Wednesday, June 16, 2010

കല്ലെറിഞ്ഞുകൊല്ലലും ഖുര്‍‌ആനും

മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ പലരും കണ്ടിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇ-മെയിലിലൂടെ വ്യാപകമായി പ്രചരിച്ചതാണ് ഈ ചിത്രങ്ങള്‍. വ്യഭിചാരക്കുറ്റത്തിന് സോമാലിയയില്‍ നടന്ന ഒരു ശിക്ഷാവിധിയുടെ രംഗങ്ങളാണ് ചിത്രങ്ങളില്‍. ഇസ്‌ലാമിക ശരിയത്തിന്‍റെ അടിസ്ഥാനത്തിലാണത്രേ അതിക്രൂരമായ ഈ ശിക്ഷാവിധി നടപ്പാക്കിയിട്ടുള്ളത്. വാസ്തവത്തില്‍ ഇസ്‌ലാമിക ശരിയത്തില്‍ വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷാവിധി ഉണ്ടോ? വിശുദ്ധ ഖുര്‍‌ആന്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നുണ്ടോ?

മനുഷ്യനെ എല്ലാ നിലയിലും ദൈവ സാമീപ്യത്തിലെത്തിക്കേണ്ട ധര്‍മ്മിക ഗുണങ്ങളേക്കുറിച്ച് ഉപദേശിച്ചതിനു ശേഷമാണ് കുറ്റത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ഇസ്‌ലാം പ്രതിപാദിക്കുന്നത്. അപ്പോള്‍ ശിക്ഷകള്‍ക്ക് വേദിയൊരുക്കുന്നതിനു മുമ്പായി ധാര്‍മ്മിക ബദ്ധമായ ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടി അനിവാര്യമാണ്. അതിനു വേണ്ടി മതങ്ങളും ഭരണകൂടവും പരിശ്രമിക്കേണ്ടതുണ്ട്. പ്രവാചകന്‍റെ കാലത്ത് ധാര്‍മ്മിക പ്രബുദ്ധമായ ഒരു സമൂഹത്തിന്‍റെ രൂപീകരണത്തിനു ശേഷമായിരുന്നു കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ വ്യക്തിയെപ്പോലെതന്നെ സമൂഹത്തിനും പങ്കുണ്ട്. ഇസ‌ലാമിനെ ജനമദ്ധ്യത്തില്‍ തരം താഴ്ത്തിക്കാണിക്കാന്‍ പാശ്ചാത്യ ശക്തികള്‍ ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടപ്പില്‍ വരുത്തുന്ന ശീക്ഷയെ ക്കുറിച്ച് മോശമായി ചിത്രീകരിക്കുകയും അത്ന് വമ്പിച്ച പ്രചാരണം നല്‍കുകയും ചെയുന്നു. മേല്‍ കൊടുത്തിരിക്കുന്ന ഇ-മയില്‍ ചിത്രങ്ങളും ഇതിന്‍റെ ഭാഗം തന്നെ.

യഹൂദ ക്രൈസ്തവ ഇസ്‌ലാം മതങ്ങള്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന മതങ്ങ്ളാണ്. നാം ചെയ്യുന്ന ചെയ്തികള്‍ക്ക് മരണാനന്തര ജീവിതത്തില്‍ നല്ലതിനു നല്ല പ്രതിഫലവും ചീത്തക്ക് ചീത്ത പ്രതിഫലവും ലഭിക്കും എന്ന് അവ പഠിപ്പിക്കുന്നു. തെറ്റുചെയ്തവര്‍ ഒരു പക്ഷേ ഇവിടെ നിന്ന് രക്ഷപ്പെട്ടാലും ദൈവ സന്നിധിയില്‍ അവനു ശിക്ഷ ലഭിക്കും. ഇത്തരത്തിലുള്ള മത വിശ്വാസങ്ങളും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ശിക്ഷാ നിയമങ്ങള്‍ രാജ്യത്തിന്‍റെ ക്രമസമാധാന നിലയും അരാചകത്വമില്ലായ്മയും ഉറപ്പു വരുത്താനാണ്.

നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. വ്യഭിചാരിക്ക് എന്തു ശിക്ഷയാണ് ഇസ്‌ലാം വിധിക്കുന്നത്? വിശുദ്ധ ഖുര്‍‌ആന്‍ ഇതിനെക്കുറിച്ച് എന്തു പറയുന്നു?

