ഈ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക
നാംഇവിടെ ചര്‍ച്ച ചെയ്യുന്നത് ഒരു മതത്തിന്‍റെ നിയമങ്ങള്‍ ഒരു രാജ്യത്തെ നിയമമാക്കുവാന്‍ സാധ്യമാണോ എന്നുള്ളതിനെക്കുറിച്ചാണ്. അത് തികച്ചും അസാദ്ധ്യമാണെന്നേ പറയുവാനുള്ളൂ. നാം ഇപ്പോള്‍തന്നെ മതത്തില്‍ നിന്ന് എത്രയോ അകലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും കാപട്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് സത്യസന്ധത തഴച്ചുവളരുക? അത്തരം സമൂഹത്തില്‍ ദൈവ വചനങ്ങള്‍ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? ചിലര്‍ ചോദിക്കാറുണ്ട്, പൌരാണിക നിയമങ്ങള്‍ ആധുനിക കാലത്ത് നടപ്പിലാക്കുക അസാധ്യമല്ലേ എന്ന്. ഇതിനുള്ള ഉത്തരം, മതം ആദ്യമായി സ്ഥിരതയുള്ളതും സാര്‍വ്വദേശീയവും സര്‍വ്വകാലികവുമായിരിക്കണം. പ്രസ്തുത മതത്തിന്‍റെ തത്ത്വങ്ങള്‍ മനുഷ്യ മനസ്സുകളില്‍ ആഴത്തില്‍ വേരോടിയിരിക്കേണ്ടതും അത്യാവശ്യമാണ്. മനുഷ്യ മനസ്സ് മാറ്റത്തിന് വിധേയമല്ല. അതുതന്നെയാണ് വിശുദ്ധ ഖുര്‍ആനും അവകാശപ്പെടുന്ന ‘ദീനുല്‍ ഫിത്‌ര്‍'. ഇതിന്‍റെ അര്‍ത്ഥം, ഒരു വിശ്വാസമോ നിയമമോ മനുഷ്യപ്രകൃതി അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്നാണ്. അല്ലാഹുവിന്‍റെ ആജ്ഞയും അതിന്‍റെ നിര്‍വ്വഹണവും അടിസ്ഥാനപരമായി മനുഷ്യപ്രകൃതിയില്‍ ലീനമായിക്കിടക്കുന്നുവെന്നതിനാല്‍ നിയമം അതിനനുസൃതമായിരിക്കണം. ഈ സത്യം ഇസ്‌ലാമിന്‍റെ മാത്രം കുത്തകയായി വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്നില്ല. ഇത് എല്ലാ മതങ്ങ ള്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാ മതങ്ങളുടെയും ആരംഭത്തിലും അതിന്‍റെ വളര്‍ച്ചയിലും ഈ അടിസ്ഥാനപരമായ തത്വം തന്നെയായിരുന്നു ലോകത്ത് പ്രത്യക്ഷപ്പെട്ടത്. ഈഅടിസ്ഥാനതത്വം തികച്ചും മനുഷ്യ പ്രകൃതിയ്ക്ക് യോജിച്ചതുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറയുന്നത് ‘ദീനുല്‍ഖയ്യിമ’ എന്നാണ്.
ഓരോ മതത്തിലും അടിസ്ഥാനപരായി 3 തത്ത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നാമതായി, ദൈവവുമായുള്ള തങ്ങളുടെ ബന്ധം നന്നാക്കിത്തീര്‍ത്ത് വിശ്വസ്തതയോടും വിനയത്തോടും അവന് കീഴ്പ്പെടുക. രണ്ടാമതായി, അവനെ ആരാധിക്കുക. വിശുദ്ധ ഖുര്‍ആന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കേവലം ചുണ്ടുകളില്‍ ഉരുവിടുന്ന ആരാധനയല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ദൈവത്തിന്‍റെ വിശുദ്ധ ഗുണങ്ങള്‍ സ്വന്തം ജീവിതത്തില്‍ സന്നിവേശിപ്പിക്കേണ്ടതാണ്. മൂന്നാമ തായി, മനുഷ്യസമൂഹത്തെ സേവിക്കുകയും തങ്ങള്‍ക്ക് നല്‍കപ്പെട്ടതില്‍ നിന്ന് അവശരായ ജനങ്ങള്‍ക്ക് നിര്‍ലോഭമായി ചെലവഴിക്കുകയും ചെയ്യേണ്ടതാണ്. ഈ മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍ എല്ലാ മതങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.
