Thursday, December 23, 2010
ദജ്ജാല്‍ (തുടര്‍ച്ച)
ദജ്ജാലിനെ അംഗീകരിക്കുന്നവര്‍ക്ക് എല്ലാവിധ സുഖസൌകര്യങ്ങളും സ്വര്‍ഗ്ഗതുല്യമായ നിലയില്‍ ലഭിക്കുന്നതാണ്. ഇതിനു പുറമെ, ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങള്‍ മുഖേന സ്വര്‍ഗ്ഗതുല്യമായ ഭൌതിക സുഖഭോഗവസ്തുക്കള് അവര്‍ ഭൂമിയില്‍ സൃഷ്ടിച്ചു. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള നവീന കണ്ടുപിടിത്തമായ കൃത്രിമ യാഥാര്‍ത്ഥ്യം (Virtual Reality) എന്ന സങ്കേതം ഇതിന്‍റെ ഉദാഹരണമാണ്. ഈ സംവിധാനം മുഖേന സ്വര്‍ഗ്ഗീയാനുഭൂതികള്‍ ജാഗ്രതാവസ്ഥയില്‍ തന്നെ അനുഭവവേദ്യമാക്കുവാന്‍ സാധിക്കുമത്രേ. ഇന്നത്തെ ഇന്‍റെര്‍നെറ്റ് സംവിധാനങ്ങള്‍ പോലും മനുഷ്യന്‍റെ സുഖഭോഗാവേശത്തെ ഉദ്ദീപിക്കുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്‍റെയൊക്കെ അതിപ്രസരം മനുഷ്യനെ നരകത്തില്‍ എത്തിക്കും. അതുകൊണ്ടുതന്നെയാണ് ദജ്ജാലിന്‍റെ സ്വര്‍ഗ്ഗം വിശ്വാസിയുടെ നരകമാണെന്ന് റസൂല്‍ തിരുമേനി(സ.അ) അരുള്‍ ചെയ്തത്. ഈ സുഖലോലുപതയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവന്‍ ഈ ദുനിയാവില്‍ നരകം പണിയുകയാണ്. തിരുമേനി (സ.അ) അരുളിയതു പോലെ, വിശ്വാസിയെപ്പറ്റി പറയുമ്പോള്‍ ഈ ലോകം കാരാഗൃഹമാണ്, നരകമാണ്.
ഹദീസില്‍ പറഞ്ഞ ദജ്ജാലിന്‍റെ പ്രവര്‍ത്തനങ്ങളെ ഒന്നു വിലയിരുത്താം. മരിച്ചവരെ ജീവിപ്പിക്കുക, ഭൂമിയിലെ നിക്ഷേപങ്ങള്‍ പുറത്തെടുക്കുക, മുളപ്പിക്കാന്‍ ശാസിച്ചാല്‍ മുളക്കുക, മഴ പെയ്യാന്‍ ശാസിച്ചാല്‍ മഴ പെയ്യുക. ഈ കാര്യങ്ങളെല്ലാം തന്നെ പാശ്ചാത്യ ക്രൈസ്തവ ശക്തികള്‍ വൈദ്യശാസ്ത്രം, കൃഷി മുതലായ വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ്. കാര്‍ഷിക മേഖലയിലെ വിസ്മയകരമായ ജനിതക സാങ്കേതിക വിദ്യകളും ടിഷ്യു കള്‍ച്ചര്‍ പോലുള്ള നൂതന പ്രജനന സങ്കേതങ്ങളും, കൃത്രിമ മഴ പെയ്യിക്കലും എണ്ണ ഖനനവും തുടങ്ങി ഇന്നു ലോകത്തു കാണുന്ന ആധുനിക സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ദജ്ജാലിന്‍റെ വരുതിയിലാണെന്ന കാര്യം അജ്ഞാതമല്ല. ഇപ്പോള്‍ ജീവശാസ്ത്ര വിജ്ഞാനം മനുഷ്യന്‍റെ തനിപ്പകര്‍പ്പുകള്‍ പോലും ക്ളോണിംഗ് ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ സന്നദ്ധമാണ്.
ഇനി ദജ്ജാലിന്‍റെ കഴുതയെപറ്റികൂടി കേള്‍ക്കു. 'അവന്‍റെ കൂടെ ഒരുകഴുത ഉണ്ടായിരിക്കും. കാറ്റിനാല്‍ ചലിക്കുന്ന മേഘം പോലെ കഴുതചലിക്കുന്നതായിരിക്കും. അതിന്‍റെ ചെവികള്‍ക്കിടയില്‍ 70 വാര അകലമുണ്ടായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. ആളുകള്‍അതിന്‍റെ വയറ്റിലാണ് ഇരിക്കുക.'
ആധുനിക കാലത്തെ, അഗ്നിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടിപ്പിച്ച മോട്ടോര്‍ വാഹനങ്ങളെക്കുറിച്ചു ഈ വിവരണമല്ലാതെ മറ്റെന്താണ് പറഞ്ഞു തരേണ്ടത്? കാര്‍ മുതല്‍ റോക്കറ്റ് വരെ ചലിക്കുന്നത് അഗ്നിയുടെ സഹായത്താലാണ്. അവയുടെ ഇന്ധനം തീയാണ്. ട്രെയിന്‍ പരിശോധിച്ചാല്‍ അതിന്‍റെ ഹോണ്‍ മുഴക്കം പോലും കഴുതയുടേത് പോലെയാണ്. യാത്രക്കാര്‍ സഞ്ചരിക്കുന്നത് ഈ വണ്ടികളുടെയെല്ലാം വയറ്റില്‍തന്നെ. ഇനി ആകാശത്തേക്ക് നോക്കിയാല്‍ കാണുന്ന കഴുത (വിമാനം) മേഘം പോലെ ചലിക്കുന്നത് തന്നെ. ഇങ്ങനെ ദജ്ജാലിനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും ആധുനിക പാശ്ചാത്യ ക്രിസ്തീയ ശക്തികളെ പരിശോധിച്ചാല്‍ അതൊക്കെ അവരില്‍ പൂര്‍ത്തിയായിക്കാണാവുന്നതാണ്.
ഈ സത്യം നമുക്ക് മനസ്സിലാക്കിത്തന്നത് ഈ കാലത്ത് ദൈവിക ദൌത്യം മുഖേന ആഗതരായ മുഹമ്മദീ മസീഹ് ഹസ്‌റത്ത് അഹ്‌മദ് (അ) മുഖേനയാണ്. ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതി ബൈബിളിന്‍റെ വെളിച്ചത്തില്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തുകൊണ്ട് കുരിശിലുള്ള അവരുടെ വിശ്വാസത്തില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്ന ദൌത്യം കൂടി അദ്ദേഹത്തില്‍ അല്ലാഹു നിഷിപ്തമക്കിയിട്ടുണ്ടായിരുന്നു. അതാണ് മസീഹ് ആഗതനായാല്‍ കുരിശിനെ ഉടക്കുമെന്നും പന്നിയെ കൊല്ലുമെന്നുമുള്ള പ്രവചനം. അല്ലാതെ ഈ പ്രവചനങ്ങളെല്ലാം പ്രത്യക്ഷരം പുലരണം എന്നു ശഠിക്കുന്നത് വിഡ്ഢിത്തമണ്. മസീഹ് വന്ന് ലോകത്തുള്ള കുരിശായ കുരിശുകളെല്ലാം പൊട്ടിക്കാനും, പന്നികളെയെല്ലാം കൊല്ലാനും നടക്കുന്ന ദൃശ്യം ഒന്നു വിഭാവന ചെയ്തു നോക്കുക! പ്രവചനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പുലരണം എന്നു വാശിപിടിച്ചതു കൊണ്ടാണ് മുന്‍ സമുദായങ്ങള്‍ വഴിപിഴച്ചു പോയത്. ഉദാഹരണത്തിന്, ജൂതനമാര്‍ ഈസാനബിയെ വിശസിക്കാതിരിക്കാനുള്ള കാരണമായി അവര്‍ പറഞ്ഞത് മസീഹ് വരുന്നതിനു മുന്‍പ്, ആകാശത്തേക്ക് പോയാ ഇല്യസ് നബി തിരിച്ചു വരണം എന്നാണ്. അവര്‍ ഇപ്പോഴും ഇല്യാസ് നബിയെ കാത്തിരിക്കുന്നു!
പ്രവചനത്തില്‍ പറയപ്പെട്ട കുരിശുടയ്ക്കല്‍ പ്രത്യക്ഷമായ കുരിശുടയ്ക്കലല്ല. യേശു ക്രിസ്തു കുരിശില്‍ മരിച്ചു എന്ന തെറ്റായ വിശ്വാസത്തെ പ്രമാണ സഹിതം ഖണ്ഡിക്കുക എന്നതാണ്. യേശു കുരിശില്‍ മരിച്ചില്ലെന്നും അബോധാവസ്ഥയിലുള്ള യേശുവിനെ മരിച്ചെന്ന ധാരണയില്‍ കാവല്‍ക്കാര്‍ കാലൊടിക്കാതെ അദ്ദേഹത്തിന്‍റെ ദേഹം അദ്ദേഹത്തില്‍ സ്വകാര്യമായി വിശ്വസിച്ച അരിമത്ത്യക്കാരനായ ജോസഫിന് നല്‍കുകയും അദ്ദേഹവും യേശുവില്‍ വിശ്വസിക്കുന്ന ഒരു വൈദ്യനായ നിക്കോദേമസും ചേര്‍ന്ന് വായു സഞ്ചാരമുള്ള കല്ലറയില്‍ വെക്കുകയും അവിടെ നിന്ന് ശുശ്രൂഷിച്ചശേഷം യേശു അദ്ദേഹത്തിന്‍റെ അപ്പോസ്തലന്‍മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുകയും അവരുമായി ഭക്ഷണം പങ്കുവെക്കുകയും ചെയ്തതായി ബൈബിളില്‍ നിന്ന്‌തന്നെ മനസ്സിലാവുന്നു. അവിടെനിന്ന് ഒരു തോട്ടക്കാരന്‍റെ വേഷത്തില്‍ അദ്ദേഹം കിഴക്കോട്ട് യാത്ര ചെയ്യുകയുമാണുണ്ടായത്. ഒടുവില്‍ "യേശുവിനും മാതാവിനും ഉയര്‍ന്ന പച്ചളിപ്പുള്ള ഒരു സ്ഥലത്ത് നാം അഭയം നല്‍കി." എന്ന വിശുദ്ധഖുര്‍ആന്‍റെ പ്രഖ്യാപന പ്രകാരം ഇന്ത്യയില്‍ കാശ്മീരില്‍ അദ്ദേഹത്തിന് അഭയംനല്‍കി. അവിടെ കാണാതെ പോയ ആടുകള്‍ക്ക്, അഥവാ, പ്രവാസികളായ യഹൂദികള്‍ക്ക് തന്‍റെ സന്ദേശം എത്തിച്ചതിനുശേഷം നൂറ്റി ഇരുപതാമത്തെ വയസ്സില്‍ മരിച്ചുവെന്നും യേശുവിന്‍റെ കബര്‍ ഇന്നും ഖാന്‍യാര്‍ തെരുവില്‍ (ശ്രീന ഗറില്‍) കാണാവുന്നതാണെന്നുംഹസ്‌റത്ത് അഹ്ദ്‌മ (അ) പ്രഖ്യാപിച്ചു. പ്രസ്തുത കബര്‍ പൊളിച്ചുനോക്കിയാല്‍ തന്‍റെ പ്രസ്താവനകള്‍ ശരിവെ ക്കുന്ന രേഖകള്‍ ലഭിക്കുമെന്നും ഹസ്‌റത്ത് അഹ്‌മദ് (അ) ചൂണ്ടിക്കാട്ടി. (ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക)
വിശുദ്ധഖുര്‍ആന്‍റെയും ബൈബിളിന്‍റെയും ചരിത്രരേഖകളുടേയും അനിഷേധ്യ സത്യത്തിനു മുമ്പില്‍ ക്രൈസ്തവ വിശ്വാസത്തിന് നിലനില്‍പില്ലാതായി. പല ക്രൈസ്തവ ഗവേഷകരും ഈ സത്യത്തെ ന്യായീകരിച്ചുകൊണ്ട് ഒരുപാടു ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായിട്ടുണ്ട്. മൌലാനാ അബുല്‍ കലാം ആസാദ് അദ്ദേഹത്തിന്‍റെ 'വക്കീല്‍' പത്രത്തില്‍ (1908 ജൂണ്‍ ലക്കം) ഇങ്ങനെഎഴുതി:
"മിര്‍സാ സാഹിബിന്‍റെ ഭാഗത്തുനിന്ന് ക്രിസ്ത്യാനികള്‍ക്കും ആര്യസമാജികള്‍ക്കുമെതിരായി ആവിഷ്കരിക്കപ്പെട്ട സാഹിത്യങ്ങള്‍ പൊതുജനസമ്മതിയുടെ ബിരുദം നേടിക്കഴിഞ്ഞവയാണ്. അദ്ദേ ഹത്തിന്‍റെ കടമ പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍ ആ സാഹിത്യത്തിന്‍റെ മേന്‍മയും മഹിമയും ഹൃദയപൂര്‍വ്വംനാം സ്മരിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു മതത്തിന്‍റെ നേര്‍ക്കുള്ള ഈ പ്രത്യാക്രമണം ആ മതത്തിന് ഭരണ ത്തിന്‍റെ തണലിലായിരുന്നതുകൊണ്ടു സിദ്ധിച്ചിരുന്ന സ്വാധീനശക്തിയെ മാത്രമല്ല, ക്രിസ്തു മതത്തിന്‍റെ ജീവനെത്തന്നെയും തകര്‍ത്തുകളഞ്ഞിരി ക്കുന്നു"
മസീഹ് പന്നിയെ കൊല്ലും എന്നപ്രവചനവും പ്രതീകാത്മകമാണ്. പന്നി തീരെ ലജ്ജയില്ലാത്ത എപ്പോഴും ഭൂമിയിലെ മാലിന്യത്തെ മാത്രം നോക്കുന്ന വൃത്തിഹീനമായ ഒരു മൃഗമാണ്. ഇന്നത്തെ യൂറോപ്യന്‍ സംസ്‌കാരത്തെ നമുക്ക് അതിനോടുപമിക്കാം. എന്നാല്‍ ഈ സംസ്കാരത്തിനു അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വളര്‍ച്ച ഭീഷണിയാണ്. ദൃശ്യ-ശ്രാവ്യ മേഖല കളില്‍ ഈ സംസ്കാരത്തിന്‍റെ അതിപ്രസരണം നമുക്ക് ദര്‍ശിക്കാം. എന്നാല്‍ മസീഹിനാല്‍ സ്ഥാപിതമായ അഹ്മദിയ്യാ ജമാഅത്ത് ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്ത് ദജ്ജാലീ സംസ്കാരത്തിനെതിരെ പരിശുദ്ധമായ ഒരു ദൃശ്യ സാംസ്കാരികത്തനിമക്ക് തുടക്കമിട്ടിരിക്കുന്നു. അതാണ് എം. ടി എ. (മുസ്ളിം ടെലിവിഷന്‍ അഹ്‌മദിയ്യാ). ഈ സംസ്കാരത്തെ ഇസ്‌ലാമീകരിക്കാനുള്ള പുറപ്പാടിലാണ് അഹ്‌മദിയ്യാ ജമാഅത്ത്. അപ്പോള്‍ ഏതൊരു ദൌത്യത്തിന് വേണ്ടി വാഗ്ദത്ത മസീഹ് വരേണ്ടതുണ്ടായിരുന്നുവോ ആ ദൌത്യം ഇവിടെ പൂര്‍ണ്ണമാവുകയാണ്. ഇബ്നുമറിയം ദജ്ജാലിനെ 'ബാബുല്‍ലുദ്ദില്‍' വെച്ചു കൊല്ലുമെന്ന പ്രവചനവും ഇതോടു ചേര്‍ത്തുവായിക്കാവുന്നതാണ്. ഇബ്നുമറിയമിന്‍റെ ദര്‍ശനത്തില്‍ തന്നെ ദജ്ജാല്‍ വെള്ളത്തില്‍ ഉപ്പലിയുന്നത്ത് പോലെ അലിഞ്ഞുപോകുമെന്ന പ്രവചനവും, സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുമെന്ന പ്രവചനവും (ഇസ്‌ലാമാകുന്ന സൂര്യന്‍) കൂട്ടി വായിക്കാവുന്നതാണ്.