വിശുദ്ധ ഖുര്‍‌ആനിലെ 24-)o അധ്യായം മൂന്നാം വചനത്തില്‍ ഇങ്ങനെ കാണുന്നു:

"വ്യഭിചാരിണിയെയും വ്യഭിചാരിയെയും (കുറ്റം തെളിഞ്ഞാല്‍) നൂറു വീതം ചമ്മട്ടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്. അവര്‍ രണ്ടുപേരുടെയും ശിക്ഷയ്ക്ക് ഒരു കൂട്ടം വിശ്വാസികള്‍ സാക്ഷ്യം വഹിക്കട്ടെ".

യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരിച്ച സ്ത്രീക്കും പുരുഷനും 100 വീതം ചമ്മട്ടിയടിയില്‍ കവിഞ്ഞ ഒരു ശിക്ഷയും ഖുര്‍‌ആന്‍ പറയുന്നില്ല. ഈ ശിക്ഷ തന്നെ കഠിനമായ ഒരു ശിക്ഷയാണെന്ന് "വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്." എന്ന വാക്യം സൂചിപ്പിക്കുന്നു. അപ്പോള്‍ പിന്നെ കല്ലെറിഞ്ഞുകൊല്ലുക എന്ന അതി ക്രൂരമായ ഒരു ശിക്ഷാവിധി ഇവിടെ തികച്ചും അപ്രസക്തമാകുന്നു.

ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍‌ആന്‍ നല്ലാം അദ്ധ്യായത്തിലെ ഇരുപത്തി ആറാം വചനത്തില്‍ ഇപ്രകാരം പറയുന്നു:

"അവര്‍ (അടിമസ്ത്രീകള്‍) വിവാഹം കഴിഞ്ഞതിനു ശേഷം ഏതെങ്കിലും അസാന്മാര്‍ഗ്ഗികതയില്‍ ഏര്‍പ്പെട്ടാല്‍, സ്വതന്ത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ പകുതി ശിക്ഷ അവര്‍ക്കു നല്‍കേണ്ടതാണ്."

ഇവിടെ പകുതിയാക്കാന്‍ പറ്റുന്ന ഒരു ശിക്ഷയെക്കുറിച്ചാണ് പറയുന്നത്. എറിഞ്ഞുകൊല്ലല്‍ പകുതിയാക്കാന്‍ പറ്റുമോ?

നേരത്തെ പറഞ്ഞതുപോലെ, ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹത്തിന്‍റെ ക്രമസമാധാന നിലയും അരാജകത്വമില്ലായ്മയും ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. ഉദാഹരണത്തിന് ഒരു വ്യഭിചാരിയെയോ വ്യഭിചാരിണിയേയോ ശിക്ഷിക്കണമെങ്കില്‍ നാലു സാക്ഷികള്‍ വേണം. അവര്‍ പറഞ്ഞത് കള്ള സാക്ഷ്യം ആണെങ്കില്‍ സാക്ഷി പറഞ്ഞവര്‍ക്കും അടിശിക്ഷ നല്‍കണം. അവരുടെ സാക്ഷ്യം ഭാവിയില്‍ ഒരു കാര്യത്തിനും സ്വീകരിക്കാനും പാടില്ല. നാലു ദൃക്സാക്ഷികളുടെ മുമ്പില്‍ വെച്ച് ആരെങ്കിലും വ്യഭിചരിക്കും എന്ന് നമുക്ക് അലോചിക്കാന്‍ തന്നെ പ്രയാസം. സെക്സിന്‍റെ കാര്യത്തില്‍ ഒരു വിധ നിയന്ത്രണങ്ങളുമില്ലാത്ത പാശ്ചാത്യ രാജ്യഞ്ഞളില്‍ ഒരുപക്ഷേ, ഇങ്ങനെ സംഭവിച്ചേക്കാം. എന്നാല്‍ തന്നെയും വ്യഭിചരിച്ചവര്‍ക്കെതിരെ സാക്ഷിപറയത്തക്ക നിലയിലുള്ള നാലുപേരുടെ മുന്നില്‍ വെച്ച് ഈ കൃത്യം നിര്‍‌വഹിക്കുക എന്നത് അങ്ങേയറ്റം ജുഗുപ്സാവഹം തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാകും എന്നു തോന്നുന്നില്ല.

