എന്ന രീതിയിലുള്ള ബ്ലോഗറുടെ മറുപടിയും കണ്ടപ്പോള്‍ ഈ വിഷയത്തില്‍ ഞാന്‍ ഞാന്‍ ഇട്ട ഒരു പഴയ പോസ്റ്റിലേക്ക് വായനക്കരുടെ ശ്രദ്ധ ക്ഷണിക്കണം എന്നു തോന്നി. ആ പോസ്റ്റ് ഇവിടെ വീണ്ടും പുനപ്പോസ്റ്റുന്നു.
യക്ഷിക്കഥകളെ അതിശയിപ്പിക്കുന്നത്ര യുക്തി ഭംഗങ്ങളും ഭാവനാ വൈചിത്ര്യങ്ങളും നിറഞ്ഞതാണ് ആദമിന്റെ സൃഷ്ടികഥ. ബുദ്ധിയെയും യുക്തിയെയും മയക്കിക്കിടത്തിയല്ലാതെ ഈ കഥകള്‍ വിശ്വസിക്കാന്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. മാത്രമല്ല മനുഷ്യന്റെ സൃഷ്ടികഥ നരവംശ ശാസ്ത്രത്തിനും താല്‍പ്പര്യമുള്ള വിഷയമാണ്. മനുഷ്യസൃഷ്ടിപരിണാമങ്ങളെക്കുറിച്ച് അവര്‍ മുന്നോട്ട് വയ്ക്കുന്ന അനിഷേധ്യമായ തെളിവുകളെ നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. ബൈബിള്‍ കഥകളുടെ വികൃതാനുകരണങ്ങളായി മുസ്ലിംകള് വിശ്വസിക്കുന്ന ആദമിന്റെ സൃഷ്ടികഥ യുക്തിജ്ഞാനത്തിനു വളരെയേറെ പ്രാധാന്യം നല്കിയ ഖുര്‍ആന്റെ അന്തഃസത്തയ്ക്കും അവകാശ വാദങ്ങള്‍ക്കും നിരക്കാത്തതാണ്. പരക്കെ നിലവിലുള്ള ഈ കഥ വിശ്വസിക്കുകയാണെങ്കില്‍ അനേകം സമസ്യകള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. കഥ ഇപ്രകാരമാണ്:
'ആദം നബിയും ഹവ്വയും സ്വര്‍ഗ്ഗത്തില്‍ സുഖ സമ്പൂര്‍ണ്ണമായ ജീവിതം നയിച്ചു പോന്നു. അല്ലാഹു ആദം അബിയോട് ഒരു സവിശേഷ മരത്തെ സമീപിക്കരുതെന്നും അതിലെ പഴം തിന്നരുതെന്നും ആജ്ഞാപിച്ചു. ഒരു ദിവസം പിശാചിന്റെ ദുര്‍ബൊധനത്തില്‍ അവര്‍ അകപ്പെടുകയും പ്രസ്തുത മരത്തെ സമീപിക്കുകയും അതിലെ നിരോധിത കനി ഹവ്വയുടെ പ്രേരണയാല്‍ ആദം ഹവ്വയുമായി പങ്കിട്ടു ഭക്ഷിക്കുകയും ചെയ്തു. ഈ ആജ്ഞാ ലംഘനം ദൈവത്തില്‍ കോപം ജനിപ്പിക്കുകയും അദേഹത്തെയും ഭാര്യയെയും സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് പുറത്താക്കുകയും ചെയ്തു. തെറ്റ് മനസ്സിലാക്കിയ ആദം പശ്ചാത്തപിക്കുകയും ദൈവം അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയും ചെയ്തു.
