അവസാന കാലത്ത് ശക്തി പ്രഭാവത്തോടെ പ്രത്യക്ഷപ്പെടുമെന്ന് പ്രവചനങ്ങളില്‍ വിവരിക്കപ്പെട്ട ‘ദജ്ജാല്‍’ (Antichrist) എന്ന വിനാശ ശക്തിയുടെ അധിനിവേശമാണ് നാം മുസ്‌ലിം നാടുകളില്‍ കാണുന്നത്. ക്രിസ്തുമതത്തിന്‍റെ വികലമായ രൂപം സ്വീകരിച്ച ഭൌതികോന്‍മുഖമായ പാശ്ചാത്യന്‍ നാഗരികതയാണ് 'ദജ്ജാല്‍'. 'യഅ്ജൂജ് മഅ്ജൂജ്’ (Gog Magog) എന്നത് ദജ്ജാലിന്‍റെ ജനവര്‍ഗ്ഗപരായ രണ്ട് ശാക്തികചേരികളാണ്. ഭാഷാപരവും നരവംശ ശാസത്രപരവുമായ വ്യതിരേകങ്ങളിലൂടെ ഇവര്‍ ആരാണെന്ന് ആധുനിക കാലത്ത് അഹ്‌മദിയ്യാ പ്രസ്ഥാന സ്ഥാപകരായ ഹദ്‌റത്ത് അഹ്‌മദ്(അ) ലോകത്തിന് കാണിച്ചുതന്നിട്ടുണ്ട്. അഗാധമായ അര്‍ത്ഥതലങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍, പൌരാണിക ചരിത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ യഅ്ജൂജ് മഅ്ജൂജിലെ ആദ്യത്തെക്കൂട്ടര്‍ ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന ജനതയും മറ്റെ കൂട്ടര്‍ റഷ്യന്‍ (സ്ളാവ്) ജനതയുമാണെന്ന് ഹദ്‌റത്ത് അഹ്‌മദ് നൂറു വര്‍ഷങ്ങള്‍ക്ക്‌മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തികവും സാമ്രാജ്യത്വപരവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു ശക്തികളും പരസ്പരം ശത്രുതയോടെ ധ്രുവീകരിക്കപ്പെട്ട് ശാക്തിക ചേരികളായിത്തീരുമെന്നും അവ മുസ്‌ലിം നാടുകളിലേക്ക് ഇരമ്പിക്കയറുമെന്നും തിരുനബി(സ) പ്രവചിച്ചിരിക്കുന്നു.
ഒരിക്കല്‍ റസൂല്‍ തിരുമേനി(സ) ഒരു ആത്മീയ ദര്‍ശനത്തിന് ശേഷം സംഭീതനായിക്കൊണ്ട് സദസ്സിലേക്ക് വന്നു. ഇങ്ങനെ അരുള്‍ച്ചെയ്തു:
"അല്ലാഹുവല്ലാതെ വേറൊരു ആരാധ്യനുമില്ല. ആസന്നമായിരിക്കുന്ന വിപത്തുകള്‍കാരണം അറബികള്‍ക്ക് മഹാനാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിന്‍റെ മതില്‍ക്കെട്ടില്‍ ഇത്രയളവില്‍ വിടവുണ്ടാക്കപ്പെട്ടിരിക്കുന്നു." നബി തിരുമേനി തന്‍റെ പെരുവിരലും തൊട്ടടുത്ത വിരലും കൊണ്ടു ഒരു വൃത്തം രൂപപ്പെടുത്തിക്കാണിച്ചു. സൈനബ്(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളില്‍ സജ്ജനങ്ങളുണ്ടായിരിക്കെ ഞങ്ങള്‍ നശിക്കപ്പെടുമോ?’ നബിതിരുമേനി (സ) പ്രതിവചിച്ചു: 'അതെ, തിന്‍മകള്‍ വര്‍ദ്ധിച്ചാല്‍ (നശിപ്പിക്കപ്പെടും)."
റസൂല്‍ തിരുമേനിയുടെ തിരുഹൃദയം ദര്‍ശിച്ച ആ ഭീതി ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറബ് ലോകത്ത് അരങ്ങേറിയപ്പോള്‍ മുസ്‌ലിം ലോകം കിടിലം കൊണ്ടുപോയി. ‘Shock and awe campaign' കിടിലം കൊള്ളിക്കുന്നതും ചകിതമാക്കുന്നതുമായ സൈനിക നീക്കമെന്നായിരുന്നല്ലോ ഇറാഖ് യുദ്ധം വിശേഷിപ്പിക്കപ്പെട്ടത്.