നിര്‍ഭാഗ്യവശാല്‍ കാലത്തിന്‍റെ കുത്തൊഴുക്കാലും മതാദ്ധ്യാപനങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ സംഭവിച്ചതിനാലും അത് ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പുതിയ വിശ്വസത്തിന്‍റെ ആവശ്യമില്ല. ഇത് തന്നെയാണ് ഓരോ പ്രവാചകന്‍റേയും ആഗമനകാലത്ത് സംഭവിച്ച് കൊണ്ടിരുന്നത്. അതുകൊണ്ട് ഇസ്‌ലാമിക നിയമമോ മറ്റ് നിയമമോ ഒരു രാജ്യത്തിന്‍റെ മേലോ ഒരു സമൂഹത്തിന്‍റെമേലോ അടിച്ചേല്‍പ്പിക്കുകയെന്നത് ശരിയായിരിക്കുകയയില്ല. കാരണം, അത് മതത്തിന്‍റെ ആത്മാവിന്‌തന്നെ എതിരായിട്ടുള്ളതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് 'ലാ ഇക്‌റാഹ ഫിദ്ദീന്‍' -മതകാര്യത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല– എന്നാണ്. ഇത് വിശുദ്ധഖുര്‍ആന്‍റെ വ്യക്തമായ പ്രഖ്യാപനമാണ്. ഇത് സാര്‍വ്വദേശീയമായ ഒരു പ്രസ്താവനയാണ്. ഇത് മാറ്റത്തിന് വിധേയമല്ല. മതത്തിലോ മതകാര്യങ്ങളിലോ ഒരു തരത്തിലുള്ള നിര്‍ബന്ധവും പാടില്ലന്നതാണ് വിശുദ്ധ ഖുര്‍ആന്‍റെ അദ്ധ്യാപനം.
ഇസ്‌ലാമിന്‍റെ ആധികാരികമായ എല്ലാ സിദ്ധാന്തങ്ങളും നബിതിരുമേനി (സ) ജീവിതത്തില്‍ പ്രയോഗവത്ക്കരിച്ചതാണ്. തിരുമേനി ഇസ്‌ലാമിന്‍റെ ജീവിക്കുന്ന മാതൃകയായിരുന്നു. ഒരിക്കല്‍ നബി തിരുമേനിയുടെ ജീവിതത്തെക്കുറിച്ച് തിരുമേനിയുടെ പത്നി ആയിശ(റ)യോട് ചോദിച്ചപ്പോള്‍ രുമേനിയുടെ ജീവിതം വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ആയതിനാല്‍ ഇസ്‌ലാമിന്‍റെ ആധികാരികത നിലകൊള്ളുന്നത് നബിതിരുമേനി(സ)യുടെ ജീവിതത്തിലാണ്. ആ മാതൃകയേ നമുക്ക് സ്വീകാര്യമായിരിക്കയുള്ളു. അങ്ങനെയുള്ള ഒരു മഹാപ്രവാചകനെ അഭിമുഖീകരിച്ച് അല്ലാഹു പറയുകയാണ്, ‘താങ്കള്‍ വെറും ഒരു ഉപദേശകന്‍മാത്രമാണ്. അതില്‍ കൂടുതല്‍ഒന്നുമല്ല. അവരുടെ മേല്‍ താങ്കള്‍ക്ക് ഒരു അധികാരവുമില്ല. താങ്കള്‍ഒരു പോലീസ് സുപ്രണ്ടുമല്ല.’ ഇവിടെ പ്രയുക്തമായ 'മുദക്കിര്‍' എന്നതിന്‍റെ ശരിയായ അര്‍ത്ഥം പോലീസ് സൂപ്രണ്ട് എന്നാണ്. ഇത്രമാത്രം വ്യക്തമായ അദ്ധ്യാപനങ്ങള്‍ ഇസ്‌ലാമില്‍ നല്‍കിയിട്ടും മുസ്‌ലിംകള്‍ എന്തിനാണ് അവരുടെ മതനിയമം അധികാരത്തിന്‍റെ പിന്‍ബലം കൊണ്ട് മാത്രം പ്രസക്തമാവുന്ന ഭരണനിയമങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്? രാജ്യത്തിലെ ഭരണഘടനമാക്കാതെ തന്നെ അവര്‍ക്ക് സ്വന്തം ജീവിതത്തില്‍ അത് പ്രയോഗവത്ക്കരിച്ച് കാണിക്കാമല്ലോ.