'ബാബുലുദ്ദ്' എന്ന വാക്കിന്‍റെ അര്‍ത്ഥം 'ധൈഷണിക സംവാദങ്ങളുടെ കവാടം' എന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ മതം മക്കാ മദീനവരെ പ്രചരിക്കുമെന്ന ക്രിസ്തീയ സഭകളുടെ വീരവാദം ഹസ്‌റത്ത് അഹ്‌മദിന്‍റെ(അ) രംഗപ്രവേശത്തോടെ വെള്ളത്തില്‍ ഉപ്പ് അലിയുന്നത് പോലെ അലിഞ്ഞുപോവുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മൊറൊക്കോയില്‍ മാത്രം എണ്‍പത് ലക്ഷം മുസ്‌ലിംകള് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇന്ന് ക്രിസ്തീയ പത്രം തന്നെ അഹ്‌മദിയ്യാ ജമാഅത്തിന്‍റെ മുന്നേറ്റം മുഖേന ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം ആശ്ളേഷിക്കുന്ന റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അഹ്‌മദി മുസ്‌ലിംകളെനേരിടാന്‍ പറ്റുകയില്ല. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുമെന്ന പ്രവചനം ഒരു വിധത്തില്‍ എം. ടി. എ. (മുസ്‌ലിം ടെലിവിഷന്‍ അഹ്‌മദിയ്യാ) മുഖേന ലോകത്തിന്‍റെ കോണായ കോണുകളില്‍ ഇസ്ളാമിക സന്ദേശം എത്തിക്കൊണ്ടിരിക്കുന്നതു മുഖേന പൂര്‍ത്തിയായി. ഇനി യൂറോപ്യന്‍മാര്‍ മുഖേന ഇസ്‌ലാമിക പ്രചാരണ രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാദ്ധ്യതയുണ്ട്. ഏതായാലും ഈ പറയപ്പെട്ട സൂര്യന്‍ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്ന സൌരയൂഥത്തിന്‍റെ കേന്ദ്രമായ സൂര്യനല്ല. ചുരുക്കത്തില്‍ ദജ്ജാലും ഇബ്നുമര്‍യവും അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതീകാത്മകമാണ്.
ബനൂ ഇസ്രായേല്‍ മസീഹിനേയും മുഹമ്മദ് നബി (സ.അ) യുടെ ഉമ്മത്തില്‍ വരുന്ന മസീഹിനേയും രണ്ടു രൂപത്തിലാണ് റസൂല്‍ തിരുമേനി ദര്‍ശനങ്ങളില്‍ കണ്ടത്. ബനൂഇസ്രായേല്‍ മസീഹായ ഈസാനബി (അ) യുടെ രൂപത്തെക്കുറിച്ചു റസൂല്‍ തിരുമേനി അരുളിയത് അദ്ദേഹത്തിന്‍റെ നിറം ചുവപ്പും മുടി ചുരുണ്ടതുമാണെന്നാണ്. എന്നാല്‍ അവസാന കാലം ദജ്ജാലിനെ കൊല്ലാന്‍ വരുന്ന മസീഹിനെ തിരുമേനി (സ.അ) ദര്‍ശനത്തില്‍ കണ്ടത് 'ഗോതമ്പു നിറവും നീണ്ട തലമുടിയു' മുള്ളതായിട്ടാണെന്ന് പ്രത്യേകം പറഞ്ഞുകൊണ്ടു രണ്ടും രണ്ടു വ്യക്തികളാണെന്ന് പറഞ്ഞുതന്നിട്ടുണ്ട്. "നിങ്ങളുടെ ഇമാമായി നിങ്ങളില്‍ നിന്ന് തന്നെ ഇബ്നു മര്‍യം ഇറങ്ങുമ്പാള്‍ നിങ്ങളുടെ അവസ്ഥ എന്തായിരി ക്കുമെന്ന ഹദീസുംകൂടി വായിച്ചാല്‍ വരേണ്ടയാള്‍ ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ് വരേണ്ടത് എന്ന് മനസ്സിലാകും. ദജ്ജാല്‍ ചത്തുകഴിഞ്ഞു, ഇനിയൊരു മസീഹ് ഏതായാലും ദജ്ജാലിനെ കൊല്ലാന്‍ വരേണ്ടതില്ല.
Monday, December 20, 2010
ദജ്ജാല്‍
ദജ്ജാലിനെപ്പറ്റി ഒരു വിവരണവും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക്‌കാണാന്‍ സാദ്ധ്യമല്ല. പക്ഷേ, തള്ളാന്‍ പറ്റാത്തതും സത്യസന്ധരായ റാബിമാരാല്‍ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീസ് നിവേദനങ്ങളില്‍ ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. ദജ്ജാല്‍ ആരാണെന്നും അവരെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവരില്‍ നിന്ന് എങ്ങനെ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രതിവിധികള്‍ വല്ലതും ശ്രേഷ്ഠപ്രവാചകനായ മുഹമ്മദ് മുസ്തഫാ (സ.അ) നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ വളരെ ഹ്രസ്വമായി അനുവാചകരുടെ മുമ്പില്‍ അനാവരണം ചെയ്യാനുള്ളഒരു ശ്രമമാണ് ഈ ലേഖനം.
ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ വളരെ സ്ഥിരീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട സംഗതികള്‍തന്നെയാണ്. ഈ വിവരങ്ങളെല്ലാം റസൂല്‍ തിരുമേനി(സ.അ)ക്ക് അല്ലാഹു ദര്‍ശനങ്ങളില്‍ കാണിച്ചു കൊടുത്തതോ ദിവ്യവെളിപാടു മുഖേന അറിയിച്ചതോ ആവാം. പൊതുവില്‍ മുസ്‌ലിംകളുടെ വിശ്വാസം മേല്‍വിവരിച്ച ഗുണങ്ങളോടെ ഒരു ഭീകരസത്വം വെളിപ്പെടുമെന്നാണ്. അതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു മഹാപരീക്ഷണവും വിപത്തുമായിരിക്കും. ഈ ദജ്ജാലിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ആവുമ്പോള്‍ മുസ്‌ലിംകള്‍ ഇമാം മഹ്ദിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരാവുകയും, അപ്പോള്‍, ദമാസ്കസിന്‍റെ കിഴക്ക് ഭാഗത്തുള്ള മിനാരത്തില്‍ രണ്ടു മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട് രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തിരിക്കുന്ന ഈസാ നബി ഇറങ്ങിവരികയും ചെയ്യുമെന്നാണ് മുസ്ലിം സങ്കല്‍പം. അങ്ങനെ ഈസാനബി ബാബുലുദ്ദില്‍ വെച്ചു ദജ്ജാലിനെ കൊല്ലും. ദജ്ജാല്‍ മസീഹിനെ കണ്ടാല്‍ ഉപ്പ് വെള്ളത്തില്‍ അലിയുന്നത്പോലെ അലിഞ്ഞു പോകുമെന്നും പ്രവചനങ്ങളില്‍ ഉണ്ട്. ദജ്ജാലിന്‍റെ കഴുതയെക്കുറിച്ചും നീണ്ട വിവരണങ്ങള്‍ ഹദീസു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. അത് എല്ലാ മൃഗങ്ങളോടും സാമ്യതയുള്ള ഒരു മൃഗമായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ചരിക്കും. ജനങ്ങള്‍ അതിന്‍റെ വയറ്റിനകത്തായിരിക്കും സഞ്ചരിക്കുക. എന്നെല്ലാമാണ് വിവരണങ്ങള്‍. നബി (സ.അ) ഈ പ്രവചനം ചെയ്യുമ്പോള്‍ സാധാരണ സവാരിക്കായി മൃഗങ്ങളെയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. മൃഗങ്ങളുടെ പുറത്തിരുന്നാണ് ജനങ്ങള്‍ സഞ്ചരിക്കുക. ആ സമ്പ്രദായത്തില്‍ നിന്ന് മാറി മൃഗത്തിന്‍റെ വയറ്റിലായിരിക്കും സഞ്ചരിക്കുകയെന്നാണ് ഇവിടെ പറയുന്നത്.
മസീഹിന്‍റെ അവതരണവുമായി ബന്ധപ്പെടുത്തി മറ്റു ചില സംഗതികള്‍ കൂടി ഹദീസ് ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്. അതുംകൂടി ചേര്‍ത്ത് പറ ഞ്ഞാലേ വിഷയത്തിന് പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. ഒറ്റനോട്ടത്തില്‍ ദജ്ജാലു മായി ബന്ധമില്ല എന്ന് തോന്നുമെങ്കിലും ദജ്ജാലിന്‍റെ സിഫത്തുകളുമായി അതിന് ധാരാളം ബന്ധമുണ്ട്. അതില്‍ ഏറ്റവും പ്രസക്തഭാഗം അദ്ദേഹം കുരിശു ഉടക്കുമെന്നും പന്നിയെകൊല്ലുമെന്നുള്ളതാണ്.
ഇനി നമുക്ക് വിഷയത്തിലേക്ക്‌വരാം. ദജ്ജലിനെ തിരുമേനിക്ക് അല്ലാഹു ഒന്നുകില്‍ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തതോ അല്ലെങ്കില്‍ വെളിപാടായി അറിയിച്ചുകൊടുത്തതോ ആകാം. അപ്പോള്‍ പ്രസ്തുത പ്രവചനങ്ങള് ആലങ്കാരികമായി, സ്വപ്ന ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്. അറബി ഭാഷയുടെ ഒരു മാഹാത്മ്യം, ഏതെങ്കിലും ഒരു വസ്തുവിന്‍റെ നാമത്ത അതിന്‍റെ ധാത്വര്‍ത്ഥത്തില്‍ നിന്നു തന്നെ ആ സാധനത്തിന്‍റെ ഗുണങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതാണ്. ഈ മാര്‍ഗ്ഗത്തില്‍ "ദജ്ജാല്‍" എന്ന വാക്കിനെ നമുക്കൊന്നു പരിശോധിക്കാം.
'ദജല' എന്ന ക്രിയയുടെ കര്‍തൃ വാചിയായ 'ദാജില്‍' എന്ന പദത്തില്‍ നിന്നാണ് ദജ്ജാല്‍ എന്ന വാക്ക് രൂപപ്പെട്ടത്. ഇതിന്, ധാരാളം കള്ളം പറയുന്നവന്‍, ധാരാളം ചായം തേക്കു ന്നവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, ധനവാന്‍, വമ്പിച്ച വര്‍ത്തക സംഘം എന്നൊക്കെ അര്‍ത്ഥം സിദ്ധിക്കുന്നു. ഈ വീക്ഷണത്തില്‍ നോക്കിയാല്‍ ദജ്ജാല്‍ ഒരു വ്യക്തിയല്ല ഒരുസമൂഹമാണെന്ന് മനസ്സിലാകുന്നു. കച്ചവടച്ചരക്കുകളും പേറി ഭൂമി മുഴുവനും ചുറ്റി സഞ്ചരിക്കുന്ന ഒരു ജന സമൂഹമാണ് ദജ്ജാല്‍ എന്നു കാണാം. കളവുപറയലും പ്രച്ഛന്ന മാക്കി അവതരിപ്പിക്കലും ഇവരില് ദൃശ്യമായിരിക്കും. ലോകത്ത് എല്ലായിടത്തും അവര്‍ സഞ്ചരിക്കും.
