Wednesday, February 17, 2021

അല്‍ജമാഅത്തും മുസ്‌ലിംകളും

 ഇസ്‌ലാം ഉന്നതമായ സാമൂഹിക വീക്ഷണമുള്‍ക്കൊള്ളുന്ന ജീവിതദ ര്‍ശനമാണ്. അതിന്‍റെ സാമൂഹിക സംഘാടനം മനുഷ്യ പ്രകൃതിക്കനുയോജ്യവും മനുഷ്യന്‍റെ സമ്പൂര്‍ണ്ണ വളര്‍ച്ച വാഗ്ദാനം ചെയ്യുന്നതുമാണ്. സാര്‍വ്വദേശിയതയാണ് അതിന്‍റെ മുഖമുദ്ര. ആഗോളതലത്തില്‍ സാര്‍വ്വജനീനമായി പരന്നുകിടക്കുന്ന മുസ്ലിംകള്‍ സംഘടനാബോധത്തോടെ ഒത്തൊരുമിച്ച് സംഘടിച്ചു പ്രവര്‍ത്തിക്കേണ്ടതും, ജീവിക്കേണ്ടതുമായ അനിവാര്യതയിലേക്കാണ് ഇസ്‌ലാം ഊന്നുന്നത്. സംഘടിത ജീവിതമെന്നത് ഇസ്‌ലാമിന്‍റെ സനാതനമായ വീക്ഷണമാണെങ്കിലും, സംഘടിക്കുകയെന്ന സാമൂഹ്യബോധം മനുഷ്യമനസ്സുകളില്‍ അന്തര്‍ലീനമാണ്. ഇത് മനുഷ്യന്‍റെ പ്രകൃതമാണ്. ഈ ത്വര പൗരാണിക കാലം മുതലെ മനുഷ്യനില്‍ തുടിച്ചുനില്‍ക്കുന്ന വികാരമാണ്. ഈസവിശേഷത മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. "മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നു. നിങ്ങള്‍ അന്യോന്യം പരിചയപ്പെടുന്നതിനുവേണ്ടി...." (വി.ഖു. 49:714) പരസ്പരം ഭിന്നിച്ചും അകന്നും പോരടിച്ചും കഴിയുന്നതിനുവേണ്ടിയല്ല. ഒരു സമുദായമായി, ഒരു സമൂഹമായി സംഘടിച്ചുജീവിക്കുകയെന്ന കാഴ്പ്പാടിലാണ് മാനവകുലത്തെ പ്രപഞ്ചനാഥന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ മനുഷ്യന് സാധ്യമല്ല. അവന്‍റെ ജീവിതം സുന്ദരവും സുരഭിലവും മനോഹരവും ഐശ്വര്യപൂര്‍ണ്ണവുമായി പരിലസിക്കണമെങ്കില്‍ പരസ്പരം സഹകരണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയുമാണ് ആര്‍ജിക്കാന്‍ കഴിയുക. മാനവലോകം പുരോഗതിയുടേയും വികാസത്തിന്‍റേയും സരണിയിലൂടെ കടന്നുപോയത് ഈ ഐക്യപ്പെടലിന്‍റെ ശീതളച്ഛായയിലൂടെയാണ്.

ഇസ്‌ലാം സംഘടനയുടെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുമ്പോള്‍, വ്യത്യസ്ത ടൈറ്റിലുകളില്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി സംഘടിക്കുകയെന്ന കാഴ്ചപ്പാടിലല്ല, സമസ്ത മുസ്ലിംകളും സര്‍വ്വദേശീയ അടിസ്ഥാനത്തില്‍ ഒരു നേതാവിന്‍റെ നേതൃത്വത്തില്‍ സംഘടിച്ചു പ്രവര്‍ത്തിക്കുകയെന്ന ചിന്താധാരയാണ് അത് മുസ്ലിം മനസ്സുകളിലേക്ക് കടത്തിവിടുന്നത്. നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമുദായം വിസ്മരിച്ചുപോയ ഇസ്‌ലാമിന്‍റെ കാതലായ ചിന്താധാരയാണിത്. ഇസ്‌ലാമിന്‍റെ ജീവനാഡിയായ ഈ സംഘടനാജീവിതവും സാമൂഹ്യക്രമവും വര്‍ത്തമാനകാലത്തെ മുസ്ലിംകളില്‍ നിന്നും അന്യാധീനപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിന്‍റെ പേരില്‍ രൂപീകരിക്കപ്പെട്ട ഒരുപിടി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍തന്നെ ഇത്തരം സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. മുസ്ലിംകള്‍ സംഘടിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് അവര്‍ തികച്ചും ബോധവാന്മാരാണെങ്കിലും, എങ്ങനെ, എവിടെ, ഏതു രീതിയില്‍ സംഘടിക്കണമെന്ന ഇസ്‌ലാമിക പരിജ്ഞാനം തീരെ ഇല്ലെന്ന് പറയാം. എവിടേയും എങ്ങനെയും, ഏതു അടിസ്ഥാനത്തിലും സംഘടിച്ചാല്‍ അത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക സംഘടനയെന്നു വിശേഷിപ്പിക്കുന്ന അല്‍ജമാഅത്താകുമെന്ന മിഥ്യാധാരണയാണ് അവര്‍ക്കുള്ളത്. ഈ മിഥ്യാധാരണ സാരമായ പിശകും അബദ്ധജഢിലവുമായ വിശ്വാസവുമാണ്.

ഇസ്‌ലാം സംഘടനക്ക് അതീവ പ്രാധാന്യവും മഹത്വവുമാണ്നല്‍കിയിട്ടുള്ളത്. ഈ സംഘടനാബോധം ഇസ്‌ലാമിന്‍റെ ആരാധനാ കര്‍മ്മങ്ങളില്‍ പോലും ദൃശ്യമാണ്. ഇസ്‌ലാമില്‍ നമസ്ക്കാരം അതിശ്രേഷ്ഠമായ ഒരു ആരാധനയാണ്. ഈ ആരാധന ഓരോ മനുഷ്യന്‍റേയും വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണ്. അത് അല്ലാഹുവിലേക്കുള്ള മനുഷ്യന്‍റെ മിഅ്റാജാണെന്നാണ് നബി(സ) അരുള്‍ ചെയ്തത്. ഇത് കേവലം വ്യക്തിപരമായ കാര്യമായിട്ട് പോലും ഒറ്റയ്ക്ക് എവിടെയും എങ്ങനെയും ഒഴിഞ്ഞ മൂലയിലിരുന്ന് തനിച്ച് നമസ്ക്കരിക്കണമെന്നല്ല ഇസ്‌ലാം ആവശ്യപ്പെടുന്നത്. നിര്‍ബന്ധ നമസ്ക്കാരം ജമാഅത്തായി - സംഘടിതമായി അനുഷ്ഠിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. തനിച്ച് നമസ്ക്കരിക്കുന്നതിനപേക്ഷിച്ച് ഇരുപത്തിയേഴിരട്ടി പുണ്യമുണ്ട് ജമാഅത്തായിട്ടുള്ള നിമസ്ക്കാരത്തിനെന്ന് പ്രവാചകന്‍റെ അരുളപ്പാട് സംഘടനാ സമ്പ്രദായത്തിന്‍റെ പ്രാധാന്യത്തിന് അടിവരഇടുകയാണ് ചെയ്യുന്നത്.