പബ്ലിക്കായി ഇത്തരം നീച കൃത്യം ചെയ്യുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം വെറുക്കുന്നു. അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലനം അനുവദിക്കാത്ത ഇസ്‌ലാം, വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ പഴുതുകളും അടയ്ക്കുന്നു. അതിനു ശേഷമാണ് ശിക്ഷയെ സംബന്ധിച്ച്, അതും നാലു സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്ന വിധം പരസ്യമായി ചെയ്യുന്ന വ്യഭിചാരവും ശിക്ഷയ്ക്ക് വിധേയമാക്കിയത്.

ഇസ്‌ലാമില്‍ ശിക്ഷ നല്‍കുന്നത് ക്രമസമാധാന പാലനത്തോടൊപ്പം മനുഷ്യന്‍ അത്മീയമായ നന്നായിത്തീരാന്‍ വേണ്ടി കൂടിയാണ്. നരകത്തിന്‍റെ കണ്‍സെപ്റ്റ് തന്നെ മനുഷ്യനു ബാധിച്ച അത്മീയ രോഗത്തില്‍ നിന്ന് അവനെ മുക്തമാക്കി സ്വര്‍ഗ്ഗസ്ഥനാക്കുന്ന ഒരു ആതുരാലയം പോലെയാണ്. നരകത്തില്‍ ആരും ഇല്ലാത്ത ഒരവസ്ഥ് ഉണ്ടാകും എന്ന് ഹദീസുകളില്‍ നിന്നു മനസ്സികാകുന്നുണ്ട്.

വ്യഭിചാരത്തിന് ഒരു ശിക്ഷ ഖുര്‍‌ആനില്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് നടപ്പിലാക്കുക എന്നത് നബി(സ)യുടെ ബാധ്യതയാണ്. അതില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ ആര്‍ക്കും അധികാരമില്ല. നബി(സ)യുടെ ജീവിതന്‍ തന്നെ വിശുദ്ധ ഖുര്‍‌ആന്‍റെ വ്യാഖ്യാനം ആണ് എന്നു വരുമ്പോള്‍ ശിക്ഷയില്‍ യാതൊരു ഭേധഗതിയും നബിതിരുമേനി (സ്) മുഖേന സംഭവിക്കാന്‍ ഇടയില്ല. സര്‍‌വ്വ സൃഷ്ടികള്‍ക്കും കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ നബി(സ) ശിക്ഷ എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കുന്ന പ്രകൃതക്കാരനായിരുന്നു. വ്യഭിചാരത്തിനു അടിശിക്ഷയാണെന്ന് ഖുര്‍‌ആനില്‍ വ്യക്തമായി പറഞ്ഞിരിക്കേ, ഈ കുറ്റത്തിന് പ്രാകൃത ശിക്ഷയായ എറിഞ്ഞുകൊല്ലല്‍ അദ്ദേഹം നടപ്പാക്കി എന്നു കരുതാന്‍ യാതൊരു സാധ്യതയുമില്ല.

കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി ബൈബിളിന്‍റെതാണ്. യഹൂദികള്‍ തെറ്റു ചെയ്തപ്പോള്‍ അവരുടെ ശരീഅത്തിന്‍റെ വിധി നബി(സ)യുടെ കാലത്ത് നടപ്പില്‍ വരുത്തിയതായി ഹദീസുകളില്‍ കാണുന്നു. അതേപോലെ വിശുദ്ധ ഖുര്‍‌ആന്‍റെ വിധി വരുന്നതിനു മുമ്പ് ചില കാര്യങ്ങളില്‍ നബി(സ) തൗറാത്തിന്‍റെ വിധിയനുസരിച്ചാണ് ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍‌ആന്‍റെ വ്യക്തമായ വിധി വന്നശേഷവും വ്യഭിചാരികളെ എറിഞ്ഞുകൊന്നു എന്നു ഒരിക്കലും കരുതാന്‍ സാധ്യമല്ല.

ഇന്ന് ഏതെങ്കിലും മുസ്‌ലിം നാടുകളില്‍ വ്യഭിചാരകുറ്റത്തിന് ക്രൂരവും കിരാതവുമായ എറിഞ്ഞുകൊല്ലാല്‍ നടക്കുന്നുണ്ട് എങ്കില്‍ അവര്‍ തന്നെയാണ് അതിന് ഉത്തരവാദി.