റസൂല്‍ തിരുമേനി (സ.അ) ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന് രക്ഷ പ്പെടാനുള്ള ഒരു മാര്‍ഗ്ഗം, സൂറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത് സൂകതങ്ങള്‍ ഓതുകയാണെന്ന് മുസ്‌ലിംകളെ താക്കീതു ചെയ്തിട്ടുണ്ട്. ഈ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നോക്കിയാല്‍ ഇവര്‍ ആരാണെന്ന് മനസ്സിലാകും. പ്രസ്തുത ചനങ്ങളില്‍ ഇപ്രകാരം കാണാം:
"അല്ലാഹു തനിക്കായി ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു പറയുന്ന വര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചത്. അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അത് സംബന്ധിച്ച് യാതൊരുഅറിവുമില്ല. അവരുടെ വായകളില്‍ നിന്ന് പുറപ്പെടുന്ന വാക്ക് ഗുരുതരമായതാണ്. കളവല്ലാതെ അവര്‍ പറയുന്നില്ല." (അല്‍കഹ്ഫ്: 5,6)
ഈ വചനങ്ങളില്‍ നിന്നുതന്നെ ദജ്ജാലിന്‍റെ തനിനിറം നമുക്ക് മനസ്സിലാകുന്നുണ്ട്. ഇനി വലതുകണ്ണ് അന്ധമായിരിക്കുമെന്ന തിരുമേനിയുടെ (സ.അ) പ്രവചനം പരിശോധിച്ചാല്‍ പ്രസ്തുത കണ്ണ് ആത്മീയമായ കണ്ണാണെന്ന് മനസ്സിലാകുന്നു. വലതുഭാഗം ആത്മീയതയേയും ഇടത് ഭാഗം ലൌകികതയേയു മാണ് വിശുദ്ധഖുര്‍ആന്‍ സൂചിപ്പിക്കാറുള്ളത്. അപ്പോള്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നും ചേര്‍ന്നതാണ് ദൈവം എന്ന സങ്കല്‍പം ആത്മീയ ദൃഷ്ടിക്ക് അന്ധത ബാധിച്ചവര്‍ക്കേ വിശ്വസിക്കാന്‍ ആവുകയുള്ളൂ. ദജ്ജാലിന്‍റെ ഇടതു കണ്ണിന് കൂടുതല്‍ തിളക്കമുണ്ടാകുമെന്ന് പ്രവചനത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഐഹിക ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നതിലും അതിന്‍റെ പുരോഗതിക്കായി ഭൂമണ്ഡലത്തേയും സൌരയൂഥത്തേയും കടന്നുള്ള അവരുടെ അന്വേഷണ ദൃഷ്‌ടിയുടെ അതീവ തീഷ്ണതയെ ഈഒറ്റക്കണ്ണ് പ്രയോഗം സൂചിപ്പിക്കുന്നു. മദ്ധ്യകാലംതൊട്ടു ആധുനിക കാലം വരെയുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഈ ഗുണങ്ങള്‍ നമുക്ക് കാണാം. ഭൌതിക ശാസ്ത്രീയ സാങ്കേതിക രംഗങ്ങളില്‍ അവര്‍ കൈവരിച്ച പുരോഗതി മഹത്തായതാണ്. യൂറോപ്പിന്‍റെ നവോത്ഥാനവും ഇസ്ലാമിക സംസ്കാരത്തിനേറ്റ അധഃപതനവും മനസ്സിലാക്കിയവര്‍ക്ക് ദജ്ജാലിന്‍റെ ലോക വ്യാപനത്തെക്കുറിച്ചു ഗ്രഹിക്കാന്‍ പ്രയാസമില്ല. ലോകത്തിന്‍റെ സകല കോണുകളിലും ക്രിസ്തീയ മതവും അവരുടെ സംസ്കാരവും ഇരച്ചുകയറിക്കൊണ്ട് ഒരു കാല്‍ മശ്‌രിഖിലും ഒരു കാല്‍ മഗ്‌രിബിലും എന്നപ്രവചനം സാര്‍ത്ഥകമാക്കി. അവര്‍ ഈസ്റ്റിന്ത്യാ കമ്പനി എന്ന കച്ചവട സംഘമായി കുറച്ചു പാതിരിമാരേയും കയറ്റിയാണ് ഇന്ത്യയിലും എത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണല്ലോ. ഒന്ന് മൂന്നാണെന്നും മൂന്ന് ഒന്നാണെന്നുമുള്ള അയുക്തികവും വിചിത്രവുമായ വിശ്വാസം ലോകത്തുള്ള ഭൂരിപക്ഷ ജനങ്ങളിലും എത്തിക്കാനും അവരെക്കൊണ്ട് അംഗീകരിപ്പിക്കാനും അവര്‍ക്ക് സാധിച്ചു എന്നുള്ളത് ഒരുചില്ലറ കാര്യമല്ല. പതിനാറാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ച ദജ്ജാലിന്‍റെ ഈ വ്യാപനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഏതാണ്ടു പൂര്‍ണ്ണമായി. കാലുകള്‍ പശ്ചിമ പൂര്‍വ്വ ദിക്കുകളില്‍ ഉറപ്പിച്ച്കൊണ്ട് അവര്‍ അലറിയടുത്ത നിമിഷങ്ങളില്‍ മക്കാ, മദീനകളിലും അവരുടെ കൊടി പാറിപ്പറപ്പിക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. പക്ഷേ, ദൈവിക വാഗ്ദാന പ്രകാരം മക്കാ മദീനകളെ അല്ലാഹു സംരക്ഷിക്കുകയായിരുന്നു. എഴുപതിനായിരം മുസ്‌ലിംകള്‍ ദജ്ജാലിനെ പിന്‍പറ്റുമെന്ന പ്രവചനവും മുസ്‌ലിംകളില്‍ പൂര്‍ത്തിയായി. ഇന്ന് രാഷ്ട്രീയമായും മുസ്‌ലിം ഭരണകൂട ങ്ങള്‍ ഭൂരിഭാഗവും അവരുടെ ചട്ടുകങ്ങളാണ്. ഇനി മതപരമായി ചിന്തി ച്ചാലും ഈസാ നബിയെ (അ) ദൈവമാക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ, ക്രിസ്ത്യാനികളേക്കാള്‍ മുസ്‌ലിംകള്‍ സംഭാവന നല്‍കിയോ എന്നു സംശയിക്കണം. ആലങ്കാരികമായി ഈസാ നബിയെ (അ) പറ്റി വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ പല അത്ഭുത ദൃഷ്ടാന്തങ്ങള്‍ക്കും ജഡികമായ അര്‍ത്ഥകല്‍പന നല്‍കിയാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അദ്ദേഹം രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തില്‍ ദൈവത്തിന്‍റെ സമീപം ജീവിക്കുന്നു എന്നു ക്രിസ്ത്യാനികളെപ്പോലെ മുസ്‌ലിംകളും വിശ്വസിക്കുന്നു. അതുകൊണ്ടാണ് എഴുപതിനായിരം മുസ്‌ലിംകള്‍ (ഈ സംഖ്യ ആധിക്യത്തെ കുറിക്കുന്നു) ദജ്ജാലിനെ പിന്‍പറ്റുമെന്ന് ഹദീസുകളില്‍ പറയപ്പെട്ടത്. (തുടരും)
Monday, August 9, 2010
ശരീഅത്ത് നിയമം എങ്ങനെ നടപ്പാക്കും?
ഇസ്ലാമിക ശരീഅത്ത് നടപ്പാക്കാന്‍ വേണ്ടിയുള്ള മുറവിളി ഏറ്റവും ഗണ്യമായി ഉന്നയിക്കുന്നത് പാക്കിസ്താനാണ്. ശരീഅത്ത് നിയമങ്ങള്‍ ഒരു രാജ്യത്തെ ഭരണഘടനയാക്കി മാറ്റിയാല്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങള്‍നിരവധിയാണ്. ധാര്‍മ്മികമായി അങ്ങേയറ്റം അധഃപതിച്ച പാകിസ്താനിലെ മുസ്‌ലിം സമൂഹം റസൂല്‍ തിരുമേനി(സ)യുടെ മാതൃകാജീവിതത്തില്‍ നിന്നു വളരെ അകന്നുജീവിക്കുന്നവരാണ്. അവര്‍ക്കിടയില്‍ ശരീഅത്ത് നിയമം നടപ്പാക്കണം എന്നു പറയുന്നത് ജുഗുപ്സാവഹമാണ്. ഭരണഘടനയനുസരിച്ച് ഇസ്ലാമിക ജീവിതം നയിക്കാന്‍ ഇന്ന് ലോകത്തിലെ ഒരു രാജ്യത്തും സാധ്യമല്ലെന്ന് കാണാം. സ്വമേധയാ മുസ്‌ലിംകള്‍ ഇസ്‌ലാമിക ജീവിതക്രമം പാലിച്ചുകൊണ്ട് ജീവിച്ചുകാണിച്ചാല്‍ പിന്നെ ഭരണനിയമങ്ങളുടെ ആവശ്യമെന്ത്? സ്വയം ഇസ്ലാമിക ജീവിതം നയിക്കാന്‍ തയ്യാറില്ലാതെ ഇസ്ലാമിക ഭരണം വേണമെന്ന് വാദിക്കുന്നത് വിരോധാഭാസമല്ലേ? ഇതുമായി ബന്ധപ്പെട്ട ചൂടേറിയ വാഗ്വാദങ്ങളാണ് മുസ്‌ലിം രാജ്യങ്ങളിലുടനീളം നടക്കുന്നത്.
കാലാകാലങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഒരു നിയമസംഹിതയാണ് ശരീഅത്ത്‌നിയമം. ഖുര്‍ആന്‍, സുന്നത്ത്, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങള്‍ തന്നെയാണ് തത്ത്വത്തില്‍ ശരീഅത്ത് നിയമത്തിന്‍റെ ആധാരം. പക്ഷേ നിരവധി വ്യാഖ്യാന ഭേദങ്ങളും, അഭിപ്രായ ഭേദങ്ങളും ശരീഅത്ത് നിയമത്തിലെഓരോ പ്രശ്നങ്ങള്‍ക്കുമുണ്ട്. അങ്ങനെയുള്ള ശരീഅത്ത് നിയമം ഒരു രാജ്യത്തിലെ രാഷ്ട്രീയ സംവിധാന ത്തില്‍ ഭരണ നിയമങ്ങളായി എഴുതിച്ചേര്‍ക്കുകയാണെങ്കില്‍ നിരവധി സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
മൌലികമായുള്ള ഒരു പ്രശ്നം, വിവിധ മതസ്ഥര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് ഒരു പ്രത്യേക മതവിശ്വാസികള്‍ ആ മതത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയും ഭരണകൂടവും, ഭരണ നിയമവും വേണമെന്ന് വാദിക്കുമ്പോള്‍ മറ്റൊരു മതസ്ഥര്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച് ഭരണഘടനയും, ഭരണനിയമങ്ങളുമുണ്ടാക്കണമെന്ന് വാദിക്കാം. ഈ മതവിശ്വാസികള്‍ക്കെല്ലാം തങ്ങളുടെ മതനിയമങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ പാടില്ലാത്ത ദൈവിക നിയമങ്ങളാണുതാനും. മനുസ്മൃതിയനുസരിച്ച് ഭരണം വേണമെന്ന് ഹിന്ദുക്കള്‍ക്കും തല്‍മൂദ് നിയമങ്ങള്‍ക്കനുസരിച്ച് ഭരണം വേണമെ ന്ന് യഹൂദികള്‍ക്കും, ബൈബിള്‍ നിയമങ്ങള്‍ക്കനുസരിച്ച് ഭരണം വേണമെന്ന് ക്രിസ്ത്യാനികള്‍ക്കും അവകാശപ്പെടാം.
നിയമനിര്‍മ്മാണസഭ
സ്റ്റേറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ രാഷ്ട്രീയവും അന്തര്‍ദേശീയ നിയമങ്ങളുമായി ബന്ധപ്പെട്ടവയാണ്. ചോദ്യമിതാണ്. ഒരു രാജ്യത്ത് ജനിച്ച ഒരു വ്യക്തിക്ക് പ്രസ്തുത രാജ്യത്തില്‍ നിയനിര്‍മ്മാണ സഭയില്‍ നിയമ നിര്‍മ്മാണത്തിന് അവകാശമുണ്ടല്ലോ. ആധുനിക മതേതര ജനാധിപത്യത്തിന്‍റെ സങ്കല്‍പത്തിന്‍റെ അടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റുകളില്‍ പ്രസ്തുത രാജ്യത്ത് ജനിക്കുന്ന ഓരോ പൌരനും അവന്‍റെ മതം, നിറം, വര്‍ഗ്ഗം, ഭാഷ എന്നിവ പരിഗണിക്കാതെ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നല്‍കുന്നു. ചുരുങ്ങിയ പക്ഷം നിയമനിര്‍മ്മാണസഭയില്‍ ഭാഗഭാക്കാവാനുള്ള അവസരമെങ്കിലും നല്‍കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍വ രികയും പോകുകയും ചെയ്യുന്നു. ഇന്നത്തെ ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷികള്‍ നാളെ ന്യൂനപക്ഷ മായിത്തീരുന്നതിനാല്‍ എല്ലാ പൌരന്‍മാരുടേയും അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധ്യമാകുകയില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം ഓരോരുത്തര്‍ക്കും മാന്യതയും തുല്യതയുമുള്ള അവസരം നല്‍കുകയും തങ്ങള്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനുള്ള അവസരമെങ്കിലും നല്‍കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്ത് ഒരു മതത്തിന്‍റെ മതസംഹിത അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ പരിണിത ഫലം? മുസ്‌ലിംകളുടെ നിയമം ഒരു രാജ്യത്ത് നടപ്പിലാക്കുകയാണെങ്കില്‍ മറ്റുള്ള അമുലിം പൌരന്‍മാര്‍ ആ രാജ്യത്തിലെ രണ്ടാം കിടക്കാരോ മൂന്നാം കിടക്കാരോ ആയി മാറും. അവര്‍ക്ക് നിയനിര്‍മ്മാണത്തിലോ നിയമനിര്‍മ്മാണ സഭയിലോ സ്വതന്ത്രമായ പ്രാതിനിധ്യ മുണ്ടാകുകയില്ല. പ്രശ്നം അവിടേയും അവസാനിക്കുന്നില്ല. ഇസ്‌ലാമിക മതഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ വ്യാഖ്യാനമര്‍ഹിക്കുന്ന നിരവധി സംജ്ഞകളുളളതിനാല്‍ വിവിധ വിഭാഗങ്ങളിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക് തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുവാനുള്ള അവകാശം വകവെച്ചുകൊടുക്കേണ്ടി വരും. അവയില്‍ ചിലത് പരസ്പരം വ്യത്യസ്തവും പരസ്പര വിരുദ്ധവുമായിരിക്കും.
