Monday, January 10, 2011

മതംമാറ്റവും ഇസ്‌ലാമും

1948 ഡിസമ്പര്‍ 10-ന്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ സാര്‍വ്വദേശീയ പ്രഖ്യാപനത്തില്‍ മതസ്വാതന്ത്യ്രത്തെ പറ്റിയുളള മാതൃകാ മാനകം (Norm) ആര്‍ട്ടിക്കിള്‍ 18,19 ല്‍ ഇങ്ങനെ രേഖെപ്പടുത്തുന്നു.

'ചിന്ത, മനസാക്ഷി, മതം എന്നിവയുടെ കാര്യത്തില്‍ ഓരോരുത്തനും സ്വാതന്ത്യ്രമുണ്ട്‌. മതം മാറുവാനും തനിച്ചോ കൂട്ടായോ പരസ്യമായും രഹസ്യമായുമുളള ഉപ ദേശത്തിലൂടെയോ കര്‍മ്മത്തിലൂടെയോ തന്‍റെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാനുളള സ്വാതന്ത്യ്രവും ഇതിലുള്‍പ്പെടുന്നു.

‘അഭിപ്രായ സ്വാതന്ത്യ്രവും അഭിപ്രായ പ്രകടനസ്വാതന്ത്യ്രവും ഓരോരുത്തനുമുണ്ട്‌. അന്യരുടെ ഇടപെടല്‍ കൂടാതെ സ്വന്തമായ അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്താനും ഏത്‌ ഉപാധിയിലൂടെയും രാജ്യാതിര്‍ത്തികളെ വകവെക്കാതെ അറിവുകളും ആശയങ്ങളും ആരായുവാനും സ്വായത്തമാക്കുവാനും പ്രചരിപ്പിക്കാനുമുളള സ്വാതന്ത്യ്രം ഈ അവകാശത്തില്‍ ഉള്‍പ്പെടുന്നു’.

ഒരാള്‍ ആരായിരിക്കണമെന്നും അയാള്‍ എങ്ങനെ ചിന്തിക്കണമെന്നും അയാളുടെ മതം എന്തായിരിക്കണമെന്നും നിര്‍ണ്ണയിക്കാനുളള സമ്പൂര്‍ണ്ണാധികാരം അയാളില്‍ മാത്രം നിക്ഷിപ്തമാണ്‌. വാസ്തവത്തില്‍, ഓരോ വ്യക്തിക്കുമുളള ഈ ആത്മബോധമാണ്‌ മാനുഷതയുടെ കാതല്‍. ക്രമസമാധാന നിലയേയോ, ആരോഗ്യത്തേയോ, സദാചാരത്തേയോ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ഭരണക്കൂടമോ, സമൂഹമോ, മതസംഘടനകളോ മറ്റുളളവരോ, പാവനമായ ഈ അവകാശം വ്യക്തിക്ക്‌ നിഷേധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത്‌ ഏറ്റവും അധിക്ഷേപാര്‍ഹമായ ഒരു കിരാത കൃത്യമാണ്‌. വ്യക്തിഹത്യക്ക്‌ സമാനമായ ഈ മനുഷ്യ ഹിംസയെ ആധുനിക രാഷ്ട്രവിജ്ഞാനീയം മിതമായ അര്‍ത്ഥത്തില്‍ ‘ഫാസിസം’ എന്ന്‌ വ്യവഹരിക്കാറുണ്ട്‌.

ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 28 വരെയുളള വകുപ്പുകള്‍ മതസ്വാതന്ത്യം സംബന്ധിച്ചുളളതാണ്‌. മൌലികാവകാശങ്ങളായാണ്‌ അത്‌ ഭരണഘടനയില്‍ ചേര്‍ത്തിട്ടുളളത്‌. വ്യക്തിക്ക്‌, അയാള്‍ക്ക്‌ ഏതൊരു മതം സ്വീകരിക്കാനും അത്‌ ആചരിക്കാനും പ്രചരിപ്പിക്കാനും വിട്ടുപോവാനുമുളള അവകാശം ഈ വകുപ്പ്‌ നല്‍കുന്നു. സാര്‍വ്വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റേയും മതത്തില്‍ യാതൊരുവിധ ബലാല്‍ക്കാരവും പാടില്ല എന്ന ഇസ്‌ലാമിക തത്ത്വത്തിന്‍റേയും അന്തഃസത്ത ഉള്‍കൊളളുന്ന മഹനീയമായ ഒരു അവകാശ രേഖയായി ഇന്ത്യന്‍ ഭരണഘടന നിലകൊളളുന്നു എന്നത്‌ ഇന്ത്യന്‍പൌരന്‍മാരായ നമുക്ക്‌ അഭിമാനാര്‍ഹമാണ്‌.

ഈ മഹത്തായ മതസ്വാതന്ത്യ്ര പ്രഖ്യാപനത്തെ ഹനിക്കുന്ന രീതിയിലാണ്‌ മതരാഷ്ട്ര മൌലികവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം. മതത്തെ ഒരു രാഷ്ട്രമായി കാണുന്ന ജമാഅത്തെ ഇസ്‌ലാമി, മതപരിത്യാഗം വധശിക്ഷ അര്‍ഹിക്കുന്ന ഒരു വന്‍കുറ്റമായി കാണുന്നു എന്നത്‌ എത്ര ഭീഭത്സമാണ്‌! അതുപോലെ, സംഘപരിവാറും മതപരിവര്‍ത്തന സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുളള നിയമത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു. മതപരിവര്‍ത്തനം എന്നാല്‍ ഒരു കുറ്റകൃത്യം പോലെയുള്ള പ്രവര്‍ത്തിയാക്കി ചിലര്‍ ചിത്രീകരിക്കന്നു. ഒരാള്‍ തനിക്ക്‌ ദൈവം നല്‍കിയ യുക്തിയും ബുദ്ധിയും മനസ്സാക്ഷിയും മറ്റു ആത്മീയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്‌ തനിക്ക്‌ യോജിച്ച മതം തിരഞ്ഞെടുക്കുന്നത്‌ പാപമാണോ? ഇപ്രകാരം ഒരു പുതിയ മാര്‍ഗ്ഗം കണ്ടെത്തി മതകീയ ജീവിതം നയിക്കാന്‍ ഒരാള്‍ ആഗ്രഹിച്ചാല്‍ നിരുപദ്രവകരമായ ഈ തീരുമാനത്തെ തടയാന്‍ മതങ്ങള്‍ക്കോ, ഭരണകൂടങ്ങള്‍ക്കോ അധികാരമുണ്ടോ? വ്യക്തിക്ക്‌ പാവനമായ മാനവഗുണങ്ങള്‍ നല്‍കി ചിന്തിക്കുന്ന ഒരു ജീവിയായി ഭൂമിയില്‍ ജനിപ്പിച്ചത്‌ ദൈവമായിരിക്കെ, ഈ ഗുണങ്ങള്‍ ഉപയോഗിച്ച്‌ അവന്‍ ആത്മസാക്ഷാത്ക്കാരം തേടുന്നത്‌ നിരാകരിക്കാനോ അതില്‍ ഇടപെടാനോ ആര്‍ക്കും അവകാശമില്ല. ഇങ്ങനെ മതം തിരഞ്ഞെടുക്കുന്നതില്‍ ഒരാള്‍ക്ക്‌ പിഴച്ചു പോയെങ്കില്‍ അത്‌ അയാളും ദൈവവുമായുളള ഇടപാടാണ്‌. അതിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ദൈവം ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അപ്രകാരം ഒരാള്‍ കണ്ടെത്തിയ സത്യം വേറൊരാള്‍ സ്വീകരിക്കണമെന്ന്‌ നിര്‍ബന്ധിക്കാനും ആര്‍ക്കും അധികാരമില്ല. വ്യക്തിയുടെ പാവനമായ ഈ അവകാശത്തിന്‍റെ സംരക്ഷണത്തിന്‌ മതേതരമായ ഒരു ഭരണകൂടം അല്ലെങ്കില്‍ മതപക്ഷപാതിത്വങ്ങളില്ലാത്ത ഒരു അധികാരനിര്‍വ്വഹണ കേന്ദ്രം സമൂഹത്തിലുണ്ടാവണമെന്നുകൂടി താഴെ പറയുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ താല്ല്‍പര്യപ്പെടുന്നു.

