Wednesday, May 19, 2010

ആദം ആദ്യത്തെ മനുഷ്യനോ? -3

വിശുദ്ധ ഖുര്‍‌ആനില്‍ മലക്കുകളുടെ ഗുണമായി അല്ലാഹു ഇങ്ങനെ പറയുന്നു: " അല്ലാഹുവിന്‍റെ ഒരു കല്പ്പനയും അവര്‍ അനുസരിക്കാതിരിക്കില്ല. ഏതു കല്പ്പനയും അവര്‍ അനുസരിക്കും (66:7). എന്നാല്‍ ഇബിലീസിനെ കല്പനകള്‍ ധിക്കരിച്ച ഒരു പൈശാചിക ശക്തിയായിട്ടാണ് ഖുര്‍‌ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ അല്ലാഹുവിന്‍റെ കല്പ്പന നിരാകരിക്കുന്നതുകൊണ്ട് ഇബ്‌ലീസ് മലക്ക് അല്ല എന്നു മനസ്സിലാകുന്നു. ഇബ്‌ലീസിനെ ജിന്ന് എന്ന് പദം ഉപയോഗിച്ചത് മുമ്പ് വിവരിച്ചിട്ടുണ്ട്. കൂടാതെ അല്ലാഹു ഇബ്‌ലീസിനോട് നേരിട്ട് ചോദിക്കുന്ന ഒരു ഭാഗം വിശുദ്ധ ഖുര്‍‌ആനില്‍ ഇങ്ങനെ കാണാം: " ഞാന്‍ നിന്നോട് ആദമിനു സുജൂദ് ചെയ്യാന്‍ പറഞ്ഞാപ്പോള്‍ എന്താണ് നിന്നെ അത് സ്വീകരിക്കുന്നതില്‍ ഇന്നു തടഞ്ഞത്?" (7:13) അപ്പോള്‍ ഇബ്‌ലീസിനോട് നേരിലും കല്പ്പന ഉണ്ടായിരുന്നു എന്ന് മനസ്സിലാകുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മൃഗ തുല്യരായി ജീവിച്ചിരുന്ന പ്രാകൃത മനുഷ്യ മര്‍ഗ്ഗത്തെ ക്രമപ്രവൃദ്ധമായി ധാര്‍മ്മികവും അധ്യാത്മികവുമായി പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ സമൂഹവുമായി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അല്ലാഹുവിന്‍റെ പദ്ധതി. ആദം (അ) തന്‍റെ ജനതയ്ക്കു നല്‍കിയ ശരീയത്ത് (നിയമം) തന്നെ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും. നഗ്നരായി കഴിഞ്ഞ അവരെ നഗ്നത മറക്കാനാണ് ആദ്യം പഠിപ്പിക്കുന്നത്. പിന്നെ കുടുമ്പ ജീവിതം നയിക്കാനും കൃഷി ചെയ്യാനും വീടു വെക്കാനുമാണ് കല്പ്പിക്കുന്നത്. അതായത് സാംസ്കാരികവും നാഗരികവുമായ ജീവിതത്തിലേക്കുള്ള പ്രാഥമിക കാല്‍‌വെപ്പുകളായിരുന്നു ആദം നബിക്ക് നല്‍കപ്പെട്ട അധ്യാപനങ്ങള്‍.