ജമാഅത്തായ നിമസ്ക്കാരമെന്ന് വിവക്ഷിക്കുമ്പോള്‍ അതിന് വ്യക്തമായ രൂപവും രീതിയും സമ്പ്രദായവും ഉണ്ട്. ഓരോരുത്തര്‍ക്കും തോന്നുന്നതനുസരിച്ച് നിര്‍വ്വഹിച്ചാല്‍ അത് ജമാഅത്തായിട്ടുള്ള നമസ്കാരം ആകുകയില്ല. ജമാഅത്തായി നമസ്ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂട്ടത്തില്‍ യോഗ്യനായ ഒരാളെ ഇമാമായി തെരഞ്ഞെടുക്കണം. ആ ഇമാമിന്‍റെ നേതൃത്വത്തില്‍ എല്ലാവരും കഅബയ്ക്ക് നേരെ മുഖം തിരിച്ച് തോളോട് തോളുരുമ്മി അണിയണിയായി നില്‍ക്കണം. ഇമാമിനോട് പരിപൂര്‍ണ്ണമായി അനുസരണം പുലര്‍ത്തികൊണ്ട് അദ്ദേഹത്തിന്‍റെ ചലനങ്ങള്‍ക്കൊത്ത് പിന്തുടരണം. ഇമാം തക്ബീര്‍ചൊല്ലി കൈ കെട്ടുമ്പോള്‍, കൈകെട്ടണം. കുനിയുമ്പോള്‍ കുനിയണം. സുജൂദ് ചെയ്യുമ്പോള്‍ സുജൂദ് ചെയ്യണം. ഇരിക്കുമ്പോള്‍ ഇരിക്കണം. സലാം ചൊല്ലി നമസ്ക്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ എല്ലാവരും ഇമാമിനെ അനുഗമിക്കേണ്ടത് നിര്‍ബന്ധമാണ്. നമസ്ക്കാരത്തിനിടയില്‍ ഇമാമിനു മറവിയോ, പിശകോ സംഭവിച്ചാല്‍ സുബ്ഹാനല്ലാഹ് എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പിശകിനെക്കുറിച്ച് ബോധവാനാക്കുകയോ, ഓര്‍മ്മപ്പെടുത്തുകയോ ചെ യ്യാം. എന്നാല്‍ ഇമാം ആ തെറ്റ്തിരുത്താതെയും, മറവി മനസ്സിലാക്കാതേയും നമസ്ക്കാരം തുടരുകയാണെങ്കില്‍, ഇമാമിനെ നിര്‍ബന്ധിച്ച് തിരുത്തിപ്പിക്കാനോ, ഇമാമിനെ ഉപേക്ഷിച്ച് തനിച്ച് നിസ്ക്കരിക്കാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ജമാഅത്തായിട്ടുള്ള നിമസ്ക്കാരത്തിന്‍റെ രൂപവും ഭാവവുമെല്ലാം ഒരു ഇസ്‌ലാമിക അല്‍ജമാഅത്ത് വ്യവസ്ഥയുടെ സിംബലായി (Symbol) തുലനം ചെയ്യാന്‍ കഴിയും.

നമസ്ക്കാരത്തില്‍ മാത്രമല്ല ഇസ്‌ലാമിന്‍റെ മറ്റ് ഇബാദത്തുകളായ സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നീ ആരാധനകര്‍മ്മങ്ങളിലും, സംഘടിത സമ്പ്രദായവും സാമൂഹികബോധവും ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ഇസ്‌ലാം അതിനെ ക്രമീകരിച്ചിരിക്കുന്നതെന്ന് കാണാം. ആരാധനകര്‍മ്മങ്ങളില്‍ മാത്രമല്ല മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന സര്‍വ്വജീവിത വ്യവഹാരങ്ങളിലും സംഘടിതജീവിതത്തിന്‍റെ നിറവും മണവും സ്വാംശീകരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച് അത് ശക്തമായി ഉല്‍ബോധിപ്പിക്കുന്നുണ്ട്. "മൂന്നു പേര്‍ യാത്ര പുറപ്പെട്ടാല്‍ അവരില്‍ ഒരാളെ നേതാവായി തിരഞ്ഞടുക്കണം" (അബൂദാവൂദ്). ആ നേതാവിന്‍റെ നേതൃത്വത്തിലായിരിക്കണം ബാക്കിയുള്ളവര്‍ യാത്രചെയ്യേണ്ടത്. ഒരു യാത്രയില്‍ പോലും മുസ്ലിംകള്‍ അസംഘടിതാവസ്ഥയിലാകരുതെന്ന് പ്രവാകന്‍(സ) ജാഗ്രതപ്പെടുത്തുന്നു. ഒന്നിലധികം മുസ്ലിംകള്‍ ചെയ്യുന്ന ഏത്കാര്യവും പ്രവൃത്തിയും ഒരു നേതാവിന്‍റെ കീഴില്‍ സംഘടിച്ചുചെയ്യണമെന്ന് ഇസ്‌ലാം നിര്‍ബന്ധിക്കുമ്പോള്‍, സംഘടിത ജീവിതത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും ഇസ്‌ലാം എത്രമാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

