Wednesday, June 2, 2010

പരലോകവിശ്വാസം

ഇതുവരെ മനുഷ്യന്‍ അറിഞ്ഞ ജ്ഞാനം തനിക്കറിഞ്ഞുകൂടാത്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന ന്തതയുടെ അപാര വിസ്തീര്‍ണ്ണമായ ക്യാന്‍വാസിലെ ഒരു ബിന്ദുവോ, അല്ലെങ്കില്‍ അതിനേക്കാളും സൂക്ഷ്മമായ അണുവോ മാത്രമാണെന്ന അവബോധം അവനില്‍ ജനിപ്പിക്കുന്നു. വിനയാന്വിതനാവുക എന്ന സന്ദേശം വര്‍ദ്ധിച്ചുവരുന്ന ഈ അവബോധവുമായിബന്ധപ്പെട്ടു കിടക്കുന്നതാണ്‌.

ഇന്നത്തെ നമ്മുടെ ജ്ഞാനം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉണ്ടായിരി ക്കുന്നതിനേക്കാള്‍ കോടിക്കണക്കിന്‌ ഇരട്ടിച്ചിട്ടുണ്ട്‌. ഒരായിരം വര്‍ഷങ്ങള്‍ക്ക്‌ ശേഷമുണ്ടാകുന്ന നമ്മുടെ ജ്ഞാനപരിമാണം ഇന്നുള്ളതിനേക്കാള്‍ കോടിക്കണക്കിനിരട്ടിയായിരിക്കുകയുംചെയ്യും. എന്നാലും, അല്ലാഹുവിന്‍റെ അദൃശ്യജ്ഞാന ഭണ്ഡാരവുമായി താര തമ്യപ്പെടുത്തുമ്പോള്‍ അത്‌ തികച്ചും നിസ്സാരവുമായിരിക്കും.

പരിമിതമായ ജ്ഞാനേന്ദ്രിയങ്ങളോട്‌ കൂടിയ മനുഷ്യന്‍, അവനെത്ര വിജ്ഞാനിയും വിവേകിയുമാണെങ്കില്‍പോലും തന്‍റെ ജ്ഞാനേന്ദ്രിയങ്ങളുടെ പരിധികള്‍ ലംഘിക്കുവാന്‍ അവന്‌സാദ്ധ്യമല്ല. അതേസമയം, മനുഷ്യന്‌ കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതുമല്ല. മനുഷ്യ പരിധികള്‍ക്കപ്പുറമുള്ള യാഥാത്ഥ്യങ്ങളെക്കുറിച്ച്‌ അറിവ്‌ നല്‍കുവാന്‍ ദൈവത്തിന്‌ മാത്രമെ സാദ്ധ്യമാവുകയുള്ളൂ.

ഖുര്‍ആന്‍ ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്ന പരലോക ജീവിത സ്വഭാവങ്ങള്‍ ഇത്തരത്തിലുള്ള അജ്ഞേയ മണ്ഡലത്തില്‍പ്പെട്ടതാണ്‌. അതോടനുന്ധിച്ച്‌ മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ ദ്യോതിപ്പിക്കുന്ന രസകരമായൊരു ശൈലിയും ഖുര്‍ആന്‍ പ്രയോഗിക്കുന്നുണ്ട്‌. യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്‌ ദുര്‍ഗ്രഹമായ ഈ വിഷയത്തെക്കുറിച്ച്‌ പ്രതിപാദിച്ചശേഷം "ഹേ മനുഷ്യാ, അതെന്താണന്ന്‌ നിനക്കെന്തറിയാം?" എന്ന കോപ പ്രകടനത്തോടെയാണ്‌ അതിന്‌ വിരാമമിടുന്നത്‌. അത്തരത്തിലുള്ള ചില ഖുര്‍ആനിക സൂക്തങ്ങള്‍ചുവടെ ചേര്‍ക്കുന്നു:

"വിധി നാളെന്തെന്ന്‌ നിനക്കെന്തറിയാം. അതേ വിധി നാളെന്തെന്ന്‌ നിന ക്കെന്തറിയാം?" (82:18,19)

"സത്യമായി പുലരുന്ന ആ സംഭവം സത്യമായി പുലരുന്ന സംഭവമെന്താണ്‌? സത്യമായി പുലരുന്ന സംഭവമെന്തെന്ന്‌ നിനക്കെന്തറിയാം" (69:2-4)

"അവനെ ഞാനടുത്തു തന്നെ നരകത്തില്‍ തള്ളി വിടും. നരകം എന്നാല്‍ എന്തെന്ന്‌ നിനക്കറിയാമോ?" (74:27,28)