ഇനി മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇബ്‌ലീസും പിശാചും വേറെ വേറെ സൃഷ്ടികളാണ്. ഖുര്‍‌ആന്‍ ഈ രണ്ടു നാമങ്ങളും അടുത്തടുത്തായി വിവരിക്കുന്നുണ്ട്. ആദമിന്‍റെ വൃത്താന്തം പറയുന്നേടത്ത് മലക്കുകള്‍ക്ക് വിപരീതമായി അനുസരണക്കേട് കാണിക്കുന്നത് ഇബ്‌ലീസ് ആണെന്നും എന്നാല്‍ ജന്നത്തില്‍ നിന്ന് ആദമിനെ പുറത്താക്കാന്‍ കാരണമായത് ശൈത്താന്‍റെ ദുര്‍ബോധനം മൂലമാണെന്നുമാണ് പറയപ്പെട്ടിരിക്കുന്നത്. ഇബ്‌ലീസ് ജിന്നില്‍ പെട്ട ആളാണ്. ജിന്നിനെയും ഇന്‍സിനെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്. (51:57). മനുഷ്യരില്‍ തന്നെ പെട്ട ഒരു വിഭാഗമാണ് ഖുര്‍‌ആന്‍ ഇവിടെ പറയുന്ന ജിന്ന് (ഈ വിഷയം പിന്നീടിരിക്കല്‍ ചര്‍ച്ച ചെയ്യാം). അപ്പോള്‍ ഇബ്‌ലീസും മനുഷ്യനാണ്. ആദം നബിക്കെതിരില്‍ അണിനിരന്ന ശത്രുനേതാവായിരുന്നു അവന്‍. ഏതുപോലെ ഇബ്രാഹിം നബിക്ക് നംറൂദ് ശത്രുവായോ, മൂസാനബിക്ക് ഫിര്‍‌ഔന്‍ ശത്രുവായോ, റസൂല്‍ തിരുമേനിക്ക് (സ) അബൂജഹല്‍ ശത്രുവായോ അതേപോലുള്ള ഒരു ശത്രു നേതാവായിരുന്നു ഇന്‍‌ലീസ്. ഇബ്‌ലീസിന്‍റെ പ്രതീകങ്ങളാണ് പ്രവാചകന്മാരുടെ എതിരില്‍ പ്രവര്‍ത്തിച്ച എല്ലാ ശത്രു മൂപ്പന്മാരും. മനുഷ്യ സമൂഹത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ സംഭവിച്ച ഈ സംഭവം ഒരു സാര്‍‌വത്രിക മാതൃകാ പാഠമായി അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വിവരിച്ചു മനസ്സിലാക്കിത്തരുന്നു. ഇബ്‌ലീസ് പ്രവാചകന്മാരെ വിശ്വസിക്കുന്നതില്‍നിന്നു സാധാരണക്കാരെ തടയുന്നു; പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, സത്വികരായ ഭക്തന്മാരെ ഇബ്‌ലീസിന്‍റെ ശക്തിക്ക് അധീനപ്പെടുത്താന്‍ സാധ്യമല്ലെന്നാണ് അല്ലാഹു പറഞ്ഞത്.

ജിന്നും ഇന്‍സും അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗമോ നരകമോ പൂകുന്നവരാകുന്നു. മനുഷ്യന്‍റെ രണ്ട് രീതിയിലുള്ള സ്വഭാവം ആവിഷ്കരിക്കാനാണ് ജിന്ന് ഇന്‍സ് എന്ന ദ്വന്ദാത്മക പ്രയോഗത്തിലൂടെ അല്ലാഹു ഉദ്ദേശീക്കുന്നത്. അവര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാനുള്ള ബോധ ശക്തി അല്ലാഹു നല്‍കിയിട്ടുണ്ട്. നല്ലതോ ചീത്തയോ തള്ളാനും കൊള്ളാനും ഉള്ള നിര്‍ണ്ണായക ശക്തി ഉള്ളതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാല്‍ മലക്കുകള്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റേയോ നരകത്തിന്‍റെയോ അവസ്ഥാ വിശേഷം ഇല്ല. കാരണം അവര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുത്ത് ദൈവ കല്പ്പനയെ തള്ളാനും കൊള്ളാനും സാധ്യമല്ല. അവര്‍ അല്ലാഹുവിന്‍റെ അജ്ഞാനുവര്‍ത്തികളായ സവിശേഷ സൃഷ്ടികള്‍ മാത്രമാണ്.

അല്ലാഹു മനുഷ്യനെ പരിശുദ്ധമായ അവസ്ഥയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, അവന്‍റെ രക്ഷിതാക്കളാണ് അവനെ യഹൂദിയോ നസാറയോ മറ്റു മതക്കാരനോ ആക്കി രൂപാന്തരപ്പെടുത്തുന്നത് എന്ന് നബിതിരുമേനി (സ) അരുളിയിരിക്കുന്നു. അപ്പോള്‍ മനുഷ്യന്‍റെ ശുദ്ധ പ്രകൃതി, അഥവാ നൈസര്‍ഗ്ഗിക ഭാവം പരിശുദ്ധമാണ്. പുറമേ നിന്നുള്ള പൈശാചിക സ്വാധീനമാണ് അവനെ പാപിയാക്കുന്നത്.

