Sunday, June 27, 2010

സൂറത്തുല്ലഹബ് - ഒരനുബന്ധം

കേവലമൊരു സാങ്കേതിക തകരാറില്‍ അള്ളിപ്പിടിച്ച് "ജമായത്ത് മുക്കിയ സൂറ" എന്നപേരില്‍ ഇസ്‌ലാം വിമര്‍ശകനായ കാളിദാസന്‍ ഒരു പോസ്റ്റിടുകയും അതിന് കാട്ടിപ്പരുത്തി യുക്തമായ മറുപടി നല്‍കുകയു മുണ്ടായി. കാട്ടിപ്പരുത്തിയുടെ മറുപടി ഇവിടെ വായിക്കാം.

അഭിനന്ദനാര്‍ഹ മാണ് കാട്ടിപ്പരുത്തിയുടെ പോസ്റ്റ്. കാട്ടിപ്പരുത്തിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അനുബന്ധമായി കുറച്ചുകൂടി കാര്യങ്ങള്‍ പറയണം എന്നു തോന്നി. ഒരു കമന്‍റില്‍ ഒതുങ്ങാത്തതുകൊണ്ട് അതൊരു പോസ്റ്റായി ഇവിടെ ചേര്‍ക്കുന്നു.

വിശുദ്ധ ഖുര്‍‌ആന്‍ ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ ദര്‍ശന ഗ്രന്ഥമായിരിക്കേ ആയിരത്തി നാനൂറു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് മാത്രം ഈ സൂറത്തിനെ പരിമിതിപ്പെടുത്തുന്നതില്‍ അനൗചിത്യമില്ലേ? പണ്ടെങ്ങോ മരിച്ചു നാമാവശേഷനായ ഇസ്‌ലാമിന്‍റെ ഒരു ശത്രുവിന് നാശമുണ്ടാകട്ടെ എന്ന് ഇന്നും പ്രാര്‍ഥിക്കുന്നതിലെ നിരര്‍ഥകത ഒരു പക്ഷേ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ ത്രികാലജ്ഞനായ അല്ലാഹുവിന്‍റെ ഗ്രന്ഥം എക്കാലത്തും പ്രസക്തമാണ്. അതിലെ ഓരോ സൂക്തങ്ങളും കാലോചിതമായി വ്യാഖ്യാനിക്കാന്‍ സാധിക്കും. അതുതന്നെയാണ് വിശുദ്ധ ഖുര്‍‌ആനെ മറ്റു ഗ്രന്ഥങ്ങളില്‍ ഇന്നു വ്യതിരിക്തമാക്കുന്ന ഘടകം. കാളിദാസനെപ്പോലുള്ള വിമര്‍ശകരെ അസ്വസ്ഥരാക്കുന്നതും ഖുര്‍‌ആന്‍റെ ഈ സവിശേഷത തന്നെ.

സമകാലിക ലോകത്തും ഈ സൂറത്ത് പ്രസക്തമാണ്. ഈ സൂറത്തിലെ ജ്വാലയുടെ പിതാവ് എന്ന വിശേഷണം നബിതിരുമേനിയുടെ പിതൃവ്യനായ അബ്ദുല്‍ ഉസ്സയില്‍ മാത്രം പരിമിതിപ്പെടുത്തേണ്ടതില്ല. കാളിദാസനുള്‍പ്പെടെ, എക്കാലത്തുമുള്ള ഇസ്‌ലാമിന്‍റെ ശത്രുക്കളെ 'അബൂലഹബ്' എന്ന പ്രയോഗം പ്രതിനിധാനം ചെയ്യുന്നു. സസമകാലിക ലോകത്ത് പാശ്ചാത്യ ശക്തികളിലേക്കാണ് ഈ പ്രയോഗം സൂചന തരുന്നത്. ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിയന്ത്രണാവകാശം കുത്തകയാക്കി വെച്ചിട്ടുള്ള ഈ ശക്തികള്‍ 'ജ്വാലയുടെ പിതാവ്' എന്ന പ്രയോഗത്തിന് തികച്ചു യോഗ്യരാണ് എന്നു കാണാം. ഇതില്‍ ഒരു വിഭാഗം ദൈവാസ്തിക്യത്തെ തികച്ചു നിഷേധിക്കുന്നവരാണെങ്കില്‍ (കമമ്യൂണിസ്റ്റ് ശക്തികള്‍) മറു വിഭാഗം ദൈവത്തിന്‍റെ ഏകത്വത്തെ നിഷേധിക്കുന്നവരാണ് (ക്രിസ്തീയ ശക്തികള്‍). പക്ഷേ, ഒരു കാര്യത്തില്‍ രണ്ടു വിഭാഗവും യോജിക്കുന്നു; ഇസ്‌ലാമിനെ എതിര്‍ക്കുന്ന കാര്യത്തില്‍. രണ്ടുകൈകള്‍ എന്നു ഖുര്‍‌ആന്‍ പറഞ്ഞത് ഇക്കാലത്ത് ഈ രണ്ടു ശക്തികളാണെന്നു മനസ്സിലാക്കാം.

"അബൂലഹബിന്‍റെ കൈകള്‍ രണ്ടും നശിച്ചു. അവന്‍ തന്നെയും നശിച്ചു."

ഇ‌സ്‌ലാമിന്‍റെ ശത്രുക്കളുടെ എല്ലാവിധ ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും ഈ സൂക്തത്തിന്‍റെ പരിധിയില്‍ വരുമെങ്കിലും മുകളില്‍ പറഞ്ഞ രണ്ട് പാശ്ചാത്യ ശക്തിളും അവരുടെ ഉപഗ്രഹ രാഷ്ട്രങ്ങളുമാണ് ഇവിടെ ഊന്നല്‍ നല്‍കപ്പേട്ടിരിക്കുന്നത്. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അമ്പേ പരാജയപ്പെടുമെന്നും അവരുടെ എല്ലാ വിധ കുത്സിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയായിത്തീരും എന്നുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. ഇസ്‌ലാമിന്‍റെ പുരോഗതി കണുന്ന അവര്‍ അവരുടെതന്നെ കോപത്താല്‍ ജ്വലിക്കപ്പെടും. അവരുടെ ധനവും, ശക്തിയും, ആധിപത്യവും അവരുടെ കണ്മുന്നില്‍ തകര്‍ന്ന് തരിപ്പണമാകും.

"അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചു വെച്ചതോ അവന് ഉപകാരപ്പെടില്ല"

വമ്പിച്ച സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥരായ പാശ്ചാത്യ വിഭാഗങ്ങള്‍ തന്നെയാണ് ഇവിടെയും പരാമര്‍ശം. അവന്‍റെ ധനം എന്നത്കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അവരുടെ രാജ്യത്ത് തന്നെസംഭരിക്കപ്പെട്ട സമ്പത്താണ്. അവന്‍ സമ്പാദിച്ചത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ബലഹീന രാഷ്ട്രങ്ങളെ ചൂഷണം ചെയ്തും അവരുടെ പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുത്തും സമ്പാദിച്ച മുതലുകളാണ്.

"ജ്വാലകളുള്ള അഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്"

'അബൂലഹബ്' എന്ന എന്ന വാക്കിന് തീജ്വാലയും അഗ്നിയും വമിക്കുന്ന ഒരു വസ്തു കണ്ടുപിടിച്ച ആള്‍ അല്ലെങ്കില്‍ സ്വയം അഗ്നിക്കിരയാക്കപ്പെട്ടവന്‍ എന്നും അര്‍ഥം പറയാവുന്നതാണ്. ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍, സ്വയം നിര്‍മ്മിത അഗ്നിയായുധങ്ങള്‍, അതായത് ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൊണ്ട് ഈ രണ്ടു രാഷ്ട്രീയ ശക്തികള്‍ക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന നാശത്തെക്കുറിച്ചുള്ള പ്രവചനമാണ് ഇവിടെ.

"വിറകു ചുമട്ടുകാരിയായ അവന്രെ ഭാര്യയും (അഗ്നിയില്‍ പ്രവേശിക്കുന്നതാണ്)"

അബൂലഹബിന്‍റെ ഭാര്യയെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. നബിതിരുമേനി (സ)ക്കെതിരില്‍ വ്യജാരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങളിലെ ജനങ്ങളും നിരീശ്വര കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. വിറകു ചുമട്ടുകാരി എന്ന വിശേഷണത്തിലൂടെ സ്വയം നാശത്തിനുവേണ്ടിയുള്ള ഈ രാഷ്ട്രങ്ങളുടെ ആയുധോല്പ്പാദനവും ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

"അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും"

പുറമെ സ്വതന്ത്രമെന്നു കാണപ്പെടുന്നുണ്ടെങ്കിലും തകര്‍ക്കപ്പെടാന്‍ അസാധ്യമായ വിധത്തില്‍ ഈ രാഷ്ട്രങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പിടിയിലായിരിക്കും എന്നാണ് ഈ വചനം അര്‍ഥമാക്കുന്നത്. മറ്റോരു വിധത്തില്‍ പറഞ്ഞാല്‍, അബൂലഹബിന്‍റെ ഭാര്യ ഉമ്മുജമീല്‍ വിറക് കെട്ടാനുപയോഗിച്ച ഈത്തപ്പന നാരിനാല്‍ ശ്വാസം മുട്ടിക്കപ്പെട്ടപോലെ ഈ രാഷ്ട്രങ്ങളും മറ്റുള്ളവരെ നശിപ്പിക്കാന്‍ തയ്യാറക്കിവെച്ചിട്ടുള്ള ആയുധത്താല്‍ സ്വയം നാശമടയുന്നതായിരിക്കും.

ഈ സൂറത്തിന് അനുയോജ്യമായ അനുബന്ധമെന്നനിലയില്‍ ഖുര്‍ആനിലെയും ബൈബിളിലെയും രണ്ട് ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു. ഈ രണ്ടു ശക്തികളുടെയും അതി ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് അവ.

"അന്നാളില്‍ അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ചു ഒരുമിച്ചുകൂട്ടുകയും ചെയ്യും. അന്നാളില്‍ അവിശ്വാസികള്ക്ക് നാം നരകത്തെ മുഖാമുഖം കാണിച്ചു കൊടുക്കുന്നതാണ്." (അല്‍കഹ്ഫ് 100, 101)

യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്‍റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.

അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.

അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും

ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്‍റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ഓരോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരന്നു വിരോധമായിരിക്കും.

ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെ മേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും (Ezek. 38:18-22)

Wednesday, June 16, 2010

കല്ലെറിഞ്ഞുകൊല്ലലും ഖുര്‍‌ആനും





മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ പലരും കണ്ടിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇ-മെയിലിലൂടെ വ്യാപകമായി പ്രചരിച്ചതാണ് ഈ ചിത്രങ്ങള്‍. വ്യഭിചാരക്കുറ്റത്തിന് സോമാലിയയില്‍ നടന്ന ഒരു ശിക്ഷാവിധിയുടെ രംഗങ്ങളാണ് ചിത്രങ്ങളില്‍. ഇസ്‌ലാമിക ശരിയത്തിന്‍റെ അടിസ്ഥാനത്തിലാണത്രേ അതിക്രൂരമായ ഈ ശിക്ഷാവിധി നടപ്പാക്കിയിട്ടുള്ളത്. വാസ്തവത്തില്‍ ഇസ്‌ലാമിക ശരിയത്തില്‍ വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷാവിധി ഉണ്ടോ? വിശുദ്ധ ഖുര്‍‌ആന്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നുണ്ടോ?

മനുഷ്യനെ എല്ലാ നിലയിലും ദൈവ സാമീപ്യത്തിലെത്തിക്കേണ്ട ധര്‍മ്മിക ഗുണങ്ങളേക്കുറിച്ച് ഉപദേശിച്ചതിനു ശേഷമാണ് കുറ്റത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ഇസ്‌ലാം പ്രതിപാദിക്കുന്നത്. അപ്പോള്‍ ശിക്ഷകള്‍ക്ക് വേദിയൊരുക്കുന്നതിനു മുമ്പായി ധാര്‍മ്മിക ബദ്ധമായ ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടി അനിവാര്യമാണ്. അതിനു വേണ്ടി മതങ്ങളും ഭരണകൂടവും പരിശ്രമിക്കേണ്ടതുണ്ട്. പ്രവാചകന്‍റെ കാലത്ത് ധാര്‍മ്മിക പ്രബുദ്ധമായ ഒരു സമൂഹത്തിന്‍റെ രൂപീകരണത്തിനു ശേഷമായിരുന്നു കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ വ്യക്തിയെപ്പോലെതന്നെ സമൂഹത്തിനും പങ്കുണ്ട്. ഇസ‌ലാമിനെ ജനമദ്ധ്യത്തില്‍ തരം താഴ്ത്തിക്കാണിക്കാന്‍ പാശ്ചാത്യ ശക്തികള്‍ ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടപ്പില്‍ വരുത്തുന്ന ശീക്ഷയെ ക്കുറിച്ച് മോശമായി ചിത്രീകരിക്കുകയും അത്ന് വമ്പിച്ച പ്രചാരണം നല്‍കുകയും ചെയുന്നു. മേല്‍ കൊടുത്തിരിക്കുന്ന ഇ-മയില്‍ ചിത്രങ്ങളും ഇതിന്‍റെ ഭാഗം തന്നെ.

യഹൂദ ക്രൈസ്തവ ഇസ്‌ലാം മതങ്ങള്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന മതങ്ങ്ളാണ്. നാം ചെയ്യുന്ന ചെയ്തികള്‍ക്ക് മരണാനന്തര ജീവിതത്തില്‍ നല്ലതിനു നല്ല പ്രതിഫലവും ചീത്തക്ക് ചീത്ത പ്രതിഫലവും ലഭിക്കും എന്ന് അവ പഠിപ്പിക്കുന്നു. തെറ്റുചെയ്തവര്‍ ഒരു പക്ഷേ ഇവിടെ നിന്ന് രക്ഷപ്പെട്ടാലും ദൈവ സന്നിധിയില്‍ അവനു ശിക്ഷ ലഭിക്കും. ഇത്തരത്തിലുള്ള മത വിശ്വാസങ്ങളും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ശിക്ഷാ നിയമങ്ങള്‍ രാജ്യത്തിന്‍റെ ക്രമസമാധാന നിലയും അരാചകത്വമില്ലായ്മയും ഉറപ്പു വരുത്താനാണ്.

നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. വ്യഭിചാരിക്ക് എന്തു ശിക്ഷയാണ് ഇസ്‌ലാം വിധിക്കുന്നത്? വിശുദ്ധ ഖുര്‍‌ആന്‍ ഇതിനെക്കുറിച്ച് എന്തു പറയുന്നു?

വിശുദ്ധ ഖുര്‍‌ആനിലെ 24-)o അധ്യായം മൂന്നാം വചനത്തില്‍ ഇങ്ങനെ കാണുന്നു:

"വ്യഭിചാരിണിയെയും വ്യഭിചാരിയെയും (കുറ്റം തെളിഞ്ഞാല്‍) നൂറു വീതം ചമ്മട്ടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്. അവര്‍ രണ്ടുപേരുടെയും ശിക്ഷയ്ക്ക് ഒരു കൂട്ടം വിശ്വാസികള്‍ സാക്ഷ്യം വഹിക്കട്ടെ".

യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരിച്ച സ്ത്രീക്കും പുരുഷനും 100 വീതം ചമ്മട്ടിയടിയില്‍ കവിഞ്ഞ ഒരു ശിക്ഷയും ഖുര്‍‌ആന്‍ പറയുന്നില്ല. ഈ ശിക്ഷ തന്നെ കഠിനമായ ഒരു ശിക്ഷയാണെന്ന് "വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്." എന്ന വാക്യം സൂചിപ്പിക്കുന്നു. അപ്പോള്‍ പിന്നെ കല്ലെറിഞ്ഞുകൊല്ലുക എന്ന അതി ക്രൂരമായ ഒരു ശിക്ഷാവിധി ഇവിടെ തികച്ചും അപ്രസക്തമാകുന്നു.

ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍‌ആന്‍ നല്ലാം അദ്ധ്യായത്തിലെ ഇരുപത്തി ആറാം വചനത്തില്‍ ഇപ്രകാരം പറയുന്നു:

"അവര്‍ (അടിമസ്ത്രീകള്‍) വിവാഹം കഴിഞ്ഞതിനു ശേഷം ഏതെങ്കിലും അസാന്മാര്‍ഗ്ഗികതയില്‍ ഏര്‍പ്പെട്ടാല്‍, സ്വതന്ത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ പകുതി ശിക്ഷ അവര്‍ക്കു നല്‍കേണ്ടതാണ്."

ഇവിടെ പകുതിയാക്കാന്‍ പറ്റുന്ന ഒരു ശിക്ഷയെക്കുറിച്ചാണ് പറയുന്നത്. എറിഞ്ഞുകൊല്ലല്‍ പകുതിയാക്കാന്‍ പറ്റുമോ?

നേരത്തെ പറഞ്ഞതുപോലെ, ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹത്തിന്‍റെ ക്രമസമാധാന നിലയും അരാജകത്വമില്ലായ്മയും ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. ഉദാഹരണത്തിന് ഒരു വ്യഭിചാരിയെയോ വ്യഭിചാരിണിയേയോ ശിക്ഷിക്കണമെങ്കില്‍ നാലു സാക്ഷികള്‍ വേണം. അവര്‍ പറഞ്ഞത് കള്ള സാക്ഷ്യം ആണെങ്കില്‍ സാക്ഷി പറഞ്ഞവര്‍ക്കും അടിശിക്ഷ നല്‍കണം. അവരുടെ സാക്ഷ്യം ഭാവിയില്‍ ഒരു കാര്യത്തിനും സ്വീകരിക്കാനും പാടില്ല. നാലു ദൃക്സാക്ഷികളുടെ മുമ്പില്‍ വെച്ച് ആരെങ്കിലും വ്യഭിചരിക്കും എന്ന് നമുക്ക് അലോചിക്കാന്‍ തന്നെ പ്രയാസം. സെക്സിന്‍റെ കാര്യത്തില്‍ ഒരു വിധ നിയന്ത്രണങ്ങളുമില്ലാത്ത പാശ്ചാത്യ രാജ്യഞ്ഞളില്‍ ഒരുപക്ഷേ, ഇങ്ങനെ സംഭവിച്ചേക്കാം. എന്നാല്‍ തന്നെയും വ്യഭിചരിച്ചവര്‍ക്കെതിരെ സാക്ഷിപറയത്തക്ക നിലയിലുള്ള നാലുപേരുടെ മുന്നില്‍ വെച്ച് ഈ കൃത്യം നിര്‍‌വഹിക്കുക എന്നത് അങ്ങേയറ്റം ജുഗുപ്സാവഹം തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാകും എന്നു തോന്നുന്നില്ല.

പബ്ലിക്കായി ഇത്തരം നീച കൃത്യം ചെയ്യുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം വെറുക്കുന്നു. അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലനം അനുവദിക്കാത്ത ഇസ്‌ലാം, വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ പഴുതുകളും അടയ്ക്കുന്നു. അതിനു ശേഷമാണ് ശിക്ഷയെ സംബന്ധിച്ച്, അതും നാലു സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്ന വിധം പരസ്യമായി ചെയ്യുന്ന വ്യഭിചാരവും ശിക്ഷയ്ക്ക് വിധേയമാക്കിയത്.

ഇസ്‌ലാമില്‍ ശിക്ഷ നല്‍കുന്നത് ക്രമസമാധാന പാലനത്തോടൊപ്പം മനുഷ്യന്‍ അത്മീയമായ നന്നായിത്തീരാന്‍ വേണ്ടി കൂടിയാണ്. നരകത്തിന്‍റെ കണ്‍സെപ്റ്റ് തന്നെ മനുഷ്യനു ബാധിച്ച അത്മീയ രോഗത്തില്‍ നിന്ന് അവനെ മുക്തമാക്കി സ്വര്‍ഗ്ഗസ്ഥനാക്കുന്ന ഒരു ആതുരാലയം പോലെയാണ്. നരകത്തില്‍ ആരും ഇല്ലാത്ത ഒരവസ്ഥ് ഉണ്ടാകും എന്ന് ഹദീസുകളില്‍ നിന്നു മനസ്സികാകുന്നുണ്ട്.

വ്യഭിചാരത്തിന് ഒരു ശിക്ഷ ഖുര്‍‌ആനില്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് നടപ്പിലാക്കുക എന്നത് നബി(സ)യുടെ ബാധ്യതയാണ്. അതില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ ആര്‍ക്കും അധികാരമില്ല. നബി(സ)യുടെ ജീവിതന്‍ തന്നെ വിശുദ്ധ ഖുര്‍‌ആന്‍റെ വ്യാഖ്യാനം ആണ് എന്നു വരുമ്പോള്‍ ശിക്ഷയില്‍ യാതൊരു ഭേധഗതിയും നബിതിരുമേനി (സ്) മുഖേന സംഭവിക്കാന്‍ ഇടയില്ല. സര്‍‌വ്വ സൃഷ്ടികള്‍ക്കും കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ നബി(സ) ശിക്ഷ എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കുന്ന പ്രകൃതക്കാരനായിരുന്നു. വ്യഭിചാരത്തിനു അടിശിക്ഷയാണെന്ന് ഖുര്‍‌ആനില്‍ വ്യക്തമായി പറഞ്ഞിരിക്കേ, ഈ കുറ്റത്തിന് പ്രാകൃത ശിക്ഷയായ എറിഞ്ഞുകൊല്ലല്‍ അദ്ദേഹം നടപ്പാക്കി എന്നു കരുതാന്‍ യാതൊരു സാധ്യതയുമില്ല.

കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി ബൈബിളിന്‍റെതാണ്. യഹൂദികള്‍ തെറ്റു ചെയ്തപ്പോള്‍ അവരുടെ ശരീഅത്തിന്‍റെ വിധി നബി(സ)യുടെ കാലത്ത് നടപ്പില്‍ വരുത്തിയതായി ഹദീസുകളില്‍ കാണുന്നു. അതേപോലെ വിശുദ്ധ ഖുര്‍‌ആന്‍റെ വിധി വരുന്നതിനു മുമ്പ് ചില കാര്യങ്ങളില്‍ നബി(സ) തൗറാത്തിന്‍റെ വിധിയനുസരിച്ചാണ് ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍‌ആന്‍റെ വ്യക്തമായ വിധി വന്നശേഷവും വ്യഭിചാരികളെ എറിഞ്ഞുകൊന്നു എന്നു ഒരിക്കലും കരുതാന്‍ സാധ്യമല്ല.

ഇന്ന് ഏതെങ്കിലും മുസ്‌ലിം നാടുകളില്‍ വ്യഭിചാരകുറ്റത്തിന് ക്രൂരവും കിരാതവുമായ എറിഞ്ഞുകൊല്ലാല്‍ നടക്കുന്നുണ്ട് എങ്കില്‍ അവര്‍ തന്നെയാണ് അതിന് ഉത്തരവാദി.

Wednesday, June 2, 2010

പരലോകവിശ്വാസം

ഇതുവരെ മനുഷ്യന്‍ അറിഞ്ഞ ജ്ഞാനം തനിക്കറിഞ്ഞുകൂടാത്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന ന്തതയുടെ അപാര വിസ്തീര്‍ണ്ണമായ ക്യാന്‍വാസിലെ ഒരു ബിന്ദുവോ, അല്ലെങ്കില്‍ അതിനേക്കാളും സൂക്ഷ്മമായ അണുവോ മാത്രമാണെന്ന അവബോധം അവനില്‍ ജനിപ്പിക്കുന്നു. വിനയാന്വിതനാവുക എന്ന സന്ദേശം വര്‍ദ്ധിച്ചുവരുന്ന ഈ അവബോധവുമായിബന്ധപ്പെട്ടു കിടക്കുന്നതാണ്‌.

ഇന്നത്തെ നമ്മുടെ ജ്ഞാനം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉണ്ടായിരി ക്കുന്നതിനേക്കാള്‍ കോടിക്കണക്കിന്‌ ഇരട്ടിച്ചിട്ടുണ്ട്‌. ഒരായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷമുണ്ടാകുന്ന നമ്മുടെ ജ്ഞാനപരിമാണം ഇന്നുള്ളതിനേക്കാള്‍ കോടിക്കണക്കിനിരട്ടിയായിരിക്കുകയുംചെയ്യും. എന്നാലും, അല്ലാഹുവിന്‍റെ അദൃശ്യജ്ഞാന ഭണ്ഡാരവുമായി താര തമ്യപ്പെടുത്തുമ്പോള്‍ അത്‌ തികച്ചും നിസ്സാരവുമായിരിക്കും.

പരിമിതമായ ജ്ഞാനേന്ദ്രിയങ്ങളോട്‌ കൂടിയ മനുഷ്യന്‍, അവനെത്ര വിജ്ഞാനിയും വിവേകിയുമാണെങ്കില്‍പോലും തന്‍റെ ജ്ഞാനേന്ദ്രിയങ്ങളുടെ പരിധികള്‍ ലംഘിക്കുവാന്‍ അവന്‌സാദ്ധ്യമല്ല. അതേസമയം, മനുഷ്യന്‌ കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതുമല്ല. മനുഷ്യ പരിധികള്‍ക്കപ്പുറമുള്ള യാഥാത്ഥ്യങ്ങളെക്കുറിച്ച്‌ അറിവ്‌ നല്‍കുവാന്‍ ദൈവത്തിന്‌ മാത്രമെ സാദ്ധ്യമാവുകയുള്ളൂ.

ഖുര്‍ആന്‍ ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്ന പരലോക ജീവിത സ്വഭാവങ്ങള്‍ ഇത്തരത്തിലുള്ള അജ്ഞേയ മണ്ഡലത്തില്‍പ്പെട്ടതാണ്‌. അതോടനുന്ധിച്ച്‌ മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ ദ്യോതിപ്പിക്കുന്ന രസകരമായൊരു ശൈലിയും ഖുര്‍ആന്‍ പ്രയോഗിക്കുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്‌ ദുര്‍ഗ്രഹമായ ഈ വിഷയത്തെക്കുറിച്ച്‌ പ്രതിപാദിച്ചശേഷം "ഹേ മനുഷ്യാ, അതെന്താണന്ന്‌ നിനക്കെന്തറിയാം?" എന്ന കോപ പ്രകടനത്തോടെയാണ്‌ അതിന്‌ വിരാമമിടുന്നത്‌. അത്തരത്തിലുള്ള ചില ഖുര്‍ആനിക സൂക്തങ്ങള്‍ചുവടെ ചേര്‍ക്കുന്നു:

"വിധി നാളെന്തെന്ന്‌ നിനക്കെന്തറിയാം. അതേ വിധി നാളെന്തെന്ന്‌ നിന ക്കെന്തറിയാം?" (82:18,19)

"സത്യമായി പുലരുന്ന ആ സംഭവം സത്യമായി പുലരുന്ന സംഭവമെന്താണ്‌? സത്യമായി പുലരുന്ന സംഭവമെന്തെന്ന്‌ നിനക്കെന്തറിയാം" (69:2-4)

"അവനെ ഞാനടുത്തു തന്നെ നരകത്തില്‍ തള്ളി വിടും. നരകം എന്നാല്‍ എന്തെന്ന്‌ നിനക്കറിയാമോ?" (74:27,28)

യഥാര്‍ത്ഥ പ്രശ്നം ദൈവത്തിന്‍റെ കഴിവ്കേടിലല്ല, മറിച്ച്‌ മനുഷ്യേന്ദ്രിയങ്ങളുടെ പരിമിതിയുമായി ബന്ധപ്പെട്ടാണ്‌കിടക്കുന്നത്‌. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളില്ലാത്ത ഒരു വ്യക്തിക്ക്‌ ആ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ഒന്നിന്‍റെയും യഥാര്‍ത്ഥ സ്വഭാവമറിയുവാന്‍ കഴിയുകയില്ല. ബധിരന്‌ ശബ്ദമെന്താണെന്നും അന്ധന്‌ കാഴ്ചയെന്താണെന്നും മനസ്സിലാക്കുവാന്‍ സാധ്യമല്ല. എങ്കിലും കാഴ്ചയും ശബ്ദ ശ്രവണവും സാദ്ധ്യമായവര്‍ക്ക്‌ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഇത്തരം ധാരണകളെക്കുറിച്ച്‌ അത്തരക്കാരെ മനസ്സിലാക്കിക്കുവാന്‍ ഒരുനിഷ്ഫല ശ്രമം നടത്താവുന്നതാണ്‌. അതുപോലെ ഖുര്‍ആന്‍ പരലോകജീവിതത്തെക്കുറിച്ച്‌ പ്രതിപാദിക്കുമ്പോ വിവരിക്കപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന്‌ മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ലെന്ന്‌ മനുഷ്യനെ അതുണര്‍ത്തുകയും ചെയ്യുകയാണ്‌. ഇവിടെ മനുഷ്യപരിമിതികളെയാണ്‌ എടുത്തുകാട്ടുന്നത്‌. അല്ലാതെ ദൈവത്തിന്‍റെതല്ല. ഇവിടുത്തെ സംഗതി വളരെ വാചാലവും വ്യക്തവുമാണ്‌. നമ്മുടെ ലൌകിക ബോധേന്ദ്രിയങ്ങള്‍ക്ക്‌ പുറമെ ചില പുതിയ ഇന്ദ്രിയങ്ങള്‍ കൂടി മരണാനന്തര ജീവിതത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

അതിനാല്‍ വര്‍ണ്ണങ്ങളും പ്രകാശവും എന്തായിരിക്കാമെന്ന ഏകദേശ സങ്കല്‍പം മാത്രമുള്ള ഒരുത്തനെപ്പോലെ, മരണാനന്തര ജീവിതമെന്ന അജ്ഞേയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഏറെക്കുറെ മങ്ങിയിരുണ്ട ഒരു ഭാവനമാത്രമെ ഇന്ന്‌ നമുക്കുള്ളൂ. ഹേ മനുഷ്യാ, അതെന്താണെന്ന്‌ നിനക്കെന്ത റിയാം?

നാം ഭൂമിയില്‍ ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ സംവേദനശക്തി കൂടുതലാവുമ്പോള്‍ നമ്മുടെ ഊഹങ്ങള്‍ക്കും ധാരണകള്‍ക്കും അതീതമായി നമ്മുടെ അനുഭവങ്ങള്‍ പൂര്‍ണ്ണമായി മാറ്റിമറിക്കപ്പെടുന്നു.

സ്നേഹം എന്താണെന്ന്‌ നമുക്കറിയാമെന്ന്‌ നാം കരുതുന്നു. യാതനകള്‍ നമുക്ക്‌ പരിചിതങ്ങളാണെന്ന്‌ നാം കരുതുന്നു. പരലോകത്തിലെ സ്നേഹമെന്തായിരിക്കും? യാതനകള്‍ എന്തായിരി ക്കും? ഖുര്‍ആന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വര്‍ണാഞ്ചിത ചിത്രം കാഴ്ചവെക്കുമ്പോഴും ഒരു കണ്ണും അത്‌ കണ്ടിട്ടില്ലന്നും അതുപോലുള്ളതിനെക്കുറിച്ച്‌ ഒരു ചെവിയും ശ്രവിച്ചിട്ടില്ലെന്നും നമ്മെ അനുസ്മരിപ്പിച്ച്‌ കൊണ്ടിരിക്കുന്നതില്‍ഒട്ടും അത്ഭുതപ്പെടാനില്ലതന്നെ. അത്പോലെതന്നെ നരകശിക്ഷയെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിക്കുമ്പോഴും നരകാഗ്നി എന്താണെന്ന്‌ നിനക്കെന്തറിയാമെന്ന്‌ ചോദിച്ചുകൊണ്ട്‌ നമ്മെതാക്കീത്‌ ചെയ്യുകയും ചെയ്യുന്നു. അദൃശ്യതയുടെ അര്‍ത്ഥവുംതേടി കൂടുതല്‍ ആഴത്തില്‍ ചികഞ്ഞിറങ്ങുമ്പോഴും കിനാവില്‍ പോലും കാണാനാവാത്ത സാധ്യതകളുടെ വിശാലവീഥികള്‍ നമ്മുടെ ദര്‍ശന ചക്രവാളത്തില്‍ പ്രത്യക്ഷമാവുന്നത്‌ കാണാം. എന്നാല്‍ നിഗൂഢ യാഥാര്‍ത്ഥ്യങ്ങളുടെ പര്യടനയുക്തമല്ലാത്ത വീഥികള്‍ക്കപ്പുറമുള്ളതിനെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ നമുക്ക്‌ എന്നും ദൈവിക വെളിപാടുകളുടെ ആവശ്യകതയുണ്ട്‌. നമ്മുടെ അന്വേഷണങ്ങള്‍ക്ക്‌ തടസ്സം സൃഷ്‌ ടിക്കുന്നത്‌ മനുഷ്യന്‍റെ സംവേദനക്ഷമതയുടെ പരിമിതികള്‍ മാത്രമല്ല. നമ്മുടെ സംവേദനേന്ദ്രിയപരിധികള്‍ക്കകത്തുള്ള നിഗൂഢതകള്‍ തന്നെ നാം മനസ്സിലാക്കിയിരിക്കുന്നതിനേക്കാള്‍എത്രയോ മടങ്ങ്‌ കൂടുതലാണ്‌. അദൃശ്യതയിലുള്ള വിശ്വാസം ഏത്‌ തരത്തിലു ളളതായാലും അത്‌ തീര്‍ച്ചയായും ഒന്നുമില്ലായ്മയിലുള്ള വിശ്വാസമല്ലതന്നെ. ഒന്നുമല്ലായ്മയില്‍ വിശ്വസിക്കുക എന്നത്‌ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസ തിരസ്കാരമാണ്‌. ഈ സൂക്തങ്ങളിലടങ്ങിയിരിക്കുന്ന പ്രതിഭ വിശ്വാസികളുടെ സഞ്ചാരപഥങ്ങളെ ബോധദീപ്തമാക്കുകയും കണ്ടുപിടിത്തങ്ങള്‍ക്ക്‌ വേണ്ടിയുള്ള നിരന്തര പ്രയാണരീതിയിലേക്ക്‌ നയിക്കുകയുംചെയ്യുന്നു. അവരെ സംബന്ധിച്ചിടിത്താളം ഒന്നും നിരര്‍ത്ഥകവും നിശ്ശൂന്യവുമല്ല. വിജ്ഞാനത്തിന്‍റെ സീമാതീത ഭണ്ഡാരങ്ങള്‍ കണ്ടെത്തുവാന്‍ തിരശ്ശീലയുയര്‍ത്തപ്പെടേണ്ട താമസം മാത്രമേയുള്ളൂ.

നാം കരസ്ഥമാക്കിയ ഈ അല്‍പ ജ്ഞാനത്തില്‍ നാമെത്രതന്നെ അഹങ്കരിച്ചാലും മാനം തൊട്ടു നില്‍ക്കുന്ന മലനിരകള്‍ക്കരികിലെ മണ്‍കൂനപോലെ അത്രയും നിസ്സാരമാണവ. ഭൂമിയിലെ പര്‍വ്വതനിരകള്‍, അനന്തവും അവിരാമവുമല്ലെന്ന്‌ നമുക്കറിയാം. എന്നാല്‍ നമ്മുടെ ചര്‍ച്ചയിലിരിക്കുന്ന ഈ വിജ്ഞാനപര്‍വ്വത നിരകള്‍ ആദിയും അന്ത്യവുമില്ലാതെ അനന്തതയുടെ അപാരതയില്‍ വ്യാപിച്ചു കിടക്കുകയാണ്‌.

Tuesday, June 1, 2010

പരിണാമ വിധേയനായ മനുഷ്യന്‍


ഖുര്‍ആനിക വചനങ്ങളും വൈജ്ഞാനിക സത്യങ്ങളുംപരസ്പര പൂരകങ്ങളാണ്‌. ശാസ്ത്രത്തിന്‍റെ ഇതുവരേയുള്ള കണ്ടെത്തലുകളും വൈജ്ഞാനിക മണ്ഡല വികാസവും ഖുര്‍ആനിക വെളിപാടുകളെ സത്യപ്പെടുത്തുന്നവയാണ്‌. ഇന്ന്‌ കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക്‌ വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌ ശ്രദ്ധിക്കുക:

"ഏഴാകാശങ്ങളേയും പടിപടിയായി സൃഷ്ടിച്ചവനാണവന്‍" (സൂറ മുല്‍ക്ക്‌, വചനം 4)

അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ യാതൊരു വിടവും പരസ്പരവൈ രുദ്ധ്യങ്ങളും കാണുകയില്ലെന്ന്‌ഖുര്‍ആന്‍ തുടര്‍ന്ന്‌ പ്രസ്താവിക്കുന്നു. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട്‌ തത്ത്വങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിക്കുന്നത്‌. ഒന്നാമത്തേത്‌, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായിസൃഷ്ടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്‌ ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്‌.

സൃഷ്ടിപ്പിനെക്കുറിച്ച്‌ പറഞ്ഞിടെത്തല്ലാം 'റബ്ബ്‌' എന്ന ദൈവിക ഗുണനാമമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. റബ്ബ്‌ എന്നതിന്‌ വളരെ താഴ്ന്നപടിയില്‍ നിന്ന്‌ ഉയര്‍ന്ന പദവിയിലേക്ക്‌ വളര്‍ത്തിക്കൊണ്ട്‌ വരുന്നവന്‍ എന്നാണര്‍ത്ഥം. റബ്ബ്‌ എന്ന പ്രയോഗത്തിലൂടെ സൃഷ്ടിപ്പ്‌ എന്ന പ്രക്രിയ പടിപടിയായി അഭിവൃദ്ധിയുടെ ശ്രേണിയിലൂടെ നിര്‍വഹിക്കപെടുന്നതാണ്‌ എന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ മറ്റൊരിടത്ത്‌ പറയുന്നു:

"നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്നു മറ്റൊരുസ്ഥിതിയിലേക്ക്‌ പടിപടിയായി കയറിപ്പോയ്ക്കൊണ്ടിരിക്കും" (84:20).

സര്‍വ സൃഷ്ടികളെയുംബാധിക്കുന്ന ഒരു തത്ത്വമാണിത്‌. പരി ണാമത്തിന്‍റെ വിവിധ ഘട്ടങ്ങളെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയകള്‍ വിവിധങ്ങളായിരുന്നു. എങ്കിലും മനുഷ്യനിലേ ക്കുള്ള ലക്ഷ്യത്തിന്‌ യാതൊരുവ്യതിചലനവും ഉണ്ടായില്ല. സൃഷ്ടി പ്പിന്‍റെ അന്തിമ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യനായിരുന്നു എന്നതിന്‌ സംശയമില്ല.

ഭൂമിയിലെ ജൈവ പരിണാമ ശൃംഖല യിലെ ഒടുവിലത്തെ കണ്ണിയാണോ മനുഷ്യന്‍? മറ്റെല്ലാ ജന്തുക്കളെക്കാളുംവികസിതനാണ്‌ മനുഷ്യന്‍. മനുഷ്യനെ ക്കാള്‍ ശ്രേഷ്ഠതരങ്ങളായ ഇന്ദ്രിയങ്ങളുള്ള, ഗ്രാഹ്യതയുടെ പുതിയ മാന ങ്ങള്‍ കൈവരിക്കുവാന്‍ ശേഷിയുള്ള, കൂര്‍മ്മുദ്ധിയുള്ള, ഒരു ജീവിക്ക്‌ മനുഷ്യന്‍ വഴിമാറിക്കൊടുക്കേണ്ടിവരുമോ? വ്യത്യസ്തമായ ശരീരഘടനയും ആകാര വുമുള്ള ഒരു നൂതന ജൈവവര്‍ഗ്ഗം ഭൂമിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യ തയുണ്ടോ?

ഇസ്­ലാമല്ലാതെ മറ്റൊരു മതവും, ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച്‌ സൂക്ഷ്മവിചിന്തനം നടത്തുവാന്‍ മുതിര്‍ന്നിട്ടില്ല. വിശുദ്ധഖുര്‍ആന്‍ ഇത്തരം പ്രശ്നങ്ങളുന്നയിച്ച്‌ കൊണ്ട്‌ അവയെക്കുറിച്ച്‌ അപഗ്രഥനം നടത്തി ഇതിന്നുള്ള സാദ്ധ്യതയെക്കുറിച്ച്‌ പ്രവചിച്ചിരി ക്കുന്നുവെന്നത്‌ വിശുദ്ധ ഖുര്‍ആന്‍റെ അത്ഭുതകരമായ സവിശേഷതയാണ്‌.

ഭൂമിയില്‍വെച്ചും പരലോകത്തുവച്ചും സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്‌. മരണാനന്തരം മനുഷ്യന്‍ തികച്ചും വ്യത്യസ്തമായ രൂപത്തോടു കൂടി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. അതേസമയം ഇവിടെ ഭൂമിയില്‍ വെച്ച്‌ തന്നെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്‌. അത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ മനുഷ്യനേ ക്കാള്‍ ശ്രേഷ്ഠമായ സവിശേഷതകളോട്‌ കൂടിയ ഒരു ജൈവഗണത്തിന്‍റെരംഗപ്രവേശചിത്രീകരണങ്ങള്‍ കാഴ്ച വെക്കുന്നവയാണ്‌.

മനുഷ്യനായി പിറന്ന ആര്‍ക്കും സങ്കല്‍പ്പിക്കുവാന്‍പോലും സാധ്യമല്ലായിരുന്ന ഒരു കാലത്ത്‌, അതിവിദൂരഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ചില സംഭ വങ്ങളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ദ്വയാര്‍ത്ഥ വ്യാപ്തിയുള്ള ഭാഷാ പ്രയോഗങ്ങളിലൂടെ ഖുര്‍ആന്‍ ഒരേസമയം പ്രതിപാദിക്കുന്നതായി കാണാവുന്നതാണ്‌. ഈ സൂക്ത ങ്ങളടങ്ങിയിരിക്കുന്ന പ്രവചനങ്ങള്‍ ഇഹലോകത്തേക്കും, പരലോകിത്തക്കും ബാധകമായവയുമാണ്‌.

മരണാനന്തര ജീവിതത്തില്‍ പരിവര്‍ത്തിത ആകാരത്തോട്‌ കൂടിയ ഒരു അസ്തിത്വത്തിനുള്ള സാദ്ധ്യതയെക്കുറിച്ച്‌ വിശകലനം ചെയ്തശേഷം, മനുഷ്യനില്‍നിന്ന്‌ തികച്ചും വ്യത്യസ്തവും എന്നാല്‍ മനുഷ്യന്‌ പകരം ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്നതുമായ ചില പുതിയതരം ജൈവരൂപങ്ങളുടെ പ്രാദുര്‍ഭാവത്തെക്കുറിച്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ വളരെ സ്പഷ്ടമായി ചിത്രീകരിക്കുന്നത്‌ കാണുക:

"അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീതിയുക്തമായ നിലയില്‍ സൃഷ്ടിച്ചിരിക്കുന്നത്‌ നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുന്നതായാല്‍ നിങ്ങളെ അവന്‍ നശിപ്പിക്കുകയും തല്‍സ്ഥാനത്ത്‌ ഒരു പുതിയ സൃഷ്ടിയെകൊണ്ടുവരുകയും ചെയ്യുന്നതാണ്‌. അല്ലാഹുവിന്‌ അത്‌ പ്രയാസമുള്ളകാര്യമല്ല." (14:20,21)

ഈ സൂക്തങ്ങളെ മരണാനന്തര ജീവിതവുമായി ബന്ധപ്പെടുത്താവുന്നതല്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന "ഇന്‍യശാഅ്‌ യുധിബ്കും" എന്ന തിലെ 'എങ്കില്‍' എന്നര്‍ഥംവരുന്ന "ഇന്‍" എന്ന സോപാധിക ഉപസര്‍ഗ്ഗ പ്രയോഗം ഇത്‌ മരണാനന്തര ജീവിതത്തെ സംബന്ധിച്ചുള്ളതല്ല എന്നാണ്‌മനസ്സിലാക്കിത്തരുന്നത്‌. ഇത്‌ മരണാനന്തരാവസ്ഥയെ സംബന്ധിച്ചുള്ളതായിരുന്നുവെങ്കില്‍ ഈ പ്രയോഗം മരണാ നന്തര ജീവിതം എന്ന അസന്ദിഗ്ധാവസ്ഥ സംശയാസ്പദമായ ഒരവസ്ഥയായി മാറുമായിരുന്നു. എന്നാല്‍ മരണാനന്തര ജീവിതം എന്നത്‌ കേവലം നിരുപാധിക യാഥാര്‍ത്ഥ്യമാണെന്നാണ്‌ ഖുര്‍ ആനിലുടനീളം പ്രസ്താവിച്ചിരിക്കുന്നത്‌. മനുഷ്യന്‌ പകരം മറ്റ്‌ മനുഷ്യനെ കൊണ്ട്‌ വരുമെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്‌. ഒരു പുതിയ സൃഷ്ടിയെ അസ്തിത്വത്തില്‍ കൊണ്ടുവരുമെന്നാണ്‌ വ്യക്തമായും ഈ വചനംസൂചിപ്പിക്കുന്നത്‌. മുഴുമനുഷ്യ വര്‍ഗ്ഗത്തിനും പകരമായുള്ള ഒരു വ്യത്യസ്ത സൃഷ്ടിയെ കൊണ്ടുവരുമെന്നാണ്‌ഇവിടെ പറഞ്ഞിരിക്കുന്നത്‌.