"പറയുക അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനില്‍ നിന്ന്‌ ഇപ്പോളിതാ സത്യം നിങ്ങളില്‍ വന്നെത്തിയിരിക്കുന്നു. ആകയാല്‍ ആര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നുവോ അത്‌ അവന്‍റെ ആത്മാവിന്‌ വേണ്ടി മാത്രം; ആര്‍ വഴിതെറ്റുന്നുവോ അത്‌ അതിന്‍റെ നഷ്ടത്തിലേക്കും. ഞാന്‍ (മുഹമ്മദ്‌ നബി) നിങ്ങളുടെ മേല്‍ ഒരു അധികാരിയായി നിയോഗിക്കപ്പെട്ടിട്ടില്ല. നിനക്ക്‌ വെളിപ്പെട്ടതിനെ നീ പിന്തുടരുക. അല്ലാഹു വിധി കല്‍പിക്കുന്നത്‌വരെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്‍ വിധി കര്‍ത്താക്കളില് ഉത്തമനത്രെ." (10:109,110)

വീണ്ടും ഖുര്‍ആന്‍ പറയുന്നു: പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചു കൊളളട്ടെ ഇഷ്ടമില്ലാത്തവന്‍ അവിശ്വസിക്കുകയും ചെയ്യട്ടെ” (18:30). “നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലുളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?(10:100).

ലോക­­­­ത്തുളള സര്‍വ്വ മതങ്ങളുടെയും സ്ഥാപകന്‍മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോഴെല്ലാം അവരുടെ മതത്തിലേക്ക്‌ ആത്മീയ മോക്ഷത്തിനായി സത്യാന്വേഷികള്‍ ഓടിയെത്തുകയുണ്ടായി. അപ്പോഴെല്ലാം അവരെ തടഞ്ഞതും അവരോട്‌ യുദ്ധം പ്രഖ്യാപിച്ചതും അതാത്‌ കാലത്തെ ഏകാധിപതികളും സേഛാധിപതികളും മതപ്രമാണിമാരുമാണ്‌. ശ്രീകൃഷ്ണനെതിരെ കംസനും ധേനുകനും കാളിയനും പ്രലംബനും ജരാസന്ധനും കൌരവരും, ശ്രീരാമനെതിരെ താടകയും ശൂര്‍പ്പണഖയും ഖരനും രാവണനും, അബ്രഹാമിനെതിരെ നംറൂദും, മോസസിനെതിരെ ഫറോവയും ഹാമാനും ഖാറൂനും, ക്രിസ്തുവിനെതിരെ യഹൂദ പുരോഹിതന്‍മാരും, മുഹമ്മദ്‌ നബിക്കെതിരെ മക്കാ ഖുറൈശികളും, ഹദ്‌റത്ത്‌ അഹ്‌മദി(അ)നെതിരെ അക്കാലത്തെ മുസ്‌ലിം പണ്ഡിതന്‍മാരും പീഢനങ്ങളും മര്‍ദ്ദനങ്ങളും അഴിച്ചുവിട്ടത്‌ എന്തിനായിരുന്നു? ദൈവിക ദൌത്യങ്ങളുണ്ടായിരുന്ന ഈ ദൈവപ്രേഷിതരിലേക്ക്‌ ആകൃഷ്ടരായി ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുന്നത്‌ തടയുന്നതിന്നായിരുന്നു. മതപരിവര്‍ത്തനത്തിനും മതപരിത്യാഗത്തിനുമെതിരെ പ്രവര്‍ത്തിക്കുക എന്നത്‌ ദൈവമയച്ച പുണ്യാത്മാക്കളുടെ പാരമ്പര്യമല്ല. സ്ഥാപിത മതക്കാരുടേയും അവരുടെ തണലില്‍ വര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടേയും പാരമ്പര്യമാണ്‌. ഈ അധികാരസ്ഥരുടെ താല്‍പര്യങ്ങള്‍ക്ക്‌ വിഘാതമല്ലെങ്കില്‍ മാത്രമേ മനസ്സാക്ഷിക്കനുസരിച്ച്‌ ജീവിക്കാന്‍ ഇക്കൂട്ടര്‍ ജനങ്ങളെ അനുവദിക്കൂ. പ്രവാചകന്‍മാരെയും അനുയായികളെയും തങ്ങളുടെ പാരമ്പര്യമതങ്ങളില്‍ തളച്ചിടാന്‍ നിയമത്തിന്‍റെയും മര്‍ദ്ദനത്തിന്‍റെയും മാര്‍ഗ്ഗം അവര്‍ ഉപയോഗിക്കുന്നു. ലോകത്തവതരിച്ച എല്ലാ മതപുരുഷന്‍മാര്‍ക്കും സ്വാതന്ത്യ്ര പ്രേമികള്‍ക്കും വേണ്ടി ശുഐബ്‌ നബി(അ)യും തന്‍റെ മര്‍ദ്ദകരുമായി നടത്തിയ ഒരു സംഭാഷണം ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.