ബഹുഭൂരിപക്ഷം പാപികളാകുമ്പോള്‍ അവരുടെ പുനര്‍ജ്ജീവനാര്‍ഥം അവരെ സല്പന്ഥാവില്‍ നയിക്കുന്നതിനായി അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുന്നു. മനുഷ്യരില്‍ ചിലര്‍ ഈ പ്രവാചകന്മാരെ വിശ്വസിച്ച് സത്വികരാകുന്നു. ചിലര്‍ പശാചിക ശക്തികളുടെ കുതന്ത്രങ്ങളില്‍ പെട്ട് പാപികളായി ഭവിക്കുന്നു. ഈ പ്രകൃയ മനുഷ്യരാശി നില നില്‍ക്കുന്നിടത്തോളം കാലം തുര്‍ടന്നുകൊണ്ടിരിക്കും.

ആദം നബി(അ) യോടും പത്നിയോടും അല്ലാഹു സ്വര്‍ഗ്ഗ തുല്യമായ ഒരു സ്ഥലത്ത് താമസിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ, ഒരു സവിശേഷ വൃക്ഷത്തെ സമീപിക്കരുതെന്നുള്ള താക്കീതും നല്‍കി. അങ്ങനെ ചയ്താല്‍ തെറ്റു ചെയ്തവരില്‍ അകപ്പെട്ടു പോകും എന്നായിരുന്നു ആദമിനോടുള്ള കല്പ്പന.

ഈ വചനത്തെ വ്യാഖ്യാനിക്കുന്നതിലും പണ്ഡിതന്മാര്‍ക്ക് തെറ്റു പിണഞ്ഞതായി കാണാം. ഈ സംഭവത്തെ മരണാനന്തരം സുകൃതവാന്മാരെ പ്രവേശിപ്പുക്കുന്ന സ്വര്‍ഗ്ഗത്തില്‍ വെച്ചു നടന്ന സംഭവമായി അവര്‍ ധരിച്ചു. 'ജന്നത്ത്' എന്ന വാക്കാണ് ഈ തെറ്റിദ്ധാരണയ്ക്കു കാരണം. 'ജന്നത്ത്' എന്നാല്‍ വളര്‍ത്തിയെടുത്ത വൃക്ഷ നിബിഢമായ തോട്ടം എന്നാണര്‍ഥം. വാസ്തവത്തില്‍ ഭൂമിയില്‍ തന്നെ ആദം ആദ്യമായി വസിച്ച സ്വര്‍ഗ്ഗതുല്യമായ സ്ഥലമായിരുന്നു ഇത്. ഇത് ഭൂമിയില്‍ വെച്ചു നടന്ന സംഭവമാണെന്ന് "നാം ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു" (2:31) എന്ന വചനം തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സ്വര്‍ഗ്ഗത്തെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ നല്‍കുന്ന പാഠം അതില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരെ അവിടെ നിന്ന് പുറത്താക്കുന്ന പ്രശ്നമേ ഇല്ല എന്നാണ് (15:49). ഇതേ തുടര്‍ന്നുള്ള വചനങ്ങളും വ്യാഖ്യാതാക്കളെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുകയാണ്. പിന്നീട് പറയുന്നത് ഒരു സവിശേഷ വൃക്ഷത്തെ സമീപിക്കരുത് എന്നാണ്. സമീപിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അക്രമം പ്രവര്‍ത്തിച്ചവരില്‍ പെട്ടുപോകും എന്നതുമാണ്. ഈ കഥ ബൈബിളിലും കാണാം. ബൈബിളില്‍ പ്രസ്തുത മരം നല്ലതും ചീത്തയുമായ ജ്ഞാനത്തിന്‍റെ വൃക്ഷമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത്, പ്രസ്തുത മരത്തിന്‍റെ കനി ഭക്ഷിച്ചപ്പോള്‍ അവര്‍ നഗ്നരായി എന്നാണ്. ഈ വീക്ഷണത്തില്‍ നോക്കിയാലും ഈ വൃക്ഷം പ്രതീകാത്മകമാണെന്ന് കാര്യത്തില്‍ ഇരു ഗ്രന്ഥങ്ങളും യോജിക്കുന്നു. ഏതെങ്കിലും മരത്തിന്‍റെ കായ ഭക്ഷിക്കുന്നത് കൊണ്ട് ചീത്തയും നല്ലതും തിരിച്ചറീയാന്‍ സാധിക്കുമോ? ഏതെങ്കിലും വൃക്ഷത്തിന്‍റെ കനി കഴിക്കുന്നതുകൊണ്ട് നഗ്നത ഉണ്ടാവുമോ? ഇവിടെ പ്രതീകാത്മകമായി ഖുര്‍‌ആന്‍ പറയുന്നതാണ് ബൈബില്‍ പ്രസ്താവത്തെക്കാള്‍ അര്‍ഥഗര്‍ഭം എന്നു കാണാം.

