത്‌ കോടതിയില്‍ റഫര്‍ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ചുരുക്കത്തില്‍, ശരീഅത്ത്‌ കോടതികളില്‍ ഒരു കേസിന്‍റേയും വിചാരണ നടക്കുകയുണ്ടായില്ല. ഇതായിരുന്നു ശരീഅത്ത്‌ കോടതി പാകിസ്ഥാനില്‍ സ്ഥാപിച്ചതിന്‍റെ മൊത്തം ലാഭം. പതിനായിരക്കണക്കിന്‌ ക്രിമിനല്‍ കേസുകളില്‍ കേവലം രണ്ടോ മൂന്നോ മാത്രമായിരുന്നു ശരീഅത്ത്‌ കോടതികളില്‍ റഫര്‍ ചെയ്യപ്പെട്ടിരുന്നത്‌. അതും അങ്ങേയറ്റത്തെ രാഷ്ട്രീയ സമ്മര്‍ദ്ദംമൂലം; ചില രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക്‌ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമായിരുന്ന ശരീഅത്ത്‌ കോടതി.

ലോകത്ത്‌ പ്രത്യക്ഷപ്പെട്ട പ്രവാചകന്‍മാരില്‍ മഹാഭൂരിഭാഗവും ഒരു നിയമസംഹിതയുമായി വന്നവരായിരുന്നില്ല. മുമ്പ്‌വന്ന പ്രവാചകന്‍മാരുടെ മതനിയമതത്ത്വങ്ങള്‍ നടപ്പാക്കാനും വ്യാഖ്യാനിക്കുവാനും പ്രയോഗവത്ക്കരിക്കുവാനുമാണ്‌ അവര്‍ ശ്രമിച്ചിരുന്നത്‌. ഉദാഹരണമായി ജൂതന്‍മാരുടെ ചരിത്രം മനസ്സിലാക്കിത്തരുന്നത്‌ ജനങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ഒഴിവാക്കുകയും ചെയ്തിരുന്ന ന്യായപ്രമാണം വീണ്ടും അവിടെ യഥാര്‍ത്ഥ രൂപത്തില്‍ ആത്മീയ ചൈതന്യത്തോടെ പുനഃസൃഷ്ടിക്കുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയായിരുന്നു പിന്നീട്‌വന്ന പ്രവാചചകന്‍മാരുടേത്‌. ലോകത്തിലെ നിലവിലുള്ള സുപ്രധാനമായ മതങ്ങളുടെ ചരിത്രം നമുക്ക്‌ മനസ്സിലാക്കിത്തരുന്ന വസ്തുത ഇതാണ്‌. ചൈനയിലേയ്ക്ക്‌ തിരിയുക. താവോ അദ്ദേഹത്തിന്‍റെ അദ്ധ്യാപനങ്ങളുമായി വന്നു. താവോയുടെ അദ്ധ്യാപനങ്ങളെ ഒരു വള്ളിപുള്ളി മാറ്റമില്ലാതെ കണ്‍ഫ്യൂഷെസ്‌ പിന്‍തുടര്‍ന്നു. താവോ ഉപദേശിച്ചതും ജീവിച്ച്‌ കാണിച്ചതുമായ അതേ തത്ത്വങ്ങള്‍ തന്നെയാണ്‌ കണ്‍ഫ്യൂഷസ്‌ ഉപദേശിച്ചതും ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍റെ വീക്ഷണത്തില്‍ നാം കാര്യങ്ങള്‍ അപഗ്രഥന വിധേയമാക്കുകയാണെങ്കില്‍ ചില നിയമങ്ങള്‍ പുനഃസൃഷ്ടിക്കുകയും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച്‌ ചിലതിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്‌.
ചരിത്രത്തില്‍നിന്ന് ഒരുദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

ജൂതന്‍മാരുടെ മേല്‍ ശതാബ്ദങ്ങളായി നീണ്ടുനിന്ന അടിമ ത്ത്വവും ഫറോവമാരുടെ ക്രൂരമായ പെരുമാറ്റവും കാരണം ഇസ്രായീലുകളുടെ മാനുഷികമായ ധൈര്യം തന്നെ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതായിരുന്നു. അവരുടെ ജന്‍മസിദ്ധമായ അവകാശങ്ങള്‍ പോലും നേടിയെടുക്കുവാനുള്ള ധൈര്യം അവര്‍ക്കുണ്ടായില്ല. അതേപോലെതന്നെ തത്തുല്യമായ പ്രതികാരം ചെയ്യുവാനുള്ള അവകാശം അവര്‍ക്കുണ്ടായിരുന്നിട്ടും അവര്‍ക്കതിന്‌ കഴിഞ്ഞിരുന്നില്ല. മോശയുടെ നിയമത്തില്‍ പറയപ്പെട്ട പ്രതികാരത്തിന്‍റെ സ്ഥിതിയും പല്ലിന്‌ പല്ല്‌, കണ്ണിന്‌ കണ്ണ്‌ ആയിരുന്നുവല്ലോ. മോശയുടെ തോറയിലെ തത്തുല്യമായ പ്രതികാര ശിക്ഷാനിയമത്തില്‍. ഇത്‌ കണിശമായി പാലിക്കണമായിരുന്നു. മാപ്പ്‌ കൊടുക്കുന്നതിനുള്ള ഒരവസരവും അവിടെ അവശേഷിച്ചിരുന്നില്ല. ഈ നിയമം നീണ്ടകാലം നിലനിന്നിരുന്നു. അങ്ങനെ യേശുക്രിസ്തു പ്രവാചകനായി അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട അവസരത്തില്‍ മാപ്പു കൊടുക്കുക എന്നുള്ള കാര്യത്തെക്കുറിച്ച് ചിന്തപോലും ഉണ്ടായിരുന്നല്ല ജൂതന്‍മാര്‍ക്ക്‌. ഷേയ്ക്സ്പിയറിന്‍റെ ഷൈലോക്ക് വായിച്ചാല്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്‌. ക്രിസ്തുവും ജൂതന്‍മാര്‍ക്ക്‌ പ്രതികാരം ചെയ്യുവാനുള്ള അനുമതി നല്‍കിയിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി? ക്രിസ്തു അവരെ പ്രതികാരത്തിന്‍റെ പാതയില്‍നിന്നു മറ്റൊരു പാതയിലേക്ക്‌ തിരിക്കുകയാണ്‌ ചെയ്തത്‌. പല്ലിന്‌ പല്ല്‌, കണ്ണിന്‌ കണ്ണ്‌ എന്ന പ്രതികാര നടപടി അവരുടെ അന്നത്തെ അവസ്ഥയ്ക്ക്‌ അനുയോജ്യമായതും താല്‍ക്കാലികവുമാരിയുന്നു. ഇങ്ങനെയുള്ള അവസ്ഥകളിലാണ്‌ ഒരു പുതിയ അദ്ധ്യാപനമെന്ന്‌ തോന്നുന്ന വെളിപാടുകള്‍ ഇറങ്ങുന്നത്‌. അത്‌ തികച്ചും പ്രത്യേക കാലഘട്ടത്തിലെ ജനങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌. പിന്നീട്‌ വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയപ്പോള്‍ അതില്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ പ്രതികാരം ചെയ്യുവാനുള്ള അവകാശമുണ്ട്‌; നിങ്ങളുടെ മേല്‍ അക്രമം ചെയ്യപ്പെടുമ്പോള്‍ മാത്രം. അപ്പോഴും നിങ്ങളോട്‌ കാണിച്ചതില്‍ കവിഞ്ഞ്‌ പ്രതികാരം ചെയ്യരുത്‌. ഇതായിരുന്നു തത്വം. നിങ്ങള്‍ മാപ്പ്‌ ചെയ്തു കൊടുക്കുവാനും അനുവദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, ഒരു നിബന്ധനയുണ്ട്‌. അക്രമികളില്‍ പരിഷ്കരണമുളവാക്കുവാന്‍ ഉതകുമെങ്കില്‍ മാത്രമേ മാപ്പ്‌ ചെയ്ത്‌ കൊടുക്കുവാന്‍ അവകാശമുള്ളൂ എന്നതാണ് ആ നിബന്ധന. അല്ലാത്തപക്ഷം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കലായിരിക്കും അനന്തരഫലം. നോക്കുക, തൌറാത്തില്‍ പറയപ്പെട്ട ആ പ്രതികാരനടപടി എല്ലാ കാലത്തേയ്ക്കും എല്ലാ അവസരത്തിലും അനുയോജ്യമായി നടപ്പില്‍ വരുത്തുവാന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ആ തത്ത്വങ്ങള്‍ സനാതന മൂല്യങ്ങളിലധിഷ്ഠിതമാണ്‌.

ശരീഅത്തും ദീനും തമ്മിലുള്ള വ്യത്യാസം


‘ദീന്‍’ എന്ന വാക്ക്‌ എല്ലാ തത്ത്വശാസ്ത്രങ്ങളേയും സംബന്ധിച്ചുള്ളതാണ്‌; അത്‌ മതപരമോ ഭൌതീകമോ ഏതായാലും. ഏതെങ്കിലും ജീവിതശൈലിക്കും ദീന്‍ എന്ന്‌ പറയാവുന്നതാണ്‌. ചില മുസ്‌ലിം പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ വിഗ്രഹാരാധകര്‍ക്ക്‌ ദീനില്ല എന്നു പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കും അവരുടേതായ ദീനുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അവരെ അഭിസംബോധന ചെയ്ത്‌ പറയുന്നത്‌ നോക്കുക: 'ലക്കും ദീനുക്കും വലിയ ദീന്‍' -നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്‍റെ മതം.

'ഓരോ സമൂഹങ്ങള്‍ക്കും അതിന്‍റേതായ ജീവിതാചാരങ്ങളും മതനിയമങ്ങളും ഉണ്ട്‌. അത്‌ അല്ലാഹുവിന്‍റെ വിശ്വാസത്തില്‍ മാത്രം ബന്ധപ്പെട്ടതായിരിക്കണമെന്നില്ല. ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും അവരുടേതായ ദീനുണ്ട്‌. എന്നാല്‍ ശരീഅത്ത്‌ എന്ന്‌ പറയുന്നത്‌ ദൈവസങ്കല്‍പത്തില്‍നിന്നു നിര്‍ഗളിച്ചതാണ്‌. അതിലൊരു ദൈവമുണ്ട്‌. മനുഷ്യന്‍ അവന്‍റെ ജീവിതം ചിട്ടപ്പെടുത്തണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന ചില തത്ത്വങ്ങള്‍ പ്രവാചകന്‍മാര്‍ മുഖേന അവതരിപ്പിക്കുന്നതാണ്‌ ശരീഅത്ത്‌. ഇത്‌ ഇസ്‌ലാമിന്‌ മാത്രം അവകാശെപ്പട്ടതല്ല. ഓരോ വിശ്വാസത്തിനും അതിന്‍റേതായ ശരീഅത്തുണ്ട്‌. ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം ശരീഅത്ത്‌നിയമം ഒരു രാജ്യത്തിന്‍റെ നിയമമല്ലെങ്കില്‍ അവ സ്വീകരിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും പ്രയാസപ്പെടേണ്ടതുണ്ടോ? ഇതിനുള്ള സുന്ദരമായ മറുപടി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തില്‍ ദര്‍ശിക്കാവുന്നതാണ്‌. ലോകത്ത്‌ 189 രാജ്യങ്ങളില്‍ നിവസിക്കുന്ന അഹ്‌മദിയ്യാ മുസ്‌ലിംകള്‍ അവര്‍ ഏഷ്യയിലോ യൂറോപ്പിലോ അമേരിക്കയിലോ ആഫ്രിക്കയിലോ എവിടെയുമായിക്കൊള്ളട്ടെ അവരവരുടെ രാജ്യത്ത്‌ ശരീഅത്ത്‌ നിയമം നടപ്പിലാക്കാതെ തന്നെ അവര്‍ ശരീഅത്ത്‌ അനുസരിച്ച്‌ ജീവിക്കുന്നു. അവര്‍ക്കതില്‍ ഒരു പ്രയാസവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ല. എന്നാല്‍, മറ്റ്‌ മുസ്‌ലിംങ്ങള്‍ക്ക്‌ ഇത്‌ സാധ്യമല്ലെന്നാണ്‌ അവര്‍ പറയുന്നത്‌. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അവരുടെ പൌരന്‍മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരസ്പരം ചര്‍ച്ച ചെയ്ത്‌ ഒരു പരിഹാരത്തിലെത്തുവാനുള്ള അവസരം നല്‍കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും മദ്ധ്യസ്ഥ ശ്രമത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മാത്രവുമല്ല പരസ്പരം ധാരണാപത്രങ്ങളില്‍ ഒപ്പ്‌ വയ്ക്കുകയും ഇത്തരം ധാരണാപത്രങ്ങളെ രാജ്യത്തെ പരമോന്നത കോടതികള്‍ അംഗീകരിക്കുകയും ചെയ്യുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തില്‍ ഒരു 'ഖളാ ബോര്‍ഡ്‌' സ്ഥാപിതമായിട്ടുണ്ട്‌. എല്ലാ അഹ്‌മദികളും അവരുടെ പരസ്പരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാനായി ഖളാബോര്‍ഡിനെ സമീപിക്കുകയും വിശുദ്ധ ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കിത്തരണമെന്ന്‌ രേഖാമൂലം അറിയിക്കുകയും ചെയ്യുന്നു. അത്തരം കേസുകളില്‍ ഗവണ്‍മെന്‍റ് ഇടപെടുകയോ ഗവണ്‍മെന്‍റിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച്‌ ഗവണ്‍മെണ്റ്റുകള്‍ക്ക്‌ ഇത്‌ വലിയ ആശ്വാസവും അനുഗ്രഹവുമാണ്‌. മൊത്തത്തില്‍ പറയുകയാണെങ്കില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശരീഅത്ത്‌ ഒരു രാജ്യത്തിന്‍റെ നിയമമാകാതെ തന്നെ ജീവിതത്തില്‍ സുഗമമായി ആചരിക്കാവുന്നതാണ്‌.

ശരീഅത്ത്‌ ഒരു രാജ്യത്തിന്‍റെ നിയമമാക്കുന്നത്‌ പ്രായോഗികമെല്ലന്ന്‌ നാം പറയുമ്പോള്‍ ഏത്‌ തരത്തിലുള്ള നിയമനിര്‍മ്മാണമാണ്‌ രാജ്യങ്ങള്‍ സ്വീകരിക്കേണ്ടത്‌ എന്നപ്രശ്നം ഉയര്‍ന്നുവരും. ശരീഅത്തിനെ നിയമമാക്കുന്നത്‌ തിരസ്കരിക്കപ്പെടണമോ അതോ ശരീരത്തിനെ പരിഷ്കരണ വിധേയമാക്കേണമോ അതുമല്ലെങ്കില്‍ മതേതര സ്വഭാവമുള്ള നിയമനിര്‍മ്മാണമാണോ വേണ്ടത്‌? ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ പലതും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ രചിച്ചവയാണ്‌. അവര്‍ക്കൊന്നും തന്നെ ഈ സമസ്യയ്ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ദൈവത്തിന്‍റെ പ്രതിനിധിയായിക്കൊണ്ടുള്ള ഒരു ഗവണ്‍മെന്‍റാണ് ഒരു രാജ്യത്ത്‌ സ്ഥാപിതമാകേണ്ടതെങ്കില്‍ ഈ സമസ്യയെ വ്യത്യസ്ത വീക്ഷണകോണില്‍ കൂടി നോക്കിക്കാണേണ്ടി വരും. എല്ലാ മത വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യ്രവും പൌര സ്വാതന്ത്യ്രവും നല്‍കുന്ന ഗവണ്‍മെണ്റ്റാണെങ്കില്‍ അതിനെ നാം തികച്ചും പുതിയ മാനത്തില്‍കൂടി നോക്കിക്കാണേണ്ടതാണ്‌. അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫയായിരുന്ന ഹദ്‌റത്ത്‌ മിര്‍സാ ത്വാഹിര്‍ അഹ്‌മദ്‌ സാഹിബ്‌, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമില്‍ ചെയ്ത പ്രഭാഷണത്തില്‍ വ്യക്തമായി പറയുന്നത്‌ ഒരിക്കലും തന്നെ ശരീഅത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഭരണഘടനയും പ്രായോഗികമല്ലെന്നാണ്‌. കാരണം, ഇസ്‌ലാം, മറ്റേത് മതത്തേക്കാളും, അത്‌പോലെ ഏതൊരു രാഷ്ട്രീയ സംവിധാനത്തേക്കാളുമുപരി ആവശ്യപ്പെടുന്നത്‌ ഒരു മതേതര ഗവണ്മെന്‍റ് ഉണ്ടായിത്തീരുവാനാണ്‌. ഈ വിഷയം ചില ആളുകള്‍ക്ക്‌ ആശ്ചര്യമുളവാക്കുന്നതായിരിക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്‌ തികച്ചും നീതിയിലധിഷ്ഠിതമായ ഒരു സംവിധാനത്തെക്കുറിച്ചാണ്‌. അവിടെ വിശ്വാസത്തിനും മതത്തിനും നിറത്തിനും വര്‍ഗ്ഗത്തിനും കക്ഷികള്‍ക്കുമൊന്നും ഒരു പ്രസക്തിയുമില്ല. എല്ലാവര്‍ക്കും തുല്യനീതി. ഇതാണ്‌ ഇസ്‌ലാമിക ഗവണ്‍മെണ്റ്റിന്‍റെ രത്നച്ചുരുക്കം. മതേതരത്ത്വത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള നിര്‍വ്വചനവും ഇത്‌തന്നെയാണ്‌.

സ്റ്റേറ്റിന്‍റെ ഭരണം എങ്ങനെയാണ് നടത്തേണ്ടതെന്നും ഏതെല്ലാം മൂല്യങ്ങളും തത്ത്വങ്ങളുമാണ്‌ സ്വീകരിക്കേണ്ടതെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായിപറയുന്നു. 'ഇന്നല്ലാഹ യഅ്മുറു ബില്‍ അദ്‌ല്‍' (അന്നഹല്‍ 91). 'അല്ലാഹു നിങ്ങളോട്‌ എല്ലായ്പ്പോഴും നീതി പ്രവര്‍ത്തിക്കുവാന്‍ കല്‍പിക്കുന്നു.' അവിടേയും വിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തുന്നില്ല. ഒരു തരത്തിലുള്ള ശത്രുതയും നിങ്ങളും മറ്റ്‌ സമൂഹങ്ങളുമായി ഉണ്ടായിരിക്കരുത്‌ എന്നും വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു. അതുപോലെ, നീതി നിഷ്ഠയുടെ കാര്യത്തില്‍ നിന്നു ഒരിക്കലും നിങ്ങള്‍ അകന്ന്‌ പോകരുത്‌. എപ്പോഴും നീതി പുലര്‍ത്തുക. അത്‌ തന്നെയാണ്‌ സൂക്ഷ്മതയുമായി ഏറ്റവും അടുത്ത്‌ നില്‍ക്കുന്നത്‌.' നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരു ഗവണ്‍മെന്‍റിന് വേണ്ടി നിറവേറ്റുമ്പോള്‍ തികച്ചും നീതിപൂര്‍വ്വം ആ ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്‌. ഒരു ഗവണ്‍മെന്‍റിന്‍റെ സുപ്രധാനമായ കേന്ദ്രബിന്ദു നീതിനിഷ്ഠമായ ഭരണമായിരിക്കണം. അങ്ങനെയാകുമ്പോള്‍ എങ്ങനെയാണ്‌ ഇസ്‌ലാമിക നിയമം അമുസ്‌ലിംങ്ങളില്‍ അടിച്ചേല്‍പിക്കുക. അത്‌ തികച്ചും നീതിക്ക്‌ എതിരായിട്ടുള്ളതല്ലേ. അതുമാത്രമല്ല നിരവധി അഭ്യന്തര വിവാദങ്ങള്‍ ഇത്‌ മൂലം ഉടലെടുക്കുന്നതാണ്‌. ആയതിനാല്‍, നീതിപൂര്‍വ്വവും ആഴത്തിലും ഈ കാര്യം നാം വിശകലനം ചെയ്യുകയാണെങ്കില്‍ മുകളില്‍ കൊടുത്ത വിശദീകരണം തന്നെയാണ്‌. അനുയോജ്യമായതെന്ന്‌ സമ്മതിക്കേണ്ടിവരും. അത്‌ തന്നെയാണ്‌ ഇസ്‌ലാമിന്‍റെ പരിശുദ്ധ നബിതിരുമേനി(സ) തങ്ങളുടെ ജീവിതചര്യയില്‍നിന്നു മനസ്സിലാകുന്നത്‌. നബിതിരു മേനി(സ) മക്കയില്‍ നിന്നു പലായനം ചെയ്ത്‌ മദീനയിലെത്തിയശേഷം ജൂതഗോത്രങ്ങളുമായും മറ്റ്‌ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുകയും നബിതിരുമേനിയെ അവര്‍ രാഷ്ട്രീയ നേതാവായി അംഗീകരിക്കുകയുമുണ്ടായി. അങ്ങനെ നബിതിരുമേനി (സ) തങ്ങള്‍ അവര്‍ക്കുവേണ്ടി 'ചാര്‍ട്ടര്‍ ഓഫ്‌ മദീന' എന്ന്‌ വിളിക്കപ്പെടുന്ന അവകാശരേഖയ്ക്ക്‌ രൂപംകൊടുത്തു. ആ അവകാശരേഖയില്‍ മദീനാ നിവാസികളുടെ എല്ലാ പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ നബിതിരുമേനി(സ)യെ ഭരമേ ല്‍പിച്ചകാര്യം വ്യക്തമായി രേഖെപ്പടുത്തിയിരുന്നു. ഇവിടെ ചിന്തിക്കേണ്ട വിഷയം, ഈ അവകാശ രേഖയുടെ മുമ്പ്‌തന്നെ ഇസ്‌ലാമിക നിയമങ്ങള്‍ നബിതിരുമേനി (സ) തങ്ങള്‍ക്ക്‌ വെളിപാടായി ഇറങ്ങിയിട്ടുണ്ടായിരുന്നുവല്ലോ. പലപ്പോഴും ജൂതന്‍മാര്‍ നബിതിരുമേനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും തീരുമാനത്തിനുമായി വരുമ്പോഴെല്ലാം തിരുമേനി അവരോട്‌ ചോദിച്ചത്‌ ജൂതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ജൂതനിയമനുസരിച്ച്‌ നിങ്ങളുടെ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കാണേണമോ അതോ ഇസ്‌ലാമിക നിയമനുസരിച്ച്‌ പരിഹാരം കാണേണമോ. അതുമല്ലെങ്കില്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേന പരിഹരിപ്പിക്കപ്പെടേണമോ എന്നായിരുന്നു. ഒരിക്കലും തന്നെ മുസ്‌ലിംകളല്ലാത്തവരുടെമേല്‍ തിരുമേനി (സ) ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഇത്‌ തന്നെയാണ്‌ തികച്ചും നീതിനിഷ്ഠമായ ഭരണം. ഒരു മതത്തിലും പെടാത്തതും അതേ സമയം എല്ലാ മതത്താടും നീതി പുലര്‍ത്തുന്നതുമായ ഭരണം. ഇസ്‌ലാമിക ഗവണ്മെന്‍റ് എന്നാല്‍ മതേതര ഗവണ്മെന്‍റ്‌ എന്നാണ്‌ അര്‍ത്ഥം. മുസ്‌ലിംകള്‍ക്കും, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യത്യസ്തമായ നിയമനിര്‍മ്മാണം നടത്തുന്നത്‌ സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസമത്ത്വവും അനൈക്യവുമായിരിക്കും സംജാതമാക്കുക.

അവലംബം:
by Hazrat Mirza Thahir
Ahmad Khalifathul Masih IV
at the Inter-religious consults, Surname, on 3rd June - 1991.

Wednesday, January 19, 2011

അറബികള്‍ ദജ്ജാലിന്‍റെ പിടിയില്‍

അവസാന കാലത്ത്‌ ശക്തി പ്രഭാവത്തോടെ പ്രത്യക്ഷപ്പെടുമെന്ന്‌ പ്രവചനങ്ങളില്‍ വിവരിക്കപ്പെട്ട ‘ദജ്ജാല്‍’ (Antichrist) എന്ന വിനാശ ശക്തിയുടെ അധിനിവേശമാണ്‌ നാം മുസ്‌ലിം നാടുകളില്‍ കാണുന്നത്‌. ക്രിസ്തുമതത്തിന്‍റെ വികലമായ രൂപം സ്വീകരിച്ച ഭൌതികോന്‍മുഖമായ പാശ്ചാത്യന്‍ നാഗരികതയാണ്‌ 'ദജ്ജാല്‍'. 'യഅ്ജൂജ്‌ മഅ്ജൂജ്‌’ (Gog Magog) എന്നത്‌ ദജ്ജാലിന്‍റെ ജനവര്‍ഗ്ഗപരായ രണ്ട്‌ ശാക്തികചേരികളാണ്‌. ഭാഷാപരവും നരവംശ ശാസത്രപരവുമായ വ്യതിരേകങ്ങളിലൂടെ ഇവര്‍ ആരാണെന്ന്‌ ആധുനിക കാലത്ത്‌ അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകരായ ഹദ്‌റത്ത് അഹ്‌മദ്‌(അ) ലോകത്തിന്‌ കാണിച്ചുതന്നിട്ടുണ്ട്‌. അഗാധമായ അര്‍ത്ഥതലങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍, ഹദീസ്‌, ബൈബിള്‍, പൌരാണിക ചരിത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ യഅ്ജൂജ്‌ മഅ്ജൂജിലെ ആദ്യത്തെക്കൂട്ടര്‍ ഇംഗ്ളീഷ്‌ ഭാഷ സംസാരിക്കുന്ന ജനതയും മറ്റെ കൂട്ടര്‍ റഷ്യന്‍ (സ്ളാവ്‌) ജനതയുമാണെന്ന് ഹദ്‌റത്ത് അഹ്‌മദ്‌ നൂറു വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. സാമ്പത്തികവും സാമ്രാജ്യത്വപരവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു ശക്തികളും പരസ്പരം ശത്രുതയോടെ ധ്രുവീകരിക്കപ്പെട്ട്‌ ശാക്തിക ചേരികളായിത്തീരുമെന്നും അവ മുസ്‌ലിം നാടുകളിലേക്ക്‌ ഇരമ്പിക്കയറുമെന്നും തിരുനബി(സ) പ്രവചിച്ചിരിക്കുന്നു.

ഒരിക്കല്‍ റസൂല്‍ തിരുമേനി(സ) ഒരു ആത്മീയ ദര്‍ശനത്തിന്‌ ശേഷം സംഭീതനായിക്കൊണ്ട്‌ സദസ്സിലേക്ക്‌ വന്നു. ഇങ്ങനെ അരുള്‍ച്ചെയ്തു:
"അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനുമില്ല. ആസന്നമായിരിക്കുന്ന വിപത്തുകള്‍കാരണം അറബികള്‍ക്ക്‌ മഹാനാശം. ഇന്നേ ദിവസം യഅ്ജൂജ്‌ മഅ്ജൂജിന്‍റെ മതില്‍ക്കെട്ടില്‍ ഇത്രയളവില്‍ വിടവുണ്ടാക്കപ്പെട്ടിരിക്കുന്നു." നബി തിരുമേനി തന്‍റെ പെരുവിരലും തൊട്ടടുത്ത വിരലും കൊണ്ടു ഒരു വൃത്തം രൂപപ്പെടുത്തിക്കാണിച്ചു. സൈനബ്‌(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളില്‍ സജ്ജനങ്ങളുണ്ടായിരിക്കെ ഞങ്ങള്‍ നശിക്കപ്പെടുമോ?’ നബിതിരുമേനി (സ) പ്രതിവചിച്ചു: 'അതെ, തിന്‍മകള്‍ വര്‍ദ്ധിച്ചാല്‍ (നശിപ്പിക്കപ്പെടും)."

റസൂല്‍ തിരുമേനിയുടെ തിരുഹൃദയം ദര്‍ശിച്ച ആ ഭീതി ആയിരത്തി നാന്നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം അറബ്‌ ലോകത്ത്‌ അരങ്ങേറിയപ്പോള്‍ മുസ്‌ലിം ലോകം കിടിലം കൊണ്ടുപോയി. ‘Shock and awe campaign' കിടിലം കൊള്ളിക്കുന്നതും ചകിതമാക്കുന്നതുമായ സൈനിക നീക്കമെന്നായിരുന്നല്ലോ ഇറാഖ്‌ യുദ്ധം വിശേഷിപ്പിക്കപ്പെട്ടത്‌.

യഅ്ജൂജ്‌ മഅ്ജൂജ്‌ എന്ന അക്രമ കാരികളായ ഒരു ജനതയെ ദുല്‍ഖര്‍നൈന്‍ രാജാവ്‌ ഒരു ഭിത്തികെട്ടി തടഞ്ഞുനിര്‍ത്തിയ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. കാക്കസസ്‌ പര്‍വ്വതത്തിന്നപ്പുറത്ത്‌ ജിവിക്കുന്ന സിതിയന്‍ എന്ന പൌരാണിക ജനവര്‍ഗ്ഗത്തെ ദര്‍ബന്ധ്‌ എന്ന സ്ഥലത്ത്‌ ഭിത്തികെട്ടി തടഞ്ഞ മഹാനായ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസിന്‍റെ ചരിത്രമാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരക്കുന്നത്‌. ആക്രമണവാസനയും കോളോണിയല്‍ മനോഭാവവുമുള്ള ഈ ജനത ഭിത്തിപൊട്ടിച്ച്‌ അവസാനകാലത്ത്‌ കിഴക്കന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ആധുനികകാലത്ത്‌ യൂറോപ്യന്‍ നവോത്ഥാനത്തോടെ ദജ്ജാലിന്‍റെ ആക്രമണം ആരംഭിച്ചു. ആ ആക്രമണത്തിന്‍റെ മൂര്‍ദ്ധന്യ ദശയില്‍ ഒരു അടയാളം എന്ന നിലക്ക്‌ യഹൂദ രാഷ്ട്രത്തിന്‍റെ രൂപീകരണമുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു.