ആധുനിക രാഷ്ട്രീയ ചിന്തകന്‍മാര്‍ സ്വീകരിച്ച ഒരു സിദ്ധാന്തം, മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നാണ്. അതേപ്രകാരം രാഷ്ട്രീയവും രാഷ്ട്രീയക്കാരും മതത്തിലും കൈകടത്തരുത്. രാഷ്ട്രീയത്തില്‍ മതവും മതത്തില്‍ രാഷ്‌ട്രീയവും ഇപെടരുതെന്ന് പറയുന്നതിന്‍റെ അര്‍ത്ഥം മതവിശ്വാസികളുടെ സന്യാസ ജീവിതമല്ല. അതുപോലെ, രാഷ്ട്രീയക്കാരുടെ കേവല മതനിരാസവുമല്ല. മറിച്ച്, സഹകരണാത്മകമായ ബന്ധമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഓരോ മതസമൂഹങ്ങള്‍ക്കും അവരവരുടെ മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കുമ്പോള്‍ ഭരണഘടനയില്‍ അവ ഉള്‍പ്പെടുത്തേണ്ട ഒരാവശ്യവും നിലനില്‍ക്കുന്നില്ല.
പാകിസ്താനില്‍ ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്‍റെ പശ്ചാത്തലം വിവരിക്കട്ടെ. ജനറല്‍ സിയാവുല്‍ ഹഖിന്‍റെ പട്ടാള ഭരണകാലത്ത് മുസ്‌ലിം ശരീഅത്ത് കോടതികള്‍ സ്ഥാപിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കുറ്റവാളികളെ ശരീഅത്ത് കോടതികളില്‍ കൂടിയോ അതല്ലെങ്കില്‍ രാജ്യത്ത് സ്ഥാപിതമായ മറ്റ് കോടതി മുഖാന്തരമോ വിചാരണയ്ക്ക് വിധേയമാക്കാനുള്ള സ്വാതന്ത്യ്രം പോലീസിനാണ് നല്‍കിയിട്ടുണ്ടായിരുന്നത്. ഇതിന്‍റെ അനന്തരഫലം എന്തായിരുന്നുവെന്ന് നോക്കുന്നത് കൌതുകകരമായിരിക്കും. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴും കുറ്റവാളികളെ ഭീഷണിപ്പെടുത്തി, സാധാരണ നല്‍കിയിരുന്ന കൈക്കൂലിയുടെ ഇരട്ടി നല്‍കിയില്ലെങ്കില്‍ അവരുടെ കേസുകള്‍ ശരീഅത്ത് കോടതിയില്‍ റഫര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ചുരുക്കത്തില്‍, ശരീഅത്ത് കോടതികളില്‍ ഒരു കേസിന്‍റേയും വിചാരണ നടക്കുകയുണ്ടായില്ല. ഇതായിരുന്നു ശരീഅത്ത് കോടതി പാകിസ്ഥാനില്‍ സ്ഥാപിച്ചതിന്‍റെ മൊത്തം ലാഭം. പതിനായിരക്കണക്കിന് ക്രിമിനല്‍ കേസുകളില്‍ കേവലം രണ്ടോ മൂന്നോ മാത്രമായിരുന്നു ശരീഅത്ത് കോടതികളില്‍ റഫര്‍ ചെയ്യപ്പെട്ടിരുന്നത്. അതും അങ്ങേയറ്റത്തെ രാഷ്ട്രീയ സമ്മര്‍ദ്ദംമൂലം; ചില രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക് അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ആയുധമായിരുന്ന ശരീഅത്ത് കോടതി.