'ശജറത്ത്' (വൃക്ഷം) എന്ന വാക്ക് ഖുര്‍‌ആനില്‍ മനുഷ്യര്‍ തമ്മിലുള്ള കലഹം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതായി കാണാം. പരിശുദ്ധമായ വചനങ്ങളെയും പരിശുദ്ധമായ സാധനങ്ങളെയും പരിശുദ്ധ വൃക്ഷത്തോടും. (ശജറ ത്വയ്യിബ) ചീത്ത സാധനങ്ങളെയും ചീത്ത വചനങ്ങളെയും പൈശാചിക വൃക്ഷത്തോടും (ശജറ ഹസീബ) ഉപമിച്ചതായി കാണാം. (14:25-27). ഇത് മനസ്സിലാക്കിത്തരുന്നത് ഏതോ ചീത്തയായ അവസ്ഥയെക്കുറിച്ചുള്ള താക്കീതാണ് ആ വൃക്ഷത്തെ സമീപിക്കരുത് എന്ന കല്പ്പനകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. സമീപിക്കരുത് എന്നു എന്നു പറയപ്പെട്ട ഒരു വിഭാഗം ജനങ്ങളുമായി കല്പ്പന മറന്നു ആദം നബി സമീപിക്കുകയും അതു മുഖേന കലഹങ്ങളും കുഴപ്പങ്ങളും സംജാതമായതായും അനുമാനിക്കാവുന്നതാണ്. കാരണം, അതിന്‍റെ പരിണിത ഫലം അധര്‍മ്മ കാരികളില്‍ (ളുലുമാക്കളില്‍) പെട്ടുപോകുക എന്നാണെന്ന് പറഞ്ഞിരിക്കുന്നു. 'ളുലുമ' എന്നാല്‍ ഒരു സാധനം തെറ്റായ സ്ഥലത്ത് പ്രതിഷ്ഠിക്കുന്നതിനാണ് പറയുക.