മുസ്ലിംകളുടെ മതപരവും ലൗകികവുമായ സര്‍വ്വ സാമൂഹികബന്ധങ്ങളും ആരാധനാകര്‍മ്മങ്ങളും ഒരു നേതാവിന്‍റെ നേതൃത്വത്തില്‍ സംഘടിതമായി ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്‌ലാം ആയിരം നാവുകളോട് കൂടിയാണ് സംസാരിക്കുന്നത്.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടമുറയനുസരിച്ച് സൂക്ഷിക്കുക. പൂര്‍ണ്ണമായും അനുസരണം പുലര്‍ത്തുന്നവരായിക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. നിങ്ങളെല്ലാവരും ഒത്തുചേര്‍ന്നു അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്...." (3-103-104) ഈ ഖുര്‍ആനിക വചനത്തിന്‍റെ ഗൗരവത്തെ ഉണര്‍ത്തികൊണ്ട് പ്രവാചകന്‍(സ) അരുളി. "സംഘടനയെ മുറുകെ പിടിക്കുക. ഭിന്നിപ്പ് സൂക്ഷിക്കുക" (തിര്‍മിദി). ഇസ്‌ലാമിക ജീവിതത്തിന്‍റെ അഭിവാജ്യഘടകമാണ് സംഘടനയും അതിന്‍റെ നേതൃത്വവും അതിനോടുള്ള അനുസരണവുമെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ഹദ്‌റത്ത് ഉമര്‍(റ) മൊഴിയുന്നു: "സംഘടനയില്ലാതെ ഇസ്‌ലാമില്ല. നേതൃത്വമില്ലാതെ സംഘടനയില്ല. അനുസരണമില്ലാതെ നേതൃത്വവുമില്ല." നബി(സ)യുടെ വിയോഗാനന്തരം മുസ്ലിം ഉമ്മത്ത് സ്വീകരിേക്കണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളായി അഞ്ച് കാര്യങ്ങള്‍ നബി(സ) തന്‍റെ ഉമ്മത്തിനോട് കല്പിച്ചുകൊണ്ട് പറഞ്ഞു: "ഞാന്‍ അഞ്ച് കാര്യങ്ങള്‍ കല്പിക്കുന്നു. (1) സംഘടിക്കുക (2) (നേതൃത്വത്തിന്‍റെ) ആജ്ഞകള്‍ ശ്രദ്ധിക്കുക (3) (നേതൃത്വത്തെ) അനുസരിക്കുക (4) പലായനം ചെയ്യുക (5) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുക. ഈ അഞ്ച് കാര്യങ്ങള്‍ നബി(സ)യുടെ വേര്‍പാടിനുശേഷമുള്ള മുസ്ലിം ഉമ്മത്തിന് നബി(സ) നല്‍കിയ മാഗ്നാകാര്‍ട്ടയാണ്. ഇതിന്‍റെ ഈ അഞ്ച് കല്പനകളുടെ അടിസ്ഥാനത്തില്‍ നബി(സ)യുടെ നിര്യാണത്തിനുശേഷം (മുസ്ലിം ഉമ്മത്ത്) സഹാബാക്കള്‍ സംഘടിച്ചുനിന്ന് നബി(സ)യുടെ പ്രതിനിധിയായി ഒരു ഖലീഫയെ തിരഞ്ഞെടുത്തുകൊണ്ട് "അല്‍ ജമാഅത്ത്" സ്ഥാ പിക്കുകയുണ്ടായി. നബി(സ)യുടെ പുണ്യ ഭൗതികശരീരം കബറടക്കം ചെയ്യുന്നതിനു മുമ്പ് സഹാാക്കള്‍ ആദ്യമായി (ഒന്നാമതായി) ചെയ്തത് ഒരു നേതാവിനെ തിരഞ്ഞെടുക്കുകയെന്ന കര്‍ത്തവ്യമാണ്. ഈ കാര്യത്തില്‍ സഹാബാക്കള്‍ക്കിടയില്‍ യാതൊരു ഭിന്നാഭിപ്രായവും ഉണ്ടായിരുന്നില്ല. ഖലീഫയെ ബൈഅത്ത് ചെയ്യാതെ ഒരാള്‍ക്കും മുസ്‌ലിമായി ജീവിക്കാന്‍ സാദ്ധ്യമല്ലെന്നും അത് അനഭിലഷണീയമാണെന്നും സഹാബാക്കള്‍ സംശയലേശമന്യേ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ ഒരു ഖലീഫ ദിവംഗതനാകുമ്പോള്‍ പുതിയൊരു ഖലീഫയെ തിരഞ്ഞെടുത്തുകൊണ്ട് ബൈഅത്ത് ചെയ്യുകയും അല്‍ജമാഅത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നത്.

അല്‍ജമാഅത്തുമായി ബന്ധപ്പെടാതെ അകന്നുനില്‍ക്കുന്നതും അതില്‍ നിന്നു വിച്ഛേദിച്ചുകൊണ്ട് പുറത്തുപോകുന്നതും ഈമാനിനു വിരുദ്ധമാണെന്ന നബിതിരുമേനി(സ)യുടെ താക്കീത്‌സ്വരം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ഒരുവന്‍ അല്‍ജമാഅത്തില്‍ നിന്ന് "ഒരു ചാണ്‍ പുറത്തുപോയാല്‍ ഇസ്‌ലാമിന്‍റെ ബന്ധം തന്‍റെ കഴുത്തില്‍ നിന്നും അയാള്‍ ഉരിഞ്ഞുകഴി ഞ്ഞു" എന്നും "ഒരുവന്‍ (നേതൃത്വത്തോടുള്ള) അനുസരണത്തില്‍ നിന്ന് പുറത്ത് പോകുകയും അല്‍ജമാഅത്തുമായി വേര്‍പെടുകയും ചെയ്തുകൊണ്ട് മരിക്കുന്നപക്ഷം അവന്‍ അനിസ്‌ലാമികമായമരണമാണ് വരിച്ചത്." വീണ്ടും പ്രവാചകന്‍ (സ) അതിന്‍റെ ഗൗരവം ശക്തിയേറിയ ഭാഷയിലൂടെ മനസ്സിലാക്കിത്തരുന്നു." വല്ലവനും തന്‍റെ നേതാവില്‍ നിന്നും തനിക്ക് അനിഷ്ടമായി എന്തെങ്കിലും കാണുന്നതായാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. എന്തെന്നാല്‍ ജമാഅത്തില്‍ നിന്ന് ഒരു ചാണ്‍ പോലും അകന്നുനില്‍ക്കുന്ന ഏവരും അവിശ്വാസിയുടെ മരണം വരിക്കുന്നാണ് (ബുഖാരി). തിരുനബി(സ)യുടെ ഈ വചനങ്ങള്‍ പഠിപ്പിക്കുന്നത്, ഒരു ഇമാമിന്‍റെ കീഴില്‍ അനുസരണേത്താടുകൂടെ ജീവിക്കേണ്ടത് വളരെ നിര്‍ബന്ധമാണെന്നും അങ്ങനെയുള്ള ഒരു സംഘമാണ് യഥാര്‍ത്ഥത്തില്‍ അല്‍ജമാഅത്ത് എന്ന് വിളിക്കപ്പെടുന്നതെന്നുമാണ്. ഇസ്‌ലാമിന്‍റെ പേരില്‍ ഒരുപാടു സംഘടനകളും പ്രസ്ഥാനങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ കാലഘട്ടത്തില്‍ അല്‍ ജമാഅത്തിന്‍റെ രൂപവും, ഭാവവും, സ്വഭാവവുമുള്ള സംഘടന ഏതാണെന്ന് അന്വേഷിക്കുന്നതില്‍ ഏറെ പ്രസക്തിയുണ്ട്. ഈ സംഘടനകളും പ്രസ്ഥാനങ്ങളും അല്‍ജമാഅത്തിന്‍റെ നിറം പകര്‍ന്നതാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും വസ്തവം മറ്റൊന്നാണ്.