ലോകത്ത് പ്രത്യക്ഷപ്പെട്ട പ്രവാചകന്‍മാരില്‍ മഹാഭൂരിഭാഗവും ഒരു നിയമസംഹിതയുമായി വന്നവരായിരുന്നില്ല. മുമ്പ്‌വന്ന പ്രവാചകന്‍മാരുടെ മതനിയമതത്ത്വങ്ങള്‍ നടപ്പാക്കാനും വ്യാഖ്യാനിക്കുവാനും പ്രയോഗവത്ക്കരിക്കുവാനുമാണ് അവര്‍ ശ്രമിച്ചിരുന്നത്. ഉദാഹരണമായി ജൂതന്‍മാരുടെ ചരിത്രം മനസ്സിലാക്കിത്തരുന്നത് ജനങ്ങളാല്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ഒഴിവാക്കുകയും ചെയ്തിരുന്ന ന്യായപ്രമാണം വീണ്ടും അവിടെ യഥാര്‍ത്ഥ രൂപത്തില്‍ ആത്മീയ ചൈതന്യത്തോടെ പുനഃസൃഷ്ടിക്കുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയായിരുന്നു പിന്നീട്‌വന്ന പ്രവാചചകന്‍മാരുടേത്. ലോകത്തിലെ നിലവിലുള്ള സുപ്രധാനമായ മതങ്ങളുടെ ചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുത ഇതാണ്. ചൈനയിലേയ്ക്ക് തിരിയുക. താവോ അദ്ദേഹത്തിന്‍റെ അദ്ധ്യാപനങ്ങളുമായി വന്നു. താവോയുടെ അദ്ധ്യാപനങ്ങളെ ഒരു വള്ളിപുള്ളി മാറ്റമില്ലാതെ കണ്‍ഫ്യൂഷെസ് പിന്‍തുടര്‍ന്നു. താവോ ഉപദേശിച്ചതും ജീവിച്ച് കാണിച്ചതുമായ അതേ തത്ത്വങ്ങള്‍ തന്നെയാണ് കണ്‍ഫ്യൂഷസ് ഉപദേശിച്ചതും ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍റെ വീക്ഷണത്തില്‍ നാം കാര്യങ്ങള്‍ അപഗ്രഥന വിധേയമാക്കുകയാണെങ്കില്‍ ചില നിയമങ്ങള്‍ പുനഃസൃഷ്ടിക്കുകയും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് ചിലതിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തില്‍നിന്ന് ഒരുദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.
ജൂതന്‍മാരുടെ മേല്‍ ശതാബ്ദങ്ങളായി നീണ്ടുനിന്ന അടിമ ത്ത്വവും ഫറോവമാരുടെ ക്രൂരമായ പെരുമാറ്റവും കാരണം ഇസ്രായീലുകളുടെ മാനുഷികമായ ധൈര്യം തന്നെ അലിഞ്ഞലിഞ്ഞ് ഇല്ലാതായിരുന്നു. അവരുടെ ജന്‍മസിദ്ധമായ അവകാശങ്ങള്‍ പോലും നേടിയെടുക്കുവാനുള്ള ധൈര്യം അവര്‍ക്കുണ്ടായില്ല. അതേപോലെതന്നെ തത്തുല്യമായ പ്രതികാരം ചെയ്യുവാനുള്ള അവകാശം അവര്‍ക്കുണ്ടായിരുന്നിട്ടും അവര്‍ക്കതിന് കഴിഞ്ഞിരുന്നില്ല. മോശയുടെ നിയമത്തില്‍ പറയപ്പെട്ട പ്രതികാരത്തിന്‍റെ സ്ഥിതിയും പല്ലിന് പല്ല്, കണ്ണിന് കണ്ണ് ആയിരുന്നുവല്ലോ. മോശയുടെ തോറയിലെ തത്തുല്യമായ പ്രതികാര ശിക്ഷാനിയമത്തില്‍. ഇത് കണിശമായി പാലിക്കണമായിരുന്നു. മാപ്പ് കൊടുക്കുന്നതിനുള്ള ഒരവസരവും അവിടെ അവശേഷിച്ചിരുന്നില്ല. ഈ നിയമം നീണ്ടകാലം നിലനിന്നിരുന്നു. അങ്ങനെ യേശുക്രിസ്തു പ്രവാചകനായി അവര്‍ക്ക് പ്രത്യക്ഷപ്പെട്ട അവസരത്തില്‍ മാപ്പു കൊടുക്കുക എന്നുള്ള കാര്യത്തെക്കുറിച്ച് ചിന്തപോലും ഉണ്ടായിരുന്നല്ല ജൂതന്‍മാര്‍ക്ക്. ഷേയ്ക്സ്പിയറിന്‍റെ ഷൈലോക്ക് വായിച്ചാല്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. ക്രിസ്തുവും ജൂതന്‍മാര്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള അനുമതി നല്‍കിയിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി? ക്രിസ്തു അവരെ പ്രതികാരത്തിന്‍റെ പാതയില്‍നിന്നു മറ്റൊരു പാതയിലേക്ക് തിരിക്കുകയാണ് ചെയ്തത്. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന പ്രതികാര നടപടി അവരുടെ അന്നത്തെ അവസ്ഥയ്ക്ക് അനുയോജ്യമായതും താല്‍ക്കാലികവുമാരിയുന്നു. ഇങ്ങനെയുള്ള അവസ്ഥകളിലാണ് ഒരു പുതിയ അദ്ധ്യാപനമെന്ന് തോന്നുന്ന വെളിപാടുകള്‍ ഇറങ്ങുന്നത്. അത് തികച്ചും പ്രത്യേക കാലഘട്ടത്തിലെ ജനങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. പിന്നീട് വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയപ്പോള്‍ അതില്‍ പറയുന്നത് നിങ്ങള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള അവകാശമുണ്ട്; നിങ്ങളുടെ മേല്‍ അക്രമം ചെയ്യപ്പെടുമ്പോള്‍ മാത്രം. അപ്പോഴും നിങ്ങളോട് കാണിച്ചതില്‍ കവിഞ്ഞ് പ്രതികാരം ചെയ്യരുത്. ഇതായിരുന്നു തത്വം. നിങ്ങള്‍ മാപ്പ് ചെയ്തു കൊടുക്കുവാനും അനുവദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, ഒരു നിബന്ധനയുണ്ട്. അക്രമികളില്‍ പരിഷ്കരണമുളവാക്കുവാന്‍ ഉതകുമെങ്കില്‍ മാത്രമേ മാപ്പ് ചെയ്ത് കൊടുക്കുവാന്‍ അവകാശമുള്ളൂ എന്നതാണ് ആ നിബന്ധന. അല്ലാത്തപക്ഷം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കലായിരിക്കും അനന്തരഫലം. നോക്കുക, തൌറാത്തില്‍ പറയപ്പെട്ട ആ പ്രതികാരനടപടി എല്ലാ കാലത്തേയ്ക്കും എല്ലാ അവസരത്തിലും അനുയോജ്യമായി നടപ്പില്‍ വരുത്തുവാന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ ആ തത്ത്വങ്ങള്‍ സനാതന മൂല്യങ്ങളിലധിഷ്ഠിതമാണ്.
ശരീഅത്തും ദീനും തമ്മിലുള്ള വ്യത്യാസം
‘ദീന്‍’ എന്ന വാക്ക് എല്ലാ തത്ത്വശാസ്ത്രങ്ങളേയും സംബന്ധിച്ചുള്ളതാണ്; അത് മതപരമോ ഭൌതീകമോ ഏതായാലും. ഏതെങ്കിലും ജീവിതശൈലിക്കും ദീന്‍ എന്ന് പറയാവുന്നതാണ്. ചില മുസ്‌ലിം പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ വിഗ്രഹാരാധകര്‍ക്ക് ദീനില്ല എന്നു പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കും അവരുടേതായ ദീനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവരെ അഭിസംബോധന ചെയ്ത് പറയുന്നത് നോക്കുക: 'ലക്കും ദീനുക്കും വലിയ ദീന്‍' -നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം.