മുസ്‌ലിം പണ്ഡിതന്‍മാര്‍ ശരീഅത്തിനെ വ്യാഖ്യാനിക്കുമ്പോള്‍ ഒരുവിഷയത്തിന് തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പൊങ്ങിവരാറുണ്ട്. നിയമനിര്‍മ്മാണം ശരീഅത്തിനെ അടിസ്ഥാനമാക്കിയായാല്‍ നിയമസഭാംഗങ്ങള്‍ ശരീഅത്തിലെ മൂഖ്യപ്രമാ ണമായ വിശുദ്ധ ഖുര്‍ആനില്‍ വേണ്ടത്ര അവഗാഹം നേടിയിരിക്കണം. അവരെ സഹായിക്കുന്നത് ഖുര്‍ആന്‍ പഠിച്ച മുല്ലമാരാണെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുന്ന നിയമസഭാംഗങ്ങള്‍ക്ക് പ്രസ്തുത പണ്ഡിതന്‍മാരുടെ വിശദീകരണങ്ങള്‍ കേള്‍ക്കേണ്ടി വരും. ഓരോ പ്രശ്നത്തിനും ഓരോ വിഭാഗത്തിന്‍റെയും പണ്ഡിതന്‍മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നല്‍കിയാല്‍ സഭ ഏത് സ്വീകരിക്കും? വോട്ടിനിട്ടു സീകരിച്ചാല്‍ ഖുര്‍ആനിക പ്രമാണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ ഹിതത്തിനനുസരിച്ചാണെന്ന ആക്ഷേപം വരും. ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ യാഥാസ്ഥികരും, പിന്തിരിപ്പന്‍മാരും, ഖുര്‍ആനികജ്ഞാനം ഇല്ലാത്തവരുമാണെങ്കിലോ? ഈ പ്രഹേളികക്ക് എന്താണുത്തരം?
ഓരോ മതങ്ങളുടെയും ചരിത്രവും അവയുടെ മൂലതത്ത്വവും പരിശോധിക്കുകയാണെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സ് ഒന്നില്‍ നിന്നു തെന്നയാണെന്ന് കാണാം. കാലത്തിന്‍റെ ഗതിമാറ്റത്തിനനുസരിച്ച് അവ നിരവധി കക്ഷികളായി പിരിയുകയാണുണ്ടായത്. ജൂത, ക്രൈസ്തവ, ഇസ്‌ലാം എന്നീ സെമിറ്റിക് മതങ്ങളില്‍ ഈ കക്ഷിബാഹുല്യവും വീക്ഷണ വൈരുദ്ധ്യങ്ങളും നമുക്ക് ദര്‍ശിക്കാം. മതസ്ഥാപകരുടെ ലളിതസുന്ദരമായ ആദിമകാലത്തെ ജീവിത തത്ത്വങ്ങളില്‍ നിന്നു വിഭിന്നമായി മത കക്ഷികള്‍ നിരവധി സങ്കീര്‍ണ്ണമായ സിദ്ധാന്തങ്ങളുമായിട്ടാണ് ആവിര്‍ഭവി ക്കുന്നതും ശാഖകളായി പിരിയുന്നതും. ഈ പ്രതിഭാസം ഇസ്‌ലാം മതത്തിലും നമുക്ക് ദര്‍ശിക്കാം. ആശയപരമായ പരസ്പര വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളുമാണ് അവരുടെ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര.
അസാധ്യമായ മുസ്‌ലിം നിര്‍വ്വചനം
ഇത് സംബന്ധമായി രസകരമായഒരു സംഭവം ഓര്‍ക്കുകയാണ്. 1953-ല്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയ അഹ്മദിയ്യാ വിരുദ്ധ കലാപത്തെപ്പറ്റി അന്വേഷിക്കുവാന്‍ നിയമിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന് മുമ്പില്‍ ഹാജരായ മുസ്‌ലിം പണ്ഡിതന്‍മാരോട് 'മുസ്‌ലി'മിന് ഒരു നിര്‍വ്വചനം നല്‍കുവാന്‍ സാധ്യമാണോ എന്ന് ആരായുകയുണ്ടായി. ഒരു മുസ്‌ലിം പണ്ഡിതനും എല്ലാവരും അംഗീകരിക്കുന്ന ഒരു നിര്‍വ്വചനം 'മുസ്‌ലി'മിന് നല്‍കാനായില്ല. ഒരു പണ്ഡിതന്‍ നല്‍കുന്ന നിര്‍വ്വചനമനുസരിച്ചു അപര മുസ്‌ലിം പണ്ഡിതന്‍റെ കക്ഷിയില്‍പ്പെട്ട മുസ്‌ലിം മുസ്‌ലിമാകില്ല. ഇതായിരുന്നുസ്ഥിതി.
മുസ്‌ലിമിനെക്കുറിച്ച് നിര്‍വ്വചിക്കുവാന്‍ തനിക്ക് കൂടുതല്‍ സമയം നല്‍കണമെന്ന് പറഞ്ഞ ഒരു കക്ഷിയുടെ പണ്ഡിതനോട് കമ്മീഷനിലെ രണ്ടാം അംഗമായ ജസ്റ്റിസ് ഖയാനിപറഞ്ഞ മറുപടി രസാവഹമായിരുന്നു. 1300 ലധികം വര്‍ഷങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും തീരുമാനമാകാത്ത പ്രശ്നത്തിന് എങ്ങനെ താങ്കള്‍ക്ക് അല്‍പസമയത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കാ നാവും? ആരാണ് മുസ്‌ലിം എന്ന പ്രശ്നത്തിനു പോലും സര്‍വ്വാംഗീകൃതമായ ഒരു നിര്‍വ്വചനം നല്‍കാന്‍ സാധ്യമല്ലാത്ത മുസ്‌ലിം കക്ഷികള്‍ക്ക് എങ്ങനെ ഏകീകൃതമായ ഒരുനിയമം നടപ്പിലാക്കാന്‍ സാധിക്കും.
ഏത് കക്ഷിയുടെ വീക്ഷണമാണ് നടപ്പാക്കുക?
വീണ്ടും സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങളുണ്ടാവുന്നു. ഉദാഹരണമായി ഒരു ക്രിമിനല്‍ കുറ്റത്തിന് ഒരു കക്ഷി നിര്‍ദ്ദേശിക്കുന്ന ശിക്ഷയല്ല മറ്റൊരു കക്ഷിയുടേത്. ഇന്ന് നിലവിലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ തന്നെ ഇത്തരം വ്യത്യാസങ്ങളും വൈജാത്യങ്ങളും നമുക്ക് ദര്‍ശിക്കാം. ചില രാജ്യങ്ങളില്‍ കുറ്റമായി കരുതുന്ന പ്രവൃത്തികള്‍ മറ്റുചില രാജ്യങ്ങളില്‍ കുറ്റകൃത്യമല്ലല്ലോ. വിശുദ്ധ ഖുര്‍ആനിലും ശരീഅത്തിലും ശിക്ഷ ഏതെന്ന് വ്യക്തമാക്കാത്ത ഒരു കുറ്റമാണ് മദ്യപാനം. മദ്യപാനത്തിന് ശിക്ഷ നിയമമാക്കുകയാണെങ്കില്‍ ഏത് കക്ഷിയുടെ അഭിപ്രായത്തിലെ അടിസ്ഥാനത്തിലായിരിക്കും അത് നടപ്പിലാക്കുക? ഈ മുസ്‌ലിം കക്ഷികള്‍ തമ്മിലുള്ള വ്യത്യാസവും അഭി പ്രായ വിയോജിപ്പും നിസ്സാരവുമല്ല. ഒരു കക്ഷി അപരകക്ഷിയെ 'കാഫിര്‍' എന്ന് വിളിക്കുവോളും അത് ഗുരുതരവുമാണ്. അപ്പോള്‍ സര്‍വ്വാംഗീകൃതമായ ശരീഅത്ത് നിയമം എന്നത് വീണ്ടും ഒരു പ്രഹേളികയായിമാറുന്നു.
ശരീഅത്ത് നിയമം നടപ്പിലാക്കുവാന്‍ പാകിസ്താന്‍ ഗവണ്‍മെന്‍റ് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍
നവാസ് ശെരീഫ് പ്രധാനമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ശരീഅത്ത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന വാദകോലാഹലങ്ങള്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്നു. അവസാനം നവാസ് ശെരീഫ് ഒരു മുസ്‌ലിം വിഭാഗത്തിന്‍റെയും ശരീഅത്ത് വിശദീകരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതെല്ലന്ന് പ്രഖ്യാപിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനാണ് പാകിസ്താന്‍ നിയമ ത്തിന്‍റെ പരമോന്നത സ്രോതസ്സ് എന്ന് തത്വത്തില്‍ അംഗീകരിക്കുന്ന പ്രമേയം പാകിസ്താനില്‍ ഗവണ്‍മെന്‍റ് അംഗീകരിച്ചിരുന്നു. പിന്നീട് പാകിസ്താന്‍ ഗവണ്‍മെന്‍റ് വിശുദ്ധ ഖുര്‍ആനിലുള്ള പൊതുവായ ചില തത്ത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെ ടുത്തുവാന്‍ ശ്രമിക്കുകയും പാകിസ്താനെ ഒരു ഇസ്‌ലാമിക രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.
നവാസ് ശെരീഫ് സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തല്‍ക്കാലത്തേക്കെങ്കിലും അകറ്റി നിര്‍ത്തിയെന്ന് സമാധാനിക്കാം. എന്നാല്‍ ഉലമാക്കള്‍ പറയുന്നത് ശരീഅത്ത് നടപ്പാക്കാനുള്ള അധികാരം നിയമ നിര്‍മ്മാണ സഭയിലും, സുപ്രിം കോടതിയിലും മാത്രം നിക്ഷിപ്തമായിരിക്കയില്ലെന്നും മറിച്ച് തങ്ങള്‍ക്കും അതില്‍ പങ്കുവേണമെന്നുമാണ്. ഒരു പടികൂടി കടന്ന് തങ്ങള്‍ക്ക് മാത്രമായിരിക്കണം അതിന്‍റെ പരമാധികാരം എന്നാണ് ഉലമാക്കന്‍മാരുടെ അവകാശവാദം. ചുരുക്കത്തില്‍, തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളില്‍ നിന്നു മുല്ലമാരിലേയ്ക്ക് അധികാരം മാറ്റണമെന്നായിരിക്കും മതപണ്ഡിതമാരുടെയും മതകക്ഷികളുടേയും ആവശ്യം. പാക്കിസ്താനില്‍ സ്വബോധമുള്ള നിലവിലുള്ള ഒരു ജനപ്രതിനിധിയും മുല്ലമാരുടെ ഈ ആവശ്യത്തെ ഉളളുകൊണ്ടു അംഗീകരിച്ചില്ല. മുല്ലമാരുടെ ആവശ്യത്തെ തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് രാഷ്ട്രീയകക്ഷികള്‍ പിന്തുണച്ചിരുന്നത്. അത് കപടരാഷ്ട്രീയത്തിന്‍റെ നാടക ശാലയായ പാകിസ്താനിലെ മൂന്നാംകിട രാഷ്ട്രീയം.