ഇസ്‌ലാം ദുരന്തങ്ങളും ദുരിതങ്ങളും കൊണ്ടും, അധഃപതനവും മൂല്യച്യുതിയും കൊണ്ടും എരിപൊരികൊള്ളുന്ന ഇരുണ്ട കാലത്തെക്കുറിച്ച് നബി തിരുമേനി(സ) മുസ്ലിം സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ ഇരുണ്ട കാലഘട്ടത്തില്‍ "എന്‍റെ ജനത (മുസ്‌ലി ഉമ്മത്ത്) എഴുപത്തി മൂന്നു കക്ഷികളായി ഭിന്നിക്കും അവരില്‍ ഒരു കക്ഷി ഒഴികെ. മറ്റെല്ലാ കക്ഷികളും നരകത്തില്‍ പതിക്കും." എന്നു പറഞ്ഞു. ഇത് ശ്രവിച്ചപ്പോള്‍ സഹാബാക്കള്‍ ചോദിച്ചു"അല്ലാഹുവിന്‍റെ റസൂലേ ആരാണ് ആ കക്ഷി?" ഞാനും എന്‍റെ സഹാബാക്കളും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍' എന്ന് പ്രവാചകന്‍ പ്രതിവചിച്ചു. (മിശ്ക്കാത്ത്) ഈ ഹദീസ് പ്രകാരം മുസ്ലിം ഉമ്മത്ത് അല്‍ജമാഅത്തിന്‍റെ ചൈതന്യം നഷ്ടപ്പെട്ട് പല ഗ്രുപ്പുകളായി 73 കക്ഷികളായി ഭിന്നിച്ചു. ചിന്നിച്ചിതറിയപ്പോള്‍ അല്‍ജമാഅത്തിന്‍റെ ചൈതന്യം സ്ഫുരിക്കുന്ന കക്ഷി എഴുപത്തിമൂന്നില്‍ ഏതാണെന്ന് സത്യവിശ്വാസികള്‍ക്കിടയില്‍ സംശയം ഉണ്ടാകുക സ്വാഭാവികമാണ്. ഈ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് പ്രവാചകന്‍ (സ) അല്‍ജമാഅത്തിന് ഉണ്ടാകേണ്ട ഒരു ലക്ഷണം സ്പഷ്ടമായി വ്യക്തമാക്കുന്നു. ആ കക്ഷി "ഞാനും എന്‍റെ സഹാബിമാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവരത്രെ", "ഞാന്‍ ആദ്യത്തിലും മസീഹ് അവസാനത്തിലുമുള്ള ഒരു സമുദായം നശിക്കുന്നതെങ്ങനെ? (ഇ്നുമാജ) എന്ന് ചോദിച്ചുകൊണ്ട്, തന്‍റെ സുവര്‍ണ്ണകാലഘട്ടം പോലെ അവസാനകാലഘട്ടത്തില്‍ ഇസ്‌ലാമിന്‍റെ തിളക്കമാര്‍ന്ന ശോഭ പരത്തുന്ന അല്‍ജമാഅത്തിനെ ആ കക്ഷി മസീഹും മസീഹിന്‍റെ ശിഷ്യഗണങ്ങളുമാണെന്ന് പ്രവാചകന്‍ സുവാര്‍ത്ത നല്‍കുന്നു.

നബി(സ)യുടെ നിയോഗത്തെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് "അക്ഷരജ്ഞാനമില്ലാത്ത അറബികളില്‍ അവരില്‍ നിന്നുള്ള ഒരു ദൂതനെ എഴുന്നേല്പിച്ചിട്ടുള്ളത് അവനത്രെ." എന്നും പിന്നീട് വീണ്ടും "അവരോട് ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത അവരില്‍ നിന്നുള്ള മറ്റൊരു ജനതയിലും" (വി.ഖു. 62-3) നബി(സ)യുടെ നിയോഗം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ആ ജനത ആരാണെന്ന് നബി(സ)യോട് സഹാബാക്കള്‍ ചോദിച്ചപ്പോള്‍ നബി(സ) സല്‍മാനുല്‍ ഫാരിസി എന്ന സഹാബിയുടെ തോളത്ത് പിടിച്ചുകൊണ്ട്, ആ ജനത ആരാണെന്ന് ഇങ്ങനെ വ്യാഖ്യാനിക്കുകയുണ്ടായി. "സത്യവിശ്വാസം 'സുരയ്യാ നക്ഷത്രത്തിലേക്കുയര്‍ന്നു പോകുന്ന കാലത്ത് ഇവരില്‍ നിന്നുള്ള ആള്‍ അതിനെ വീണ്ടം കൊണ്ടുവരും" എന്ന്. ഈ ഹദീസിനോടൊപ്പം "ഞാനും എന്‍റെ സഹാബിമാരും ഉള്ള നിലയില്‍ സ്ഥിതിചെയ്യുന്നവര്‍" എന്ന ഹദീസും ചേര്‍ത്ത് വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്, സത്യവിശ്വാസം മുസ്ലിംകളില്‍ നിന്ന് അകന്നുപോകുകയും മുസ്ലിംകള്‍ ഭിന്നിച്ച് ഗ്രൂപ്പുകളായി ചേരിതിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന അവസാനകാലത്ത് അതിന്‍റെ പുനരുദ്ധാരണാര്‍ത്ഥം ഫാരിസിവംശജനായ ഒരു മഹാത്മാവ് നിയോഗിക്കപ്പെടും. ആ മഹാത്മാവിന്‍റെ ആവിര്‍ഭാവം നബി(സ)യുടെ പുനരാഗമനത്തിനും അദ്ദേഹത്തിന്‍റെ സഹാബിമാര്‍, നബി(സ) സഹാബിമാര്‍ക്ക് സദൃശ്യമായിരിക്കുമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇമാം മഹ്ദി മസീഹ് ഹദ്‌റത്ത് അഹ്‌മദ് (അ)നാല്‍ സ്ഥാപിതമായ അഹ്‌മദിയ്യാ ജമാഅത്താണ് 'അല്‍ജമാഅത്ത്' എന്ന മേലങ്കി അണഞ്ഞിരിക്കുന്നതെന്ന് വ്യക്തം.

അല്‍ജമാഅത്തിന്‍റെ വര്‍ണ്ണപ്പൊലിമയുള്ള ആ കക്ഷി ഏതാണെന്ന് വി. ഖുര്‍ആനിലെ സൂറത്ത് നൂറിലെ 56-ാം ആയത്ത് സുവ്യക്തമാകുന്നു. "നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അവര്‍ക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയതുപോലെ തീര്‍ച്ചയായും അവരേയും ഭൂമിയില്‍ ഖലീഫമാരാക്കുകയും" (വി.ഖു. 24-56) ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ ഖുര്‍ആനിക വചനം മനസ്സിലാക്കിതരുന്നത്, സത്യവിശ്വാസികളും സല്‍ക്കര്‍മ്മകാരികളുമായ യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് അല്ലാഹു ഖലീഫ എന്ന അനുഗ്രഹം കനിഞ്ഞു നല്‍കുന്നതാണെന്നാണ്. അതുകൊണ്ട് ഏത് സംഘത്തിലാണ് ഖിലാഫത്ത് നിലവിലുള്ളത് ആ സംഘത്തിന്‍റെ സവിശേഷത സത്യവിശ്വാസവും സല്‍കര്‍മ്മവുമുള്ള യഥാര്‍ത്ഥ മുസ്ലിംകളാണു അതിലുള്ളത് എന്നാണ്. കാരണം, ഖിലാഫത്ത് അത്തരം ഗുണഗണങ്ങള്‍ സമ്മേളിച്ച സമൂഹത്തില്‍ വരദാനമായി അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. ഖിലാഫത്ത് നബി(സ)യുടെ പ്രാതിനിധ്യം വഹിക്കുന്ന സ്ഥാനമാണ്. അങ്ങനെയുള്ള ഖിലാഫത്ത് മുസ്ലിംകളില്‍ എഴുപത്തിമൂന്ന് കക്ഷികളില്‍ ഏതു കക്ഷിയിലാണ് നിലനില്‍ക്കുന്നത് ആ കക്ഷിയാണ് യഥാര്‍ത്ഥ അല്‍ജമാഅത്ത് എന്ന് മനസ്സിലാക്കാം. അഹ്‌മദികളല്ലാത്ത ലോകത്തെ മറ്റ് ഒരു മുസ്‌ലിം കക്ഷിയിലും ഖിലാഫത്ത് സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ആ കക്ഷികള്‍ തങ്ങള്‍ക്ക് ഖലീഫയുണ്ടെന്ന അവകാശവാദം പോലും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ആ കക്ഷികള്‍ അല്‍ജമാഅത്തെന്ന പദവിക്ക് അര്‍ ഹരാകുക? ഖിലാഫത്തെന്ന അല്ലാഹുവിന്‍റെ അനുഗ്രഹം മഹ്ദി മസീഹ് ആയി അവതരിച്ച അഹ്‌മദിനാല്‍ സ്ഥാപിച്ച ജമാഅത്തില്‍ മാത്രമേയുള്ളുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യം, സത്യവിശ്വാസികളിലും സല്‍കര്‍മ്മികളുമായവര്‍ക്ക് അല്ലാഹു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ഖിലാഫത്തിന്‍റെ പ്രഭാവലയത്തില്‍ പ്രവര്‍ത്തിക്കുന്ന അഹ്‌മദിയ്യാ ജമാഅത്താണ് യഥാര്‍ത്ഥ അല്‍ജമാഅത്ത് എന്നതിന് വ്യക്തമായ തെളിവാണ്.

അല്‍ ജമാഅത്തിന്‍റെ മറ്റൊരു സവിശേഷത ഖലീഫയോടുള്ള ബൈഅത്ത് എന്ന അനുസര പ്രതിജ്ഞ ചെയ്തുകൊണ്ട് കൂറു പ്രഖ്യാപിക്കലാണ്. "ഓ നബീ, താങ്കള്‍ അല്ലാഹുവിനോട് മറ്റൊന്നിനേയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയില്ലെന്നും മനഃപൂര്‍വ്വം നുണ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയില്ലെന്നും നല്ല ഒരു കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നുമുള്ള നിബന്ധനയോടെ സത്യവിശ്വാസികള്‍ നീയുമായി ബൈഅത്ത് ചെയ്യാന്‍ നിന്‍റെയടുക്കല്‍ വന്നാല്‍ നീ അവരുടെ അനുസരണപ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. (വി.ഖു. 60:13) ഈ ഖുര്‍ആന്‍റെ നിര്‍ദ്ദേശമനുസരിച്ച് നബി(സ) സഹാികളില്‍ നിന്ന് ബൈഅത്ത് വാങ്ങിയിരുന്നു. പിന്നീട് നബി(സ) വഫാത്തിനുശേഷം തിരെഞ്ഞടുക്കപ്പെട്ട ഓരോ ഖലീഫമാര്‍ക്കും ബൈഅത്ത് എന്ന അനുസരണപ്രതിജ്ഞ ചെയ്തുകൊണ്ട് മുസ്‌ലീംകള്‍ ഖലീഫയോട് അനുസരണം പുലര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇന്ന് ബൈഅത്ത് എന്നഅനുസരണപ്രതിജ്ഞ അഹ്‌മദിയ്യാ ജമാഅത്തിലൊഴികെ മറ്റൊരു മുസ്‌ലിം കക്ഷികളിലും കാണപ്പെടുന്നില്ല. നബി(സ)യുടേയും ഖലീഫമാരുടേയും മാതൃകയായ ബൈഅത്ത്

എന്ന അനുസരണപ്രതിജ്ഞ 'അല്‍ജമാഅത്തി'ന്‍റെ സവിശേഷതകളില്‍ ഒന്നാണ്. ഇത് പരിപൂര്‍ണ്ണമായി അനുകരിക്കുന്നത് അഹ്‌മദികള്‍ മാത്രമാണ്. ഖുര്‍ആന്‍റെ ഈ നിര്‍ദ്ദേശത്തെ നടപ്പിലാക്കാന്‍ കഴിയാത്തഈ കക്ഷികള്‍ക്ക് എങ്ങനെ 'അല്‍ജമാഅത്തിന്‍റെ' മുഖാവരണമണിയാന്‍ കഴിയും? നബി(സ)യും അദ്ദേഹത്തിന്‍റെ ഖലീഫമാരും 'അല്‍ജമാഅത്ത്' എന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും കാണിച്ചുതന്നത് ഏത് രൂപഭാവങ്ങളോട് കൂടിയാണോ അതേ തരത്തില്‍ തന്നെ യാതൊരു വ്യത്യാസമില്ലാതെ ഈ ലോകത്ത് വീണ്ടും പുനരാവിഷ്ക്കരിക്കപ്പെട്ടത് അഹ്‌മദിയ്യാ ജമാഅത്തിലൂടെയാണ്. അതുകൊണ്ട് യഥാര്‍ത്ഥ അല്‍ജമാഅത്ത് അഹ്‌മദിയ്യാ ജമാഅത്തല്ലാതെ മറ്റൊരു മുസ്‌ലിം കക്ഷിയുമില്ല.

അറബിഭാഷ: ഭാഷകളുടെ മാതാവ്


ഭാഷ എങ്ങിനെയുണ്ടായി? ലോകത്ത് കാണപ്പെടുന്ന അസംഖ്യം ഭാഷകള്‍ക്ക് പൊതുവായ ധര്‍മ്മങ്ങള്‍ ഉണ്ടോ? എല്ലാ ഭാഷകളുടെയും മാതാവ് അഥവാ ഭാഷാ ജനനി എന്നു പറയപ്പെടാവുന്ന മൂലഭാഷ ഏതാണ്? തുലോം ചിന്താര്‍ഹമായ സമസ്യകളാണ് ഇവയെന്നത് നിര്‍വിവാദമാണ്. ഭാഷോല്‍പത്തി ശാസ്ത്രജ്ഞന്മാര്‍ ഇതുസംന്ധിച്ചു പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. തിര്യക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഭാഷ എന്നു പറയപ്പെടുന്ന സംവേദനമാദ്ധ്യമം മനുഷ്യന്‍ വശമാക്കിയതെങ്ങനെ എന്ന കാര്യത്തില്‍ സംതൃപ്തമായ ഒരുത്തരം കണ്ടെത്താന്‍ ശബ്ദശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്‍ കണ്ടുപിടിച്ചുണ്ടാക്കിയെടുത്തതാണോ ഭാഷ? അതോ, അത് പരമകാരുണികന്‍റെ ഒരു ദാനമോ? ഭാഷ പരമകാരുണികനായ ദൈവത്തിന്‍റെ ഒരു ദാനമാണെന്നു വാഗ് ദത്തമസീഹ് ഹദ്റത്ത് അഹ്മദ്(അ) തന്‍റെ 'മിനനുര്‍ റഹ്മാന്‍' (Favours of the Beneficient) എന്ന കൃതിയില്‍ സിദ്ധാന്തിച്ചു.