'ഓരോ സമൂഹങ്ങള്‍ക്കും അതിന്‍റേതായ ജീവിതാചാരങ്ങളും മതനിയമങ്ങളും ഉണ്ട്. അത് അല്ലാഹുവിന്‍റെ വിശ്വാസത്തില്‍ മാത്രം ബന്ധപ്പെട്ടതായിരിക്കണമെന്നില്ല. ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും അവരുടേതായ ദീനുണ്ട്. എന്നാല്‍ ശരീഅത്ത് എന്ന് പറയുന്നത് ദൈവസങ്കല്‍പത്തില്‍നിന്നു നിര്‍ഗളിച്ചതാണ്. അതിലൊരു ദൈവമുണ്ട്. മനുഷ്യന്‍ അവന്‍റെ ജീവിതം ചിട്ടപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ചില തത്ത്വങ്ങള്‍ പ്രവാചകന്‍മാര്‍ മുഖേന അവതരിപ്പിക്കുന്നതാണ് ശരീഅത്ത്. ഇത് ഇസ്‌ലാമിന് മാത്രം അവകാശെപ്പട്ടതല്ല. ഓരോ വിശ്വാസത്തിനും അതിന്‍റേതായ ശരീഅത്തുണ്ട്. ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം ശരീഅത്ത്‌നിയമം ഒരു രാജ്യത്തിന്‍റെ നിയമമല്ലെങ്കില്‍ അവ സ്വീകരിക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും പ്രയാസപ്പെടേണ്ടതുണ്ടോ? ഇതിനുള്ള സുന്ദരമായ മറുപടി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തില്‍ ദര്‍ശിക്കാവുന്നതാണ്. ലോകത്ത് 189 രാജ്യങ്ങളില്‍ നിവസിക്കുന്ന അഹ്‌മദിയ്യാ മുസ്‌ലിംകള്‍ അവര്‍ ഏഷ്യയിലോ യൂറോപ്പിലോ അമേരിക്കയിലോ ആഫ്രിക്കയിലോ എവിടെയുമായിക്കൊള്ളട്ടെ അവരവരുടെ രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാതെ തന്നെ അവര്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നു. അവര്‍ക്കതില്‍ ഒരു പ്രയാസവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ല. എന്നാല്‍, മറ്റ് മുസ്‌ലിംങ്ങള്‍ക്ക് ഇത് സാധ്യമല്ലെന്നാണ് അവര്‍ പറയുന്നത്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അവരുടെ പൌരന്‍മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരസ്പരം ചര്‍ച്ച ചെയ്ത് ഒരു പരിഹാരത്തിലെത്തുവാനുള്ള അവസരം നല്‍കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും മദ്ധ്യസ്ഥ ശ്രമത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മാത്രവുമല്ല പരസ്പരം ധാരണാപത്രങ്ങളില്‍ ഒപ്പ് വയ്ക്കുകയും ഇത്തരം ധാരണാപത്രങ്ങളെ രാജ്യത്തെ പരമോന്നത കോടതികള്‍ അംഗീകരിക്കുകയും ചെയ്യുന്നു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തില്‍ ഒരു 'ഖളാ ബോര്‍ഡ്' സ്ഥാപിതമായിട്ടുണ്ട്. എല്ലാ അഹ്‌മദികളും അവരുടെ പരസ്പരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാനായി ഖളാബോര്‍ഡിനെ സമീപിക്കുകയും വിശുദ്ധ ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്യുന്നു. അത്തരം കേസുകളില്‍ ഗവണ്‍മെന്‍റ് ഇടപെടുകയോ ഗവണ്‍മെന്‍റിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച് ഗവണ്‍മെണ്റ്റുകള്‍ക്ക് ഇത് വലിയ ആശ്വാസവും അനുഗ്രഹവുമാണ്. മൊത്തത്തില്‍ പറയുകയാണെങ്കില്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ശരീഅത്ത് ഒരു രാജ്യത്തിന്‍റെ നിയമമാകാതെ തന്നെ ജീവിതത്തില്‍ സുഗമമായി ആചരിക്കാവുന്നതാണ്.