'ആദമിനെ ദൈവം പ്രവാചകനായാണ് നിയ്യൊഗിച്ചത്. അങ്ങനെ ആദം പ്രഥമ മനുഷ്യനും പ്രഥമ പ്രവാചക്നുമായി. അദ്ദേഹത്തെ പ്രവാചകനായി നിയോഗിച്ച ശേഷം അല്ലാഹു മലക്കുകളോട് ആദമിനു'സുജൂദ്' (സാഷ്ടാംഗം പ്രണമിക്കാന്‍) ചെയ്യാന്‍ ആജ്ഞാപിക്കുകയും മലക്കുകളെല്ലാം സുജൂദു ചെയ്യുകയും ഇബ്ലീസ് സുജൂദ് ചെയ്യാതിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇബ്ലീസ് സുജൂദ് ചെയ്തില്ല എന്നു അല്ലാഹു ഇബ്ലീസിനോട് ചോദിച്ചപ്പോള്‍, താന്‍ ആദമിനേക്കാള്‍ എന്തു കൊണ്ടും യോഗ്യനും വലിയ ആളും ആണെന്നും ആദമിനെ മണ്ണുകൊണ്ടും തന്നെ അഗ്നികൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഇബ്ലീസ് വാദിക്കുകയുണ്ടായി. ഈ അനുസരണക്കേട് കാരണം ഇബ്ലീസിനെ അല്ലാഹു ശപിക്കുകയും ഭൂമിയിലേക്ക് പുറംതള്ളുകയും ചെയ്തു. ഇബ്ലീസ് അല്ലാഹുവിനോട് ഒരു വരം ചോദിച്ചു. ഇവിടുന്നങ്ങോട്ട് അന്ത്യനാള്‍ വരെ ജനങ്ങളെ സല്പന്ഥാവില് നിന്ന് തടഞ്ഞു നിര്‍ത്താനുള്ള അനുവാദം ചോദിച്ചു. തന്റെ സദ്വൃത്തരായ ഭക്തര്‍ക്ക് ഇത് ബാധകമല്ല എന്ന ഉപാധിയില്‍ അല്ലാഹു ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ ഇബ്ലീസിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു.' ഈ കഥ കേള്‍ക്കുമ്പോള്‍ ഒരുപാട് ചൊദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തല ഉയര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആന്റെ പാഠമനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ആരും തന്നെ പുറത്ത് പോകയില്ല. ആഗ്രഹ സാഫല്യത്തിന്റെ ഗേഹമായ സ്വര്‍ഗ്ഗത്തില്‍ എല്ലാ പഴങ്ങളും ഭക്ഷണ പനീയങ്ങളും അനുവദനീയമാണ്. സ്വര്‍ഗ്ഗത്തില്‍ പിശാചിനു പ്രവേശനം ഇല്ല. ആദമിനെ ഒരു പ്രവാചകനായാണ് നിയോഗിച്ചതെങ്കില്‍ അവിടെ വേറെയും മനുഷ്യര്‍ വസിക്കുന്നുണ്ടാകണം. പഠിതാക്കല്‍ ഉണ്ടെങ്കിലല്ലേ അദ്ധ്യാപകന്റെ ആവശ്യമുള്ളൂ.
ദൈവേതരര്‍ക്ക് സുജൂദ് ചെയ്യല്‍ (സാഷ്ടാംഗം പ്രണമിക്കല്‍) 'ശിര്‍ക്ക്' (ദൈവത്തില്‍ പങ്കുകാരെ സങ്കല്പ്പിക്കല്) ആണ്. ശിര്‍ക്ക് ദൈവം പൊറുത്തുകൊടുക്കാത്ത പാപവുമാണ്. ലോകത്തില്‍ ആഗതരായ ലക്ഷക്കണക്കിനു പ്രവാചകന്മാര് ശിര്‍ക്കിനെതിരെ പടപൊരുതി ഏകദൈവാരാധനയെ സംസ്ഥാപിക്കാന്‍ വന്നവരാണ്. ഇത്രയും കടുത്ത പാപം ചെയ്യാന്‍ അതു നിരാകരിച്ച അല്ലാഹു തന്നെ നിര്‍ബന്ധിക്കുന്നു എന്നുവരുന്നത് ദൈവദൂഷണമല്ലേ? അപ്പോള്‍ ഇബ്ലീസ് ചെയ്തത് ശരിയാണെന്ന് സമ്മതിച്ചു കൊടുക്കണ്ടേ? ആദ്യത്തെ തൗഹീദ് വാദി അപ്പോള്‍ ഇബ്ലീസ് ആണോ?
അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇബ്ലീസ് ജിന്നില്പെട്ട ആളാണെന്നാണ് ഖുര്‍ആനില്‍ നിന്നു മനസ്സിലാകുന്നത്. മലക്കുകളോടാണ് ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നത്. പിന്നെ എന്തിനു ജിന്നില്‍ പെട്ട ഇബ്ലീസ് സുജൂദു ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്തു? എന്തുകൊണ്ട് ഈ ന്യായം ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞില്ല?
ഒരു ഖലീഫയെ ഭൂമിയില്‍ നിയോഗിക്കുന്ന കാര്യം അല്ലാഹു മലക്കുകളോട് ഉണര്‍ത്തിയപ്പോള്‍ രക്തം ചിന്തുന്ന ഇവരെ എന്തിനു സൃഷ്ടിക്കുന്നു എന്ന് മലക്കുകള്‍ ചോദിച്ചതായി ഖുര്‍ആനില്‍ കാണാം. ഇത് മലക്കുകളുടെ ഗുണത്തിന് അതീതമായി തോന്നുന്നു. അല്ലാഹുവിന്റെ ഏതൊരാജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് മലക്കുകളുടെ ഗുണമായി പറയുന്നത്. അവര്‍ക്ക് സ്വന്തമായി ഒരറിവും ഇല്ല; അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ. ഇവിടെ മലക്കുകള്‍ ഭാവി കാര്യത്തെക്കുറിച്ചാണ് സംശയം ഉന്നയിക്കുന്നത്. ഇത് അവരുടെ കഴിവിന്നതീതമാണ്.