“ഓ ശുഐബ്‌! നിന്നെയും നിന്‍റെകൂടെ വിശ്വസിച്ചവരേയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ ബഹിഷ്ക്കരിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവരിക തന്നെ വേണം അദ്ദേഹംപറഞ്ഞു: 'എന്ത്‌, ഞങ്ങള്‍ (നിങ്ങളുടെ മതത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും?” (ഞങ്ങള്‍ അതില്‍ തന്നെ നില്‍ക്കണമെന്നാണോ പറയുന്നത്‌?) (7:89)

മതപരിവര്‍ത്തനവും, മതപരിത്യാഗവും നിയമം മൂലം നിരോധിക്കണമെന്ന്‌ പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. നിലവില്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വാസം നഷ്ടപ്പെട്ട്‌ അത്‌ വിട്ടുപോവാന്‍ അനുവദിക്കാതെ ആ മതത്തില്‍തന്നെ പിടിച്ചു നിര്‍ത്തിയാല്‍ കപടവിശ്വാസികളെ സൃഷ്ടിക്കാനെ അത്തരം നിയമം ഉതകൂ.

മതപരിവര്‍ത്തനത്തിനെതിരെ ഉന്നയിക്കപ്പെടുന്ന മറ്റൊരു ഗുരുതരമായ ആരോപണം പണവും പ്രലോഭനങ്ങളും നല്‍കിയാണ്‌ മതംമാറ്റം നടത്തുന്നത്‌ എന്നതാണ്‌. പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ മതപരിവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നത്‌ ഏറ്റവും ഹീനമായ ഒരു പ്രചാരണ തന്ത്രമാണെന്ന കാര്യത്തില്‍ സംശയമില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നത്‌ ജുഗുപ്സാവഹമാണ്‌. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതിമത പരിഗണനകള്‍ക്കതീതമായി മനുഷ്യനോടുളള സഹാനുഭൂതിയില്‍ നിന്നു വേണ്ടതാണ്‌. മനുഷ്യകാരുണ്യം പ്രതീക്ഷിച്ച്‌ നിസ്സഹായാവസ്ഥയ്ക്ക്‌ വിധേയനായി നില്‍ക്കുന്ന മനുഷ്യരില്‍ നിന്ന്‌ തന്‍റെ ഇഛക്കനുഗുണമായ യാതൊന്നും പ്രതീക്ഷിക്കാന്‍ പാടില്ല. വിശുദ്ധഖുര്‍ആന്‍ പറയുന്നു:

