Wednesday, April 28, 2010

ആദം ആദ്യത്തെ മനുഷ്യനോ? - 2

ആദമിന്‍റെ ചരിത്രം അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ ഉദ്ധരിക്കുന്നത് റസൂല്‍ തിരുമേനിയുടെ അവതരണൊദ്ദേശ്യത്തെയും മറ്റും മനസ്സിലാക്കിത്തരുന്ന സന്ദര്‍ഭത്തിലാണ്. കാരണം അല്ലാഹും മുഹമ്മദ് നബിക്കു മുമ്പ് വല്ല പ്രവാചകന്മാരെയും അയച്ചിട്ടുണ്ടൊ എന്ന അനുവാചകരുടെ സംശയ നിവാരണം കൂടി കണക്കിലെടുത്തു കൊണ്ടാണ് ഈ ചരിത്രത്തിന്‍റെ ആരംഭം വിവരിച്ചിരിക്കുന്നത്.

ഇവിടെ ആദമിനെ ഖലീഫയായി നിയോഗിക്കുന്നു എന്നതിന്‍റെ ഉദ്ദേശ്യം ആദം നിയോഗിക്കപ്പെട്ട ആ ജനത ഒരു ശരീഅത്തിനും വഴങ്ങാത്ത പ്രാകൃത ജീവിതം നയിച്ചവരായിരുന്നു. അവരില്‍ നിന്നു പ്രവാചകനാകാന്‍ യോഗ്യനായ ഒരാളെ അല്ലാഹു പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു. നിയ ന്ത്രണമോ വിധിവിലക്കുകളോ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമൂഹത്തെ ഒരു സവിശേഷ നിമയ വ്യവസ്ഥയ്ക്ക് വിധേയമാക്കുമ്പോള്‍ അവിടെ നടക്കുന്ന വിപരീത സാഹചര്യങ്ങളാണ് മലക്കുകളുടെ സംസാരത്തില്‍ നിന്നു വ്യക്തമാകുന്നത്. അതായത്, ഒരു പുതിയ വ്യവസ്ഥ വരുമ്പോള്‍ അതിനു ചട്ടക്കൂടുകളും അതിര്‍‌വരമ്പുകളും ഉണ്ടായിവരും. അങ്ങനെ വരുമ്പോള്‍ താളം തെറ്റിയ ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതിലോമ കരമായ വിപ്ലവത്തെയാണ് മലക്കുകള്‍ ദര്‍ശിക്കുന്നത് എങ്കില്‍ അതു മുഖേന സംജാതമാകുന്ന സല്‍ഫലങ്ങളെയാണ് അല്ലാഹു വിലയിരുത്തുന്നത്. പഴയ സംസ്കൃതിയുടെ തിരസ്ക്കാരവും പുതിയ സംസ്കൃതിയുടെ നിര്‍മ്മിതിയുമാണ് ആദം നബിയുടെ നിയോഗം മൂലം അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യസൃഷ്ടിപ്പിന്‍റെ തന്നെ ആകത്തുക ദൈവിക ഗുണങ്ങളെ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായി ദൈവത്തിന്‍റെ ദാസത്വം സ്വീകരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ്.

ആദമിനു മുമ്പുള്ള ജന വിഭാഗം യാതൊരു നിയമ വ്യവസ്ഥയ്ക്കും വഴങ്ങാത്ത പ്രാകൃതന്മാരായിരുന്നു. അവര്‍ക്കായി ആദം(അ) മുഖേനെ ഒരു നിയമ വ്യവസ്ഥ (ശരീഅത്ത്) അല്ലാഹു ആവിഷ്ക്കരിക്കയാണ്. അപ്പോള്‍ അതു ധിക്കരിക്കുന്നവര്‍ പാപികളായിത്തീരുന്നു. ഈ ഒരു വശമാണ് മലക്കുകള്‍ ദര്‍ശിച്ചത്. ഏതൊരു ക്രമ വ്യവസ്ഥയും നിലവില്‍ വരുമ്പോള്‍ ഇത്തരം ആളുകളെ നമുക്ക് കാണാന്‍ കഴിയും. അതായത്, ഒരു ജീവിത വ്യവസ്ഥിതി ഉണ്ടായിരിക്കേ, പിന്നെ ഒരു പ്രാവചകനെ നിയോഗിക്കേണ്ടതിന്‍റെ ആവശ്യം എന്ത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇത് എല്ലാ കാലത്തും പ്രവാചകന്മാര്‍ അവതീര്‍ണ്ണരാകുമ്പൊള്‍ എതിരാളികള്‍ പറഞ്ഞിട്ടുള്ള പരാതിയാണ്.മലക്കുകള്‍ക്കുള്ള പരിമിതമായ അറീവിന്‍റെ അടീസ്ഥാനത്തിലുള്ള സംഭാഷണമാണിത്. ഇതു മുഖേനെ അല്ലാഹു തന്‍റെ സൃഷ്ടികളുടെ കഴിവുകളും അവരുടെ പ്രകൃതിയും നമുക്ക് മനസ്സിലാക്കിത്തരികയാണ്. മലക്കുകള്‍ക്ക് സ്വയം ചിന്തിച്ചു മനസ്സിലാക്കാനോ, സ്വയം പ്രവര്‍ത്തിക്കാനോ സാധ്യമല്ല. അവര്‍ അല്ലാഹുവിന്‍റെ നിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്ന സൃഷ്ടികളാണ്. എന്നാല്‍ ആദം ആകട്ടെ ദൈവത്തിന്‍റെ വിശുദ്ധമായ വിളിയെ മനുഷ്യസമക്ഷം സമര്‍പ്പിക്കാന്‍ നിയോഗിതനായ ദൈവ ദൂതനാണ്. ആ നിയോഗത്തിന്‍റെ ആഹ്വാനം കേള്‍ക്കുംമ്പോള്‍ മരിച്ചവര്‍ ജീവിക്കുന്നു. നിദ്രയില്‍ കഴിയുന്നവര്‍ എഴുന്നേല്‍ക്കുന്നു. അങ്ങനെ മനുഷ്യര്‍ ദൈവത്തിന്‍റെ ഗുണങ്ങള്‍ മനസ്സിലാക്കുകയും അതിനനുസൃതമായി അവരുടെ കഴിവനുസരിച്ച് ആ കഴിവുകള്‍ സ്വായത്തമാക്കി പരിശുദ്ധവും ഭക്തി നിര്‍ഭരവുമായ ജീവിതം നയിക്കുകയും ചെയ്യുന്നു. മനുഷ്യരെ ആത്മീയ മരണത്തില്‍ ഒരുകാലത്തും അല്ലാഹു ഉപേക്ഷിക്കുകയില്ല. അതിനെതിരില്‍ ഒരു വിഭാഗം രക്തച്ചൊരിച്ചില്‍ നടത്തിയാലും ശരി. ലക്ഷക്കണക്കിനു ജനങ്ങള്‍ അനുസരണക്കേട് കാണിച്ചാലും, അതില്‍ ഒരാള്‍ അനുസരണയോടെ ജീവിക്കുന്നുവെങ്കില്‍ അല്ലാഹു അതിനെയാണ് വിലമതിക്കുക. ലോകം മുഴുവന്‍ കൂരിരുട്ടില്‍ തപ്പുമ്പോള്‍ അങ്ങിങ്ങായി കാണുന്ന ചെറിയ വെളിച്ചങ്ങള്‍ കൂടുതല്‍ പ്രസക്തമായിത്തീരുകയാണ് ചെയ്യുക. ആദമും അദ്ദേഹം കൊണ്ടുവന്ന അദ്ധ്യാപനങ്ങളും ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ പ്രതീകങ്ങളഅയിരുന്നു. അന്നാല്‍, ആ കാരുണ്യത്തെ വിലമതിക്കാതെ തട്ടിക്കളഞ്ഞുകൊണ്ട് സ്വയം നാശം തിരഞ്ഞേടുത്തവരാണ് നിഷേധികള്‍. അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ അതൃപ്തിക്കു വിധേയരായിത്തീരുന്നു. അതിനുത്തരവാദികള്‍ അവര്‍ തന്നെയാകുന്നു. വിശുദ്ധ ഖുര്‍‌ആനിലെ ഈ പരാമര്‍ശങ്ങള്‍, അതായത് അല്ലഹു മലക്കുകളൊടും ഇ ബ്‌ലീസിനോടും നടത്തിയ ഈ സസം‌വാദം യഥര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്നു കരുതേണ്ടതില്ല. അല്ലാഹു ചില സൃഷ്ടികളുടെ ഗുഅങ്ങളെ ഒരു സംഭാഷണ രൂപത്തില്‍ നമുകു മനസ്സിലാക്കിത്തന്നതാണ്. ഇതിലൂടെ ചില കാര്യങ്ങള്‍ ഖുര്‍‌ആന്‍റ് അനുവാചകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ്. ഇതൊക്കെ യഥര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നു വന്നാല്‍, മഹാ പാപിയായ ഇബ്‌ലീസിനോടുപോലും അല്ലാഹു സംസാരിച്ചു എന്നു പറയേണ്ടിവരും.

"ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നു" എന്നതില്‍ നിന്നു മനസ്സിലാകുന്നത് ആദം ഭൂമിയില്‍ എവിടെയോ ഉണ്ട് എന്നാണ്. ഭൂമിയിലുള്ള ഒരാളെയാണ് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുന്നത്. ലക്ഷക്കണക്കിനു പ്രവാചകന്മാരെ അല്ലാഹു അങ്ങനെയാണ് നിയോഗിച്ചിരുന്നത്.

മലക്കുകളെ സംബന്ധിച്ചുള്ള വിശ്വാസം ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ്. ഈ ഭൗതിക ലോകത്തും ആത്മീയ ലോകത്തും പല ഉത്തരവാദിത്തന്‍ഗ്ങളും അല്ലാഹു അവര്‍ക്കായി വിഭജിച്ചു കൊടുത്തിട്ടുണ്ട്. എല്ലാ ഓരോ കര്‍മ്മങ്ങളുറ്റെയും പരിപൂര്‍ണ്ണതയ്ക്ക് അത്തരം ഒരു സം‌വിധാനത്തിന്‍റെ ആവശ്യം ഉണ്ട്. മലക്കുകള്‍ സജീവ സൃഷ്ടികളാണ്. അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നത്, അവര്‍ ദിവ്യ സന്ദേശ വാഹകരാണ്, അവര്‍ സല്‍ക്കര്‍മ്മങ്ങള്‍ ചയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു, അവരുടെ ഹൃദയങ്ങളെ നല്ല ദിശയിലേക്ക് നയിക്കുന്നു, അവര്‍ പ്രവാചന്മാരെ സേവിക്കുകയും അവരുടെ നിയോഗ നിവൃത്തിക്കായി സഹായിക്കുകയും ചെയ്യുന്നു, വിശ്വാസികളെ സഹായിക്കുന്നു, പ്രവാചക നിഷേധികള്‍ക്കു ശിക്ഷ നല്‍കുന്നു എന്നൊക്കെയാണ്. ആദമിന്‍റെ വിഷയം വന്നപ്പോള്‍ മലക്കുകളുടെ പരാമര്‍ശം നാം ഇവിടെ ദര്‍ശിക്കുന്നു. അല്ലാഹു ഏതെങ്കിലും പ്രവാചകനെ നിശ്ചയിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ദൗത്യം വിജയിപ്പിക്കാനായി മലക്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. അതാണ് ആദമിന്‍റെ നിയോഗത്തെക്കുറിച്ച് മലക്കുകളോട് പറയുന്നത്. മലക്കുകളുടെ പ്രവര്‍ത്തനങ്ങലും സേവനങ്ങളും പൂര്‍ണ്ണ രൂപത്തില്‍ ആദം (ആ) നബിയില്‍ ഉണ്ടാകണം എന്ന് അല്ലാഹു ഇച്ഛിക്കുന്നു.

അങ്ങനെ ആദമിനെ ഒരു പ്രവാചകനായി നിയോഗിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ മലക്കുകളോട് അല്ലാഹു കല്പ്പിക്കുന്നു, ആദമിനെ നിങ്ങള്‍ സുജൂദു ചെയ്യുക എന്ന്. ഇവിടെ സുജൂദ്ചെയ്യുക എന്നതു കൊണ്ടു വിവക്ഷ, സേകിക്കുക എന്നാണ്. പക്ഷേ, പല ഖുര്‍‌ആന്‍ വ്യാഖ്യാതാക്കളും ഇവിടെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഖുര്‍‌ആന്‍ പറയുന്നു: "നിങ്ങള്‍ സൂര്യനെയോ ചന്ദ്രനേയോ സുജൂദു ചെയ്യരുത്, എന്നാല്‍ നിങ്ങളുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവിനെ സുജൂദു ചെയ്യുക" (41:38). അപ്പോള്‍ ആദമിനെ ആരാധനാ രൂപത്തില്‍ സുജൂദ് ചെയ്യുക എന്നത് വിശുദ്ധ ഖുര്‍‌ആന്‍റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരാണ്; ശിര്‍ക്കാണ്. ഇവിടെ, 'സുജൂദ്' എന്ന അറബി പദത്തിന്സഷ്ടാംഗ പ്രണാമം എന്നു മാത്രമല്ല അര്‍ത്ഥം. കീഴ്വണങ്ങുക, താഴ്മകാണിക്കുക, സ്നുസരിക്കുക എന്നെല്ലം അര്‍ത്ഥമുണ്ട്. ഇവിടെ പൂര്‍ണ്ണമായി അനുസരിക്കാനാണ് മലക്കുകളോട് കല്പ്പിച്ചിരിക്കുന്നത്. ഇത് എല്ലാ പ്രവാചകരെയും ഭൂമിയില്‍ അല്ലാഹു നിയോഗിക്കുമ്പോള്‍ നല്‍കുന്ന എല്ലാകാലത്തേക്കുമുള്ള കല്പ്പനയാണ്. മലക്കുകള്‍ മുഖേന പ്രസ്തുത കല്പ്പന മനുഷൈഅരിലേക്കും വ്യാപിക്കുന്നു. സൃഷ്ടികളില്‍ രണ്ടു തരം ജനങ്ങള്‍ ഉണ്ട്. ഒന്ന്, താഴ്മയും വിനയവും ഉള്ള ഒരു വിഭാഗം. മറ്റൊന്ന്, കേട്ട മാത്രയില്‍ പൊട്ടിത്തെറിക്കുന്ന ഒരു വിഭാഗം. അതേപോലെ സാധാരണ ജീവിതം നയിക്കുന്ന ആളുകള്‍, കുബേരന്മാര്‍; സാധാരണ ബുദ്ധി നിലവാരം ഉള്ളവര്‍, ധിഷണാ ശാലികള്‍; എന്നിങ്ങനെ മനുഷ്യ സമൂഹത്തില്‍ എപ്പോഴും എവിടെയും ദ്വന്ദാത്മകത നമുക്ക് കാണാന്‍ സാധിക്കും. 'ഇന്‍സ്' എന്നാല്‍ സാധാരണക്കാരെ പറ്റിയുള്ള സൂചനയാണ് 'ജിന്ന്' എന്നാ പദം ഉപരി വര്‍ഗ്ഗത്തില്‍ പെട്ട മനുഷ്യരെ സൂചിപ്പിക്കുന്നു. ഈ വിഷയം വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാം. പ്രവാചക്ന്മാരുടെ നിയോഗമുണ്ടാകുമ്പോള്‍ മലക്കുകള്‍ക്കും, മാനവ ലോകത്തിനും അവരെ അനുസരിക്കാനുള്ള കല്പ്പന ലഭിക്കുന്നു. സാധാരണ നിലയില്‍ പ്രവാചകന്മാരുടെ നിഷേധികളായി രംഗപ്രവേശം ചെയ്യുന്നത് അധികവും വലിയ പണ്ഡിതന്മാരും ധനാഢ്യരുമാണ്. ഇബ്‌ലീസ് ജിന്നുകലില്‍ പെട്ട ആളാണ്. അവന്‍ തന്‍റെ പാണ്ഡിത്യത്തിലും ഉപരിവര്‍ഗ്ഗ ബോധത്തിലും ഊറ്റം നടിച്ച്, ഈ അവസ്ഥയിലുള്ള ഞാന്‍ സധാരണക്കരില്‍ സാധാരണക്കാരനഅയ ഈ മനുഷ്യനെ പ്രവാചകനായി അംഗീകരിക്കാനോ? എന്ന് അഹംഭാവത്തോടെ ചോദിക്കുന്ന രംഗമാണ് ചൊദ്യോത്തര രൂപത്തില്‍ അല്ലാഹു നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ ഇബ്‌ലീസിന്‍റെ പ്രതീകങ്ങള്‍ എല്ലാ പ്രവാചകന്മാരുടെ കാലത്തും എല്ലാ പരിഷ്ക്കര്‍ത്താക്കളുടെ കാലത്തും ഉണ്ടാകുമെന്ന് ഇബ്‌ലീസും അല്ലാഹുവുമായുള്ള സംഭാഷണ രൂപത്തില്‍ നമുക്ക് മനസ്സിലാക്കിത്തരികയ്യാണ് ഇവിടെ. ഇബ്‌ലീസിന്രെ പരാമര്‍ശം വിശുദ്ധ ഖുര്‍‌ആനില്‍ കാണുമ്പോള്‍ അവന്‍ മലക്കുകളില്‍ പെട്ട ആളാണെന്ന് തോന്നിപ്പോകും. കാരണം അല്ലാഹു മലക്കുകളോട് സുജൂദ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇബ്‌ലീസ് ഒഴികെ ബാക്കിയുള്ള മലക്കുകള്‍ സുജൂദ് ചെയ്തു എന്നു പറയുമ്പോള്‍ അങ്ങനെ ധരിക്കാനും വാദിക്കാനും ധാരാളം പഴുതുകള്‍ ഉണ്ട്. (തുടരും)

Thursday, April 22, 2010

ആദം അദ്യത്തെ മനുഷ്യനോ?

യക്ഷിക്കഥകളെ അതിശയിപ്പിക്കുന്നത്ര യുക്തി ഭംഗങ്ങളും ഭാവനാ വൈചിത്ര്യങ്ങളും നിറഞ്ഞതാണ് ആദമിന്‍റെ സൃഷ്ടികഥ. ബുദ്ധിയെയും യുക്തിയെയും മയക്കിക്കിടത്തിയല്ലാതെ ഈ കഥകള്‍ വിശ്വസിക്കാന്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. മാത്രമല്ല മനുഷ്യന്‍റെ സൃഷ്ടികഥ നരവംശ ശാസ്ത്രത്തിനും താല്പ്പര്യമുള്ള വിഷയമാണ്. മനുഷ്യസൃഷ്ടിപരിണാമങ്ങളെക്കുറിച്ച് അവര്‍ മുന്നോട്ട് വയ്ക്കുന്ന അനിഷേധ്യമായ തെളിവുകളെ നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. ബൈബിള്‍ കഥകളുടെ വികൃതാനുകരണങ്ങളായി മുസ്ലിംകള്‍ വിശ്വസിക്കുന്ന ആദമിന്‍റെ സൃഷ്ടികഥ യുക്തിജ്ഞാനത്തിനു വളരെയേറെ പ്രാധാന്യം നല്‍കിയ ഖുര്‍‌ആന്‍റെ അന്തഃസത്തയ്ക്കും അവകാശ വാദങ്ങള്‍ക്കും നിരക്കാത്തതാണ്. പരക്കെ നിലവിലുള്ള ഈ കഥ വിശ്വസിക്കുകയാണെങ്കില്‍ അനേകം സമസ്യകള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. കഥ ഇപ്രകാരമാണ്:

'ആദം നബിയും ഹവ്വയും സ്വര്‍ഗ്ഗത്തില്‍ സുഖ സമ്പൂര്‍ണ്ണമായ ജീവിതം നയിച്ചു പോന്നു. അല്ലാഹു ആദം അബിയോട് ഒരു സവിശേഷ മരത്തെ സമീപിക്കരുതെന്നും അതിലെ പഴം തിന്നരുതെന്നും ആജ്ഞാപിച്ചു. ഒരു ദിവസം പിശാചിന്‍റെ ദുര്‍ബൊധനത്തില്‍ അവര്‍ അകപ്പെടുകയും പ്രസ്തുത മരത്തെ സമീപിക്കുകയും അതിലെ നിരോധിത കനി ഹവ്വയുടെ പ്രേരണയാല്‍ ആദം ഹവ്വയുമായി പങ്കിട്ടു ഭക്ഷിക്കുകയും ചെയ്തു. ഈ ആജ്ഞാ ലംഘനം ദൈവത്തില്‍ കോപം ജനിപ്പിക്കുകയും അദേഹത്തെയും ഭാര്യയെയും സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് പുറത്താക്കുകയും ചെയ്തു. തെറ്റ് മനസ്സിലാക്കിയ ആദം പശ്ചാത്തപിക്കുകയും ദൈവം അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയും ചെയ്തു.

'ആദമിനെ ദൈവം പ്രവാചകനായാണ് നിയ്യൊഗിച്ചത്. അങ്ങനെ ആദം പ്രഥമ മനുഷ്യനും പ്രഥമ പ്രവാചക്നുമായി. അദ്ദേഹത്തെ പ്രവാചകനായി നിയോഗിച്ച ശേഷം അല്ലാഹു മലക്കുകളോട് ആദമിനു 'സുജൂദ്' (സാഷ്ടാംഗം പ്രണമിക്കാന്‍) ചെയ്യാന്‍ ആജ്ഞാപിക്കുകയും മലക്കുകളെല്ലാം സുജൂദു ചെയ്യുകയും ഇബ്‌ലീസ് സുജൂദ് ചെയ്യാതിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇബ്‌ലീസ് സുജൂദ് ചെയ്തില്ല എന്നു അല്ലാഹു ഇബ്‌ലീസിനോട് ചോദിച്ചപ്പോള്‍, താന്‍ ആദമിനേക്കാള്‍ എന്തു കൊണ്ടും യോഗ്യനും വലിയ ആളും ആണെന്നും ആദമിനെ മണ്ണുകൊണ്ടും തന്നെ അഗ്നികൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഇബ്‌ലീസ് വാദിക്കുകയുണ്ടായി. ഈ അനുസരണക്കേട് കാരണം ഇബ്‌ലീസിനെ അല്ലാഹു ശപിക്കുകയും ഭൂമിയിലേക്ക് പുറംതള്ളുകയും ചെയ്തു. ഇബ്‌ലീസ് അല്ലാഹുവിനോട് ഒരു വരം ചോദിച്ചു. ഇവിടുന്നങ്ങോട്ട് അന്ത്യനാള്‍ വരെ ജനങ്ങളെ സല്പന്ഥാവില്‍ നിന്ന് തടഞ്ഞു നിര്‍ത്താനുള്ള അനുവാദം ചോദിച്ചു. തന്‍റെ സദ്‌വൃത്തരായ ഭക്തര്‍ക്ക് ഇത് ബാധകമല്ല എന്ന ഉപാധിയില്‍ അല്ലാഹു ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ ഇബ്‌ലീസിന്‍റെ പ്രവര്‍ത്തനം തുടര്‍ന്ന് ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു.' ഈ കഥ കേള്‍ക്കുമ്പോള്‍ ഒരുപാട് ചൊദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തല ഉയര്‍ത്തുന്നു.

വിശുദ്ധ ഖുര്‍‌ആന്‍റെ പാഠമനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ആരും തന്നെ പുറത്ത് പോകയില്ല. ആഗ്രഹ സാഫല്യത്തിന്‍റെ ഗേഹമായ സ്വര്‍ഗ്ഗത്തില്‍ എല്ലാ പഴങ്ങളും ഭക്ഷണ പനീയങ്ങളും അനുവദനീയമാണ്. സ്വര്‍ഗ്ഗത്തില്‍ പിശാചിനു പ്രവേശനം ഇല്ല. ആദമിനെ ഒരു പ്രവാചകനായാണ് നിയോഗിച്ചതെങ്കില്‍ അവിടെ വേറെയും മനുഷ്യര്‍ വസിക്കുന്നുണ്ടാകണം. പഠിതാക്കല്‍ ഉണ്ടെങ്കിലല്ലേ അദ്ധ്യാപകന്‍റെ ആവശ്യമുള്ളൂ.

ദൈവേതരര്‍ക്ക് സുജൂദ് ചെയ്യല്‍ (സാഷ്ടാംഗം പ്രണമിക്കല്‍) 'ശിര്‍ക്ക്' (ദൈവത്തില്‍ പങ്കുകാരെ സങ്കല്പ്പിക്കല്‍) ആണ്. ശിര്‍ക്ക് ദൈവം പൊറുത്തുകൊടുക്കാത്ത പാപവുമാണ്. ലോകത്തില്‍ ആഗതരായ ലക്ഷക്കണക്കിനു പ്രവാചകന്മാര്‍ ശിര്‍ക്കിനെതിരെ പടപൊരുതി ഏകദൈവാരാധനയെ സംസ്ഥാപിക്കാന്‍ വന്നവരാണ്. ഇത്രയും കടുത്ത പാപം ചെയ്യാന്‍ അതു നിരാകരിച്ച അല്ലാഹു തന്നെ നിര്‍ബന്ധിക്കുന്നു എന്നുവരുന്നത് ദൈവദൂഷണമല്ലേ? അപ്പോള്‍ ഇബ്‌ലീസ് ചെയ്തത് ശരിയാണെന്ന് സമ്മതിച്ചു കൊടുക്കണ്ടേ? ആദ്യത്തെ തൗഹീദ് വാദി അപ്പോള്‍ ഇബ്‌ലീസ് ആണോ?

അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇബ്‌ലീസ് ജിന്നില്പെട്ട ആളാണെന്നാണ് ഖുര്‍‌ആനില്‍ നിന്നു മനസ്സിലാകുന്നത്. മലക്കുകളോടാണ് ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു കല്പ്പിക്കുന്നത്. പിന്നെ എന്തിനു ജിന്നില്‍ പെട്ട ഇബ്‌ലീസ് സുജൂദു ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്തു? എന്തുകൊണ്ട് ഈ ന്യായം ഇബ്‌ലീസ് അല്ലാഹുവിനോട് പറഞ്ഞില്ല?

ഒരു ഖലീഫയെ ഭൂമിയില്‍ നിയോഗിക്കുന്ന കാര്യം അല്ലാഹു മലക്കുകളോട് ഉണര്‍ത്തിയപ്പോള്‍ രക്തം ചിന്തുന്ന ഇവരെ എന്തിനു സൃഷ്ടിക്കുന്നു എന്ന് മലക്കുകള്‍ ചോദിച്ചതായി ഖുര്‍‌ആനില്‍ കാണാം. ഇത് മലക്കുകളുടെ ഗുണത്തിന് അതീതമായി തോന്നുന്നു. അല്ലാഹുവിന്‍റെ ഏതൊരാജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് മലക്കുകളുടെ ഗുണമായി പറയുന്നത്. അവര്‍ക്ക് സ്വന്തമായി ഒരറിവും ഇല്ല; അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ. ഇവിടെ മലക്കുകള്‍ ഭാവി കാര്യത്തെക്കുറിച്ചാണ് സംശയം ഉന്നയിക്കുന്നത്. ഇത് അവരുടെ കഴിവിന്നതീതമാണ്.

ഈ പ്രഹേളികകള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എന്‍റെ ഒരു ക്രിസ്തീയ സഹോദരന്‍ പറഞ്ഞതുപോലെ മതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെ വിശ്വസിക്കേണ്ടീവരും. ഈ വിശ്വാസങ്ങള്‍ കാരണം മതം യുക്തിഹീനമായ വിശ്വാസങ്ങളെ അടിച്ചേല്പ്പിക്കുന്നു എന്നു വരും.

ഈ വൃത്താന്തങ്ങള്‍ വിവരിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ഈ പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കും. നമ്മുടെ വിശുദ്ധ ഖുര്‍‌ആന്‍ വ്യാഖ്യാതാക്കളെയധികവും ബൈബില്‍ കഥകള്‍ സ്വാധീനിച്ചതായി കാണാം. ആ കഥകള്‍ക്കനുസരിച്ച് ഖുര്‍‌ആന്‍ വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്തത്; ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുമ്പോലെ.

വിശുദ്ധ ഖുര്‍‌ആനില്‍ ആദം നബിയെക്കുറിച്ചു പരാമര്‍ശിക്കുന്ന സൂക്തം ആരംഭികുന്നത് രണ്ടാമത്തെ അദ്ധ്യായമായ 'അല്‍-ബഖറ' യില്‍ ആണ്. 31 മുതല്‍ 40 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്:

"ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫ) നിശ്ചയിക്കാന്‍ പോകുകയാണെന്ന് നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരിക്കുക. അവര്‍ പറഞ്ഞു: 'അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിശ്ചയിക്കുകയാണോ? ഞങ്ങളാകട്ടെ നിന്‍റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുന്നതോടൊപ്പം നിന്നെ സ്തുതിക്കുകയും നിന്‍റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു' അല്ലാഹു പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു'

"അല്ലാഹു ആദമിന് (എല്ലാ വസ്തുക്കളുടെയും) നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അനന്തരം അവന്‍ ആ നാമങ്ങള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നവയെ മലക്കുകളുടെ മുമ്പില്‍ വെച്ചു കാട്ടി. എന്നിട്ടവന്‍ പറഞ്ഞു: 'നിങ്ങള്‍ സത്യം പറയുന്നവരാനെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്തെന്ന് എന്നോട് പറയുക.'

"അവര്‍ പറഞ്ഞു: 'നീ പരിശുദ്ധനാണ് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്ക് യാതിരറിവുമില്ല. നിശ്ചയമായും സര്‍‌വ്വജ്ഞനും യുക്തിജ്ഞനും നീതന്നെയാകുന്നു.'

"അപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആദമേ നീ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞു കൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: 'നിശ്ചയമായും ആകാശങ്ങളിലേയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങള്‍ എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും ഞാന്‍ അറീയുന്നുവെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?'

"നിങ്ങള്‍ ആദമിനു സുജൂദ് ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. പക്ഷേ ഇബ്‌ലീസ് സുജൂദു ചെയ്തില്ല. അവന്‍ വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവന്‍ നിഷേധികളില്‍ പെട്ടവനായിരുന്നു.

"നാം പറഞ്ഞു: 'ആദമേ, നീയും നിന്‍റെ ഇണയും ഈ 'ജന്നത്തില്‍' വസിക്കുകയും അവിടെ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. (സമീപിച്ചാല്‍) നിങ്ങ്ള്‍ അധര്‍മ്മികളായി ഭവിക്കും. പിന്നീട് പിശാച് അതുമുഖേന അവര്‍ രണ്ടുപേരെയും വ്യതിചലിപ്പിച്ചു. അങ്ങനെ അവര്‍ ഇരുവരേയും അവര്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അവന്‍ (പിശാച്) പുറംതള്ളി. നാം പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും.

"പിന്നെ ആദം തന്‍റെ നാഥനില്‍ നിന്നു ചില പ്രാര്‍ഥനാ വചനങ്ങള്‍ പഠിച്ചു (അപ്രകാരം പ്രാര്‍ഥിച്ചു) അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ നേരെ കാരുണ്യത്തോടെ തിരിഞ്ഞു. തീര്‍ച്ചയായും അവന്‍ സര്‍‌വ്വഥാ കാരുണ്യത്തോടെ തിരിയുന്നവനും അതീവ ദയാലുവുമാകുന്നു.

"(അപ്പോള്‍) നാം പറഞ്ഞു: 'നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറഞ്ഞിപ്പോകൂ. (ഓര്‍ക്കുക) പിന്നീട് എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കല്‍ എന്നില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം വരികയാണെങ്കില്‍, ആര്‍ എന്‍റെ മാര്‍ഗ്ഗദര്‍ശനത്തെ പിന്‍പറ്റുന്നുവോ അവര്‍ക്ക് ഭാവിയെക്കുറിച്ച് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ (കഴിഞ്ഞതിനെപ്പറ്റി) വ്യസനിക്കുകയുമില്ല.

"എന്നാല്‍ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരാരോ അവര്‍ നരകാവകാശികളാകുന്നു. അവരവിടെ ചിരകാലം വസിക്കുന്നവരായിരിക്കും."

ഇവിടെ അല്ലാഹു ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്ന രംഗമാണ് പ്രസ്താവനാ വിഷയം. പ്രവാചകന്മാരെയും ഖലീഫ എന്നു പറയാറുണ്ട്. പ്രവാചകന്‍ ഭൂമിയിലെ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി) ആണ്. അപ്പോള്‍ ഒരു ജനതയ്ക്ക് ആദ്യമായി ഒരു പ്രവാചകനെ നിയോഗിക്കുന്നത് അവര്‍ക്ക് ഒരു ന്യായപ്രമാണം നല്‍കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ആണ്.

ബൈബിളിന്‍റെ കണക്ക് പ്രകാരം ആദം ഭൂമിയില്‍ വന്നിട്ട് ആറായിരം വര്‍ഷം കഴിഞ്ഞ് ഏഴായിരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ കോടാനുകോടി വര്‍ഷങ്ങല്‍ക്കുമുമ്പേ വസിച്ചിരുന്നുവെന്ന ശാസ്ത്രീയ തെളിവുകളുടെ മുമ്പില്‍ ഇത് വിലപ്പോവില്ല. ആറായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് വന്ന ആദം ആദ്യ അനുഷ്യനാണെന്ന വിശ്വാസം നമ്മുടെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസനീയമാണ്. ഈ ഭൂമി എത്രയോ അനേകം ഘട്ടങ്ങളും അനേകം നാഗരികതയും അതിജീവിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ പറഞ്ഞ ഈ ആദം അതിലെ അവസാനത്തെ ആദമാണ്. ഇതുപോലെ എത്രയോ ആദമുമാര്‍ ഇതിനു മുമ്പും കഴിഞ്ഞു കടന്നിട്ടുണ്ട്. ഈ ഒരു കാഴ്ച്ചപ്പാട് മുസ്ലിം സൂഫി വര്യന്മാരിലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്.

സൂഫിവര്യന്മാരില്‍ അഗ്രഗണ്യനായ മൊഹ്‌യുദ്ദീന്‍ ഇബ്നു അറബി പറയുന്നു: "ഞാന്‍ കഅബ ചുറ്റുന്നതായ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഒരു മനുഷ്യന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പൂര്‍‌വ്വികരില്‍ പെട്ട ആളാണെന്ന് പറഞ്ഞു. താങ്കള്‍ മരിച്ചിട്ട് എത്ര നാളായെന്ന് ചോദിച്ചപ്പോള്‍ നാല്പ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്ത്, ഇത് നമ്മുടെ ആദമില്‍നിന്ന് വളരെ അധികം ദൂരെ ആണല്ലോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ഏത് ആദമിനെക്കുറിച്ചാണ് പറയുന്നത്? താങ്കളുടെ അടുത്തുള്ള ആദമോ അല്ല മറ്റു വല്ല ആദമോ?' അപ്പോള്‍ എനിക്ക് നബിതിരുമേനി (സ) യുടെ ഒരു ഹദീസ് ഇതു സംബന്ധമായി ഓര്‍മ്മവന്നു. അല്ലാഹു ഒരു ലക്ഷം ആദമിനെ ഇവിടെ നിയോഗിച്ചുണ്ട് എന്ന ഹദീസ്. അപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: ഈ മനുഷ്യന്‍ മുമ്പു വന്ന ഏതെങ്കിലും ആദമിന്‍റെ പരമ്പരയായിരിക്കും" (ഫുത്തുഹാത്ത്)

(തുടരും)