ആധുനിക മുസ്‌ലിംകളുടെ ജീവിതരീതി ഇസ്‌ലാമികമല്ല
മുകളില്‍ പറഞ്ഞത് ശരീഅത്ത് നിയമം നടപ്പിലാകുമ്പോഴുണ്ടാകുന്ന സങ്കീര്‍ണ്ണതകളെക്കുറിച്ചായിരുന്നു. എന്നാല്‍ അപകടകരമായ മറ്റൊരു പ്രശ്നം മുസ്‌ലിംകളുടെ ജീവിതശൈലി തികച്ചും ഇസ്‌ലാമുമായി ബന്ധമില്ലാത്തവയാണ്. ഒരു രാജ്യത്തില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച്‌നേരം നമസ്കാരം അനുഷ്ഠിക്കുവാന്‍ ഭരണഘടനയില്‍ ശരീഅത്ത് എഴുതിച്ചേര്‍ക്കേണ്ടതുണ്ടോ? വിശ്വസ്തതയും സത്യസന്ധതയും പ്രകടിപ്പിക്കുവാന്‍ ശരീഅത്ത് നിയമത്തിന്‍റെ ആവശ്യമുണ്ടോ? ശരീഅത്ത് നിയമം ഇല്ലാതെ തന്നെ കോടതികളില്‍ സത്യസന്ധമായി സാക്ഷ്യം പറഞ്ഞു കൂടേ? സത്യസന്ധതയും വിശ്വസ്തതയും പ്രകടിപ്പിക്കുവാന്‍ ഒരു നിയമത്തിന്‍റെയും ആവശ്യമില്ല. ഒരു സമൂഹത്തില്‍ നിത്യജീവിതത്തില്‍ കൊള്ളയും, കൊലയും, അക്രമവും, അതിക്രമവും,ബോംബ് സ്ഫോടനവും അന്യരുടെ അവകാശങ്ങള്‍ ധ്വംസിക്കലും നിത്യസംഭവമാകുമ്പോള്‍ എത്ര മാത്രം വിശ്വസ്തതയും സത്യസന്ധതയുമാണ് അവിടെ നിലനില്‍ക്കുക? സാധാരണ സംഭാഷണങ്ങളില്‍ പോലും മലിനമായ വാക്കുകള്‍ സര്‍വ്വസാധാരണമായി പ്രയോഗിക്കുകയും എല്ലാതരത്തിലുള്ള അശ്ളീല മായ പെരുമാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു സമൂഹ ത്തില്‍നിന്ന് ഒരു തരത്തിലുള്ള മാന്യതയും നാം പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം ഒരു സമൂഹത്തില്‍ ശരീഅത്തിന് എന്ത് റോളാണ് നിര്‍വ്വഹിക്കുവാനുള്ളത്. അതേപ്രകാരം, അവിടെ ശരീഅത്ത് നിയമം എങ്ങനെയാണ് നടപ്പിലാക്കുക?
മുകളില്‍ ചര്‍ച്ച ചെയ്ത പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയും ഒരു ഭാഗത്ത് നിന്നും ഉരുത്തിരിഞ്ഞ് വരുന്നതായി നാം കാണുന്നില്ല. ഓരോ രാജ്യത്തിനും അതാതിന്‍റേതായ ദേശീയ സവിശേഷതകളുണ്ട്. ഒരു രാജ്യത്ത് എല്ലാ പുഷ്പങ്ങളും മൊട്ടിടുകയോ പുഷ്പിക്കുകയോ ചെയ്യുന്നില്ല. ഈന്തപ്പന മരുഭൂമിയില്‍മാത്രമേ വളരുകയുള്ളൂ. ശൈത്യ രാജ്യങ്ങളായ യൂറോപ്പില്‍ അവ വളരുകയില്ല. അതേപോലെ ചെറിപ്പഴം മരുഭൂമിയില്‍ വളരാറില്ല. അവയ്ക്ക് പ്രത്യേകമായ ചില കാലാവസ്ഥക ള്‍ആവശ്യമാണ്. ഇതേപോലെ ശരീഅത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍. സമ്മര്‍ദ്ദ സ്വഭാവമുള്ള നിയമങ്ങളായി ഭരണഘടനാമാറ്റത്തിലൂടെ കൊണ്ടുവരാന്‍ സാധ്യമല്ല. അനുകൂലമായ കാലാവസ്ഥ സംജാതമാകാത്തിടിത്താളം അവിടെ ശരീഅത്ത് നിയമം നടപ്പിലാക്കുവാന്‍ സാധ്യമാകുകയില്ല. നിയമങ്ങള്‍ ബലാല്‍ക്കാരമില്ലാതെ സ്വമേധയാ ആയിരിക്കണമെന്നനിര്‍ബന്ധം ഇസ്‌ലാമിനുണ്ട്. മതപരമായ നിയമങ്ങളും തദനന്തരമുണ്ടാകുന്ന സാമൂഹികമായ നിയമങ്ങളും ബോധവത്കരണത്തിലൂടെ ക്രമേണയാണ് നിലവില്‍ വന്നത്. അങ്ങനെയാവുമ്പോള്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ദൈവിക നിയമത്തിന്‍റെ ഭാരം വഹിക്കുവാ ന്‍പ്രാപ്തിയുണ്ടാകുന്നു. അവയെ ശരീഅത്ത് നിയമമെന്നോ മറ്റേതെങ്കിലും നിയമമെന്നോ വിളിക്കാവുന്നതാണ്. നേരെമറിച്ച് ഒരു സമൂഹത്തില്‍ മോഷണവും കളവ് പറയലും സര്‍വ്വസാധാരണവും നിത്യജീവിതത്തിന്‍റെ ഭാഗവുമാണെന്നു സങ്കല്‍പിക്കുക. അത്തരം ഒരു സമൂഹത്തില്‍ ശരീഅത്ത് നിയമം നടപ്പിലാക്കി മോഷ്ടി ച്ചവന്‍റെ കൈമുറിച്ചത് കൊണ്ട് എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത്? ശരീഅത്ത് നിയമത്തിന്‍റെ ഉദ്ദേശ്യല ക്ഷ്യങ്ങളിതാണോ? ഇത് മതത്തിന്‍റെ മാത്രം വൈകാരിക പ്രശ്നമായി എടുക്കരുത്. ദൈവത്തിന്‍റെ ഇച്ഛ നടപ്പിലാക്കേണ്ടത് ദൈവം എങ്ങനെയാണോ അവ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത് അപ്രകാരമായിരിക്കണം. (തുടരും)
Sunday, June 27, 2010
സൂറത്തുല്ലഹബ് - ഒരനുബന്ധം
അഭിനന്ദനാര്‍ഹ മാണ് കാട്ടിപ്പരുത്തിയുടെ പോസ്റ്റ്. കാട്ടിപ്പരുത്തിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അനുബന്ധമായി കുറച്ചുകൂടി കാര്യങ്ങള്‍ പറയണം എന്നു തോന്നി. ഒരു കമന്‍റില്‍ ഒതുങ്ങാത്തതുകൊണ്ട് അതൊരു പോസ്റ്റായി ഇവിടെ ചേര്‍ക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ ദര്‍ശന ഗ്രന്ഥമായിരിക്കേ ആയിരത്തി നാനൂറു വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിലേക്ക് മാത്രം ഈ സൂറത്തിനെ പരിമിതിപ്പെടുത്തുന്നതില്‍ അനൗചിത്യമില്ലേ? പണ്ടെങ്ങോ മരിച്ചു നാമാവശേഷനായ ഇസ്‌ലാമിന്‍റെ ഒരു ശത്രുവിന് നാശമുണ്ടാകട്ടെ എന്ന് ഇന്നും പ്രാര്‍ഥിക്കുന്നതിലെ നിരര്‍ഥകത ഒരു പക്ഷേ ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്നാല്‍ ത്രികാലജ്ഞനായ അല്ലാഹുവിന്‍റെ ഗ്രന്ഥം എക്കാലത്തും പ്രസക്തമാണ്. അതിലെ ഓരോ സൂക്തങ്ങളും കാലോചിതമായി വ്യാഖ്യാനിക്കാന്‍ സാധിക്കും. അതുതന്നെയാണ് വിശുദ്ധ ഖുര്‍ആനെ മറ്റു ഗ്രന്ഥങ്ങളില്‍ ഇന്നു വ്യതിരിക്തമാക്കുന്ന ഘടകം. കാളിദാസനെപ്പോലുള്ള വിമര്‍ശകരെ അസ്വസ്ഥരാക്കുന്നതും ഖുര്‍ആന്‍റെ ഈ സവിശേഷത തന്നെ.
സമകാലിക ലോകത്തും ഈ സൂറത്ത് പ്രസക്തമാണ്. ഈ സൂറത്തിലെ ജ്വാലയുടെ പിതാവ് എന്ന വിശേഷണം നബിതിരുമേനിയുടെ പിതൃവ്യനായ അബ്ദുല്‍ ഉസ്സയില്‍ മാത്രം പരിമിതിപ്പെടുത്തേണ്ടതില്ല. കാളിദാസനുള്‍പ്പെടെ, എക്കാലത്തുമുള്ള ഇസ്‌ലാമിന്‍റെ ശത്രുക്കളെ 'അബൂലഹബ്' എന്ന പ്രയോഗം പ്രതിനിധാനം ചെയ്യുന്നു. സസമകാലിക ലോകത്ത് പാശ്ചാത്യ ശക്തികളിലേക്കാണ് ഈ പ്രയോഗം സൂചന തരുന്നത്. ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിയന്ത്രണാവകാശം കുത്തകയാക്കി വെച്ചിട്ടുള്ള ഈ ശക്തികള്‍ 'ജ്വാലയുടെ പിതാവ്' എന്ന പ്രയോഗത്തിന് തികച്ചു യോഗ്യരാണ് എന്നു കാണാം. ഇതില്‍ ഒരു വിഭാഗം ദൈവാസ്തിക്യത്തെ തികച്ചു നിഷേധിക്കുന്നവരാണെങ്കില്‍ (കമമ്യൂണിസ്റ്റ് ശക്തികള്‍) മറു വിഭാഗം ദൈവത്തിന്‍റെ ഏകത്വത്തെ നിഷേധിക്കുന്നവരാണ് (ക്രിസ്തീയ ശക്തികള്‍). പക്ഷേ, ഒരു കാര്യത്തില്‍ രണ്ടു വിഭാഗവും യോജിക്കുന്നു; ഇസ്‌ലാമിനെ എതിര്‍ക്കുന്ന കാര്യത്തില്‍. രണ്ടുകൈകള്‍ എന്നു ഖുര്‍ആന്‍ പറഞ്ഞത് ഇക്കാലത്ത് ഈ രണ്ടു ശക്തികളാണെന്നു മനസ്സിലാക്കാം.
"അബൂലഹബിന്‍റെ കൈകള്‍ രണ്ടും നശിച്ചു. അവന്‍ തന്നെയും നശിച്ചു."
ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ എല്ലാവിധ ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും ഈ സൂക്തത്തിന്‍റെ പരിധിയില്‍ വരുമെങ്കിലും മുകളില്‍ പറഞ്ഞ രണ്ട് പാശ്ചാത്യ ശക്തിളും അവരുടെ ഉപഗ്രഹ രാഷ്ട്രങ്ങളുമാണ് ഇവിടെ ഊന്നല്‍ നല്‍കപ്പേട്ടിരിക്കുന്നത്. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അമ്പേ പരാജയപ്പെടുമെന്നും അവരുടെ എല്ലാ വിധ കുത്സിത പ്രവര്‍ത്തനങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയായിത്തീരും എന്നുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. ഇസ്‌ലാമിന്‍റെ പുരോഗതി കണുന്ന അവര്‍ അവരുടെതന്നെ കോപത്താല്‍ ജ്വലിക്കപ്പെടും. അവരുടെ ധനവും, ശക്തിയും, ആധിപത്യവും അവരുടെ കണ്മുന്നില്‍ തകര്‍ന്ന് തരിപ്പണമാകും.
"അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചു വെച്ചതോ അവന് ഉപകാരപ്പെടില്ല"
വമ്പിച്ച സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥരായ പാശ്ചാത്യ വിഭാഗങ്ങള്‍ തന്നെയാണ് ഇവിടെയും പരാമര്‍ശം. അവന്‍റെ ധനം എന്നത്കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അവരുടെ രാജ്യത്ത് തന്നെസംഭരിക്കപ്പെട്ട സമ്പത്താണ്. അവന്‍ സമ്പാദിച്ചത് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ബലഹീന രാഷ്ട്രങ്ങളെ ചൂഷണം ചെയ്തും അവരുടെ പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുത്തും സമ്പാദിച്ച മുതലുകളാണ്.
"ജ്വാലകളുള്ള അഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്"
'അബൂലഹബ്' എന്ന എന്ന വാക്കിന് തീജ്വാലയും അഗ്നിയും വമിക്കുന്ന ഒരു വസ്തു കണ്ടുപിടിച്ച ആള്‍ അല്ലെങ്കില്‍ സ്വയം അഗ്നിക്കിരയാക്കപ്പെട്ടവന്‍ എന്നും അര്‍ഥം പറയാവുന്നതാണ്. ഈ വീക്ഷണത്തില്‍ നോക്കുമ്പോള്‍, സ്വയം നിര്‍മ്മിത അഗ്നിയായുധങ്ങള്‍, അതായത് ന്യൂക്ലിയര്‍ ആയുധങ്ങള്‍ കൊണ്ട് ഈ രണ്ടു രാഷ്ട്രീയ ശക്തികള്‍ക്ക് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന നാശത്തെക്കുറിച്ചുള്ള പ്രവചനമാണ് ഇവിടെ.
"വിറകു ചുമട്ടുകാരിയായ അവന്രെ ഭാര്യയും (അഗ്നിയില്‍ പ്രവേശിക്കുന്നതാണ്)"
അബൂലഹബിന്‍റെ ഭാര്യയെയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. നബിതിരുമേനി (സ)ക്കെതിരില്‍ വ്യജാരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങളിലെ ജനങ്ങളും നിരീശ്വര കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളും ഇതില്‍ ഉള്‍പ്പെടും. വിറകു ചുമട്ടുകാരി എന്ന വിശേഷണത്തിലൂടെ സ്വയം നാശത്തിനുവേണ്ടിയുള്ള ഈ രാഷ്ട്രങ്ങളുടെ ആയുധോല്പ്പാദനവും ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
"അവളുടെ കഴുത്തില്‍ ഈന്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും"
പുറമെ സ്വതന്ത്രമെന്നു കാണപ്പെടുന്നുണ്ടെങ്കിലും തകര്‍ക്കപ്പെടാന്‍ അസാധ്യമായ വിധത്തില്‍ ഈ രാഷ്ട്രങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍റെ പിടിയിലായിരിക്കും എന്നാണ് ഈ വചനം അര്‍ഥമാക്കുന്നത്. മറ്റോരു വിധത്തില്‍ പറഞ്ഞാല്‍, അബൂലഹബിന്‍റെ ഭാര്യ ഉമ്മുജമീല്‍ വിറക് കെട്ടാനുപയോഗിച്ച ഈത്തപ്പന നാരിനാല്‍ ശ്വാസം മുട്ടിക്കപ്പെട്ടപോലെ ഈ രാഷ്ട്രങ്ങളും മറ്റുള്ളവരെ നശിപ്പിക്കാന്‍ തയ്യാറക്കിവെച്ചിട്ടുള്ള ആയുധത്താല്‍ സ്വയം നാശമടയുന്നതായിരിക്കും.