ഈയൊരു വ്യതിചലനം, അഥവാ അപരാധം വന്നു ഭവിച്ചതിനെപ്പറ്റി വിശുദ്ധ ഖുര്‍‌ആന്‍ നമുക്ക് പറഞ്ഞുതരുന്നത് അവര്‍ രണ്ടുപേരെയും വഴി തെറ്റിച്ചത് ശൈത്താന്‍ (പിശാച്) ആണെന്നാണ്. ആദമിനെയും ഭാര്യയ്രും തെറ്റിലേക്ക് നയിച്ചത് ഇബ്‌ലീസ് അല്ല. മറിച്ച് ശൈത്താന്‍ ആണ്. അല്ലാഹുവുമായി ബന്ധമുള്ളവരെ വഴിപിഴപ്പിക്കാന്‍ ഇബ്‌ലീസിന് കഴിയില്ല എന്ന് അല്ലാഹു വ്യക്തമാക്കിയതാണ്. ആദം(അ) നബിയായതുകൊണ്ട് അദ്ദേഹത്തെ ഒരുതരത്തിലും വഞ്ചിക്കാന്‍ ഇബ്‌ലീസിനു കഴിയുമായിരുന്നില്ല. 'ശൈത്താന്‍' എന്ന വാക്ക് വളരെ വ്യാപകമായ അര്‍ഥത്തില്‍ റസൂല്‍ തിരുമേനി (സ) ഉപയോഗിച്ചതായി കാണാം. അപ്പോല്‍ ഇബ്‌ലീസും ആ വൃത്തത്തില്‍ പെട്ടുവെന്ന് വരാം. ദുര്‍ബോധനം ചെയ്യുന്ന മനുഷ്യന്‍, മനസ്സിലുണ്ടാകുന്ന ദുര്‍ബോധനങ്ങള്‍, സൂക്ഷ്മമായ രോഗാണുക്കള്‍, തെരുവു പട്ടികള്‍, പ്രലോഭനാത്മകമായ ദുഷ്പ്രേരണകള്‍ മുതലായവ 'ശൈത്താന്‍' എന്ന പദത്തിന്‍റെ വിശാല അര്‍ഥത്തില്‍ പെടും. ഈ അര്‍ഥത്തില്‍ ഇബ്‌ലീസും അദ്ദേഹത്തിന്‍റെ കൂട്ടുകാരാരും ശൈത്താന്‍ എന്ന വിവക്ഷയില്‍ വരാം. പ്രവാചക ശത്രുക്കളായ ജിന്നിലും ഇന്‍സിലും പെട്ടവരെക്കുറിച്ച് അല്ലാഹു 'ശൈത്താന്‍' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. (6:113). സത്യത്തിന്‍റെ എതിരാളികളും "ശൈത്താന്‍" എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ദ്രോഹപരമായതും തിന്മയിലേക്ക് നയിക്കുന്നതുമായ സചേതനവും അചേതനവുമായ എല്ലാ വസ്തുക്കളും മാനസിക ഭാവങ്ങളും ഈ പദത്തിന്‍റെ വിശാലമായ അര്‍ഥത്തില്‍ വരും. ഇത്തരം പൈശാചിക ശക്തികള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവുകയില്ല എന്നതും ഒരു പരമാര്‍ഥമാണ്. അപ്പോള്‍ ആദമിനെ താല്‍ക്കാലിക വിസ്മൃതിയിലേര്‍പ്പെടുത്തി തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച പൈശാചിക ശക്തിക്ക് എങ്ങനെ മരണാനന്തരം സുകൃതവാന്മാര്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും? ബൈബില്‍ കഥകളെ അടിസ്ഥാനമാക്കി എഴുതിയ ഈ വ്യാഖ്യാനങ്ങള്‍ അബദ്ധങ്ങളാണ്.

അപ്പോള്‍ സുഭിക്ഷവും സ്വര്‍ഗ്ഗതുല്യവുമായ തോട്ടത്തില്‍ ആദമിനും ഭാര്യക്കും ശാന്തമായി ജീവിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യം പിശാചിന്‍റെ ഉപദ്രവത്തിന്‍റെ ഫലമായി അഭിമുഖീകരിക്കേണ്ടി വന്നു. തല്‍ഫലമായി അദ്ദേഹത്തിനും പത്നിക്കും അനുചരന്മാര്‍ക്കു അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നും. പ്രവാകന്മാര്‍ക്ക് അവരുടെ ദൗത്യനിര്‍‌വ്വഹണത്തിന് തടസ്സം നേരിടുമ്പോള്‍ അവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്യുക എന്ന സുന്നത് ഇവിടെ ആദമിന്‍റെ കാര്യത്തിലും സംഭവിക്കുന്നു.

നാം പറഞ്ഞു: "നിങ്ങള്‍ ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും" (2:37)

ഇതില്‍നിന്നു മനസ്സിലാകുന്നത്, പുറത്തുപോകാന്‍ കല്പ്പിക്കുന്നത് ആദമിനോടും പത്നിയോടും മാത്രമല്ല, അവരോടൊപ്പം ഒരു സമൂഹവും ഉണ്ടായിരുന്നു എന്നാണ്. അപ്പോള്‍ ഈ സംഭവം സ്വര്‍ഗ്ഗത്തില്‍ വെച്ചല്ല നടക്കുന്നത്, ഭൂമിയിലാണ് എന്നത് വ്യക്തമാണ്. പിന്നീട് ആദമിന് തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച് സുബോധം ഉണ്ടാവുകയും പശ്ചാത്തപിക്കുകയും അല്ലാഹു അദ്ദേഹത്തിന് പാപമോചനത്തിനായി ചെയ്യേണ്ട പ്രാര്‍ഥന പഠിപ്പിച്ചു കൊടുത്തതായും അപ്രകാരം പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പരമ കാരുണികനായ അല്ലാഹു ആ പാപം പൊറുത്തുകൊടുത്തതായും വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു.


No comments: