Monday, August 9, 2010

ശരീഅത്ത് നിയമം എങ്ങനെ നടപ്പാക്കും?

ശരീഅത്ത്‌ നിയമം ഭരണനിയമങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ സാധി ക്കുമോ? മുസ്‌ലിം കളിലെ മതരാഷ്ട്ര മൌലികവാദികള്‍ മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിക ശരീഅത്ത്‌ ഭരണം എന്ന ആവശ്യം തികച്ചും അപ്രായോഗികമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങളില്‍ സൂചനകളായി മാത്രം കാണുന്ന നിയമന നിര്‍ദ്ദേശങ്ങള്‍ കക്ഷി പ്രതികക്ഷികളായി തമ്മില്‍ തല്ലുന്ന ഒരു മുസ്‌ലിം സമൂഹത്തില്‍ ഭരണനിയമങ്ങളാക്കി മാറ്റുവാന്‍ സാധ്യമല്ല.

ഇസ്‌ലാമിക ശരീഅത്ത്‌ നടപ്പാക്കാന്‍ വേണ്ടിയുള്ള മുറവിളി ഏറ്റവും ഗണ്യമായി ഉന്നയിക്കുന്നത്‌ പാക്കിസ്താനാണ്‌. ശരീഅത്ത്‌ നിയമങ്ങള്‍ ഒരു രാജ്യത്തെ ഭരണഘടനയാക്കി മാറ്റിയാല്‍ ഉത്ഭവിക്കുന്ന പ്രശ്നങ്ങള്‍നിരവധിയാണ്‌. ധാര്‍മ്മികമായി അങ്ങേയറ്റം അധഃപതിച്ച പാകിസ്താനിലെ മുസ്‌ലിം സമൂഹം റസൂല്‍ തിരുമേനി(സ)യുടെ മാതൃകാജീവിതത്തില്‍ നിന്നു വളരെ അകന്നുജീവിക്കുന്നവരാണ്‌. അവര്‍ക്കിടയില്‍ ശരീഅത്ത്‌ നിയമം നടപ്പാക്കണം എന്നു പറയുന്നത്‌ ജുഗുപ്സാവഹമാണ്‌. ഭരണഘടനയനുസരിച്ച്‌ ഇസ്ലാമിക ജീവിതം നയിക്കാന്‍ ഇന്ന്‌ ലോകത്തിലെ ഒരു രാജ്യത്തും സാധ്യമല്ലെന്ന് കാണാം. സ്വമേധയാ മുസ്‌ലിംകള്‍ ഇസ്‌ലാമിക ജീവിതക്രമം പാലിച്ചുകൊണ്ട്‌ ജീവിച്ചുകാണിച്ചാല്‍ പിന്നെ ഭരണനിയമങ്ങളുടെ ആവശ്യമെന്ത്‌? സ്വയം ഇസ്ലാമിക ജീവിതം നയിക്കാന്‍ തയ്യാറില്ലാതെ ഇസ്ലാമിക ഭരണം വേണമെന്ന്‌ വാദിക്കുന്നത്‌ വിരോധാഭാസമല്ലേ? ഇതുമായി ബന്ധപ്പെട്ട ചൂടേറിയ വാഗ്വാദങ്ങളാണ്‌ മുസ്‌ലിം രാജ്യങ്ങളിലുടനീളം നടക്കുന്നത്‌.

കാലാകാലങ്ങളിലൂടെ വളര്‍ന്നു വികസിച്ച ഒരു നിയമസംഹിതയാണ്‌ ശരീഅത്ത്‌നിയമം. ഖുര്‍ആന്‍, സുന്നത്ത്‌, ഹദീസ്‌, ഇജ്മാഅ്‌, ഖിയാസ്‌ എന്നീ പ്രമാണങ്ങള്‍ തന്നെയാണ്‌ തത്ത്വത്തില്‍ ശരീഅത്ത്‌ നിയമത്തിന്‍റെ ആധാരം. പക്ഷേ നിരവധി വ്യാഖ്യാന ഭേദങ്ങളും, അഭിപ്രായ ഭേദങ്ങളും ശരീഅത്ത്‌ നിയമത്തിലെഓരോ പ്രശ്നങ്ങള്‍ക്കുമുണ്ട്‌. അങ്ങനെയുള്ള ശരീഅത്ത്‌ നിയമം ഒരു രാജ്യത്തിലെ രാഷ്ട്രീയ സംവിധാന ത്തില്‍ ഭരണ നിയമങ്ങളായി എഴുതിച്ചേര്‍ക്കുകയാണെങ്കില്‍ നിരവധി സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

മൌലികമായുള്ള ഒരു പ്രശ്നം, വിവിധ മതസ്ഥര്‍ ജീവിക്കുന്ന ഒരു രാജ്യത്ത്‌ ഒരു പ്രത്യേക മതവിശ്വാസികള്‍ ആ മതത്തിലധിഷ്ഠിതമായ ഒരു ഭരണഘടനയും ഭരണകൂടവും, ഭരണ നിയമവും വേണമെന്ന്‌ വാദിക്കുമ്പോള്‍ മറ്റൊരു മതസ്ഥര്‍ക്കും അവരുടെ മതനിയമങ്ങളനുസരിച്ച്‌ ഭരണഘടനയും, ഭരണനിയമങ്ങളുമുണ്ടാക്കണമെന്ന്‌ വാദിക്കാം. ഈ മതവിശ്വാസികള്‍ക്കെല്ലാം തങ്ങളുടെ മതനിയമങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ പാടില്ലാത്ത ദൈവിക നിയമങ്ങളാണുതാനും. മനുസ്മൃതിയനുസരിച്ച്‌ ഭരണം വേണമെന്ന്‌ ഹിന്ദുക്കള്‍ക്കും തല്‍മൂദ്‌ നിയമങ്ങള്‍ക്കനുസരിച്ച്‌ ഭരണം വേണമെ ന്ന്‌ യഹൂദികള്‍ക്കും, ബൈബിള്‍ നിയമങ്ങള്‍ക്കനുസരിച്ച്‌ ഭരണം വേണമെന്ന്‌ ക്രിസ്ത്യാനികള്‍ക്കും അവകാശപ്പെടാം.

നിയമനിര്‍മ്മാണസഭ

സ്റ്റേറ്റുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ രാഷ്ട്രീയവും അന്തര്‍ദേശീയ നിയമങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. ചോദ്യമിതാണ്‌. ഒരു രാജ്യത്ത്‌ ജനിച്ച ഒരു വ്യക്തിക്ക്‌ പ്രസ്തുത രാജ്യത്തില്‍ നിയനിര്‍മ്മാണ സഭയില്‍ നിയമ നിര്‍മ്മാണത്തിന്‌ അവകാശമുണ്ടല്ലോ. ആധുനിക മതേതര ജനാധിപത്യത്തിന്‍റെ സങ്കല്‍പത്തിന്‍റെ അടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റുകളില്‍ പ്രസ്തുത രാജ്യത്ത്‌ ജനിക്കുന്ന ഓരോ പൌരനും അവന്‍റെ മതം, നിറം, വര്‍ഗ്ഗം, ഭാഷ എന്നിവ പരിഗണിക്കാതെ തന്നെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നല്‍കുന്നു. ചുരുങ്ങിയ പക്ഷം നിയമനിര്‍മ്മാണസഭയില്‍ ഭാഗഭാക്കാവാനുള്ള അവസരമെങ്കിലും നല്‍കുന്നുണ്ട്‌. രാഷ്ട്രീയ പാര്‍ട്ടികള്‍വ രികയും പോകുകയും ചെയ്യുന്നു. ഇന്നത്തെ ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷികള്‍ നാളെ ന്യൂനപക്ഷ മായിത്തീരുന്നതിനാല്‍ എല്ലാ പൌരന്‍മാരുടേയും അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സാധ്യമാകുകയില്ല. എന്നാല്‍ ചുരുങ്ങിയ പക്ഷം ഓരോരുത്തര്‍ക്കും മാന്യതയും തുല്യതയുമുള്ള അവസരം നല്‍കുകയും തങ്ങള്‍ക്ക്‌ പറയുവാനുള്ളത്‌ കേള്‍ക്കുവാനുള്ള അവസരമെങ്കിലും നല്‍കുന്നുണ്ട്‌. എന്നാല്‍ ഒരു രാജ്യത്ത്‌ ഒരു മതത്തിന്‍റെ മതസംഹിത അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്‍റെ പരിണിത ഫലം? മുസ്‌ലിംകളുടെ നിയമം ഒരു രാജ്യത്ത്‌ നടപ്പിലാക്കുകയാണെങ്കില്‍ മറ്റുള്ള അമു‌ലിം പൌരന്‍മാര്‍ ആ രാജ്യത്തിലെ രണ്ടാം കിടക്കാരോ മൂന്നാം കിടക്കാരോ ആയി മാറും. അവര്‍ക്ക്‌ നിയനിര്‍മ്മാണത്തിലോ നിയമനിര്‍മ്മാണ സഭയിലോ സ്വതന്ത്രമായ പ്രാതിനിധ്യ മുണ്ടാകുകയില്ല. പ്രശ്നം അവിടേയും അവസാനിക്കുന്നില്ല. ഇസ്‌ലാമിക മതഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനില്‍ വ്യാഖ്യാനമര്‍ഹിക്കുന്ന നിരവധി സംജ്ഞകളുളളതിനാല്‍ വിവിധ വിഭാഗങ്ങളിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്ക്‌ തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുവാനുള്ള അവകാശം വകവെച്ചുകൊടുക്കേണ്ടി വരും. അവയില്‍ ചിലത്‌ പരസ്പരം വ്യത്യസ്തവും പരസ്പര വിരുദ്ധവുമായിരിക്കും.

മുസ്‌ലിം പണ്ഡിതന്‍മാര്‍ ശരീഅത്തിനെ വ്യാഖ്യാനിക്കുമ്പോള്‍ ഒരുവിഷയത്തിന്‌ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പൊങ്ങിവരാറുണ്ട്‌. നിയമനിര്‍മ്മാണം ശരീഅത്തിനെ അടിസ്ഥാനമാക്കിയായാല്‍ നിയമസഭാംഗങ്ങള്‍ ശരീഅത്തിലെ മൂഖ്യപ്രമാ ണമായ വിശുദ്ധ ഖുര്‍ആനില്‍ വേണ്ടത്ര അവഗാഹം നേടിയിരിക്കണം. അവരെ സഹായിക്കുന്നത്‌ ഖുര്‍ആന്‍ പഠിച്ച മുല്ലമാരാണെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുന്ന നിയമസഭാംഗങ്ങള്‍ക്ക്‌ പ്രസ്തുത പണ്ഡിതന്‍മാരുടെ വിശദീകരണങ്ങള്‍ കേള്‍ക്കേണ്ടി വരും. ഓരോ പ്രശ്നത്തിനും ഓരോ വിഭാഗത്തിന്‍റെയും പണ്ഡിതന്‍മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നല്‍കിയാല്‍ സഭ ഏത്‌ സ്വീകരിക്കും? വോട്ടിനിട്ടു സീകരിച്ചാല്‍ ഖുര്‍ആനിക പ്രമാണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ ഹിതത്തിനനുസരിച്ചാണെന്ന ആക്ഷേപം വരും. ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ യാഥാസ്ഥികരും, പിന്തിരിപ്പന്‍മാരും, ഖുര്‍ആനികജ്ഞാനം ഇല്ലാത്തവരുമാണെങ്കിലോ? ഈ പ്രഹേളികക്ക്‌ എന്താണുത്തരം?

ഓരോ മതങ്ങളുടെയും ചരിത്രവും അവയുടെ മൂലതത്ത്വവും പരിശോധിക്കുകയാണെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സ്‌ ഒന്നില്‍ നിന്നു തെന്നയാണെന്ന്‌ കാണാം. കാലത്തിന്‍റെ ഗതിമാറ്റത്തിനനുസരിച്ച്‌ അവ നിരവധി കക്ഷികളായി പിരിയുകയാണുണ്ടായത്‌. ജൂത, ക്രൈസ്തവ, ഇസ്‌ലാം എന്നീ സെമിറ്റിക്‌ മതങ്ങളില്‍ ഈ കക്ഷിബാഹുല്യവും വീക്ഷണ വൈരുദ്ധ്യങ്ങളും നമുക്ക്‌ ദര്‍ശിക്കാം. മതസ്ഥാപകരുടെ ലളിതസുന്ദരമായ ആദിമകാലത്തെ ജീവിത തത്ത്വങ്ങളില്‍ നിന്നു വിഭിന്നമായി മത കക്ഷികള്‍ നിരവധി സങ്കീര്‍ണ്ണമായ സിദ്ധാന്തങ്ങളുമായിട്ടാണ്‌ ആവിര്‍ഭവി ക്കുന്നതും ശാഖകളായി പിരിയുന്നതും. ഈ പ്രതിഭാസം ഇസ്‌ലാം മതത്തിലും നമുക്ക്‌ ദര്‍ശിക്കാം. ആശയപരമായ പരസ്പര വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളുമാണ്‌ അവരുടെ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര.

അസാധ്യമായ മുസ്‌ലിം നിര്‍വ്വചനം

ഇത്‌ സംബന്ധമായി രസകരമായഒരു സംഭവം ഓര്‍ക്കുകയാണ്‌. 1953-ല്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയ അഹ്മദിയ്യാ വിരുദ്ധ കലാപത്തെപ്പറ്റി അന്വേഷിക്കുവാന്‍ നിയമിച്ച ജസ്റ്റിസ്‌ മുനീര്‍ കമ്മീഷന്‌ മുമ്പില്‍ ഹാജരായ മുസ്‌ലിം പണ്ഡിതന്‍മാരോട്‌ 'മുസ്‌ലി'മിന് ഒരു നിര്‍വ്വചനം നല്‍കുവാന്‍ സാധ്യമാണോ എന്ന്‌ ആരായുകയുണ്ടായി. ഒരു മുസ്‌ലിം പണ്ഡിതനും എല്ലാവരും അംഗീകരിക്കുന്ന ഒരു നിര്‍വ്വചനം 'മുസ്‌ലി'മിന്‌ നല്‍കാനായില്ല. ഒരു പണ്ഡിതന്‍ നല്‍കുന്ന നിര്‍വ്വചനമനുസരിച്ചു അപര മുസ്‌ലിം പണ്ഡിതന്‍റെ കക്ഷിയില്‍പ്പെട്ട മുസ്‌ലിം മുസ്‌ലിമാകില്ല. ഇതായിരുന്നുസ്ഥിതി.

മുസ്‌ലിമിനെക്കുറിച്ച്‌ നിര്‍വ്വചിക്കുവാന്‍ തനിക്ക്‌ കൂടുതല്‍ സമയം നല്‍കണമെന്ന്‌ പറഞ്ഞ ഒരു കക്ഷിയുടെ പണ്ഡിതനോട്‌ കമ്മീഷനിലെ രണ്ടാം അംഗമായ ജസ്റ്റിസ്‌ ഖയാനിപറഞ്ഞ മറുപടി രസാവഹമായിരുന്നു. 1300 ലധികം വര്‍ഷങ്ങള്‍ നല്‍കിക്കഴിഞ്ഞിട്ടും തീരുമാനമാകാത്ത പ്രശ്നത്തിന്‌ എങ്ങനെ താങ്കള്‍ക്ക്‌ അല്‍പസമയത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കാ നാവും? ആരാണ്‌ മുസ്‌ലിം എന്ന പ്രശ്നത്തിനു പോലും സര്‍വ്വാംഗീകൃതമായ ഒരു നിര്‍വ്വചനം നല്‍കാന്‍ സാധ്യമല്ലാത്ത മുസ്‌ലിം കക്ഷികള്‍ക്ക്‌ എങ്ങനെ ഏകീകൃതമായ ഒരുനിയമം നടപ്പിലാക്കാന്‍ സാധിക്കും.

ഏത്‌ കക്ഷിയുടെ വീക്ഷണമാണ്‌ നടപ്പാക്കുക?

വീണ്ടും സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങളുണ്ടാവുന്നു. ഉദാഹരണമായി ഒരു ക്രിമിനല്‍ കുറ്റത്തിന്‌ ഒരു കക്ഷി നിര്‍ദ്ദേശിക്കുന്ന ശിക്ഷയല്ല മറ്റൊരു കക്ഷിയുടേത്‌. ഇന്ന്‌ നിലവിലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍ തന്നെ ഇത്തരം വ്യത്യാസങ്ങളും വൈജാത്യങ്ങളും നമുക്ക്‌ ദര്‍ശിക്കാം. ചില രാജ്യങ്ങളില്‍ കുറ്റമായി കരുതുന്ന പ്രവൃത്തികള്‍ മറ്റുചില രാജ്യങ്ങളില്‍ കുറ്റകൃത്യമല്ലല്ലോ. വിശുദ്ധ ഖുര്‍ആനിലും ശരീഅത്തിലും ശിക്ഷ ഏതെന്ന്‌ വ്യക്തമാക്കാത്ത ഒരു കുറ്റമാണ്‌ മദ്യപാനം. മദ്യപാനത്തിന്‌ ശിക്ഷ നിയമമാക്കുകയാണെങ്കില്‍ ഏത്‌ കക്ഷിയുടെ അഭിപ്രായത്തിലെ അടിസ്ഥാനത്തിലായിരിക്കും അത്‌ നടപ്പിലാക്കുക? ഈ മുസ്‌ലിം കക്ഷികള്‍ തമ്മിലുള്ള വ്യത്യാസവും അഭി പ്രായ വിയോജിപ്പും നിസ്സാരവുമല്ല. ഒരു കക്ഷി അപരകക്ഷിയെ 'കാഫിര്‍' എന്ന്‌ വിളിക്കുവോളും അത്‌ ഗുരുതരവുമാണ്‌. അപ്പോള്‍ സര്‍വ്വാംഗീകൃതമായ ശരീഅത്ത്‌ നിയമം എന്നത്‌ വീണ്ടും ഒരു പ്രഹേളികയായിമാറുന്നു.

ശരീഅത്ത്‌ നിയമം നടപ്പിലാക്കുവാന്‍ പാകിസ്താന്‍ ഗവണ്‍മെന്‍റ് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍

നവാസ് ശെരീഫ്‌ പ്രധാനമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ശരീഅത്ത്‌ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന വാദകോലാഹലങ്ങള്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്നു. അവസാനം നവാസ്‌ ശെരീഫ്‌ ഒരു മുസ്‌ലിം വിഭാഗത്തിന്‍റെയും ശരീഅത്ത്‌ വിശദീകരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതെല്ലന്ന്‌ പ്രഖ്യാപിച്ചു. പക്ഷേ വിശുദ്ധ ഖുര്‍ആനാണ്‌ പാകിസ്താന്‍ നിയമ ത്തിന്‍റെ പരമോന്നത സ്രോതസ്സ്‌ എന്ന്‌ തത്വത്തില്‍ അംഗീകരിക്കുന്ന പ്രമേയം പാകിസ്താനില്‍ ഗവണ്‍മെന്‍റ് അംഗീകരിച്ചിരുന്നു. പിന്നീട്‌ പാകിസ്താന്‍ ഗവണ്‍മെന്‍റ് വിശുദ്ധ ഖുര്‍ആനിലുള്ള പൊതുവായ ചില തത്ത്വങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെ ടുത്തുവാന്‍ ശ്രമിക്കുകയും പാകിസ്താനെ ഒരു ഇസ്‌ലാമിക രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.

നവാസ്‌ ശെരീഫ്‌ സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തെ തല്‍ക്കാലത്തേക്കെങ്കിലും അകറ്റി നിര്‍ത്തിയെന്ന് സമാധാനിക്കാം. എന്നാല്‍ ഉലമാക്കള്‍ പറയുന്നത്‌ ശരീഅത്ത്‌ നടപ്പാക്കാനുള്ള അധികാരം നിയമ നിര്‍മ്മാണ സഭയിലും, സുപ്രിം കോടതിയിലും മാത്രം നിക്ഷിപ്തമായിരിക്കയില്ലെന്നും മറിച്ച്‌ തങ്ങള്‍ക്കും അതില്‍ പങ്കുവേണമെന്നുമാണ്‌. ഒരു പടികൂടി കടന്ന്‌ തങ്ങള്‍ക്ക്‌ മാത്രമായിരിക്കണം അതിന്‍റെ പരമാധികാരം എന്നാണ്‌ ഉലമാക്കന്‍മാരുടെ അവകാശവാദം. ചുരുക്കത്തില്‍, തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളില്‍ നിന്നു മുല്ലമാരിലേയ്ക്ക്‌ അധികാരം മാറ്റണമെന്നായിരിക്കും മതപണ്ഡിതമാരുടെയും മതകക്ഷികളുടേയും ആവശ്യം. പാക്കിസ്താനില്‍ സ്വബോധമുള്ള നിലവിലുള്ള ഒരു ജനപ്രതിനിധിയും മുല്ലമാരുടെ ഈ ആവശ്യത്തെ ഉളളുകൊണ്ടു അംഗീകരിച്ചില്ല. മുല്ലമാരുടെ ആവശ്യത്തെ തിരഞ്ഞെടുപ്പുകാലത്ത്‌ മാത്രമാണ്‌ രാഷ്ട്രീയകക്ഷികള്‍ പിന്തുണച്ചിരുന്നത്‌. അത്‌ കപടരാഷ്ട്രീയത്തിന്‍റെ നാടക ശാലയായ പാകിസ്താനിലെ മൂന്നാംകിട രാഷ്ട്രീയം.

ആധുനിക മുസ്‌ലിംകളുടെ ജീവിതരീതി ഇസ്‌ലാമികമല്ല

മുകളില്‍ പറഞ്ഞത്‌ ശരീഅത്ത്‌ നിയമം നടപ്പിലാകുമ്പോഴുണ്ടാകുന്ന സങ്കീര്‍ണ്ണതകളെക്കുറിച്ചായിരുന്നു. എന്നാല്‍ അപകടകരമായ മറ്റൊരു പ്രശ്നം മുസ്‌ലിംകളുടെ ജീവിതശൈലി തികച്ചും ഇസ്‌ലാമുമായി ബന്ധമില്ലാത്തവയാണ്‌. ഒരു രാജ്യത്തില്‍ മുസ്‌ലിംകള്‍ക്ക്‌ അഞ്ച്‌നേരം നമസ്കാരം അനുഷ്ഠിക്കുവാന്‍ ഭരണഘടനയില്‍ ശരീഅത്ത്‌ എഴുതിച്ചേര്‍ക്കേണ്ടതുണ്ടോ? വിശ്വസ്തതയും സത്യസന്ധതയും പ്രകടിപ്പിക്കുവാന്‍ ശരീഅത്ത്‌ നിയമത്തിന്‍റെ ആവശ്യമുണ്ടോ? ശരീഅത്ത്‌ നിയമം ഇല്ലാതെ തന്നെ കോടതികളില്‍ സത്യസന്ധമായി സാക്ഷ്യം പറഞ്ഞു കൂടേ? സത്യസന്ധതയും വിശ്വസ്തതയും പ്രകടിപ്പിക്കുവാന്‍ ഒരു നിയമത്തിന്‍റെയും ആവശ്യമില്ല. ഒരു സമൂഹത്തില്‍ നിത്യജീവിതത്തില്‍ കൊള്ളയും, കൊലയും, അക്രമവും, അതിക്രമവും,ബോംബ്‌ സ്ഫോടനവും അന്യരുടെ അവകാശങ്ങള്‍ ധ്വംസിക്കലും നിത്യസംഭവമാകുമ്പോള്‍ എത്ര മാത്രം വിശ്വസ്തതയും സത്യസന്ധതയുമാണ്‌ അവിടെ നിലനില്‍ക്കുക? സാധാരണ സംഭാഷണങ്ങളില്‍ പോലും മലിനമായ വാക്കുകള്‍ സര്‍വ്വസാധാരണമായി പ്രയോഗിക്കുകയും എല്ലാതരത്തിലുള്ള അശ്ളീല മായ പെരുമാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു സമൂഹ ത്തില്‍നിന്ന് ഒരു തരത്തിലുള്ള മാന്യതയും നാം പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം ഒരു സമൂഹത്തില്‍ ശരീഅത്തിന്‌ എന്ത്‌ റോളാണ്‌ നിര്‍വ്വഹിക്കുവാനുള്ളത്‌. അതേപ്രകാരം, അവിടെ ശരീഅത്ത്‌ നിയമം എങ്ങനെയാണ്‌ നടപ്പിലാക്കുക?

മുകളില്‍ ചര്‍ച്ച ചെയ്ത പ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയും ഒരു ഭാഗത്ത്‌ നിന്നും ഉരുത്തിരിഞ്ഞ്‌ വരുന്നതായി നാം കാണുന്നില്ല. ഓരോ രാജ്യത്തിനും അതാതിന്‍റേതായ ദേശീയ സവിശേഷതകളുണ്ട്‌. ഒരു രാജ്യത്ത്‌ എല്ലാ പുഷ്പങ്ങളും മൊട്ടിടുകയോ പുഷ്പിക്കുകയോ ചെയ്യുന്നില്ല. ഈന്തപ്പന മരുഭൂമിയില്‍മാത്രമേ വളരുകയുള്ളൂ. ശൈത്യ രാജ്യങ്ങളായ യൂറോപ്പില്‍ അവ വളരുകയില്ല. അതേപോലെ ചെറിപ്പഴം മരുഭൂമിയില്‍ വളരാറില്ല. അവയ്ക്ക്‌ പ്രത്യേകമായ ചില കാലാവസ്ഥക ള്‍ആവശ്യമാണ്‌. ഇതേപോലെ ശരീഅത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍. സമ്മര്‍ദ്ദ സ്വഭാവമുള്ള നിയമങ്ങളായി ഭരണഘടനാമാറ്റത്തിലൂടെ കൊണ്ടുവരാന്‍ സാധ്യമല്ല. അനുകൂലമായ കാലാവസ്ഥ സംജാതമാകാത്തിടിത്താളം അവിടെ ശരീഅത്ത്‌ നിയമം നടപ്പിലാക്കുവാന്‍ സാധ്യമാകുകയില്ല. നിയമങ്ങള്‍ ബലാല്‍ക്കാരമില്ലാതെ സ്വമേധയാ ആയിരിക്കണമെന്നനിര്‍ബന്ധം ഇസ്‌ലാമിനുണ്ട്‌. മതപരമായ നിയമങ്ങളും തദനന്തരമുണ്ടാകുന്ന സാമൂഹികമായ നിയമങ്ങളും ബോധവത്കരണത്തിലൂടെ ക്രമേണയാണ്‌ നിലവില്‍ വന്നത്‌. അങ്ങനെയാവുമ്പോള്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക്‌ ദൈവിക നിയമത്തിന്‍റെ ഭാരം വഹിക്കുവാ ന്‍പ്രാപ്തിയുണ്ടാകുന്നു. അവയെ ശരീഅത്ത്‌ നിയമമെന്നോ മറ്റേതെങ്കിലും നിയമമെന്നോ വിളിക്കാവുന്നതാണ്‌. നേരെമറിച്ച്‌ ഒരു സമൂഹത്തില്‍ മോഷണവും കളവ്‌ പറയലും സര്‍വ്വസാധാരണവും നിത്യജീവിതത്തിന്‍റെ ഭാഗവുമാണെന്നു സങ്കല്‍പിക്കുക. അത്തരം ഒരു സമൂഹത്തില്‍ ശരീഅത്ത്‌ നിയമം നടപ്പിലാക്കി മോഷ്ടി ച്ചവന്‍റെ കൈമുറിച്ചത്‌ കൊണ്ട്‌ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത്? ശരീഅത്ത്‌ നിയമത്തിന്‍റെ ഉദ്ദേശ്യല ക്ഷ്യങ്ങളിതാണോ? ഇത്‌ മതത്തിന്‍റെ മാത്രം വൈകാരിക പ്രശ്നമായി എടുക്കരുത്‌. ദൈവത്തിന്‍റെ ഇച്ഛ നടപ്പിലാക്കേണ്ടത്‌ ദൈവം എങ്ങനെയാണോ അവ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്‌ അപ്രകാരമായിരിക്കണം. (തുടരും)