അല്ലാഹു ഈ മുഴുപ്രപഞ്ചത്തേയും നീതിയുക്തമായ നിലയിലാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സൃഷ്ടികളില്‍ വെച്ചേറ്റവുമുല്‍കൃഷ്ടനായ മനുഷ്യനേയും നീതിയുക്തമായ നിലയില്‍ തന്നെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മരണാനന്തരജീവിതം എന്ന വിഷയത്തില്‍നിന്നു ഭിന്നമായി, മനുഷ്യന്‍റെ സ്ഥാനം കവര്‍ന്നുകൊണ്ട് ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന തികച്ചും വ്യത്യസ്തമായ രൂപത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കു ന്നുണ്ട്‌:

"അവരെ സൃഷ്ടിച്ചതും അവരുടെ ശരീരഘടനയെ ബലപ്പെടുത്തിയതും നാമാണ്‌. നാം ഉദ്ദേശിക്കുന്നതായാല്‍ അവരുടെ ആകാരങ്ങള്‍ തികച്ചും മാറ്റിമറിക്കുന്നതാണ്‌" (76:29).

വീണ്ടും മറ്റൊരിടത്ത്‌:

"അല്ല, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെ യും നാഥനെക്കൊണ്ട്‌ ഞാന്‍സത്യം ചെയ്യുന്നു. തീര്‍ച്ചയായും നാം അവര്‍ക്ക്‌ പകരം അവരെക്കാള്‍ ശ്രേഷ്ഠരായവരെ കൊണ്ട്‌വരാന്‍ കഴിവുള്ളവനാണ്‌. നാം ഒരിക്കലും പിന്‍തള്ളപ്പെടുന്നവനല്ല" (70:41,42).

ഭൌമജീവികളില്‍ ബുദ്ധികൊണ്ടും കഴിവുകൊണ്ടും ഇന്ദ്രിയജ്ഞാനം കൊണ്ടും സമുന്നത സ്ഥാനമലങ്കരിക്കുന്നത്‌ മനുഷ്യനാണ്‌. എന്നാല്‍ മനുഷ്യനെക്കാള്‍ ധാരണാശക്തിയും വിവേകവും ബോധേന്ദ്രിയങ്ങളുമുള്ള ഒരു വികസിത ജൈവവര്‍ഗ്ഗം രംഗപ്രവേശംചെയ്യപ്പെടാനുള്ള സാദ്ധ്യത ഖുര്‍ആന്‍ഉയിച്ചിരിക്കുകയാണ്‌. തീര്‍ച്ചയായും ഇത്‌ സംഭവിക്കുക തന്നെ ചെയ്യുമെന്നല്ല, മറിച്ച്‌, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പദ്ധതിയനുസരിച്ച്‌ അവന്‌ അതിനുള്ള കഴിവും ശക്തിയും ഉണ്ടെന്നാണ്‌ സ്ഥിരീകരിക്കുന്നത്‌. ആകസ്മികതയില്‍ അധിഷ്ഠിതമായ അന്ധമായ ഒരു പരിണാമ വളര്‍ച്ചയല്ല ഖുര്‍ആന്‍ മുന്നോട്ട്‌വെക്കുന്നത്‌. അവിച്ഛിന്നമായ ഒരു പരിണാമ പ്രക്രിയക്കുള്ള സാദ്ധ്യതയാണ്‌ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഇത്‌ ഖുര്‍ആന്‍റെ രചയിതാവിന്‍റെ സൂക്ഷ്മജ്ഞാ നത്തിനും ദീര്‍ഘദൃഷ്ടിക്കുമുള്ള മഹത്തായ ഒരു ബഹുമതിയാണ്‌. മനുഷ്യ പരിണാമ സാദ്ധ്യതയെക്കുറിച്ച്‌ മറ്റൊരുമതവും സൂചിപ്പിക്കുന്നുപോലുമില്ല.

ജൈവലോകം പരിണാമ വികാസ ത്തിന്‌ വിധേയമായത്പോലെ മനുഷ്യനും തുടര്‍ന്നുള്ള ഒരു പരിണാമ പ്രക്രിയക്ക്‌ വിധേയനാകുമോ? അതല്ല ആദിമുതല്‍ക്കുള്ള പുതിയൊരു പരിണാമ ശൃംഖലക്ക്‌ വീണ്ടും പ്രാരംഭം കുറിക്കുമോ? ഏതിനാണ്‌ കൂടുതല്‍ സാധ്യത എന്നത്‌ ഇപ്പോള്‍ നമ്മുടെ ഗ്രാഹ്യതക്ക്‌ അപ്പുറമുള്ള കാര്യമാണ്‌. അതായത്‌, നമ്മെ സംബന്ധിച്ചിടത്താളം ഇന്നത്‌ ഒരു അദൃശ്യ കാര്യമാണ്‌. എല്ലാ അദൃശ്യകാര്യങ്ങളും ക്രമേണ ദൃശ്യമേഖലയിലേക്ക്‌ മാറിക്കൊ ണ്ടിരിക്കയാണ്‌. ശാസ്ത്രം വളരു ന്നതനുസരിച്ച്‌ സാങ്കേതിക മികവ്‌ കൂടുന്താറും നാം പുതിയ പുതിയ വൈജ്ഞാനിക മേഖലകള്‍ കയ്യടക്കിവരികയാണ്‌. പ്രകൃത്യാധിഷ്ഠിതമായ ബോധനരീതിയാണിത്‌. ദൃശ്യവും അദൃശ്യ വുമായ സകലതിന്‍റെയും നാഥന്‍അല്ലാഹുവാണ്‌. അവന്‍ നമ്മുടെ വൈജ്ഞാനിക ചക്രവാളം ക്രമേണ ക്രമേണ വികസിപ്പിച്ച്കൊണ്ടിരിക്കുകയാണ്‌. അതിന്‍റെ ഫലമായി നമ്മുടെ വീക്ഷണം വിപുലീകരിക്കപ്പെടുകയും അത്‌വരെ അജ്ഞതയുടെ തിരശ്ശീലക്ക്‌ പിന്നില്‍ സ്ഥിതിചെയ്തിരുന്ന കാര്യങ്ങള്‍ ദൃശ്യ ഗോചരങ്ങളായിക്കൊണ്ടിരിക്കുകയുമാണ്‌.

(അവലമ്പം: Revelation, Rationality, Knowledge and Truth.)