ഈ സൂറത്തിന് അനുയോജ്യമായ അനുബന്ധമെന്നനിലയില്‍ ഖുര്‍ആനിലെയും ബൈബിളിലെയും രണ്ട് ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നു. ഈ രണ്ടു ശക്തികളുടെയും അതി ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ് അവ.
"അന്നാളില്‍ അവരില്‍ ചിലര്‍ മറ്റു ചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ചു ഒരുമിച്ചുകൂട്ടുകയും ചെയ്യും. അന്നാളില്‍ അവിശ്വാസികള്ക്ക് നാം നരകത്തെ മുഖാമുഖം കാണിച്ചു കൊടുക്കുന്നതാണ്." (അല്‍കഹ്ഫ് 100, 101)
യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്‍റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു.
അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്‍റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും
ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്‍റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു; ഓരോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരന്നു വിരോധമായിരിക്കും.
ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെ മേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും (Ezek. 38:18-22)
Wednesday, June 16, 2010
കല്ലെറിഞ്ഞുകൊല്ലലും ഖുര്‍ആനും
മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ പലരും കണ്ടിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇ-മെയിലിലൂടെ വ്യാപകമായി പ്രചരിച്ചതാണ് ഈ ചിത്രങ്ങള്‍. വ്യഭിചാരക്കുറ്റത്തിന് സോമാലിയയില്‍ നടന്ന ഒരു ശിക്ഷാവിധിയുടെ രംഗങ്ങളാണ് ചിത്രങ്ങളില്‍. ഇസ്‌ലാമിക ശരിയത്തിന്‍റെ അടിസ്ഥാനത്തിലാണത്രേ അതിക്രൂരമായ ഈ ശിക്ഷാവിധി നടപ്പാക്കിയിട്ടുള്ളത്. വാസ്തവത്തില്‍ ഇസ്‌ലാമിക ശരിയത്തില്‍ വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലുന്ന ശിക്ഷാവിധി ഉണ്ടോ? വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നുണ്ടോ?
മനുഷ്യനെ എല്ലാ നിലയിലും ദൈവ സാമീപ്യത്തിലെത്തിക്കേണ്ട ധര്‍മ്മിക ഗുണങ്ങളേക്കുറിച്ച് ഉപദേശിച്ചതിനു ശേഷമാണ് കുറ്റത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ഇസ്‌ലാം പ്രതിപാദിക്കുന്നത്. അപ്പോള്‍ ശിക്ഷകള്‍ക്ക് വേദിയൊരുക്കുന്നതിനു മുമ്പായി ധാര്‍മ്മിക ബദ്ധമായ ഒരു നല്ല സമൂഹത്തിന്‍റെ സൃഷ്ടി അനിവാര്യമാണ്. അതിനു വേണ്ടി മതങ്ങളും ഭരണകൂടവും പരിശ്രമിക്കേണ്ടതുണ്ട്. പ്രവാചകന്‍റെ കാലത്ത് ധാര്‍മ്മിക പ്രബുദ്ധമായ ഒരു സമൂഹത്തിന്‍റെ രൂപീകരണത്തിനു ശേഷമായിരുന്നു കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ വ്യക്തിയെപ്പോലെതന്നെ സമൂഹത്തിനും പങ്കുണ്ട്. ഇസലാമിനെ ജനമദ്ധ്യത്തില്‍ തരം താഴ്ത്തിക്കാണിക്കാന്‍ പാശ്ചാത്യ ശക്തികള്‍ ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടപ്പില്‍ വരുത്തുന്ന ശീക്ഷയെ ക്കുറിച്ച് മോശമായി ചിത്രീകരിക്കുകയും അത്ന് വമ്പിച്ച പ്രചാരണം നല്‍കുകയും ചെയുന്നു. മേല്‍ കൊടുത്തിരിക്കുന്ന ഇ-മയില്‍ ചിത്രങ്ങളും ഇതിന്‍റെ ഭാഗം തന്നെ.
യഹൂദ ക്രൈസ്തവ ഇസ്‌ലാം മതങ്ങള്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന മതങ്ങ്ളാണ്. നാം ചെയ്യുന്ന ചെയ്തികള്‍ക്ക് മരണാനന്തര ജീവിതത്തില്‍ നല്ലതിനു നല്ല പ്രതിഫലവും ചീത്തക്ക് ചീത്ത പ്രതിഫലവും ലഭിക്കും എന്ന് അവ പഠിപ്പിക്കുന്നു. തെറ്റുചെയ്തവര്‍ ഒരു പക്ഷേ ഇവിടെ നിന്ന് രക്ഷപ്പെട്ടാലും ദൈവ സന്നിധിയില്‍ അവനു ശിക്ഷ ലഭിക്കും. ഇത്തരത്തിലുള്ള മത വിശ്വാസങ്ങളും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ശിക്ഷാ നിയമങ്ങള്‍ രാജ്യത്തിന്‍റെ ക്രമസമാധാന നിലയും അരാചകത്വമില്ലായ്മയും ഉറപ്പു വരുത്താനാണ്.
നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം. വ്യഭിചാരിക്ക് എന്തു ശിക്ഷയാണ് ഇസ്‌ലാം വിധിക്കുന്നത്? വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് എന്തു പറയുന്നു?
വിശുദ്ധ ഖുര്‍ആനിലെ 24-)o അധ്യായം മൂന്നാം വചനത്തില്‍ ഇങ്ങനെ കാണുന്നു:
"വ്യഭിചാരിണിയെയും വ്യഭിചാരിയെയും (കുറ്റം തെളിഞ്ഞാല്‍) നൂറു വീതം ചമ്മട്ടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്. അവര്‍ രണ്ടുപേരുടെയും ശിക്ഷയ്ക്ക് ഒരു കൂട്ടം വിശ്വാസികള്‍ സാക്ഷ്യം വഹിക്കട്ടെ".
യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വ്യഭിചാരിച്ച സ്ത്രീക്കും പുരുഷനും 100 വീതം ചമ്മട്ടിയടിയില്‍ കവിഞ്ഞ ഒരു ശിക്ഷയും ഖുര്‍ആന്‍ പറയുന്നില്ല. ഈ ശിക്ഷ തന്നെ കഠിനമായ ഒരു ശിക്ഷയാണെന്ന് "വിധി നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ രണ്ടുപേരെ സംബന്ധിച്ചും നിങ്ങള്‍ക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാകരുത്." എന്ന വാക്യം സൂചിപ്പിക്കുന്നു. അപ്പോള്‍ പിന്നെ കല്ലെറിഞ്ഞുകൊല്ലുക എന്ന അതി ക്രൂരമായ ഒരു ശിക്ഷാവിധി ഇവിടെ തികച്ചും അപ്രസക്തമാകുന്നു.
ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നല്ലാം അദ്ധ്യായത്തിലെ ഇരുപത്തി ആറാം വചനത്തില്‍ ഇപ്രകാരം പറയുന്നു:
"അവര്‍ (അടിമസ്ത്രീകള്‍) വിവാഹം കഴിഞ്ഞതിനു ശേഷം ഏതെങ്കിലും അസാന്മാര്‍ഗ്ഗികതയില്‍ ഏര്‍പ്പെട്ടാല്‍, സ്വതന്ത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ പകുതി ശിക്ഷ അവര്‍ക്കു നല്‍കേണ്ടതാണ്."
ഇവിടെ പകുതിയാക്കാന്‍ പറ്റുന്ന ഒരു ശിക്ഷയെക്കുറിച്ചാണ് പറയുന്നത്. എറിഞ്ഞുകൊല്ലല്‍ പകുതിയാക്കാന്‍ പറ്റുമോ?
നേരത്തെ പറഞ്ഞതുപോലെ, ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹത്തിന്‍റെ ക്രമസമാധാന നിലയും അരാജകത്വമില്ലായ്മയും ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. ഉദാഹരണത്തിന് ഒരു വ്യഭിചാരിയെയോ വ്യഭിചാരിണിയേയോ ശിക്ഷിക്കണമെങ്കില്‍ നാലു സാക്ഷികള്‍ വേണം. അവര്‍ പറഞ്ഞത് കള്ള സാക്ഷ്യം ആണെങ്കില്‍ സാക്ഷി പറഞ്ഞവര്‍ക്കും അടിശിക്ഷ നല്‍കണം. അവരുടെ സാക്ഷ്യം ഭാവിയില്‍ ഒരു കാര്യത്തിനും സ്വീകരിക്കാനും പാടില്ല. നാലു ദൃക്സാക്ഷികളുടെ മുമ്പില്‍ വെച്ച് ആരെങ്കിലും വ്യഭിചരിക്കും എന്ന് നമുക്ക് അലോചിക്കാന്‍ തന്നെ പ്രയാസം. സെക്സിന്‍റെ കാര്യത്തില്‍ ഒരു വിധ നിയന്ത്രണങ്ങളുമില്ലാത്ത പാശ്ചാത്യ രാജ്യഞ്ഞളില്‍ ഒരുപക്ഷേ, ഇങ്ങനെ സംഭവിച്ചേക്കാം. എന്നാല്‍ തന്നെയും വ്യഭിചരിച്ചവര്‍ക്കെതിരെ സാക്ഷിപറയത്തക്ക നിലയിലുള്ള നാലുപേരുടെ മുന്നില്‍ വെച്ച് ഈ കൃത്യം നിര്‍വഹിക്കുക എന്നത് അങ്ങേയറ്റം ജുഗുപ്സാവഹം തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാകും എന്നു തോന്നുന്നില്ല.
പബ്ലിക്കായി ഇത്തരം നീച കൃത്യം ചെയ്യുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം വെറുക്കുന്നു. അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലനം അനുവദിക്കാത്ത ഇസ്‌ലാം, വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ പഴുതുകളും അടയ്ക്കുന്നു. അതിനു ശേഷമാണ് ശിക്ഷയെ സംബന്ധിച്ച്, അതും നാലു സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്ന വിധം പരസ്യമായി ചെയ്യുന്ന വ്യഭിചാരവും ശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഇസ്‌ലാമില്‍ ശിക്ഷ നല്‍കുന്നത് ക്രമസമാധാന പാലനത്തോടൊപ്പം മനുഷ്യന്‍ അത്മീയമായ നന്നായിത്തീരാന്‍ വേണ്ടി കൂടിയാണ്. നരകത്തിന്‍റെ കണ്‍സെപ്റ്റ് തന്നെ മനുഷ്യനു ബാധിച്ച അത്മീയ രോഗത്തില്‍ നിന്ന് അവനെ മുക്തമാക്കി സ്വര്‍ഗ്ഗസ്ഥനാക്കുന്ന ഒരു ആതുരാലയം പോലെയാണ്. നരകത്തില്‍ ആരും ഇല്ലാത്ത ഒരവസ്ഥ് ഉണ്ടാകും എന്ന് ഹദീസുകളില്‍ നിന്നു മനസ്സികാകുന്നുണ്ട്.
വ്യഭിചാരത്തിന് ഒരു ശിക്ഷ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ അത് നടപ്പിലാക്കുക എന്നത് നബി(സ)യുടെ ബാധ്യതയാണ്. അതില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ ആര്‍ക്കും അധികാരമില്ല. നബി(സ)യുടെ ജീവിതന്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍റെ വ്യാഖ്യാനം ആണ് എന്നു വരുമ്പോള്‍ ശിക്ഷയില്‍ യാതൊരു ഭേധഗതിയും നബിതിരുമേനി (സ്) മുഖേന സംഭവിക്കാന്‍ ഇടയില്ല. സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ നബി(സ) ശിക്ഷ എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുമോ അത്രയും കുറയ്ക്കുന്ന പ്രകൃതക്കാരനായിരുന്നു. വ്യഭിചാരത്തിനു അടിശിക്ഷയാണെന്ന് ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞിരിക്കേ, ഈ കുറ്റത്തിന് പ്രാകൃത ശിക്ഷയായ എറിഞ്ഞുകൊല്ലല്‍ അദ്ദേഹം നടപ്പാക്കി എന്നു കരുതാന്‍ യാതൊരു സാധ്യതയുമില്ല.
കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി ബൈബിളിന്‍റെതാണ്. യഹൂദികള്‍ തെറ്റു ചെയ്തപ്പോള്‍ അവരുടെ ശരീഅത്തിന്‍റെ വിധി നബി(സ)യുടെ കാലത്ത് നടപ്പില്‍ വരുത്തിയതായി ഹദീസുകളില്‍ കാണുന്നു. അതേപോലെ വിശുദ്ധ ഖുര്‍ആന്‍റെ വിധി വരുന്നതിനു മുമ്പ് ചില കാര്യങ്ങളില്‍ നബി(സ) തൗറാത്തിന്‍റെ വിധിയനുസരിച്ചാണ് ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍ആന്‍റെ വ്യക്തമായ വിധി വന്നശേഷവും വ്യഭിചാരികളെ എറിഞ്ഞുകൊന്നു എന്നു ഒരിക്കലും കരുതാന്‍ സാധ്യമല്ല.
ഇന്ന് ഏതെങ്കിലും മുസ്‌ലിം നാടുകളില്‍ വ്യഭിചാരകുറ്റത്തിന് ക്രൂരവും കിരാതവുമായ എറിഞ്ഞുകൊല്ലാല്‍ നടക്കുന്നുണ്ട് എങ്കില്‍ അവര്‍ തന്നെയാണ് അതിന് ഉത്തരവാദി.