ലോകത്ത് ഇന്നുള്ള 500 കോടി ജനങ്ങള്‍ 4000ല്‍ ഏറെ ഭാഷകള്‍ സംസാരിച്ചുവരുന്നുവെന്നു ഭാഷാശാസ്ത്രജ്ഞര്‍ കണക്കാക്കിയിരിക്കുന്നു. അവയെ വിവിധ ഗ്രൂപ്പുകളായി അവര്‍ വേര്‍തിരിച്ചിട്ടുണ്ട്. 12ഓളം അടിസ്ഥാന ഭാഷാകുടുംങ്ങളാണത്രെ ഉള്ളത്. ഇവയില്‍ ഏറ്റവും പ്രാചീനമായിട്ടുള്ള ഭാഷ ഏതാണ്? ഭാഷാജനനി എന്നു പറയപ്പെടാവുന്ന ഒരു ഭാഷ ഉണ്ടോ? (Often the question is asked as to which of these is the most ancient? is there a mother of all languages?) ചിന്തകന്മാരുടെ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമായിട്ടുള്ള ഒരു വിഷയമാണിത്. ഭാഷകളുടെ മാതാവ് എന്ന ശീര്‍ഷകത്തില്‍ ഹൈദരാബാദിലെ 'സെല്ലുലര്‍ ആന്‍റ് മോളിക്യൂളര്‍ ബയോളജി സെന്‍ററിലെ ഡി. ബാലസുബ്രഹ്മണ്യം എഴുതിയ ഒരു ലേഖനം 'ഹിന്ദു' പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (The Hindu, 1-2-96).

ഇന്ത്യയില്‍ 400ഓളം ഭാഷകള്‍ സംസാരിക്കപ്പെടുന്നു. ഇവയില്‍ 23 ഭാഷകള്‍ ആണ് പ്രധാനമായും എണ്ണപ്പെടുന്നത്. ഇന്ത്യയിലെ 15 ഭാഷകളുടെ മാതാവായി സംസ്കൃതം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതു പ്രകാരം തന്നെ പല പൗരസ്ത്യ ഭാഷ കളുടെയും മൂലഭാഷ ചൈനീസ് ആണെന്നു പറയപ്പെടുന്നു. എന്നാല്‍, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സംസാരിക്കപ്പെടുന്ന ഈ എല്ലാ ഭാഷാജനനികളുടെയും ആദിമാതാവായ ഭാഷ ഏതാണ്?

മൂലഭാഷ കണ്ടെത്താനുള്ള ശ്രമം അര്‍വ്വാചീനമോ ആധുനിക ശാസ്ത്ര ഗവേഷകരുടെ സംഭാവനയോ ഒന്നുമല്ല. ബി.സി. 700ല്‍ ഈജിപ്തിലെ ഫറാവോ (ഫിര്‍ഔന്‍) ആയിരുന്ന സാംടിക്ക് ഒന്നാമന്‍ (Psamtik) നടത്തിയ ഒരു പരീക്ഷണെത്തപ്പറ്റി ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനിച്ചുവീണ രണ്ട് ശിശുക്കളെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി സംസാരശേഷിയില്ലാത്ത ഒരു ആട്ടിടയന്‍റെ സംരക്ഷണയിലാക്കിക്കൊണ്ട്, ആ ശിശുക്കളെ മറ്റാരുമായും ബന്ധപ്പെടുത്താത്ത നിലയില്‍ പൂര്‍ണ്ണമായ വിവാസനത്തില്‍ വളര്‍ത്തണമെന്ന് ഫറാവോ നിര്‍ദ്ദശിച്ചുവത്രെ. ഈ ശിശുക്കള്‍ ഉരുവിടുന്ന ആദ്യത്തെ വാക്ക് എന്ത് എന്ന് ശ്രദ്ധിക്കണമെന്നും ആ ഊമയായ ആട്ടിടയനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളില്‍നിന്ന് പുറപ്പെടുന്ന ആദ്യത്തെ വാക്ക് എല്ലാ ഭാഷകളുടെയും ഉറവിടമായ മൂലഭാഷയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കുമെന്ന് സങ്കല്‍പിക്കപ്പെട്ടു. കുട്ടികള്‍ പുറപ്പെടുവിച്ച ആദ്യത്തെ വാക്ക് 'ബെക്കോസ്' എന്നായിരുന്നുവത്രെ. തുര്‍ക്കിയില്‍ സംസാരിച്ചു പോന്നിരുന്ന ഫ്രീജിയന്‍ എന്ന പുരാതനഭാഷയില്‍ 'അപ്പം' എന്നര്‍ത്ഥമുള്ള ഒരു പദമാണിത്. അങ്ങനെ ഫ്രീജിയന്‍ ഭാഷയാണ് മനുഷ്യ സമുദായത്തിന്‍റെ ആദിഭാഷയെന്നു ഫറാവോ സാംടിക് ഒന്നാമന്‍ തീരുമാനിക്കുകയുണ്ടായി!

എന്നാല്‍, ഫറാവോ യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും ആരോ ഒരാള്‍ ആ കുട്ടികളെ ഫ്രീജിയന്‍ ഭാഷ സംസാരിക്കാന്‍ പഠിപ്പിച്ചുവെന്നു വ്യക്തമാണെന്നും പില്‍ക്കാലത്തെ ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടു. ആ കുട്ടികള്‍ക്ക്ഒരു ഭാഷയും പരസഹായമില്ലാതെ പഠിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. (ശബ്ദങ്ങളും ചിഹ്നങ്ങളും ഒരു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം, ഭാ. 169).

വാഗ്ദത്ത മസീഹ് ഹദ്റത്ത് അഹ്മദ് (അ) ഇത് സംബന്ധിച്ചു ഇപ്രകാരം പറയുന്നു:

"സംസാരം അഭ്യസ്തമാണെന്ന് സമ്മതിക്കപ്പെട്ടിരിക്കുമ്പോള്‍, മറ്റൊരാള്‍ മനസ്സിലാക്കിക്കൊടുക്കാതെ കണ്ട് ആദ്യമനുഷ്യന് അത് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടായിരിക്കില്ലന്നും സമ്മതിക്കാന്‍ നിര്‍ബന്ധപ്പെടുന്നതാണ്. പുതുതായി ജനിച്ച ശിശുക്കളെ ഒന്നും പഠിപ്പിക്കപ്പെടാത്ത നിലയില്‍, ഒരു ഗുരുനാഥന്‍ അവര്‍ക്ക് ഭാഷ അഭ്യസിപ്പിക്കാത്ത നിലയില്‍, വിട്ടേച്ചിരുന്നുവെങ്കില്‍, ആ നവജാതശിശുക്കള്‍ക്ക് സ്വയം സംസാരിക്കാന്‍ സാധ്യമല്ലെന്നും അവര്‍ക്ക് മറ്റുള്ളവരുടെ വിളിയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുകയില്ലെന്നും ഊമയെപ്പോലെ മൗനിയായിരിക്കുകയേ ഉള്ളൂവെന്നും പരീക്ഷണങ്ങളും പരിശോധനകളും മുഖേന സ്ഥാപിക്കപ്പെട്ടിട്ടുള്ളതും അതോടൊപ്പം ഉദാഹരണങ്ങള്‍ കൊണ്ട് സാക്ഷ്യപ്പെടുത്താവുന്നതും ആകുന്നു. (മിനനുര്‍റഹ്മാന്‍ Favours of the Beneficent P - 87).