"നാം നശിപ്പിച്ചുകഴിഞ്ഞ ഒരു നാടിനെ (ഇസ്‌റാഈല്‍) സംബന്ധിച്ചുള്ള നമ്മുടെ ഖണ്ഡിതമായ തീരുമാനമാണത്‌, അവര്‍ തീര്‍ച്ചയായും തിരിച്ചുവരികയില്ല എന്നുള്ളത്‌. ഏതുവരെയെന്നാല്‍ യഅ്ജൂജ്‌ മഅ്ജൂജ്‌ തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ ഉയരങ്ങളില്‍ നിന്നും സമുദ്ര തിരമാലകളില്‍ നിന്നും ശീഘ്രസഞ്ചാരം ചെയ്തുവരികയും ചെയ്യുന്നതുവരെ” (21:97). ചിന്നിച്ചിതറി കഴിഞ്ഞിരുന്ന യഹൂദര്‍, ബ്രിട്ടന്‍, അമേരിക്കറഷ്യ എന്നീ സാമ്രാജ്യത്വ ശക്തകളുടെ സഹായത്തോടെ  1948-ല്‍ ജറൂസലേമിലേക്ക്‌ തിരിച്ച്‌ വന്നത്‌ ഖുര്‍ആന്‍റെ പ്രവചനത്തെ സാധൂകരിക്കുന്നു. ഇസ്‌റാഈല്‍ സ്റ്റേറ്റിന്‍റെ രൂപീകരണത്തിന്‌ ശേഷമാണ്‌ യഅ്ജൂജിന്‍റെ ആക്രമണം അറബികള്‍ക്ക്‌നേരെ ഏറ്റവും രൂക്ഷമായി വന്നത്‌. ഒരു ഹദീസ്‌ ഇപ്രകാരമാണ്‌: 'സിറിയയുടേയും ഇറാഖിന്‍റേയും ഇടയിലൊരിടത്ത്‌നിന്നാവും ദജ്ജാലിന്‍റെ പുറപ്പാട്‌. അവര്‍ ഇടം വലം സഞ്ചരിക്കും. ദൈവദാസന്‍മാരേ, സ്ഥൈര്യമവലംബിക്കുക' (സഹീഹ്‌ മുസ്‌ലിം)

അക്രമകാരിയായ ദജ്ജാലിന്‍റെ ഇടത്താവളം പ്രസ്തുത ഹദീസില്‍പറഞ്ഞ സ്ഥലത്ത്‌ അഥവാ സിറിയയുടേയും ഇറാഖിന്‍റേയും മദ്ധ്യേ ഇന്ന്‌ എത്തിയിരിക്കുകയാണ്‌. ഇടത്തോട്ടും വലത്തോട്ടുമുള്ള അതിന്‍റെ സഞ്ചാരമാണ്‌ ഇനി കാണേണ്ടത്‌. മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌ 'റോമാക്കാര്‍ മുസ്‌ലിം ലോകത്തിന്‍റെ അകത്തളങ്ങളില്‍ പ്രവേശിക്കുന്നത്‌ വരെ അന്ത്യനാള്‍ ഉണ്ടാവുകയില്ല.' (മുസ്‌ലിം).

ഇറാഖില്‍ സൈനികപരമായി പ്രവേശിച്ച ദജ്ജാല്‍ ഇതിനകം അറബ്‌ ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു. ഇനി നേരിട്ടുള്ള സൈനികാധിനിവേശം തന്നെയുണ്ടാകാനും സാധ്യതയുണ്ട്‌. (2003 മെയ് ലക്കം സത്യദൂതനില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇത്) ഏതായാലും യഅ്ജൂജ്‌ മഅ്ജൂജ്‌ എന്നീ രണ്ട്‌ ശാക്തിക ചേരികളായി പിരിയുന്ന ദജ്ജാല്‍ ഒരു ലോകമഹായുദ്ധത്തോടെ നശിച്ചുപോകുമെന്നും അതിനുശേഷം വാഗ്ദത്ത മസീഹിനാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ഇസ്‌ലാംമതത്തിന്‍റെ പ്രതാപ കാലമായിരിക്കുമെന്നും തിരുനബി(സ)യുടെ പ്രവചനത്തില്‍നിന്നു മനസ്സിലാകുന്നു.

വാഗത്ത മസീഹ് ഹദ്‌റത്ത് അഹ്‌മദി(അ)ന്‍റെ ഒരു പ്രവചനം ഇപ്രകാരമാണ്‌. 'ഈ രണ്ടു ജാതി ക്കാരും (യഅ്ജൂജ്‌, മഅ്ജൂജ്‌) മറ്റുള്ളവരെ കീഴ്പ്പെടുത്തിക്കഴിഞ്ഞശേഷം പരസ്പരം ആക്രമണം നടത്തുന്നതാണ്‌. ഈ രണ്ട്‌ ജാതിക്കാര്‍ ഇംഗ്ളീഷുകാരും (അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ മുതലായ രാജ്യങ്ങള്‍) റഷ്യക്കാരുമാണ്‌' (ഇസാലയെ ഔഹാം). യഅ്ജൂജ്‌ മഅ്ജൂജിന്‍റെ അന്ത്യം ഒരു ലോക മഹായുദ്ധത്തോടെ യായിരിക്കുമെന്ന്‌ ഖുര്‍ആന്‍ സൂചനനല്‍കുന്നു. യഅ്ജൂജ്‌ മഅ്ജൂജ്‌ ഭിത്തി പൊട്ടിച്ചുകൊണ്ട്‌ ആധുനിക കാലത്ത്‌ രംഗപ്രവേശം ചെയ്തശേഷം അവരുടെ ശാക്തിക വടംവലി രൂക്ഷമായി യുദ്ധമുണ്ടാവുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു.

"എന്‍റെ നാഥന്‍റെ വാഗ്ദാനം സത്യമാണ്‌. അന്ന്‌ അവരില്‍ ചിലരെ മറ്റു ചിലര്‍ക്കെതിരില്‍ തിരമാലകള്‍ കണക്കെ അടിച്ചു കയറുന്നവരായി നാം വിടുന്നതാണ്‌” (18:90). ദജ്ജാല്‍ എന്ന നാശകാരിയെ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‍കിയ ഹദീസുകളില്‍ മിക്കവാറും മസീഹിനെ സംബന്ധിച്ചും മഹ്ദിയെ കുറിച്ചുമുള്ള സുവിശേഷം കൂടിയുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. ദജ്ജാലിന്‍റെ ഏറ്റവും ഭയാനകമായ ശക്തിപ്രകടന കാലത്തിനു മുമ്പായി മഹ്ദിയും മസീഹുമായി അല്ലാഹു ഹദ്‌റത്ത് അഹ്‌മദിനെ അയക്കുകയുണ്ടായി. ദജ്ജാലിന്‍റെ മഹാ കുഴപ്പത്തില്‍ നിന്നു എത്രയും വേഗം ലോകം രക്ഷ നേടട്ടെ എന്നും അറബികള്‍ക്ക്‌ ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ രൂപം ഗ്രഹിക്കാനുള്ള സൌഭാഗ്യമുണ്ടാകട്ടെ എന്നും നമുക്ക്‌പ്രാര്‍ത്ഥിക്കാം.വായിക്കുക: ദജ്ജാല്‍

Monday, January 10, 2011

മതംമാറ്റവും ഇസ്‌ലാമും

1948 ഡിസമ്പര്‍ 10-ന്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ സാര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മതസ്വാതന്ത്യ്രത്തെ പറ്റിയുളള മാതൃകാ മാനകം (Norm) ആര്‍ട്ടിക്കിള്‍ 18,19 ല്‍ ഇങ്ങനെ രേഖെപ്പടുത്തുന്നു.