“അല്ലയോ വിശ്വസിച്ചവരേ, നിഷ്ക്കളങ്കതയെ ആസ്പദിച്ചുണ്ടാകുന്ന നിങ്ങളുടെ ദാനധര്‍മ്മങ്ങളെ എടുത്തു പറഞ്ഞും നിങ്ങള്‍ സഹായിച്ചവരെ ഉപകാര ബാദ്ധ്യതയെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തിയും അവരെ ദ്രോഹിച്ചും നിഷ്ഫലമാക്കല്ല” (2:264)

പണവും പ്രലോഭനങ്ങളും നല്‍കി ആളുകള്‍ക്ക്‌ ആത്മീയമോക്ഷം നല്‍കുക എന്നത്‌ മതത്തിന്‍റെ അന്ത്ഃസത്തക്ക്‌ ചേര്‍ന്നതല്ല. ദൈവത്തെ അപ്പമായികരുതി സ്വന്തം മതത്തിന്‍റെ അംഗബലം വര്‍ദ്ധിപ്പിക്കുന്ന ഈ സമ്പ്രദായം ധാര്‍മ്മികവും ആത്മീയവുമായി ശക്തിക്ഷയിച്ച ഒരു മതത്തിന്‍റെ വിളംബരമാണ്‌. പക്ഷേ, ഇത്തരം ഭൌതിക പ്രലോഭനങ്ങളില്‍പ്പെട്ടാണ്‌ ആളുകള്‍ അവരുടെ നിലവിലുള്ള മതംമാറി പുതിയ മതം സ്വീകരിക്കുന്നത്‌ എന്ന്‌ മുറവിളികൂട്ടുന്നവര്‍, എന്തുകൊണ്ട്‌ തങ്ങളുടെ സ്വന്തം മതത്തില്‍ ഇത്തരം ഉദരംഭരികളായ അവശ വിശ്വാസക്കാര്‍ സൃഷ്ടിക്കപ്പെടുന്നു എന്നുകൂടി ആലോചിക്കേണ്ടതുമാണ്‌. സഹവിശ്വാസികളായ ഇത്തരം പാവങ്ങളെ സംരക്ഷിക്കാന്‍ ഒരു മതത്തില്‍ യാതൊരു പദ്ധതിയുമില്ലെങ്കില്‍ ആ മതം ഏറ്റവും ഗൌരവതരമായ ധാര്‍മ്മിക ബാദ്ധ്യത അവഗണിക്കുന്നു എന്നാണര്‍ത്ഥം. പശുവും പട്ടിയും പോവുന്ന പെരുവഴിയിലൂടെ മനുഷ്യമക്കളെ നൂറ്റാണ്ടുകളായി വഴിനടക്കാന്‍ പോലും അനുവദിക്കാത്ത അസ്പൃശ്യതയുടെ ഇരുള്‍ മുറ്റിയ ലോകത്ത്‌ നിന്ന്, അപ്പത്തിനും ഇത്തിരി വെളിച്ചത്തിനും വേണ്ടി ഇഹലോക മോക്ഷം കൊതിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആര്‍ക്കാണവകാശം? ഇതിലടങ്ങിയിരിക്കുന്ന പരമപ്രധാനമായ വിഷയം മതസ്വാതന്ത്യ്രത്തിന്‍റേത്‌ തന്നെയാണ്‌. പണവും പ്രലോഭനങ്ങളും സ്വീകരിച്ച്‌ കൊണ്ട്‌ ഒരാള്‍ മതം മാറിയാല്‍ തന്നെ അത്തരം മതം മാറ്റത്തില്‍ നിയമത്തിന്‌ ഇടപെടാന്‍ യാതൊരു പഴുതുമില്ല. ആ പരിവര്‍ത്തിതന്‍ തന്‍റെ ആത്മാവിനെ നഷ്ടെ പ്പടുത്തി എന്ന്‌ സഹതപിക്കാനേ മറ്റുള്ളവര്‍ക്ക്‌ അവകാശമുളളൂ.