യഥാര്‍ത്ഥ പ്രശ്നം ദൈവത്തിന്‍റെ കഴിവ്കേടിലല്ല, മറിച്ച്‌ മനുഷ്യേന്ദ്രിയങ്ങളുടെ പരിമിതിയുമായി ബന്ധപ്പെട്ടാണ്‌കിടക്കുന്നത്‌. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളില്ലാത്ത ഒരു വ്യക്തിക്ക്‌ ആ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ഒന്നിന്‍റെയും യഥാര്‍ത്ഥ സ്വഭാവമറിയുവാന്‍ കഴിയുകയില്ല. ബധിരന്‌ ശബ്ദമെന്താണെന്നും അന്ധന്‌ കാഴ്ചയെന്താണെന്നും മനസ്സിലാക്കുവാന്‍ സാധ്യമല്ല. എങ്കിലും കാഴ്ചയും ശബ്ദ ശ്രവണവും സാദ്ധ്യമായവര്‍ക്ക്‌ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഇത്തരം ധാരണകളെക്കുറിച്ച്‌ അത്തരക്കാരെ മനസ്സിലാക്കിക്കുവാന്‍ ഒരുനിഷ്ഫല ശ്രമം നടത്താവുന്നതാണ്‌. അതുപോലെ ഖുര്‍ആന്‍ പരലോകജീവിതത്തെക്കുറിച്ച്‌ പ്രതിപാദിക്കുമ്പോ വിവരിക്കപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന്‌ മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ലെന്ന്‌ മനുഷ്യനെ അതുണര്‍ത്തുകയും ചെയ്യുകയാണ്‌. ഇവിടെ മനുഷ്യപരിമിതികളെയാണ്‌ എടുത്തുകാട്ടുന്നത്‌. അല്ലാതെ ദൈവത്തിന്‍റെതല്ല. ഇവിടുത്തെ സംഗതി വളരെ വാചാലവും വ്യക്തവുമാണ്‌. നമ്മുടെ ലൌകിക ബോധേന്ദ്രിയങ്ങള്‍ക്ക്‌ പുറമെ ചില പുതിയ ഇന്ദ്രിയങ്ങള്‍ കൂടി മരണാനന്തര ജീവിതത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

അതിനാല്‍ വര്‍ണ്ണങ്ങളും പ്രകാശവും എന്തായിരിക്കാമെന്ന ഏകദേശ സങ്കല്‍പം മാത്രമുള്ള ഒരുത്തനെപ്പോലെ, മരണാനന്തര ജീവിതമെന്ന അജ്ഞേയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഏറെക്കുറെ മങ്ങിയിരുണ്ട ഒരു ഭാവനമാത്രമെ ഇന്ന്‌ നമുക്കുള്ളൂ. ഹേ മനുഷ്യാ, അതെന്താണെന്ന്‌ നിനക്കെന്ത റിയാം?

നാം ഭൂമിയില്‍ ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ സംവേദനശക്തി കൂടുതലാവുമ്പോള്‍ നമ്മുടെ ഊഹങ്ങള്‍ക്കും ധാരണകള്‍ക്കും അതീതമായി നമ്മുടെ അനുഭവങ്ങള്‍ പൂര്‍ണ്ണമായി മാറ്റിമറിക്കപ്പെടുന്നു.