Wednesday, June 2, 2010
പരലോകവിശ്വാസം
ഇതുവരെ മനുഷ്യന്‍ അറിഞ്ഞ ജ്ഞാനം തനിക്കറിഞ്ഞുകൂടാത്തതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന ന്തതയുടെ അപാര വിസ്തീര്‍ണ്ണമായ ക്യാന്‍വാസിലെ ഒരു ബിന്ദുവോ, അല്ലെങ്കില്‍ അതിനേക്കാളും സൂക്ഷ്മമായ അണുവോ മാത്രമാണെന്ന അവബോധം അവനില്‍ ജനിപ്പിക്കുന്നു. വിനയാന്വിതനാവുക എന്ന സന്ദേശം വര്‍ദ്ധിച്ചുവരുന്ന ഈ അവബോധവുമായിബന്ധപ്പെട്ടു കിടക്കുന്നതാണ്.
ഇന്നത്തെ നമ്മുടെ ജ്ഞാനം ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരി ക്കുന്നതിനേക്കാള്‍ കോടിക്കണക്കിന് ഇരട്ടിച്ചിട്ടുണ്ട്. ഒരായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന നമ്മുടെ ജ്ഞാനപരിമാണം ഇന്നുള്ളതിനേക്കാള്‍ കോടിക്കണക്കിനിരട്ടിയായിരിക്കുകയുംചെയ്യും. എന്നാലും, അല്ലാഹുവിന്‍റെ അദൃശ്യജ്ഞാന ഭണ്ഡാരവുമായി താര തമ്യപ്പെടുത്തുമ്പോള്‍ അത് തികച്ചും നിസ്സാരവുമായിരിക്കും.
പരിമിതമായ ജ്ഞാനേന്ദ്രിയങ്ങളോട് കൂടിയ മനുഷ്യന്‍, അവനെത്ര വിജ്ഞാനിയും വിവേകിയുമാണെങ്കില്‍പോലും തന്‍റെ ജ്ഞാനേന്ദ്രിയങ്ങളുടെ പരിധികള്‍ ലംഘിക്കുവാന്‍ അവന്‌സാദ്ധ്യമല്ല. അതേസമയം, മനുഷ്യന് കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങളുണ്ടാകുവാനുള്ള സാദ്ധ്യത തള്ളിക്കളയാവുന്നതുമല്ല. മനുഷ്യ പരിധികള്‍ക്കപ്പുറമുള്ള യാഥാത്ഥ്യങ്ങളെക്കുറിച്ച് അറിവ് നല്‍കുവാന്‍ ദൈവത്തിന് മാത്രമെ സാദ്ധ്യമാവുകയുള്ളൂ.
ഖുര്‍ആന്‍ ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്ന പരലോക ജീവിത സ്വഭാവങ്ങള്‍ ഇത്തരത്തിലുള്ള അജ്ഞേയ മണ്ഡലത്തില്‍പ്പെട്ടതാണ്. അതോടനുന്ധിച്ച് മനുഷ്യന്‍റെ നിസ്സഹായാവസ്ഥയെ ദ്യോതിപ്പിക്കുന്ന രസകരമായൊരു ശൈലിയും ഖുര്‍ആന്‍ പ്രയോഗിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന് ദുര്‍ഗ്രഹമായ ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിച്ചശേഷം "ഹേ മനുഷ്യാ, അതെന്താണന്ന് നിനക്കെന്തറിയാം?" എന്ന കോപ പ്രകടനത്തോടെയാണ് അതിന് വിരാമമിടുന്നത്. അത്തരത്തിലുള്ള ചില ഖുര്‍ആനിക സൂക്തങ്ങള്‍ചുവടെ ചേര്‍ക്കുന്നു:
"വിധി നാളെന്തെന്ന് നിനക്കെന്തറിയാം. അതേ വിധി നാളെന്തെന്ന് നിന ക്കെന്തറിയാം?" (82:18,19)
"സത്യമായി പുലരുന്ന ആ സംഭവം സത്യമായി പുലരുന്ന സംഭവമെന്താണ്? സത്യമായി പുലരുന്ന സംഭവമെന്തെന്ന് നിനക്കെന്തറിയാം" (69:2-4)
"അവനെ ഞാനടുത്തു തന്നെ നരകത്തില്‍ തള്ളി വിടും. നരകം എന്നാല്‍ എന്തെന്ന് നിനക്കറിയാമോ?" (74:27,28)
യഥാര്‍ത്ഥ പ്രശ്നം ദൈവത്തിന്‍റെ കഴിവ്കേടിലല്ല, മറിച്ച് മനുഷ്യേന്ദ്രിയങ്ങളുടെ പരിമിതിയുമായി ബന്ധപ്പെട്ടാണ്‌കിടക്കുന്നത്. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളില്ലാത്ത ഒരു വ്യക്തിക്ക് ആ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ഒന്നിന്‍റെയും യഥാര്‍ത്ഥ സ്വഭാവമറിയുവാന്‍ കഴിയുകയില്ല. ബധിരന് ശബ്ദമെന്താണെന്നും അന്ധന് കാഴ്ചയെന്താണെന്നും മനസ്സിലാക്കുവാന്‍ സാധ്യമല്ല. എങ്കിലും കാഴ്ചയും ശബ്ദ ശ്രവണവും സാദ്ധ്യമായവര്‍ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഇത്തരം ധാരണകളെക്കുറിച്ച് അത്തരക്കാരെ മനസ്സിലാക്കിക്കുവാന്‍ ഒരുനിഷ്ഫല ശ്രമം നടത്താവുന്നതാണ്. അതുപോലെ ഖുര്‍ആന്‍ പരലോകജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോ വിവരിക്കപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന് മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ലെന്ന് മനുഷ്യനെ അതുണര്‍ത്തുകയും ചെയ്യുകയാണ്. ഇവിടെ മനുഷ്യപരിമിതികളെയാണ് എടുത്തുകാട്ടുന്നത്. അല്ലാതെ ദൈവത്തിന്‍റെതല്ല. ഇവിടുത്തെ സംഗതി വളരെ വാചാലവും വ്യക്തവുമാണ്. നമ്മുടെ ലൌകിക ബോധേന്ദ്രിയങ്ങള്‍ക്ക് പുറമെ ചില പുതിയ ഇന്ദ്രിയങ്ങള്‍ കൂടി മരണാനന്തര ജീവിതത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
അതിനാല്‍ വര്‍ണ്ണങ്ങളും പ്രകാശവും എന്തായിരിക്കാമെന്ന ഏകദേശ സങ്കല്‍പം മാത്രമുള്ള ഒരുത്തനെപ്പോലെ, മരണാനന്തര ജീവിതമെന്ന അജ്ഞേയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഏറെക്കുറെ മങ്ങിയിരുണ്ട ഒരു ഭാവനമാത്രമെ ഇന്ന് നമുക്കുള്ളൂ. ഹേ മനുഷ്യാ, അതെന്താണെന്ന് നിനക്കെന്ത റിയാം?
നാം ഭൂമിയില്‍ ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ സംവേദനശക്തി കൂടുതലാവുമ്പോള്‍ നമ്മുടെ ഊഹങ്ങള്‍ക്കും ധാരണകള്‍ക്കും അതീതമായി നമ്മുടെ അനുഭവങ്ങള്‍ പൂര്‍ണ്ണമായി മാറ്റിമറിക്കപ്പെടുന്നു.
സ്നേഹം എന്താണെന്ന് നമുക്കറിയാമെന്ന് നാം കരുതുന്നു. യാതനകള്‍ നമുക്ക് പരിചിതങ്ങളാണെന്ന് നാം കരുതുന്നു. പരലോകത്തിലെ സ്നേഹമെന്തായിരിക്കും? യാതനകള്‍ എന്തായിരി ക്കും? ഖുര്‍ആന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വര്‍ണാഞ്ചിത ചിത്രം കാഴ്ചവെക്കുമ്പോഴും ഒരു കണ്ണും അത് കണ്ടിട്ടില്ലന്നും അതുപോലുള്ളതിനെക്കുറിച്ച് ഒരു ചെവിയും ശ്രവിച്ചിട്ടില്ലെന്നും നമ്മെ അനുസ്മരിപ്പിച്ച് കൊണ്ടിരിക്കുന്നതില്‍ഒട്ടും അത്ഭുതപ്പെടാനില്ലതന്നെ. അത്പോലെതന്നെ നരകശിക്ഷയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുമ്പോഴും നരകാഗ്നി എന്താണെന്ന് നിനക്കെന്തറിയാമെന്ന് ചോദിച്ചുകൊണ്ട് നമ്മെതാക്കീത് ചെയ്യുകയും ചെയ്യുന്നു. അദൃശ്യതയുടെ അര്‍ത്ഥവുംതേടി കൂടുതല്‍ ആഴത്തില്‍ ചികഞ്ഞിറങ്ങുമ്പോഴും കിനാവില്‍ പോലും കാണാനാവാത്ത സാധ്യതകളുടെ വിശാലവീഥികള്‍ നമ്മുടെ ദര്‍ശന ചക്രവാളത്തില്‍ പ്രത്യക്ഷമാവുന്നത് കാണാം. എന്നാല്‍ നിഗൂഢ യാഥാര്‍ത്ഥ്യങ്ങളുടെ പര്യടനയുക്തമല്ലാത്ത വീഥികള്‍ക്കപ്പുറമുള്ളതിനെക്കുറിച്ച് മനസ്സിലാക്കുവാന്‍ നമുക്ക് എന്നും ദൈവിക വെളിപാടുകളുടെ ആവശ്യകതയുണ്ട്. നമ്മുടെ അന്വേഷണങ്ങള്‍ക്ക് തടസ്സം സൃഷ് ടിക്കുന്നത് മനുഷ്യന്‍റെ സംവേദനക്ഷമതയുടെ പരിമിതികള്‍ മാത്രമല്ല. നമ്മുടെ സംവേദനേന്ദ്രിയപരിധികള്‍ക്കകത്തുള്ള നിഗൂഢതകള്‍ തന്നെ നാം മനസ്സിലാക്കിയിരിക്കുന്നതിനേക്കാള്‍എത്രയോ മടങ്ങ് കൂടുതലാണ്. അദൃശ്യതയിലുള്ള വിശ്വാസം ഏത് തരത്തിലു ളളതായാലും അത് തീര്‍ച്ചയായും ഒന്നുമില്ലായ്മയിലുള്ള വിശ്വാസമല്ലതന്നെ. ഒന്നുമല്ലായ്മയില്‍ വിശ്വസിക്കുക എന്നത് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസ തിരസ്കാരമാണ്. ഈ സൂക്തങ്ങളിലടങ്ങിയിരിക്കുന്ന പ്രതിഭ വിശ്വാസികളുടെ സഞ്ചാരപഥങ്ങളെ ബോധദീപ്തമാക്കുകയും കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തര പ്രയാണരീതിയിലേക്ക് നയിക്കുകയുംചെയ്യുന്നു. അവരെ സംബന്ധിച്ചിടിത്താളം ഒന്നും നിരര്‍ത്ഥകവും നിശ്ശൂന്യവുമല്ല. വിജ്ഞാനത്തിന്‍റെ സീമാതീത ഭണ്ഡാരങ്ങള്‍ കണ്ടെത്തുവാന്‍ തിരശ്ശീലയുയര്‍ത്തപ്പെടേണ്ട താമസം മാത്രമേയുള്ളൂ.
നാം കരസ്ഥമാക്കിയ ഈ അല്‍പ ജ്ഞാനത്തില്‍ നാമെത്രതന്നെ അഹങ്കരിച്ചാലും മാനം തൊട്ടു നില്‍ക്കുന്ന മലനിരകള്‍ക്കരികിലെ മണ്‍കൂനപോലെ അത്രയും നിസ്സാരമാണവ. ഭൂമിയിലെ പര്‍വ്വതനിരകള്‍, അനന്തവും അവിരാമവുമല്ലെന്ന് നമുക്കറിയാം. എന്നാല്‍ നമ്മുടെ ചര്‍ച്ചയിലിരിക്കുന്ന ഈ വിജ്ഞാനപര്‍വ്വത നിരകള്‍ ആദിയും അന്ത്യവുമില്ലാതെ അനന്തതയുടെ അപാരതയില്‍ വ്യാപിച്ചു കിടക്കുകയാണ്.
Tuesday, June 1, 2010
പരിണാമ വിധേയനായ മനുഷ്യന്‍
ഖുര്‍ആനിക വചനങ്ങളും വൈജ്ഞാനിക സത്യങ്ങളുംപരസ്പര പൂരകങ്ങളാണ്. ശാസ്ത്രത്തിന്‍റെ ഇതുവരേയുള്ള കണ്ടെത്തലുകളും വൈജ്ഞാനിക മണ്ഡല വികാസവും ഖുര്‍ആനിക വെളിപാടുകളെ സത്യപ്പെടുത്തുന്നവയാണ്. ഇന്ന് കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക് വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ശ്രദ്ധിക്കുക:
"ഏഴാകാശങ്ങളേയും പടിപടിയായി സൃഷ്ടിച്ചവനാണവന്‍" (സൂറ മുല്‍ക്ക്, വചനം 4)
അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ യാതൊരു വിടവും പരസ്പരവൈ രുദ്ധ്യങ്ങളും കാണുകയില്ലെന്ന്‌ഖുര്‍ആന്‍ തുടര്‍ന്ന് പ്രസ്താവിക്കുന്നു. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട് തത്ത്വങ്ങളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഒന്നാമത്തേത്, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായിസൃഷ്ടിക്കപ്പെട്ടു എന്നതാണ്. രണ്ടാമത്തേത് ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്.