അദ്ദേഹം തുടരുന്നു: "ദൈവം മനുഷ്യന് സംസാരശേഷി പ്രത്യേക നിലയില്‍ നല്‍കിയിരിക്കുന്നു. ദൈവത്തില്‍ നിന്നു മാത്രമായി മനുഷ്യന് ജീവന്‍ ദാനമായി നല്‍കപ്പെട്ടത് പോലെയാണ് യഥാര്‍ത്ഥ ഔദാര്യവാനില്‍ നിന്നുതന്നെ സംസാരശേഷിയും പ്രദാനം ചെയ്യപ്പെട്ടത്. അതാണ് സത്യവസ്തുത." (92).

ഭാഷകളെപ്പറ്റി ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: "ആകാശഭൂമികളുടെ സൃഷ്ടിപ്പിലും നിങ്ങളുടെ ഭാഷകളുടെയും വര്‍ണ്ണങ്ങളുടെയും വ്യത്യാസങ്ങളിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്." (30:23). ഭാഷാശാസ്ത്രഗവേഷണങ്ങള്‍ (Philological Researches) നടത്തുവാനുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ ഇതുവഴി നടത്തിയിട്ടുള്ളത്. ഇതുപ്രകരം, ഈ കാലഘട്ടത്തില്‍ ഈ മഹാസംരംഭത്തില്‍ ഹദ്റത്ത് അഹ്‌മദുല്‍ ഖാദിയാനി(അ) മുഖേന അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണ്. അറബി ഭാഷയാണ് ഭാഷാ ജനയിത്രി എന്നു പറയപ്പെടാവുന്ന മൂലഭാഷയെന്ന് ഹദ്റത്ത് അഹ്‌മദ്(അ) ഘോഷിച്ചു. ഈ മൂലഭാഷയില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ആ ഭാഷയുടെ സാര്‍വ്വജനീന പ്രാതിനിധ്യത്തെ വിളംരം ചെയ്യുന്നു. ആ മഹാത്മാവ് ഇപ്രകാരം പറഞ്ഞു: "എല്ലാ ഗ്രന്ഥങ്ങളുടെയും മുദ്രയായുള്ള സര്‍വ്വശക്തനായ ദൈവത്തിന്‍റെ പരിപൂര്‍ണ്ണഗ്രന്ഥം എല്ലാ ഭാഷകളുടെയും മാതാവായ ഒരു ഭാഷയില്‍ വെളിപ്പെടണമെന്ന് ദൈവേച്ഛയുടെ നിര്‍ബന്ധമായിരുന്നു." (പേജ് 93). അദ്ദേഹം പ്രഖ്യാപിച്ചു: "ഞാനിത് സ്വന്തത്തില്‍ പറയുന്നതല്ല. അല്ലാഹു വെളിപാടു രൂപത്തില്‍ എനിയ്ക്കിറക്കിത്തന്ന ജ്ഞാനമാണിത്." (പേജ് : 119).

വിശുദ്ധ ഖുര്‍ആനെ പ്രത്യുദ്ധരിക്കാനായിട്ടത്രെ വാഗ്ദത്ത മഹ്ദീമസീഹ് വെളിപ്പെട്ടിരിക്കുന്നത്. ഇത് ഒരു അന്ധമായ മതപക്ഷപാതവും ഭാഷാപ്രണയവും ആണെന്നു കരുതുന്നവരുണ്ടാകാമെങ്കിലും ശാസ്ത്രീയമായ അടിസ്ഥാനങ്ങളിലാണ് അദ്ദേഹം ഇതു കാര്യകാരണസഹിതം തെളിയിച്ചിട്ടുള്ളതെന്ന് കാണാം. ഏത് ശാസ്ത്രീയ ഗവേഷണവും അദ്ദേഹം പ്രഘോഷിച്ച ഈ സത്യത്തിന്‍റെ അനാവരണത്തിലാണ് ചെന്നെത്തുക. 'മിനനുര്‍ റഹ്മാന്‍' എന്ന അടിസ്ഥാന ഗ്രന്ഥം അദ്ദേഹം രചിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ ചില ശിഷ്യന്മാര്‍ ഈ വിഷയകമായി ശാസ്ത്രീയമായ ഗവേഷണ ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ഈ ഗ്രന്ഥങ്ങളിലടങ്ങിയ തത്വസാരങ്ങളെ ലോകം അംഗീകരിക്കുന്ന കാലം വിദൂരമല്ലന്ന് ഞങ്ങള്‍ കരുതുന്നു.

നാലോ അഞ്ചോ ആയിരം കൊല്ലങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ഭാഷാ വൈവിധ്യങ്ങള്‍ സംഭവിച്ചതെങ്ങനെ എന്ന സംശയം അടിസ്ഥാനരഹിതമാണ്. ഭൂമിയുടെ വയസ്സ് ആറായിരം കൊല്ലമാണെന്നുള്ള ബൈബിള്‍ പാഠങ്ങള്‍ സൃഷ്ടിച്ച അബദ്ധധാരണയില്‍ നിന്നാണ് ഈ സംശയം ഉദിക്കുന്നതെന്ന് ഹദ്റത്ത്അഹ്മദ് (അ) ചൂണ്ടിക്കാട്ടി. സ്ഥലകാലങ്ങള്‍ക്കുള്ള അകല്‍ച്ച മാത്രമല്ല ഭാഷാഭേദങ്ങള്‍ക്കുള്ള കാരണം ഭൂമധ്യരേഖയോട് അടുത്തും അകലത്തും സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ വസിക്കുന്നവരില്‍ ചില പ്രത്യേക ആവയവിക സംവിധാനങ്ങളും പ്രവണതകളും സഹജമായിത്തന്നെ വളരുമാറാകുന്നു. വിവിധങ്ങളായ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും സ്വാധീനങ്ങളും അറിയപ്പെടാത്ത മറ്റു ചില വസ്തുതകളും കാരണം ഈ ഭൂവാസികളില്‍ ചില പ്രത്യേക ശാരീരിക ശബ്ദനിയന്ത്രണ സംവിധാനങ്ങളും ഉച്ചാരണക്രമങ്ങളും ഉടലെടുക്കുമാറാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ് ക്രമേണ സവിശേഷ സംസാരസമ്പ്രദായങ്ങളായി വേര്‍തിരിഞ്ഞത്. ചില പ്രദേശങ്ങളില്‍ അക്ഷരങ്ങളും സ്വനിമങ്ങളും അതേപടി മൊഴിയാന്‍ സാദ്ധ്യമേയല്ല. ഈ മാറ്റങ്ങളെല്ലാം പ്രകൃതി നിയമങ്ങള്‍ക്കും സഹജസിദ്ധികള്‍ ക്കും വിധേയമാണ്.