ശരീഅത്ത് ഒരു രാജ്യത്തിന്‍റെ നിയമമാക്കുന്നത് പ്രായോഗികമെല്ലന്ന് നാം പറയുമ്പോള്‍ ഏത് തരത്തിലുള്ള നിയമനിര്‍മ്മാണമാണ് രാജ്യങ്ങള്‍ സ്വീകരിക്കേണ്ടത് എന്നപ്രശ്നം ഉയര്‍ന്നുവരും. ശരീഅത്തിനെ നിയമമാക്കുന്നത് തിരസ്കരിക്കപ്പെടണമോ അതോ ശരീരത്തിനെ പരിഷ്കരണ വിധേയമാക്കേണമോ അതുമല്ലെങ്കില്‍ മതേതര സ്വഭാവമുള്ള നിയമനിര്‍മ്മാണമാണോ വേണ്ടത്? ഈ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പലതും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ രചിച്ചവയാണ്. അവര്‍ക്കൊന്നും തന്നെ ഈ സമസ്യയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ദൈവത്തിന്‍റെ പ്രതിനിധിയായിക്കൊണ്ടുള്ള ഒരു ഗവണ്‍മെന്‍റാണ് ഒരു രാജ്യത്ത് സ്ഥാപിതമാകേണ്ടതെങ്കില്‍ ഈ സമസ്യയെ വ്യത്യസ്ത വീക്ഷണകോണില്‍ കൂടി നോക്കിക്കാണേണ്ടി വരും. എല്ലാ മത വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യ്രവും പൌര സ്വാതന്ത്യ്രവും നല്‍കുന്ന ഗവണ്‍മെണ്റ്റാണെങ്കില്‍ അതിനെ നാം തികച്ചും പുതിയ മാനത്തില്‍കൂടി നോക്കിക്കാണേണ്ടതാണ്. അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫയായിരുന്ന ഹദ്‌റത്ത് മിര്‍സാ ത്വാഹിര്‍ അഹ്‌മദ് സാഹിബ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമില്‍ ചെയ്ത പ്രഭാഷണത്തില്‍ വ്യക്തമായി പറയുന്നത് ഒരിക്കലും തന്നെ ശരീഅത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഭരണഘടനയും പ്രായോഗികമല്ലെന്നാണ്. കാരണം, ഇസ്‌ലാം, മറ്റേത് മതത്തേക്കാളും, അത്‌പോലെ ഏതൊരു രാഷ്ട്രീയ സംവിധാനത്തേക്കാളുമുപരി ആവശ്യപ്പെടുന്നത് ഒരു മതേതര ഗവണ്മെന്‍റ് ഉണ്ടായിത്തീരുവാനാണ്. ഈ വിഷയം ചില ആളുകള്‍ക്ക് ആശ്ചര്യമുളവാക്കുന്നതായിരിക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് തികച്ചും നീതിയിലധിഷ്ഠിതമായ ഒരു സംവിധാനത്തെക്കുറിച്ചാണ്. അവിടെ വിശ്വാസത്തിനും മതത്തിനും നിറത്തിനും വര്‍ഗ്ഗത്തിനും കക്ഷികള്‍ക്കുമൊന്നും ഒരു പ്രസക്തിയുമില്ല. എല്ലാവര്‍ക്കും തുല്യനീതി. ഇതാണ് ഇസ്‌ലാമിക ഗവണ്‍മെണ്റ്റിന്‍റെ രത്നച്ചുരുക്കം. മതേതരത്ത്വത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള നിര്‍വ്വചനവും ഇത്‌തന്നെയാണ്.
സ്റ്റേറ്റിന്‍റെ ഭരണം എങ്ങനെയാണ് നടത്തേണ്ടതെന്നും ഏതെല്ലാം മൂല്യങ്ങളും തത്ത്വങ്ങളുമാണ് സ്വീകരിക്കേണ്ടതെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായിപറയുന്നു. 'ഇന്നല്ലാഹ യഅ്മുറു ബില്‍ അദ്‌ല്‍' (അന്നഹല്‍ 91). 'അല്ലാഹു നിങ്ങളോട് എല്ലായ്പ്പോഴും നീതി പ്രവര്‍ത്തിക്കുവാന്‍ കല്‍പിക്കുന്നു.' അവിടേയും വിശുദ്ധ ഖുര്‍ആന്‍ നിര്‍ത്തുന്നില്ല. ഒരു തരത്തിലുള്ള ശത്രുതയും നിങ്ങളും മറ്റ് സമൂഹങ്ങളുമായി ഉണ്ടായിരിക്കരുത് എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അതുപോലെ, നീതി നിഷ്ഠയുടെ കാര്യത്തില്‍ നിന്നു ഒരിക്കലും നിങ്ങള്‍ അകന്ന് പോകരുത്. എപ്പോഴും നീതി പുലര്‍ത്തുക. അത് തന്നെയാണ് സൂക്ഷ്മതയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത്.' നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഒരു ഗവണ്‍മെന്‍റിന് വേണ്ടി നിറവേറ്റുമ്പോള്‍ തികച്ചും നീതിപൂര്‍വ്വം ആ ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്. ഒരു ഗവണ്‍മെന്‍റിന്‍റെ സുപ്രധാനമായ കേന്ദ്രബിന്ദു നീതിനിഷ്ഠമായ ഭരണമായിരിക്കണം. അങ്ങനെയാകുമ്പോള്‍ എങ്ങനെയാണ് ഇസ്‌ലാമിക നിയമം അമുസ്‌ലിംങ്ങളില്‍ അടിച്ചേല്‍പിക്കുക. അത് തികച്ചും നീതിക്ക് എതിരായിട്ടുള്ളതല്ലേ. അതുമാത്രമല്ല നിരവധി അഭ്യന്തര വിവാദങ്ങള്‍ ഇത് മൂലം ഉടലെടുക്കുന്നതാണ്. ആയതിനാല്‍, നീതിപൂര്‍വ്വവും ആഴത്തിലും ഈ കാര്യം നാം വിശകലനം ചെയ്യുകയാണെങ്കില്‍ മുകളില്‍ കൊടുത്ത വിശദീകരണം തന്നെയാണ്. അനുയോജ്യമായതെന്ന് സമ്മതിക്കേണ്ടിവരും. അത് തന്നെയാണ് ഇസ്‌ലാമിന്‍റെ പരിശുദ്ധ നബിതിരുമേനി(സ) തങ്ങളുടെ ജീവിതചര്യയില്‍നിന്നു മനസ്സിലാകുന്നത്. നബിതിരു മേനി(സ) മക്കയില്‍ നിന്നു പലായനം ചെയ്ത് മദീനയിലെത്തിയശേഷം ജൂതഗോത്രങ്ങളുമായും മറ്റ് വിഭാഗങ്ങളുമായും ആശയവിനിമയം നടത്തുകയും നബിതിരുമേനിയെ അവര്‍ രാഷ്ട്രീയ നേതാവായി അംഗീകരിക്കുകയുമുണ്ടായി. അങ്ങനെ നബിതിരുമേനി (സ) തങ്ങള്‍ അവര്‍ക്കുവേണ്ടി 'ചാര്‍ട്ടര്‍ ഓഫ് മദീന' എന്ന് വിളിക്കപ്പെടുന്ന അവകാശരേഖയ്ക്ക് രൂപംകൊടുത്തു. ആ അവകാശരേഖയില്‍ മദീനാ നിവാസികളുടെ എല്ലാ പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുവാന്‍ നബിതിരുമേനി(സ)യെ ഭരമേ ല്‍പിച്ചകാര്യം വ്യക്തമായി രേഖെപ്പടുത്തിയിരുന്നു. ഇവിടെ ചിന്തിക്കേണ്ട വിഷയം, ഈ അവകാശ രേഖയുടെ മുമ്പ്‌തന്നെ ഇസ്‌ലാമിക നിയമങ്ങള്‍ നബിതിരുമേനി (സ) തങ്ങള്‍ക്ക് വെളിപാടായി ഇറങ്ങിയിട്ടുണ്ടായിരുന്നുവല്ലോ. പലപ്പോഴും ജൂതന്‍മാര്‍ നബിതിരുമേനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും തീരുമാനത്തിനുമായി വരുമ്പോഴെല്ലാം തിരുമേനി അവരോട് ചോദിച്ചത് ജൂതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ജൂതനിയമനുസരിച്ച് നിങ്ങളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണമോ അതോ ഇസ്‌ലാമിക നിയമനുസരിച്ച് പരിഹാരം കാണേണമോ. അതുമല്ലെങ്കില്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേന പരിഹരിപ്പിക്കപ്പെടേണമോ എന്നായിരുന്നു. ഒരിക്കലും തന്നെ മുസ്‌ലിംകളല്ലാത്തവരുടെമേല്‍ തിരുമേനി (സ) ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നില്ല. ഇത് തന്നെയാണ് തികച്ചും നീതിനിഷ്ഠമായ ഭരണം. ഒരു മതത്തിലും പെടാത്തതും അതേ സമയം എല്ലാ മതത്താടും നീതി പുലര്‍ത്തുന്നതുമായ ഭരണം. ഇസ്‌ലാമിക ഗവണ്മെന്‍റ് എന്നാല്‍ മതേതര ഗവണ്മെന്‍റ് എന്നാണ് അര്‍ത്ഥം. മുസ്‌ലിംകള്‍ക്കും, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യത്യസ്തമായ നിയമനിര്‍മ്മാണം നടത്തുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അസമത്ത്വവും അനൈക്യവുമായിരിക്കും സംജാതമാക്കുക.
അവലംബം:
by Hazrat Mirza Thahir
Ahmad Khalifathul Masih IV
at the Inter-religious consults, Surname, on 3rd June - 1991.