6 comments:

ആചാര്യന്‍ said...

സര്‍‌വ്വ സൃഷ്ടികള്‍ക്കും കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ നബി(സ) ശിക്ഷ എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കുന്ന പ്രകൃതക്കാരനായിരുന്നു. വ്യഭിചാരത്തിനു അടിശിക്ഷയാണെന്ന് ഖുര്‍‌ആനില്‍ വ്യക്തമായി പറഞ്ഞിരിക്കേ, ഈ കുറ്റത്തിന് പ്രാകൃത ശിക്ഷയായ എറിഞ്ഞുകൊല്ലല്‍ അദ്ദേഹം നടപ്പാക്കി എന്നു കരുതാന്‍ യാതൊരു സാധ്യതയുമില്ല.

Anonymous said...

kallerinju kollal islam shikha vidhiyannu. anthinu ethra daiveekatha koduthalum adhuneeka samoohathil krooravum paishachikavum thanne.

ea jabbar said...

“സെയ്ദുബ്നു ഉമര്‍ പറയുന്നു. ഉമര്‍ ഒരു ഖുതുബയില്‍ പറഞ്ഞു. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന നിയമത്തില്‍ നിങ്ങള്‍ സംശയിക്കരുത്. സത്യമാണത്. ഞാന്‍ അതു മുസ് ഹഫില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചു. എന്നിട്ട് ഉബയ്യിനോടു ചോദിച്ചപ്പോള്‍ ഉബയ്യ് എന്നോട് ചോദിച്ചു : ‘ഞാന്‍ ആ ആയത്ത നബിക്ക് ഓതിക്കേള്‍പ്പിക്കുമ്പോള്‍ താങ്കള്‍ കയറി വന്നത് ഓര്‍മ്മയുണ്ടോ? താങ്കള്‍ എന്റെ നെഞ്ചില്‍ കൈ കൊണ്ടു തട്ടിക്കൊണ്ടു പറഞ്ഞില്ലേ” തിരുമേനിക്കു താങ്കളീ കല്ലേറിന്റെ ആയത്ത് ഓതിക്കേള്‍പ്പിക്കുന്നുവോ- ജനങ്ങള്‍ കഴുതകളെപ്പോലെ ഇണ ചേര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ?” ഇബ്നു ഹജര്‍ പറയുന്നു-ഈ ആയത്ത് ദുര്‍ബ്ബലപ്പെടുത്താനുള്ള കാരണമാണിവിടെ പറയുന്നത്, അഭിപ്രായവ്യത്യാസമാണു കാരണം.” (ഇത്ഖാന്‍ )

ea jabbar said...

ഉമര്‍ പറഞ്ഞു: “അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.” [ബുഖാരി-2169]
ആയിശ പറയുന്നു : “ കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.” [ഇബ്നു മാജ ]

കല്‍ക്കി said...

@ ea jabbar

വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമായി പ്രസ്ഥാവിച്ച ഒരു വിധിക്കെതിരെ എത്ര തന്നെ പ്രബലമായ ഹദീസുകള്‍ ഉണ്ടായാലും അവ സ്വീകരിക്കാന്‍ നിര്‍‌വാഹമില്ല. വിവാഹിതരെയും അവിവാഹിതരെയും ഖുര്‍‌ആന്‍ ഇവിടെ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല.

shajeer said...

ഇവിടെ കൊടുത്ത ഹദീസ്‌ ഒരിക്കലും ഖുറാന്‍ വിധിക്ക് എതിരാകുന്നില്ല.വിവാഹിതരെയും അവിവാഹിതരെയും ഖുര്‍‌ആന്‍ വേര്‍തിരിച്ചു പറഞ്ഞിട്ടില്ല.പക്ഷെ അത് ഹദീസില്‍ വിശദീകരിക്കുന്നു..വിവാഹിതരായര്‍ക്കുള്ള ശിക്ഷയും അല്ലാത്തവര്‍ക്കുള്ള ശിക്ഷയും ഹദീസില്‍ വേര്‍തിരിക്കുന്നു..
നിസ്കാരം എങ്ങിനെ നിര്‍വ്വഹിക്കണം എന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ടോ?അത് ഹദീസുകളില്‍ വിവരിക്കുന്നില്ലേ?