നമ്മുടെ ഭരണഘടനയുടെ 25-)o വകുപ്പും ഒന്നാം ഉപവകുപ്പും പ്രകാരം സമൂഹത്തിന്‍റെ ക്രമസമാധാനം, സദാചാരം, ആരോഗ്യം എന്നിവ ഹനിക്കാതെ എല്ലാ വ്യക്തികള്‍ക്കും സ്വേഛാനുസരണം മതം അവലംബിക്കാനും അതനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനുമുളളസ്വാതന്ത്യ്രമുണ്ട്‌. ഇനി ഒരാള്‍ പണവും പ്രലോഭനവും സ്വീകരിച്ച്‌ മതം മാറിയാല്‍തന്നെ ഭരണഘടനാപരമായി അയാളുടെ ഈ പ്രവവൃത്തി പ്രസ്തുത വകുപ്പിന്‍റെ ലംഘനമാകുന്നില്ല. പരിവര്‍ത്തിതന്‍ ക്രമസമാധാനനില തകര്‍ക്കുന്ന ഭീകരമതത്തിന്‍റെ അനുയായി അല്ലാതിരിക്കുകയും സമൂഹത്തിന്‍റെ ആരോഗ്യത്തിനും സദാചാരത്തിനും അത്കൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലാതിരിക്കുകയുമാണെങ്കില്‍ മതംമാറ്റത്തിന്നെതിരെ നിയമത്തിന്‌ ഇടപെടാനാവില്ല. പണവും പ്രലോഭനവും സ്വീകരിച്ച്‌ ഒരാള്‍ മതം മാറുന്നത്‌ തടയാന്‍ വല്ല നിയമവും നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അതായിരിക്കും മനുഷ്യ സ്വാതന്ത്യ്രത്തിനെതിരെയുളള കയ്യേറ്റമായിത്തീരുക. അതായത്‌, ഒരാളുടെ മതംമാറ്റം പരിശോധിക്കപ്പെടണമെന്ന്‌ പറയുമ്പോള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനെതിരെ ഭരണകൂടത്തിനോ മറ്റൊരാ ള്‍ക്കോ ഇടപെടാന്‍ അവസരം നല്‍കുകയാണ്‌ ചെയ്യുന്നത്‌. മനസ്സാക്ഷിക്കനുസൃതമായുളള ഒരാളുടെ തീരുമാനങ്ങള്‍ ബാഹ്യമായ മറ്റൊരു കേന്ദ്രത്തിന്‍റെ വിധിതീര്‍പ്പിന്‌ വിധേയമാവുകയും ചെയ്യുന്നു. ഇത്‌ വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു എന്നതിനേക്കാള്‍ മനസ്സാക്ഷി സ്വാതന്ത്യ്രത്തിനും വ്യക്തിസ്വാതന്ത്യ്രത്തിനുമെതിരെയുളള കയ്യേറ്റമാണ്‌. ഉദരപൂരണമാണ്‌ തന്‍റെ മതലക്ഷ്യമെന്ന്‌ കരുതി പണം വാങ്ങി മതപരിവര്‍ത്തനം നടത്തുന്നയാള്‍ ഭൌതികാര്‍ത്ഥത്തില്‍ സന്തുഷ്ടനാണ്‌. ആയതിനാല്‍ അത്രത്തോളം സമൂഹത്തിന്‌ ക്ഷേമം കൈവരുന്നു. നൈതികമായി അത്‌ നമ്മില്‍ ജുഗുപ്സയുളവാക്കുമെങ്കിലും നൈയ്യാമികമായി അത്തരം മതപരിവര്‍ത്തനങ്ങളും വ്യക്തിയുടെ സ്വാതന്ത്യ്രം തന്നെയാണ്‌. അതും പരിരക്ഷിക്കേണ്ടത്‌ ജനാധിപത്യത്തിന്‍റെ ബാദ്ധ്യതയാണ്‌.