യഅ്ജൂജ് മഅ്ജൂജ് എന്ന അക്രമ കാരികളായ ഒരു ജനതയെ ദുല്‍ഖര്‍നൈന്‍ രാജാവ് ഒരു ഭിത്തികെട്ടി തടഞ്ഞുനിര്‍ത്തിയ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. കാക്കസസ് പര്‍വ്വതത്തിന്നപ്പുറത്ത് ജിവിക്കുന്ന സിതിയന്‍ എന്ന പൌരാണിക ജനവര്‍ഗ്ഗത്തെ ദര്‍ബന്ധ് എന്ന സ്ഥലത്ത് ഭിത്തികെട്ടി തടഞ്ഞ മഹാനായ പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസിന്‍റെ ചരിത്രമാണ് ഖുര്‍ആന്‍ ഇവിടെ വിവരക്കുന്നത്. ആക്രമണവാസനയും കോളോണിയല്‍ മനോഭാവവുമുള്ള ഈ ജനത ഭിത്തിപൊട്ടിച്ച് അവസാനകാലത്ത് കിഴക്കന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ആധുനികകാലത്ത് യൂറോപ്യന്‍ നവോത്ഥാനത്തോടെ ദജ്ജാലിന്‍റെ ആക്രമണം ആരംഭിച്ചു. ആ ആക്രമണത്തിന്‍റെ മൂര്‍ദ്ധന്യ ദശയില്‍ ഒരു അടയാളം എന്ന നിലക്ക് യഹൂദ രാഷ്ട്രത്തിന്‍റെ രൂപീകരണമുണ്ടായിരിക്കുമെന്നും ഖുര്‍ആന്‍ പറയുന്നു.
"നാം നശിപ്പിച്ചുകഴിഞ്ഞ ഒരു നാടിനെ (ഇസ്‌റാഈല്‍) സംബന്ധിച്ചുള്ള നമ്മുടെ ഖണ്ഡിതമായ തീരുമാനമാണത്, അവര്‍ തീര്‍ച്ചയായും തിരിച്ചുവരികയില്ല എന്നുള്ളത്. ഏതുവരെയെന്നാല്‍ യഅ്ജൂജ് മഅ്ജൂജ് തുറന്നുവിടപ്പെടുകയും അവര്‍ എല്ലാ ഉയരങ്ങളില്‍ നിന്നും സമുദ്ര തിരമാലകളില്‍ നിന്നും ശീഘ്രസഞ്ചാരം ചെയ്തുവരികയും ചെയ്യുന്നതുവരെ” (21:97). ചിന്നിച്ചിതറി കഴിഞ്ഞിരുന്ന യഹൂദര്‍, ബ്രിട്ടന്‍, അമേരിക്ക, റഷ്യ എന്നീ സാമ്രാജ്യത്വ ശക്തകളുടെ സഹായത്തോടെ 1948-ല്‍ ജറൂസലേമിലേക്ക് തിരിച്ച് വന്നത് ഖുര്‍ആന്‍റെ പ്രവചനത്തെ സാധൂകരിക്കുന്നു. ഇസ്‌റാഈല്‍ സ്റ്റേറ്റിന്‍റെ രൂപീകരണത്തിന് ശേഷമാണ് യഅ്ജൂജിന്‍റെ ആക്രമണം അറബികള്‍ക്ക്‌നേരെ ഏറ്റവും രൂക്ഷമായി വന്നത്. ഒരു ഹദീസ് ഇപ്രകാരമാണ്: 'സിറിയയുടേയും ഇറാഖിന്‍റേയും ഇടയിലൊരിടത്ത്‌നിന്നാവും ദജ്ജാലിന്‍റെ പുറപ്പാട്. അവര്‍ ഇടം വലം സഞ്ചരിക്കും. ദൈവദാസന്‍മാരേ, സ്ഥൈര്യമവലംബിക്കുക' (സഹീഹ് മുസ്‌ലിം)
അക്രമകാരിയായ ദജ്ജാലിന്‍റെ ഇടത്താവളം പ്രസ്തുത ഹദീസില്‍പറഞ്ഞ സ്ഥലത്ത് അഥവാ സിറിയയുടേയും ഇറാഖിന്‍റേയും മദ്ധ്യേ ഇന്ന് എത്തിയിരിക്കുകയാണ്. ഇടത്തോട്ടും വലത്തോട്ടുമുള്ള അതിന്‍റെ സഞ്ചാരമാണ് ഇനി കാണേണ്ടത്. മറ്റൊരു ഹദീസ് ഇപ്രകാരമാണ് 'റോമാക്കാര്‍ മുസ്‌ലിം ലോകത്തിന്‍റെ അകത്തളങ്ങളില്‍ പ്രവേശിക്കുന്നത് വരെ അന്ത്യനാള്‍ ഉണ്ടാവുകയില്ല.' (മുസ്‌ലിം).