ഈ പ്രഹേളികകള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എന്റെ ഒരു ക്രിസ്തീയ സഹോദരന് പറഞ്ഞതുപോലെമതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെവിശ്വസിക്കേണ്ടീവരും. ഈ വിശ്വാസങ്ങള്‍ കാരണം മതം യുക്തിഹീനമായ വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കുന്നു എന്നു വരും.
ഈ വൃത്താന്തങ്ങള്‍ വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ഈ പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കും. നമ്മുടെ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയധികവും ബൈബില്‍ കഥകള്‍ സ്വാധീനിച്ചതായി കാണാം. ആ കഥകള്‍ക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്തത്; ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുമ്പോലെ.
വിശുദ്ധ ഖുര്‍ആനില്‍ ആദം നബിയെക്കുറിച്ചു പരാമര്‍ശിക്കുന്ന സൂക്തം ആരംഭികുന്നത് രണ്ടാമത്തെ അദ്ധ്യായമായ 'അല്‍-ബഖറ' യില്‍ ആണ്.31 മുതല്‍ 40 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്:
"ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫ) നിശ്ചയിക്കാന്‍ പോകുകയാണെന്ന് നിന്റെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരിക്കുക. അവര്‍ പറഞ്ഞു: 'അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിശ്ചയിക്കുകയാണോ? ഞങ്ങളാകട്ടെ നിന്റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുന്നതോടൊപ്പം നിന്നെ സ്തുതിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു' അല്ലാഹു പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു'
"അല്ലാഹു ആദമിന് (എല്ലാ വസ്തുക്കളുടെയും) നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അനന്തരം അവന് ആ നാമങ്ങള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നവയെ മലക്കുകളുടെ മുമ്പില്‍ വെച്ചു കാട്ടി. എന്നിട്ടവന്‍ പറഞ്ഞു: 'നിങ്ങള്‍ സത്യം പറയുന്നവരാനെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്തെന്ന് എന്നോട് പറയുക.'
"അവര്‍ പറഞ്ഞു: 'നീ പരിശുദ്ധനാണ് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്ക് യാതിരറിവുമില്ല. നിശ്ചയമായും സര്‍വ്വജ്ഞനും യുക്തിജ്ഞനും നീതന്നെയാകുന്നു.'
"അപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആദമേ നീ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞു കൊടുക്കൂ. അങ്ങനെ അവന് (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: 'നിശ്ചയമായും ആകാശങ്ങളിലേയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങള്‍ എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും ഞാന്‍ അറീയുന്നുവെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?'
"നിങ്ങള്‍ ആദമിനു സുജൂദ് ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. പക്ഷേ ഇബ്ലീസ് സുജൂദു ചെയ്തില്ല. അവന് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവന് നിഷേധികളില്‍ പെട്ടവനായിരുന്നു.
"നാം പറഞ്ഞു: 'ആദമേ, നീയും നിന്റെ ഇണയും ഈ 'ജന്നത്തില്‍'വസിക്കുകയും അവിടെ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. (സമീപിച്ചാല്‍) നിങ്ങ്ള് അധര്‍മ്മികളായി ഭവിക്കും. പിന്നീട് പിശാച് അതുമുഖേന അവര്‍ രണ്ടുപേരെയും വ്യതിചലിപ്പിച്ചു. അങ്ങനെ അവര്‍ ഇരുവരേയും അവര്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അവന് (പിശാച്) പുറംതള്ളി. നാം പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും.
"പിന്നെ ആദം തന്റെ നാഥനില്‍ നിന്നു ചില പ്രാര്‍ഥനാ വചനങ്ങള്‍ പഠിച്ചു (അപ്രകാരം പ്രാര്‍ഥിച്ചു) അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്റെ നേരെ കാരുണ്യത്തോടെ തിരിഞ്ഞു. തീര്‍ച്ചയായും അവന് സര്‍വ്വഥാ കാരുണ്യത്തോടെ തിരിയുന്നവനും അതീവ ദയാലുവുമാകുന്നു.
"(അപ്പോള്‍) നാം പറഞ്ഞു: 'നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറഞ്ഞിപ്പോകൂ. (ഓര്‍ക്കുക) പിന്നീട് എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കല്‍ എന്നില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം വരികയാണെങ്കില്‍, ആര് എന്റെ മാര്‍ഗ്ഗദര്‍ശനത്തെ പിന്‍പറ്റുന്നുവോ അവര്‍ക്ക് ഭാവിയെക്കുറിച്ച് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ (കഴിഞ്ഞതിനെപ്പറ്റി) വ്യസനിക്കുകയുമില്ല.