ചുരുക്കത്തില്‍ ഇസ്‌ലാമില്‍ മതസ്വാതന്ത്യ്രം എന്നത്‌ മനസ്സാക്ഷിയുടെ പൂര്‍ണ്ണ സ്വാതന്ത്യ്രം തന്നെയാണ്‌. മറ്റൊരു മതത്തിലും പ്രത്യയശാസ്ത്രങ്ങളിലും ഇത്രയും ആര്‍ജവത്തോടെയും ധീരമായും വ്യക്തമായും മനുഷ്യ സ്വാതന്ത്യ്രത്തക്കുറിച്ചുളള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കാണാന്‍ സാധ്യമല്ല. വ്യക്തിക്ക്‌ മതം എപ്പോള്‍ വേണമെങ്കിലും സ്വീകരിക്കാനും ഉപേക്ഷിക്കാനും പൂര്‍ണ്ണ സ്വാതന്ത്യ്രമുണ്ട്‌. ഖുര്‍ആന്‍ പറയുന്നു:

“മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല നിശ്ചയമായും സന്‍മാര്‍ഗ്ഗം വഴികേടില്‍ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌ (2:257

“പറയുക: ഇത്‌ നിന്‍റെ നാഥനില്‍ നിന്നുളള സത്യ സന്ദേശമാകുന്നു. ഇഷ്ടമുളളവന്‍ വിശ്വസിച്ചുകൊളളട്ടെ. ഇഷ്ടമുളളളവന്‍ അവിശ്വസിക്കട്ടെ” (18:30)

“നിന്‍റെ നാഥന്‍ ഇഛിച്ചുവെങ്കില്‍ നിശ്ചയമായും ഭൂമിയിലു ളളവരെല്ലാം ഒന്നായി വിശ്വസിക്കുമായിരുന്നു എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:100)

4 comments:

കല്‍ക്കി said...

ഈ മഹത്തായ മതസ്വാതന്ത്യ്ര പ്രഖ്യാപനത്തെ ഹനിക്കുന്ന രീതിയിലാണ്‌ മതരാഷ്ട്ര മൌലികവാദികളായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം. മതത്തെ ഒരു രാഷ്ട്രമായി കാണുന്ന ജമാഅത്തെ ഇസ്‌ലാമി, മതപരിത്യാഗം വധശിക്ഷ അര്‍ഹിക്കുന്ന ഒരു വന്‍കുറ്റമായി കാണുന്നു എന്നത്‌ എത്ര ഭീഭത്സമാണ്‌! അതുപോലെ, സംഘപരിവാറും മതപരിവര്‍ത്തന സ്വാതന്ത്യ്രത്തെ നിയന്ത്രിക്കാനുളള നിയമത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്നു.

Abhi said...

ജമാ അതെ ഇസ്ലാമിയൊക്കെ ഒന്നുമല്ലാതിരുന്ന കാലത്താണ് കേരളത്തില്‍ മതം മാറിയതിന്റെ പേരില്‍ ഉണ്നിയാന്‍ സാഹിബ് കൊല്ലപ്പെടുന്നത്. അപ്പൊ അടിസ്ഥാനപരമായി മതം മാറ്റതോടുള്ള അസഹിഷ്ണുത എവിടെയാ കിടക്കുന്നത്?

arun bhaskaran said...

മതപ്രവേശനത്തിനുള്ള സ്വാതന്ത്യം പോലെത്തന്നെയാണ് ഇസ്ലാമില്‍ മതനിരാസത്തിനുള്ള സ്വാതന്ത്യവുമെങ്കില്‍ ഞാന്‍ ആ ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല, മറിച്ച് ആ സമൂഹത്തെ അഭിനന്ദിക്കുന്നു.

പക്ഷേ ഇന്ന് ഞാന്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ ?

charvakam said...

ഞാൻ നിങ്ങളെ വെല്ലു വിളിക്കുന്നു, ധൈര്യമുണ്ടെങ്കിൽ സൗദിഅറേബ്യയിൽ വന്ന് ഞാൻ മതത്തിൽ നിന്ന് പുറത്ത്പോകുന്നു എന്ന് പറയൂ