'ചിന്ത, മനസാക്ഷി, മതം എന്നിവയുടെ കാര്യത്തില്‍ ഓരോരുത്തനും സ്വാതന്ത്യ്രമുണ്ട്‌. മതം മാറുവാനും തനിച്ചോ കൂട്ടായോ പരസ്യമായും രഹസ്യമായുമുളള ഉപ ദേശത്തിലൂടെയോ കര്‍മ്മത്തിലൂടെയോ തന്‍റെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാനുളള സ്വാതന്ത്യ്രവും ഇതിലുള്‍പ്പെടുന്നു.

‘അഭിപ്രായ സ്വാതന്ത്യ്രവും അഭിപ്രായ പ്രകടനസ്വാതന്ത്യ്രവും ഓരോരുത്തനുമുണ്ട്‌. അന്യരുടെ ഇടപെടല്‍ കൂടാതെ സ്വന്തമായ അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്താനും ഏത്‌ ഉപാധിയിലൂടെയും രാജ്യാതിര്‍ത്തികളെ വകവെക്കാതെ അറിവുകളും ആശയങ്ങളും ആരായുവാനും സ്വായത്തമാക്കുവാനും പ്രചരിപ്പിക്കാനുമുളള സ്വാതന്ത്യ്രം ഈ അവകാശത്തില്‍ ഉള്‍പ്പെടുന്നു’.

ഒരാള്‍ ആരായിരിക്കണമെന്നും അയാള്‍ എങ്ങനെ ചിന്തിക്കണമെന്നും അയാളുടെ മതം എന്തായിരിക്കണമെന്നും നിര്‍ണ്ണയിക്കാനുളള സമ്പൂര്‍ണ്ണാധികാരം അയാളില്‍ മാത്രം നിക്ഷിപ്തമാണ്‌. വാസ്തവത്തില്‍, ഓരോ വ്യക്തിക്കുമുളള ഈ ആത്മബോധമാണ്‌ മാനുഷതയുടെ കാതല്‍. ക്രമസമാധാന നിലയേയോ, ആരോഗ്യത്തേയോ, സദാചാരത്തേയോ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ഭരണക്കൂടമോ, സമൂഹമോ, മതസംഘടനകളോ മറ്റുളളവരോ, പാവനമായ ഈ അവകാശം വ്യക്തിക്ക്‌ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്‌ ഏറ്റവും അധിക്ഷേപാര്‍ഹമായ ഒരു കിരാത കൃത്യമാണ്‌. വ്യക്തിഹത്യക്ക്‌ സമാനമായ ഈ മനുഷ്യ ഹിംസയെ ആധുനിക രാഷ്ട്രവിജ്ഞാനീയം മിതമായ അര്‍ത്ഥത്തില്‍ ‘ഫാസിസം’ എന്ന്‌ വ്യവഹരിക്കാറുണ്ട്‌.

ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 28 വരെയുളള വകുപ്പുകള്‍ മതസ്വാതന്ത്യം സംബന്ധിച്ചുളളതാണ്‌. മൌലികാവകാശങ്ങളായാണ്‌ അത്‌ ഭരണഘടനയില്‍ ചേര്‍ത്തിട്ടുളളത്‌. വ്യക്തിക്ക്‌, അയാള്‍ക്ക്‌ ഏതൊരു മതം സ്വീകരിക്കാനും അത്‌ ആചരിക്കാനും പ്രചരിപ്പിക്കാനും വിട്ടുപോവാനുമുളള അവകാശം ഈ വകുപ്പ്‌ നല്‍കുന്നു. സാര്‍വ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റേയും മതത്തില്‍ യാതൊരുവിധ ബലാല്‍ക്കാരവും പാടില്ല എന്ന ഇസ്‌ലാമിക തത്ത്വത്തിന്‍റേയും അന്തഃസത്ത ഉള്‍കൊളളുന്ന മഹനീയമായ ഒരു അവകാശ രേഖയായി ഇന്ത്യന്‍ ഭരണഘടന നിലകൊളളുന്നു എന്നത്‌ ഇന്ത്യന്‍പൌരന്‍മാരായ നമുക്ക്‌ അഭിമാനാര്‍ഹമാണ്‌.

ഈ മഹത്തായ മതസ്വാതന്ത്യ്ര പ്രഖ്യാപനത്തെ ഹനിക്കുന്ന രീതിയിലാണ്‌ മതരാഷ്ട്ര മൌലികവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം. മതത്തെ ഒരു രാഷ്ട്രമായി കാണുന്ന ജമാഅത്തെ ഇസ്‌ലാമി, മതപരിത്യാഗം വധശിക്ഷ അര്‍ഹിക്കുന്ന ഒരു വന്‍കുറ്റമായി കാണുന്നു എന്നത്‌ എത്ര ഭീഭത്സമാണ്‌! അതുപോലെ, സംഘപരിവാറും മതപരിവര്‍ത്തന സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുളള നിയമത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു. മതപരിവര്‍ത്തനം എന്നാല്‍ ഒരു കുറ്റകൃത്യം പോലെയുള്ള പ്രവര്‍ത്തിയാക്കി ചിലര്‍ ചിത്രീകരിക്കന്നു. ഒരാള്‍ തനിക്ക്‌ ദൈവം നല്‍കിയ യുക്തിയും ബുദ്ധിയും മനസ്സാക്ഷിയും മറ്റു ആത്മീയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്‌ തനിക്ക്‌ യോജിച്ച മതം തിരഞ്ഞെടുക്കുന്നത്‌ പാപമാണോ? ഇപ്രകാരം ഒരു പുതിയ മാര്‍ഗ്ഗം കണ്ടെത്തി മതകീയ ജീവിതം നയിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ നിരുപദ്രവകരമായ ഈ തീരുമാനത്തെ തടയാന്‍ മതങ്ങള്‍ക്കോ, ഭരണകൂടങ്ങള്‍ക്കോ അധികാരമുണ്ടോ? വ്യക്തിക്ക്‌ പാവനമായ മാനവഗുണങ്ങള്‍ നല്‍കി ചിന്തിക്കുന്ന ഒരു ജീവിയായി ഭൂമിയില്‍ ജനിപ്പിച്ചത്‌ ദൈവമായിരിക്കെ, ഈ ഗുണങ്ങള്‍ ഉപയോഗിച്ച്‌ അവന്‍ ആത്മസാക്ഷാത്ക്കാരം തേടുന്നത്‌ നിരാകരിക്കാനോ അതില്‍ ഇടപെടാനോ ആര്‍ക്കും അവകാശമില്ല. ഇങ്ങനെ മതം തിരഞ്ഞെടുക്കുന്നതില്‍ ഒരാള്‍ക്ക്‌ പിഴച്ചു പോയെങ്കില്‍ അത്‌ അയാളും ദൈവവുമായുളള ഇടപാടാണ്‌. അതിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ദൈവം ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അപ്രകാരം ഒരാള്‍ കണ്ടെത്തിയ സത്യം വേറൊരാള്‍ സ്വീകരിക്കണമെന്ന്‌ നിര്‍ബന്ധിക്കാനും ആര്‍ക്കും അധികാരമില്ല. വ്യക്തിയുടെ പാവനമായ ഈ അവകാശത്തിന്‍റെ സംരക്ഷണത്തിന്‌ മതേതരമായ ഒരു ഭരണകൂടം അല്ലെങ്കില്‍ മതപക്ഷപാതിത്വങ്ങളില്ലാത്ത ഒരു അധികാരനിര്‍വ്വഹണ കേന്ദ്രം സമൂഹത്തിലുണ്ടാവണമെന്നുകൂടി താഴെ പറയുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ താല്ല്‍പര്യപ്പെടുന്നു.