ഇറാഖില്‍ സൈനികപരമായി പ്രവേശിച്ച ദജ്ജാല്‍ ഇതിനകം അറബ് ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു. ഇനി നേരിട്ടുള്ള സൈനികാധിനിവേശം തന്നെയുണ്ടാകാനും സാധ്യതയുണ്ട്. (2003 മെയ് ലക്കം സത്യദൂതനില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇത്) ഏതായാലും യഅ്ജൂജ് മഅ്ജൂജ് എന്നീ രണ്ട് ശാക്തിക ചേരികളായി പിരിയുന്ന ദജ്ജാല്‍ ഒരു ലോകമഹായുദ്ധത്തോടെ നശിച്ചുപോകുമെന്നും അതിനുശേഷം വാഗ്ദത്ത മസീഹിനാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ഇസ്‌ലാംമതത്തിന്‍റെ പ്രതാപ കാലമായിരിക്കുമെന്നും തിരുനബി(സ)യുടെ പ്രവചനത്തില്‍നിന്നു മനസ്സിലാകുന്നു.
വാഗത്ത മസീഹ് ഹദ്‌റത്ത് അഹ്‌മദി(അ)ന്‍റെ ഒരു പ്രവചനം ഇപ്രകാരമാണ്. 'ഈ രണ്ടു ജാതി ക്കാരും (യഅ്ജൂജ്, മഅ്ജൂജ്) മറ്റുള്ളവരെ കീഴ്പ്പെടുത്തിക്കഴിഞ്ഞശേഷം പരസ്പരം ആക്രമണം നടത്തുന്നതാണ്. ഈ രണ്ട് ജാതിക്കാര്‍ ഇംഗ്ളീഷുകാരും (അമേരിക്ക, ബ്രിട്ടന്‍, ആസ്ത്രേലിയ മുതലായ രാജ്യങ്ങള്‍) റഷ്യക്കാരുമാണ്' (ഇസാലയെ ഔഹാം). യഅ്ജൂജ് മഅ്ജൂജിന്‍റെ അന്ത്യം ഒരു ലോക മഹായുദ്ധത്തോടെ യായിരിക്കുമെന്ന് ഖുര്‍ആന്‍ സൂചനനല്‍കുന്നു. യഅ്ജൂജ് മഅ്ജൂജ് ഭിത്തി പൊട്ടിച്ചുകൊണ്ട് ആധുനിക കാലത്ത് രംഗപ്രവേശം ചെയ്തശേഷം അവരുടെ ശാക്തിക വടംവലി രൂക്ഷമായി യുദ്ധമുണ്ടാവുമെന്ന് ഖുര്‍ആന്‍ പറയുന്നു.
"എന്‍റെ നാഥന്‍റെ വാഗ്ദാനം സത്യമാണ്. അന്ന് അവരില്‍ ചിലരെ മറ്റു ചിലര്‍ക്കെതിരില്‍ തിരമാലകള്‍ കണക്കെ അടിച്ചു കയറുന്നവരായി നാം വിടുന്നതാണ്” (18:90). ദജ്ജാല്‍ എന്ന നാശകാരിയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ ഹദീസുകളില്‍ മിക്കവാറും മസീഹിനെ സംബന്ധിച്ചും മഹ്ദിയെ കുറിച്ചുമുള്ള സുവിശേഷം കൂടിയുണ്ടെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. ദജ്ജാലിന്‍റെ ഏറ്റവും ഭയാനകമായ ശക്തിപ്രകടന കാലത്തിനു മുമ്പായി മഹ്ദിയും മസീഹുമായി അല്ലാഹു ഹദ്‌റത്ത് അഹ്‌മദിനെ അയക്കുകയുണ്ടായി. ദജ്ജാലിന്‍റെ മഹാ കുഴപ്പത്തില്‍ നിന്നു എത്രയും വേഗം ലോകം രക്ഷ നേടട്ടെ എന്നും അറബികള്‍ക്ക് ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ രൂപം ഗ്രഹിക്കാനുള്ള സൌഭാഗ്യമുണ്ടാകട്ടെ എന്നും നമുക്ക്‌പ്രാര്‍ത്ഥിക്കാം.