ആധുനികശാസ്ത്രം കൈവെക്കാത്ത മനുഷ്യബന്ധത്തിന്‍റെ ഒരു ശാഖയും ഇല്ലെന്ന് നമുക്കറിയാം. ആധുനിക ജനിതക ശാസ്ത്രത്തിനു (Genetics) മനുഷ്യജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവശാസ്ത്രത്തിന് (Biology) ഭാഷയുടെ പ്രാചീനത നിര്‍ണ്ണയിക്കുന്നതില്‍ എന്തെങ്കിലും സംഭാവന അര്‍പ്പിക്കാന്‍ കഴിയുമോ? എല്ലാവര്‍ക്കും പൊതുവായുളള ചില ശേഷികളാണ് ഭാഷകളിലെ സാദൃശ്യങ്ങള്‍ക്കടിസ്ഥാനമെന്ന് ഡോ.ഡെറെക് ബിക്കര്‍ടണ്‍ (Dr. Derek Bickerton) അഭിപ്രായപ്പെട്ടു. ഇതിന്‍റെ അര്‍ത്ഥം ഭാഷ ഉപയോഗിക്കുന്നതിന്നനുകൂലമായ ഒരവസ്ഥ ആദ്യമെ മനുഷ്യനില്‍ ഉണ്ടായിരുന്നു എന്നാണ്. ഭാഷയ്ക്കും വ്യാകരണത്തിനും ഒരു ജനിതക മൂലകം (Genetic element) അഥവാ, ജീവശാസ്ത്രപരമായ അടിസ്ഥാനം ഉണ്ടായിരിക്കാമെന്നു പ്രകാരാന്തരേണ പറയാം. ഈ തത്വം 60 കൊല്ലം മുമ്പ് പ്രമുഖ അമേരിക്കന്‍ ലിങ്ക്വിസ്റ്റ് ആയ മോആം ചോം സ്കിആണ് ആദ്യമായി മുന്നോട്ടുവച്ചതത്രെ. വിവിധ ഭാഷകളിലെ വാക്യഘടനകളില്‍ കാണപ്പെടുന്ന അത്ഭുതാവഹമായ അടിസ്ഥാനസാദൃശ്യങ്ങള്‍ മനുഷ്യന്‍റെ മനോമണ്ഡലത്തില്‍തന്നെ ആഴമായ ഘടന അഥവാ പ്രകൃതിസിദ്ധമായ മുന്നൊരുക്കങ്ങള്‍ ഉണ്ടെന്നതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ചോംസ്കി സിദ്ധാന്തിച്ചു.

ഭാഷ രൂപപ്പെടുന്നതിന് ഒരു മുന്‍നിശ്ചയം ഉണ്ടായിരുന്നു എന്നാണ് ചുരുക്കത്തില്‍ പ്രൊഫ. ചോംസ്കിയുടെ സിദ്ധാന്തം. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ആധുനിക ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനും ആണ് ചോംസ്കി. ആധുനിക ലിങ്ക്വിസ്റ്റ് സയന്‍സിന്‍റെ സ്ഥാപകനും മാസച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറുമായ ഇദ്ദേഹം കാള്‍മാര്‍ക്സ്, ഹെഗല്‍, അരിസ്റ്റോട്ടില്‍, പ്ലാറ്റോ, ഫ്രോയിഡ് തുടങ്ങിയവരുടെ നിരയിലാണ് എണ്ണപ്പെടുന്നത്.

മനുഷ്യന്‍റെ മനോമണ്ഡലത്തില്‍ അഗാധമായ ഘടനകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സര്‍വ്വസാമാന്യമായ വ്യാകരണ പദ്ധതിയെക്കുറിച്ച് അഥവാ, സഹജമായ മുന്‍സംവിധാനങ്ങള്‍ സംബന്ധിച്ചു പ്രൊഫ. ചോംസ്കി വിവരിക്കുന്നു. അതുകൊണ്ട് ഭാഷ എന്നത് സര്‍വ്വസാമാന്യവും സഹജവുമായ സൗകര്യാവസ്ഥയുടെ, ജീവശാസ്ത്രപരമായ പൈതൃകത്തിന്‍റെ അഥവാ, ജനിതകമായ പാരമ്പര്യസിദ്ധിയുടെ ഫലപരിണതിയാണ് എന്നു പറയാം.

 

മൂലഭാഷയെ അഥവാ, ഭാഷാജനനിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഗഹനമായ ഗവേഷണങ്ങളെ വിളിച്ചുണര്‍ത്തുന്ന ഒരു സംരംഭമാകുന്നു. അത് ഈ കാലഘട്ടത്തിന്‍റെ മഹാസംരംഭമാണെന്നു ഞങ്ങള്‍ പറയും. അതുകൊണ്ട്തന്നെയാണ് ഈ കാലഘട്ടത്തില്‍ വാഗ്ദത്ത മസീഹ് (അ) ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളതും 'ഉമ്മുല്‍ അല്‍സിന' അഥവാ ഭാഷാജനനിയെ സംബന്ധിച്ച തന്‍റെ ഏറ്റവും ശ്രദ്ധേയമായ തിസീസ് 'മിനനുര്‍ റഹ്മാന്‍' (പരമകാരുണികന്‍റെ അനുഗ്രഹദാനം) എന്ന പേരില്‍ അവതരിപ്പിച്ചതും. മൂലഭാഷ ദൈവം തന്നെ മനുഷ്യര്‍ക്ക് പഠിപ്പിച്ചതാണെന്നും, അത് മനുഷ്യന്‍ തന്നെ അവന്‍റെ സ്വന്തം കഴിവനുസരിച്ചു വളര്‍ ത്തിയെടുത്തതല്ലെന്നും ആണ് അദ്ദേഹം സിദ്ധാന്തിച്ചത്. ജര്‍മന്‍കാരനായ വോണ്‍ ഹെര്‍ഡറുടെ, 'പ്രകൃത്യനുകരണ സിദ്ധാന്തം' ആണ് ശാസ്ത്രത്തിന്‍റെ സംഭാവനയായി വാഗ്ദത്ത മസീഹിെന്‍റ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതെങ്കിലും ഈ സിദ്ധാന്തം - 'ഡിംഗ് ഡോംഗ് തിയറി' എന്നും ഇതറിയപ്പെടുന്നു - ആ കാലഘട്ടത്തില്‍ തന്നെ തകര്‍ന്നു കഴിഞ്ഞിരുന്നതായി മാക്സ്മുള്ളര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാഷ മനുഷ്യന് പഠിപ്പിക്കപ്പെട്ടതാണെന്ന മതകീയസിദ്ധാന്തത്തിനാണ് ഇന്നു മുന്‍തൂക്കമുള്ളത്.