"പറയുക അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനില്‍ നിന്ന്‌ ഇപ്പോളിതാ സത്യം നിങ്ങളില്‍ വന്നെത്തിയിരിക്കുന്നു. ആകയാല്‍ ആര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നുവോ അത്‌ അവന്‍റെ ആത്മാവിന്‌ വേണ്ടി മാത്രം; ആര്‍ വഴിതെറ്റുന്നുവോ അത്‌ അതിന്‍റെ നഷ്ടത്തിലേക്കും. ഞാന്‍ (മുഹമ്മദ്‌ നബി) നിങ്ങളുടെ മേല്‍ ഒരു അധികാരിയായി നിയോഗിക്കപ്പെട്ടിട്ടില്ല. നിനക്ക്‌ വെളിപ്പെട്ടതിനെ നീ പിന്തുടരുക. അല്ലാഹു വിധി കല്‍പിക്കുന്നത്‌വരെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്‍ വിധി കര്‍ത്താക്കളില് ഉത്തമനത്രെ." (10:109,110)

വീണ്ടും ഖുര്‍ആന്‍ പറയുന്നു: പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചു കൊളളട്ടെ ഇഷ്ടമില്ലാത്തവന്‍ അവിശ്വസിക്കുകയും ചെയ്യട്ടെ” (18:30). “നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലുളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?(10:100).

ലോക­­­­ത്തുളള സര്‍വ്വ മതങ്ങളുടെയും സ്ഥാപകന്‍മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോഴെല്ലാം അവരുടെ മതത്തിലേക്ക്‌ ആത്മീയ മോക്ഷത്തിനായി സത്യാന്വേഷികള്‍ ഓടിയെത്തുകയുണ്ടായി. അപ്പോഴെല്ലാം അവരെ തടഞ്ഞതും അവരോട്‌ യുദ്ധം പ്രഖ്യാപിച്ചതും അതാത്‌ കാലത്തെ ഏകാധിപതികളും സേഛാധിപതികളും മതപ്രമാണിമാരുമാണ്‌. ശ്രീകൃഷ്ണനെതിരെ കംസനും ധേനുകനും കാളിയനും പ്രലംബനും ജരാസന്ധനും കൌരവരും, ശ്രീരാമനെതിരെ താടകയും ശൂര്‍പ്പണഖയും ഖരനും രാവണനും, അബ്രഹാമിനെതിരെ നംറൂദും, മോസസിനെതിരെ ഫറോവയും ഹാമാനും ഖാറൂനും, ക്രിസ്തുവിനെതിരെ യഹൂദ പുരോഹിതന്‍മാരും, മുഹമ്മദ്‌ നബിക്കെതിരെ മക്കാ ഖുറൈശികളും, ഹദ്‌റത്ത്‌ അഹ്‌മദി(അ)നെതിരെ അക്കാലത്തെ മുസ്‌ലിം പണ്ഡിതന്‍മാരും പീഢനങ്ങളും മര്‍ദ്ദനങ്ങളും അഴിച്ചുവിട്ടത്‌ എന്തിനായിരുന്നു? ദൈവിക ദൌത്യങ്ങളുണ്ടായിരുന്ന ഈ ദൈവപ്രേഷിതരിലേക്ക്‌ ആകൃഷ്ടരായി ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുന്നത്‌ തടയുന്നതിന്നായിരുന്നു. മതപരിവര്‍ത്തനത്തിനും മതപരിത്യാഗത്തിനുമെതിരെ പ്രവര്‍ത്തിക്കുക എന്നത്‌ ദൈവമയച്ച പുണ്യാത്മാക്കളുടെ പാരമ്പര്യമല്ല. സ്ഥാപിത മതക്കാരുടേയും അവരുടെ തണലില്‍ വര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടേയും പാരമ്പര്യമാണ്‌. ഈ അധികാരസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക്‌ വിഘാതമല്ലെങ്കില്‍ മാത്രമേ മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍ ഇക്കൂട്ടര്‍ ജനങ്ങളെ അനുവദിക്കൂ. പ്രവാചകന്‍മാരെയും അനുയായികളെയും തങ്ങളുടെ പാരമ്പര്യമതങ്ങളില്‍ തളച്ചിടാന്‍ നിയമത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും മാര്‍ഗ്ഗം അവര്‍ ഉപയോഗിക്കുന്നു. ലോകത്തവതരിച്ച എല്ലാ മതപുരുഷന്‍മാര്‍ക്കും സ്വാതന്ത്യ്ര പ്രേമികള്‍ക്കും വേണ്ടി ശുഐബ്‌ നബി(അ)യും തന്‍റെ മര്‍ദ്ദകരുമായി നടത്തിയ ഒരു സംഭാഷണം ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.

“ഓ ശുഐബ്‌! നിന്നെയും നിന്‍റെകൂടെ വിശ്വസിച്ചവരേയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവരിക തന്നെ വേണം അദ്ദേഹംപറഞ്ഞു: 'എന്ത്‌, ഞങ്ങള്‍ (നിങ്ങളുടെ മതത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും?” (ഞങ്ങള്‍ അതില്‍ തന്നെ നില്‍ക്കണമെന്നാണോ പറയുന്നത്‌?) (7:89)

മതപരിവര്‍ത്തനവും, മതപരിത്യാഗവും നിയമം മൂലം നിരോധിക്കണമെന്ന്‌ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. നിലവില്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ അത്‌ വിട്ടുപോവാന്‍ അനുവദിക്കാതെ ആ മതത്തില്‍തന്നെ പിടിച്ചു നിര്‍ത്തിയാല്‍ കപടവിശ്വാസികളെ സൃഷ്ടിക്കാനെ അത്തരം നിയമം ഉതകൂ.

മതപരിവര്‍ത്തനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ഗുരുതരമായ ആരോപണം പണവും പ്രലോഭനങ്ങളും നല്‍കിയാണ്‌ മതംമാറ്റം നടത്തുന്നത്‌ എന്നതാണ്‌. പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ മതപരിവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നത്‌ ഏറ്റവും ഹീനമായ ഒരു പ്രചാരണ തന്ത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത്‌ ജുഗുപ്സാവഹമാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതിമത പരിഗണനകള്‍ക്കതീതമായി മനുഷ്യനോടുളള സഹാനുഭൂതിയില്‍ നിന്നു വേണ്ടതാണ്‌. മനുഷ്യകാരുണ്യം പ്രതീക്ഷിച്ച്‌ നിസ്സഹായാവസ്ഥയ്ക്ക്‌ വിധേയനായി നില്‍ക്കുന്ന മനുഷ്യരില്‍ നിന്ന്‌ തന്‍റെ ഇഛക്കനുഗുണമായ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. വിശുദ്ധഖുര്‍ആന്‍ പറയുന്നു:

“അല്ലയോ വിശ്വസിച്ചവരേ, നിഷ്ക്കളങ്കതയെ ആസ്പദിച്ചുണ്ടാകുന്ന നിങ്ങളുടെ ദാനധര്‍മ്മങ്ങളെ എടുത്തു പറഞ്ഞും നിങ്ങള്‍ സഹായിച്ചവരെ ഉപകാര ബാദ്ധ്യതയെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തിയും അവരെ ദ്രോഹിച്ചും നിഷ്ഫലമാക്കല്ല” (2:264)