"എന്നാല്‍ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരാരോ അവര്‍ നരകാവകാശികളാകുന്നു. അവരവിടെ ചിരകാലം വസിക്കുന്നവരായിരിക്കും."
ഇവിടെ അല്ലാഹു ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്ന രംഗമാണ് പ്രസ്താവനാ വിഷയം. പ്രവാചകന്മാരെയും ഖലീഫ എന്നു പറയാറുണ്ട്. പ്രവാചകന് ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) ആണ്. അപ്പോള്‍ ഒരു ജനതയ്ക്ക് ആദ്യമായി ഒരു പ്രവാചകനെ നിയോഗിക്കുന്നത് അവര്‍ക്ക് ഒരു ന്യായപ്രമാണം നല്‍കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ആണ്.
ബൈബിളിന്റെ കണക്ക് പ്രകാരം ആദം ഭൂമിയില്‍ വന്നിട്ട് ആറായിരം വര്‍ഷം കഴിഞ്ഞ് ഏഴായിരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ കോടാനുകോടി വര്‍ഷങ്ങല്‍ക്കുമുമ്പേ വസിച്ചിരുന്നുവെന്ന ശാസ്ത്രീയ തെളിവുകളുടെ മുമ്പില്‍ ഇത് വിലപ്പോവില്ല. ആറായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് വന്ന ആദം ആദ്യ അനുഷ്യനാണെന്ന വിശ്വാസം നമ്മുടെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസനീയമാണ്. ഈ ഭൂമി എത്രയോ അനേകം ഘട്ടങ്ങളും അനേകം നാഗരികതയും അതിജീവിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ പറഞ്ഞ ഈ ആദം അതിലെ അവസാനത്തെ ആദമാണ്. ഇതുപോലെ എത്രയോ ആദമുമാര്‍ ഇതിനു മുമ്പും കഴിഞ്ഞു കടന്നിട്ടുണ്ട്. ഈ ഒരു കാഴ്ച്ചപ്പാട് മുസ്ലിം സൂഫി വര്യന്മാരിലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്.
സൂഫിവര്യന്മാരില് അഗ്രഗണ്യനായ മൊഹ്യുദ്ദീന് ഇബ്നു അറബി പറയുന്നു: "ഞാന്‍ കഅബ ചുറ്റുന്നതായ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഒരു മനുഷ്യന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പൂര്‍വ്വികരില്‍ പെട്ട ആളാണെന്ന് പറഞ്ഞു. താങ്കള്‍ മരിച്ചിട്ട് എത്ര നാളായെന്ന് ചോദിച്ചപ്പോള്‍ നാല്‍പ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്ത്, ഇത് നമ്മുടെ ആദമില്നിന്ന് വളരെ അധികം ദൂരെ ആണല്ലോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ഏത് ആദമിനെക്കുറിച്ചാണ് പറയുന്നത്? താങ്കളുടെ അടുത്തുള്ള ആദമോ അല്ല മറ്റു വല്ല ആദമോ?' അപ്പോള്‍ എനിക്ക് നബിതിരുമേനി (സ) യുടെ ഒരു ഹദീസ് ഇതു സംബന്ധമായി ഓര്‍മ്മവന്നു. അല്ലാഹു ഒരു ലക്ഷം ആദമിനെ ഇവിടെ നിയോഗിച്ചുണ്ട് എന്ന ഹദീസ്. അപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: ഈ മനുഷ്യന് മുമ്പു വന്ന ഏതെങ്കിലും ആദമിന്റെ പരമ്പരയായിരിക്കും" (ഫുത്തുഹാത്ത്)
3 comments:
വിശുദ്ധ ഖുര്‍ആന്റെ പാഠമനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ആരും തന്നെ പുറത്ത് പോകയില്ല. ആഗ്രഹ സാഫല്യത്തിന്റെ ഗേഹമായ സ്വര്‍ഗ്ഗത്തില്‍ എല്ലാ പഴങ്ങളും ഭക്ഷണ പനീയങ്ങളും അനുവദനീയമാണ്. സ്വര്‍ഗ്ഗത്തില്‍ പിശാചിനു പ്രവേശനം ഇല്ല. ആദമിനെ ഒരു പ്രവാചകനായാണ് നിയോഗിച്ചതെങ്കില്‍ അവിടെ വേറെയും മനുഷ്യര്‍ വസിക്കുന്നുണ്ടാകണം. പഠിതാക്കല്‍ ഉണ്ടെങ്കിലല്ലേ അദ്ധ്യാപകന്റെ ആവശ്യമുള്ളൂ
നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!
ശ്രീ സി രവിചന്ദ്രന്റെ ബ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണം
Post a Comment