സ്നേഹം എന്താണെന്ന്‌ നമുക്കറിയാമെന്ന്‌ നാം കരുതുന്നു. യാതനകള്‍ നമുക്ക്‌ പരിചിതങ്ങളാണെന്ന്‌ നാം കരുതുന്നു. പരലോകത്തിലെ സ്നേഹമെന്തായിരിക്കും? യാതനകള്‍ എന്തായിരി ക്കും? ഖുര്‍ആന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വര്‍ണാഞ്ചിത ചിത്രം കാഴ്ചവെക്കുമ്പോഴും ഒരു കണ്ണും അത്‌ കണ്ടിട്ടില്ലന്നും അതുപോലുള്ളതിനെക്കുറിച്ച്‌ ഒരു ചെവിയും ശ്രവിച്ചിട്ടില്ലെന്നും നമ്മെ അനുസ്മരിപ്പിച്ച്‌ കൊണ്ടിരിക്കുന്നതില്‍ഒട്ടും അത്ഭുതപ്പെടാനില്ലതന്നെ. അത്പോലെതന്നെ നരകശിക്ഷയെക്കുറിച്ച്‌ വ്യക്തമായി പ്രതിപാദിക്കുമ്പോഴും നരകാഗ്നി എന്താണെന്ന്‌ നിനക്കെന്തറിയാമെന്ന്‌ ചോദിച്ചുകൊണ്ട്‌ നമ്മെതാക്കീത്‌ ചെയ്യുകയും ചെയ്യുന്നു. അദൃശ്യതയുടെ അര്‍ത്ഥവുംതേടി കൂടുതല്‍ ആഴത്തില്‍ ചികഞ്ഞിറങ്ങുമ്പോഴും കിനാവില്‍ പോലും കാണാനാവാത്ത സാധ്യതകളുടെ വിശാലവീഥികള്‍ നമ്മുടെ ദര്‍ശന ചക്രവാളത്തില്‍ പ്രത്യക്ഷമാവുന്നത്‌ കാണാം. എന്നാല്‍ നിഗൂഢ യാഥാര്‍ത്ഥ്യങ്ങളുടെ പര്യടനയുക്തമല്ലാത്ത വീഥികള്‍ക്കപ്പുറമുള്ളതിനെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ നമുക്ക്‌ എന്നും ദൈവിക വെളിപാടുകളുടെ ആവശ്യകതയുണ്ട്‌. നമ്മുടെ അന്വേഷണങ്ങള്‍ക്ക്‌ തടസ്സം സൃഷ്‌ ടിക്കുന്നത്‌ മനുഷ്യന്‍റെ സംവേദനക്ഷമതയുടെ പരിമിതികള്‍ മാത്രമല്ല. നമ്മുടെ സംവേദനേന്ദ്രിയപരിധികള്‍ക്കകത്തുള്ള നിഗൂഢതകള്‍ തന്നെ നാം മനസ്സിലാക്കിയിരിക്കുന്നതിനേക്കാള്‍എത്രയോ മടങ്ങ്‌ കൂടുതലാണ്‌. അദൃശ്യതയിലുള്ള വിശ്വാസം ഏത്‌ തരത്തിലു ളളതായാലും അത്‌ തീര്‍ച്ചയായും ഒന്നുമില്ലായ്മയിലുള്ള വിശ്വാസമല്ലതന്നെ. ഒന്നുമല്ലായ്മയില്‍ വിശ്വസിക്കുക എന്നത്‌ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസ തിരസ്കാരമാണ്‌. ഈ സൂക്തങ്ങളിലടങ്ങിയിരിക്കുന്ന പ്രതിഭ വിശ്വാസികളുടെ സഞ്ചാരപഥങ്ങളെ ബോധദീപ്തമാക്കുകയും കണ്ടുപിടിത്തങ്ങള്‍ക്ക്‌ വേണ്ടിയുള്ള നിരന്തര പ്രയാണരീതിയിലേക്ക്‌ നയിക്കുകയുംചെയ്യുന്നു. അവരെ സംബന്ധിച്ചിടിത്താളം ഒന്നും നിരര്‍ത്ഥകവും നിശ്ശൂന്യവുമല്ല. വിജ്ഞാനത്തിന്‍റെ സീമാതീത ഭണ്ഡാരങ്ങള്‍ കണ്ടെത്തുവാന്‍ തിരശ്ശീലയുയര്‍ത്തപ്പെടേണ്ട താമസം മാത്രമേയുള്ളൂ.

നാം കരസ്ഥമാക്കിയ ഈ അല്‍പ ജ്ഞാനത്തില്‍ നാമെത്രതന്നെ അഹങ്കരിച്ചാലും മാനം തൊട്ടു നില്‍ക്കുന്ന മലനിരകള്‍ക്കരികിലെ മണ്‍കൂനപോലെ അത്രയും നിസ്സാരമാണവ. ഭൂമിയിലെ പര്‍വ്വതനിരകള്‍, അനന്തവും അവിരാമവുമല്ലെന്ന്‌ നമുക്കറിയാം. എന്നാല്‍ നമ്മുടെ ചര്‍ച്ചയിലിരിക്കുന്ന ഈ വിജ്ഞാനപര്‍വ്വത നിരകള്‍ ആദിയും അന്ത്യവുമില്ലാതെ അനന്തതയുടെ അപാരതയില്‍ വ്യാപിച്ചു കിടക്കുകയാണ്‌.

1 comment:

ea jabbar said...

ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ ഭാവനയും അറിവും വിഭ്രാന്തിയുമല്ലാതെ ഈ കുര്‍ ആന്‍ എന്ന കൃതിയില്‍ ഇപ്പറയുന്ന ഇന്ദ്രിയാതീതമായ ഒരു കോപ്പും ഞാന്‍ കണ്ടില്ല. അതു കൊണ്ടു തന്നെ അതൊന്നും ഒരു ദൈവം പറഞ്ഞതോ അറിയിച്ചതോ ആണെന്നു വിശ്വസിക്കാന്‍ കഴിയുന്നുമില്ല !
അതിലും നിലവാരമുള്ള എത്രയോ ഗ്രന്ഥങ്ങള്‍ മനുഷ്യര്‍ രചിച്ചതു നമ്മുടെ മുന്നിലുണ്ട് !