പണവും പ്രലോഭനങ്ങളും നല്‍കി ആളുകള്‍ക്ക്‌ ആത്മീയമോക്ഷം നല്‍കുക എന്നത്‌ മതത്തിന്‍റെ അന്ത്ഃസത്തക്ക്‌ ചേര്‍ന്നതല്ല. ദൈവത്തെ അപ്പമായികരുതി സ്വന്തം മതത്തിന്‍റെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന ഈ സമ്പ്രദായം ധാര്‍മ്മികവും ആത്മീയവുമായി ശക്തിക്ഷയിച്ച ഒരു മതത്തിന്‍റെ വിളംബരമാണ്‌. പക്ഷേ, ഇത്തരം ഭൌതിക പ്രലോഭനങ്ങളില്‍പ്പെട്ടാണ്‌ ആളുകള്‍ അവരുടെ നിലവിലുള്ള മതംമാറി പുതിയ മതം സ്വീകരിക്കുന്നത്‌ എന്ന്‌ മുറവിളികൂട്ടുന്നവര്‍, എന്തുകൊണ്ട്‌ തങ്ങളുടെ സ്വന്തം മതത്തില്‍ ഇത്തരം ഉദരംഭരികളായ അവശ വിശ്വാസക്കാര്‍ സൃഷ്ടിക്കപ്പെടുന്നു എന്നുകൂടി ആലോചിക്കേണ്ടതുമാണ്‌. സഹവിശ്വാസികളായ ഇത്തരം പാവങ്ങളെ സംരക്ഷിക്കാന്‍ ഒരു മതത്തില്‍ യാതൊരു പദ്ധതിയുമില്ലെങ്കില്‍ ആ മതം ഏറ്റവും ഗൌരവതരമായ ധാര്‍മ്മിക ബാദ്ധ്യത അവഗണിക്കുന്നു എന്നാണര്‍ത്ഥം. പശുവും പട്ടിയും പോവുന്ന പെരുവഴിയിലൂടെ മനുഷ്യമക്കളെ നൂറ്റാണ്ടുകളായി വഴിനടക്കാന്‍ പോലും അനുവദിക്കാത്ത അസ്പൃശ്യതയുടെ ഇരുള്‍ മുറ്റിയ ലോകത്ത്‌ നിന്ന്, അപ്പത്തിനും ഇത്തിരി വെളിച്ചത്തിനും വേണ്ടി ഇഹലോക മോക്ഷം കൊതിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആര്‍ക്കാണവകാശം? ഇതിലടങ്ങിയിരിക്കുന്ന പരമപ്രധാനമായ വിഷയം മതസ്വാതന്ത്യ്രത്തിന്‍റേത്‌ തന്നെയാണ്‌. പണവും പ്രലോഭനങ്ങളും സ്വീകരിച്ച്‌ കൊണ്ട്‌ ഒരാള്‍ മതം മാറിയാല്‍ തന്നെ അത്തരം മതം മാറ്റത്തില്‍ നിയമത്തിന്‌ ഇടപെടാന്‍ യാതൊരു പഴുതുമില്ല. ആ പരിവര്‍ത്തിതന്‍ തന്‍റെ ആത്മാവിനെ നഷ്ടെ പ്പടുത്തി എന്ന്‌ സഹതപിക്കാനേ മറ്റുള്ളവര്‍ക്ക്‌ അവകാശമുളളൂ.

നമ്മുടെ ഭരണഘടനയുടെ 25-)o വകുപ്പും ഒന്നാം ഉപവകുപ്പും പ്രകാരം സമൂഹത്തിന്‍റെ ക്രമസമാധാനം, സദാചാരം, ആരോഗ്യം എന്നിവ ഹനിക്കാതെ എല്ലാ വ്യക്തികള്‍ക്കും സ്വേഛാനുസരണം മതം അവലംബിക്കാനും അതനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുളളസ്വാതന്ത്യ്രമുണ്ട്‌. ഇനി ഒരാള്‍ പണവും പ്രലോഭനവും സ്വീകരിച്ച്‌ മതം മാറിയാല്‍തന്നെ ഭരണഘടനാപരമായി അയാളുടെ ഈ പ്രവവൃത്തി പ്രസ്തുത വകുപ്പിന്‍റെ ലംഘനമാകുന്നില്ല. പരിവര്‍ത്തിതന്‍ ക്രമസമാധാനനില തകര്‍ക്കുന്ന ഭീകരമതത്തിന്‍റെ അനുയായി അല്ലാതിരിക്കുകയും സമൂഹത്തിന്‍റെ ആരോഗ്യത്തിനും സദാചാരത്തിനും അത്കൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലാതിരിക്കുകയുമാണെങ്കില്‍ മതംമാറ്റത്തിന്നെതിരെ നിയമത്തിന്‌ ഇടപെടാനാവില്ല. പണവും പ്രലോഭനവും സ്വീകരിച്ച്‌ ഒരാള്‍ മതം മാറുന്നത്‌ തടയാന്‍ വല്ല നിയമവും നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അതായിരിക്കും മനുഷ്യ സ്വാതന്ത്യ്രത്തിനെതിരെയുളള കയ്യേറ്റമായിത്തീരുക. അതായത്‌, ഒരാളുടെ മതംമാറ്റം പരിശോധിക്കപ്പെടണമെന്ന്‌ പറയുമ്പോള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനെതിരെ ഭരണകൂടത്തിനോ മറ്റൊരാ ള്‍ക്കോ ഇടപെടാന്‍ അവസരം നല്‍കുകയാണ്‌ ചെയ്യുന്നത്‌. മനസ്സാക്ഷിക്കനുസൃതമായുളള ഒരാളുടെ തീരുമാനങ്ങള്‍ ബാഹ്യമായ മറ്റൊരു കേന്ദ്രത്തിന്‍റെ വിധിതീര്‍പ്പിന്‌ വിധേയമാവുകയും ചെയ്യുന്നു. ഇത്‌ വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു എന്നതിനേക്കാള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനും വ്യക്തിസ്വാതന്ത്യ്രത്തിനുമെതിരെയുളള കയ്യേറ്റമാണ്‌. ഉദരപൂരണമാണ്‌ തന്‍റെ മതലക്ഷ്യമെന്ന്‌ കരുതി പണം വാങ്ങി മതപരിവര്‍ത്തനം നടത്തുന്നയാള്‍ ഭൌതികാര്‍ത്ഥത്തില്‍ സന്തുഷ്ടനാണ്‌. ആയതിനാല്‍ അത്രത്തോളം സമൂഹത്തിന്‌ ക്ഷേമം കൈവരുന്നു. നൈതികമായി അത്‌ നമ്മില്‍ ജുഗുപ്സയുളവാക്കുമെങ്കിലും നൈയ്യാമികമായി അത്തരം മതപരിവര്‍ത്തനങ്ങളും വ്യക്തിയുടെ സ്വാതന്ത്യ്രം തന്നെയാണ്‌. അതും പരിരക്ഷിക്കേണ്ടത്‌ ജനാധിപത്യത്തിന്‍റെ ബാദ്ധ്യതയാണ്‌.

ചുരുക്കത്തില്‍ ഇസ്‌ലാമില്‍ മതസ്വാതന്ത്യ്രം എന്നത്‌ മനസ്സാക്ഷിയുടെ പൂര്‍ണ്ണ സ്വാതന്ത്യ്രം തന്നെയാണ്‌. മറ്റൊരു മതത്തിലും പ്രത്യയശാസ്ത്രങ്ങളിലും ഇത്രയും ആര്‍ജവത്തോടെയും ധീരമായും വ്യക്തമായും മനുഷ്യ സ്വാതന്ത്യ്രത്തക്കുറിച്ചുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കാണാന്‍ സാധ്യമല്ല. വ്യക്തിക്ക്‌ മതം എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനും ഉപേക്ഷിക്കാനും പൂര്‍ണ്ണ സ്വാതന്ത്യ്രമുണ്ട്‌. ഖുര്‍ആന്‍ പറയുന്നു:

“മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല നിശ്ചയമായും സന്‍മാര്‍ഗ്ഗം വഴികേടില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌ (2:257

“പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചുകൊളളട്ടെ. ഇഷ്ടമുളളളവന്‍ അവിശ്വസിക്കട്ടെ” (18:30)

“നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലു ളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:100)