സൃഷ്ടിപ്പിനെക്കുറിച്ച് പറഞ്ഞിടെത്തല്ലാം 'റബ്ബ്' എന്ന ദൈവിക ഗുണനാമമാണ് പ്രയോഗിച്ചിരിക്കുന്നത്. റബ്ബ് എന്നതിന് വളരെ താഴ്ന്നപടിയില്‍ നിന്ന് ഉയര്‍ന്ന പദവിയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുന്നവന്‍ എന്നാണര്‍ത്ഥം. റബ്ബ് എന്ന പ്രയോഗത്തിലൂടെ സൃഷ്ടിപ്പ് എന്ന പ്രക്രിയ പടിപടിയായി അഭിവൃദ്ധിയുടെ ശ്രേണിയിലൂടെ നിര്‍വഹിക്കപെടുന്നതാണ് എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു:
"നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്നു മറ്റൊരുസ്ഥിതിയിലേക്ക് പടിപടിയായി കയറിപ്പോയ്ക്കൊണ്ടിരിക്കും" (84:20).
സര്‍വ സൃഷ്ടികളെയുംബാധിക്കുന്ന ഒരു തത്ത്വമാണിത്. പരി ണാമത്തിന്‍റെ വിവിധ ഘട്ടങ്ങളെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയകള്‍ വിവിധങ്ങളായിരുന്നു. എങ്കിലും മനുഷ്യനിലേ ക്കുള്ള ലക്ഷ്യത്തിന് യാതൊരുവ്യതിചലനവും ഉണ്ടായില്ല. സൃഷ്ടി പ്പിന്‍റെ അന്തിമ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യനായിരുന്നു എന്നതിന് സംശയമില്ല.
ഭൂമിയിലെ ജൈവ പരിണാമ ശൃംഖല യിലെ ഒടുവിലത്തെ കണ്ണിയാണോ മനുഷ്യന്‍? മറ്റെല്ലാ ജന്തുക്കളെക്കാളുംവികസിതനാണ് മനുഷ്യന്‍. മനുഷ്യനെ ക്കാള്‍ ശ്രേഷ്ഠതരങ്ങളായ ഇന്ദ്രിയങ്ങളുള്ള, ഗ്രാഹ്യതയുടെ പുതിയ മാന ങ്ങള്‍ കൈവരിക്കുവാന്‍ ശേഷിയുള്ള, കൂര്‍മ്മുദ്ധിയുള്ള, ഒരു ജീവിക്ക് മനുഷ്യന്‍ വഴിമാറിക്കൊടുക്കേണ്ടിവരുമോ? വ്യത്യസ്തമായ ശരീരഘടനയും ആകാര വുമുള്ള ഒരു നൂതന ജൈവവര്‍ഗ്ഗം ഭൂമിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യ തയുണ്ടോ?
ഇസ്ലാമല്ലാതെ മറ്റൊരു മതവും, ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മവിചിന്തനം നടത്തുവാന്‍ മുതിര്‍ന്നിട്ടില്ല. വിശുദ്ധഖുര്‍ആന്‍ ഇത്തരം പ്രശ്നങ്ങളുന്നയിച്ച് കൊണ്ട് അവയെക്കുറിച്ച് അപഗ്രഥനം നടത്തി ഇതിന്നുള്ള സാദ്ധ്യതയെക്കുറിച്ച് പ്രവചിച്ചിരി ക്കുന്നുവെന്നത് വിശുദ്ധ ഖുര്‍ആന്‍റെ അത്ഭുതകരമായ സവിശേഷതയാണ്.
ഭൂമിയില്‍വെച്ചും പരലോകത്തുവച്ചും സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. മരണാനന്തരം മനുഷ്യന്‍ തികച്ചും വ്യത്യസ്തമായ രൂപത്തോടു കൂടി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇവിടെ ഭൂമിയില്‍ വെച്ച് തന്നെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്. അത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ മനുഷ്യനേ ക്കാള്‍ ശ്രേഷ്ഠമായ സവിശേഷതകളോട് കൂടിയ ഒരു ജൈവഗണത്തിന്‍റെരംഗപ്രവേശചിത്രീകരണങ്ങള്‍ കാഴ്ച വെക്കുന്നവയാണ്.
മനുഷ്യനായി പിറന്ന ആര്‍ക്കും സങ്കല്‍പ്പിക്കുവാന്‍പോലും സാധ്യമല്ലായിരുന്ന ഒരു കാലത്ത്, അതിവിദൂരഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ചില സംഭ വങ്ങളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ദ്വയാര്‍ത്ഥ വ്യാപ്തിയുള്ള ഭാഷാ പ്രയോഗങ്ങളിലൂടെ ഖുര്‍ആന്‍ ഒരേസമയം പ്രതിപാദിക്കുന്നതായി കാണാവുന്നതാണ്. ഈ സൂക്ത ങ്ങളടങ്ങിയിരിക്കുന്ന പ്രവചനങ്ങള്‍ ഇഹലോകത്തേക്കും, പരലോകിത്തക്കും ബാധകമായവയുമാണ്.
മരണാനന്തര ജീവിതത്തില്‍ പരിവര്‍ത്തിത ആകാരത്തോട് കൂടിയ ഒരു അസ്തിത്വത്തിനുള്ള സാദ്ധ്യതയെക്കുറിച്ച് വിശകലനം ചെയ്തശേഷം, മനുഷ്യനില്‍നിന്ന് തികച്ചും വ്യത്യസ്തവും എന്നാല്‍ മനുഷ്യന് പകരം ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്നതുമായ ചില പുതിയതരം ജൈവരൂപങ്ങളുടെ പ്രാദുര്‍ഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ സൂക്തങ്ങള്‍ വളരെ സ്പഷ്ടമായി ചിത്രീകരിക്കുന്നത് കാണുക:
"അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീതിയുക്തമായ നിലയില്‍ സൃഷ്ടിച്ചിരിക്കുന്നത് നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുന്നതായാല്‍ നിങ്ങളെ അവന്‍ നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഒരു പുതിയ സൃഷ്ടിയെകൊണ്ടുവരുകയും ചെയ്യുന്നതാണ്. അല്ലാഹുവിന് അത് പ്രയാസമുള്ളകാര്യമല്ല." (14:20,21)
ഈ സൂക്തങ്ങളെ മരണാനന്തര ജീവിതവുമായി ബന്ധപ്പെടുത്താവുന്നതല്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന "ഇന്‍യശാഅ് യുധിബ്കും" എന്ന തിലെ 'എങ്കില്‍' എന്നര്‍ഥംവരുന്ന "ഇന്‍" എന്ന സോപാധിക ഉപസര്‍ഗ്ഗ പ്രയോഗം ഇത് മരണാനന്തര ജീവിതത്തെ സംബന്ധിച്ചുള്ളതല്ല എന്നാണ്‌മനസ്സിലാക്കിത്തരുന്നത്. ഇത് മരണാനന്തരാവസ്ഥയെ സംബന്ധിച്ചുള്ളതായിരുന്നുവെങ്കില്‍ ഈ പ്രയോഗം മരണാ നന്തര ജീവിതം എന്ന അസന്ദിഗ്ധാവസ്ഥ സംശയാസ്പദമായ ഒരവസ്ഥയായി മാറുമായിരുന്നു. എന്നാല്‍ മരണാനന്തര ജീവിതം എന്നത് കേവലം നിരുപാധിക യാഥാര്‍ത്ഥ്യമാണെന്നാണ് ഖുര്‍ ആനിലുടനീളം പ്രസ്താവിച്ചിരിക്കുന്നത്. മനുഷ്യന് പകരം മറ്റ് മനുഷ്യനെ കൊണ്ട് വരുമെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു പുതിയ സൃഷ്ടിയെ അസ്തിത്വത്തില്‍ കൊണ്ടുവരുമെന്നാണ് വ്യക്തമായും ഈ വചനംസൂചിപ്പിക്കുന്നത്. മുഴുമനുഷ്യ വര്‍ഗ്ഗത്തിനും പകരമായുള്ള ഒരു വ്യത്യസ്ത സൃഷ്ടിയെ കൊണ്ടുവരുമെന്നാണ്‌ഇവിടെ പറഞ്ഞിരിക്കുന്നത്.
അല്ലാഹു ഈ മുഴുപ്രപഞ്ചത്തേയും നീതിയുക്തമായ നിലയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. സൃഷ്ടികളില്‍ വെച്ചേറ്റവുമുല്‍കൃഷ്ടനായ മനുഷ്യനേയും നീതിയുക്തമായ നിലയില്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മരണാനന്തരജീവിതം എന്ന വിഷയത്തില്‍നിന്നു ഭിന്നമായി, മനുഷ്യന്‍റെ സ്ഥാനം കവര്‍ന്നുകൊണ്ട് ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന തികച്ചും വ്യത്യസ്തമായ രൂപത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കു ന്നുണ്ട്:
"അവരെ സൃഷ്ടിച്ചതും അവരുടെ ശരീരഘടനയെ ബലപ്പെടുത്തിയതും നാമാണ്. നാം ഉദ്ദേശിക്കുന്നതായാല്‍ അവരുടെ ആകാരങ്ങള്‍ തികച്ചും മാറ്റിമറിക്കുന്നതാണ്" (76:29).
വീണ്ടും മറ്റൊരിടത്ത്:
"അല്ല, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെ യും നാഥനെക്കൊണ്ട് ഞാന്‍സത്യം ചെയ്യുന്നു. തീര്‍ച്ചയായും നാം അവര്‍ക്ക് പകരം അവരെക്കാള്‍ ശ്രേഷ്ഠരായവരെ കൊണ്ട്‌വരാന്‍ കഴിവുള്ളവനാണ്. നാം ഒരിക്കലും പിന്‍തള്ളപ്പെടുന്നവനല്ല" (70:41,42).
ഭൌമജീവികളില്‍ ബുദ്ധികൊണ്ടും കഴിവുകൊണ്ടും ഇന്ദ്രിയജ്ഞാനം കൊണ്ടും സമുന്നത സ്ഥാനമലങ്കരിക്കുന്നത് മനുഷ്യനാണ്. എന്നാല്‍ മനുഷ്യനെക്കാള്‍ ധാരണാശക്തിയും വിവേകവും ബോധേന്ദ്രിയങ്ങളുമുള്ള ഒരു വികസിത ജൈവവര്‍ഗ്ഗം രംഗപ്രവേശംചെയ്യപ്പെടാനുള്ള സാദ്ധ്യത ഖുര്‍ആന്‍ഉയിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ഇത് സംഭവിക്കുക തന്നെ ചെയ്യുമെന്നല്ല, മറിച്ച്, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പദ്ധതിയനുസരിച്ച് അവന് അതിനുള്ള കഴിവും ശക്തിയും ഉണ്ടെന്നാണ് സ്ഥിരീകരിക്കുന്നത്. ആകസ്മികതയില്‍ അധിഷ്ഠിതമായ അന്ധമായ ഒരു പരിണാമ വളര്‍ച്ചയല്ല ഖുര്‍ആന്‍ മുന്നോട്ട്‌വെക്കുന്നത്. അവിച്ഛിന്നമായ ഒരു പരിണാമ പ്രക്രിയക്കുള്ള സാദ്ധ്യതയാണ്‌ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഇത് ഖുര്‍ആന്‍റെ രചയിതാവിന്‍റെ സൂക്ഷ്മജ്ഞാ നത്തിനും ദീര്‍ഘദൃഷ്ടിക്കുമുള്ള മഹത്തായ ഒരു ബഹുമതിയാണ്. മനുഷ്യ പരിണാമ സാദ്ധ്യതയെക്കുറിച്ച് മറ്റൊരുമതവും സൂചിപ്പിക്കുന്നുപോലുമില്ല.
ജൈവലോകം പരിണാമ വികാസ ത്തിന് വിധേയമായത്പോലെ മനുഷ്യനും തുടര്‍ന്നുള്ള ഒരു പരിണാമ പ്രക്രിയക്ക് വിധേയനാകുമോ? അതല്ല ആദിമുതല്‍ക്കുള്ള പുതിയൊരു പരിണാമ ശൃംഖലക്ക് വീണ്ടും പ്രാരംഭം കുറിക്കുമോ? ഏതിനാണ് കൂടുതല്‍ സാധ്യത എന്നത് ഇപ്പോള്‍ നമ്മുടെ ഗ്രാഹ്യതക്ക് അപ്പുറമുള്ള കാര്യമാണ്. അതായത്, നമ്മെ സംബന്ധിച്ചിടത്താളം ഇന്നത് ഒരു അദൃശ്യ കാര്യമാണ്. എല്ലാ അദൃശ്യകാര്യങ്ങളും ക്രമേണ ദൃശ്യമേഖലയിലേക്ക് മാറിക്കൊ ണ്ടിരിക്കയാണ്. ശാസ്ത്രം വളരു ന്നതനുസരിച്ച് സാങ്കേതിക മികവ് കൂടുന്താറും നാം പുതിയ പുതിയ വൈജ്ഞാനിക മേഖലകള്‍ കയ്യടക്കിവരികയാണ്. പ്രകൃത്യാധിഷ്ഠിതമായ ബോധനരീതിയാണിത്. ദൃശ്യവും അദൃശ്യ വുമായ സകലതിന്‍റെയും നാഥന്‍അല്ലാഹുവാണ്. അവന്‍ നമ്മുടെ വൈജ്ഞാനിക ചക്രവാളം ക്രമേണ ക്രമേണ വികസിപ്പിച്ച്കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഫലമായി നമ്മുടെ വീക്ഷണം വിപുലീകരിക്കപ്പെടുകയും അത്‌വരെ അജ്ഞതയുടെ തിരശ്ശീലക്ക് പിന്നില്‍ സ്ഥിതിചെയ്തിരുന്ന കാര്യങ്ങള്‍ ദൃശ്യ ഗോചരങ്ങളായിക്കൊണ്ടിരിക്കുകയുമാണ്.